8 Jul 2011

പതിരില്ലാത്ത പ്രണയത്തിന്റെ ചുവന്ന മന്ദഹാസം


എം.കെ.ഖരീം









എന്തിനാണ് ഞാനിങ്ങനെ ഒഴുകുന്നതെന്നോ! നീ ഒഴുക്കല്ലേ; അപ്പോള്‍ എങ്ങനെ ഞാന്‍ ഒഴുകാതിരിക്കും. ഒഴുക്കുകള്‍ ചേരുന്നിടത്ത്‌ പതയലും ചുഴിയും... നീ ഓടി എന്നിലെത്തുമ്പോള്‍ എന്റെ ആത്മാവ് ചാഞ്ഞു പോകുന്നു. ഭാരത്തിന്റെയോ ഭാരമില്ലായ്മയുടെയോ കിതപ്പുകള്‍ .. ഇത് താളം കൊട്ടി പോകുന്ന തീവണ്ടി ബാക്കി വയ്ക്കുന്ന നിശ്വാസം. പ്രണയമേ, പ്രണയത്തിനു പലായനത്തിന്റെ മുറുക്കമുണ്ട്. ചില നേരത്തത് മരണ വെപ്രാളത്തോടെ.

ഹൃദയ പല്ലുകള്‍ എന്നില്‍ മുറുകുമ്പോള്‍
വേദനയോടെ പിടയുന്നു.
ചിലപ്പോള്‍ വായുവില്‍
ചൂണ്ടയില്‍ കുരുങ്ങിയ
മത്സ്യത്തെ പോലെ..
എന്തൊരു കടിയാണ് നിന്റെത്.
എനിക്ക് വയ്യ.
മധുരമുള്ള ഭാരത്തിനു എന്ത് ഭാരം സഖീ...

ഒഴുകണം. ആ ഒഴുക്കില്‍ നിറയണം.. മഴയില്‍ പ്രാര്‍ഥനയോടെ ചാഞ്ഞു നില്‍ക്കുന്ന മര ചില്ല പോലെയാവണം. എന്നില്‍ നീ വീശുമ്പോള്‍ ഞാന്‍ അങ്ങനെ നിന്ന് തരും.. നിന്റെ കിതപ്പുകളും നെടുവീര്‍പ്പുകളും ഞാനേറ്റു വാങ്ങും. മഴയുടെ തോരണങ്ങളില്‍ പരിസരം നഷ്ടപ്പെടും പോലെ നമ്മുടെ ഉടലുകള്‍ ഇല്ലാതാവാം. പിന്നെ നാം മഴയാവും. നാം കാലദേശം വെടിഞ്ഞു പെയ്തുകൊണ്ടിരിക്കും.
എനിക്കിപ്പോള്‍ നിന്നോടുള്ള പ്രണയം ആളിപ്പടരുന്നു... നിനക്കോ? എനിക്കറിയില്ല. നീയെങ്ങനെയാണ് പ്രണയത്തെ വരവേല്‍ക്കുന്നത് എന്ന് അറിയില്ല. എങ്കിലും  തോന്നുന്നത് ചൊല്ലട്ടെ, ഒരു സമാധാന പാതയില്‍ രണ്ടു ബിന്ദുക്കള്‍ ‍, എങ്ങു നിന്നോ യാത്ര തിരിച്ചവ... എവിടെയൊക്കെയോ നാം ഇണങ്ങുന്നു...
എന്റെ അക്ഷരങ്ങള്‍ നീയാണ്. ആ ഹൃദയത്തുടിപ്പുകള്‍ ഏറ്റാണ് ഞാനിപ്പോള്‍ എഴുതുന്നത്‌. നോക്കൂ, നിന്നില്‍ അണയാന്‍ ശ്രമിക്കുന്ന ഒരു തിരയാണ് ഞാന്‍ . ഞാന്‍ ജ്വലിക്കുകയാണ്. പറയു, ഇത് പ്രണയമല്ലേ...
ഇടറുന്ന നിന്റെ ഹൃദയത്തിലെ ഞാനെന്റെ ഹൃദയം വയ്ക്കട്ടെ. കത്തുമ്പോള്‍ നമുക്കൊരുമിച്ച്... വിളയുന്ന വിയര്‍പ്പു മഷിയാക്കി നമുക്ക് കവിതയെഴുതാം... വകതിരിവില്ലാതെ കിടക്കുന്ന കൈ വെള്ളയിലെ വരയില്‍ ഇടയ്ക്കു നീ നോക്കുന്നതെന്തിന്... അവിടെ നീ എന്നെയാണോ തേടുന്നത്? ഇടതു കൈത്തണ്ടയിലെ ആ കൊച്ചു മറുക് എന്റെ നോട്ടമായി കരുതുക. ഞാന്‍ നിന്നെ നോക്കി കൊണ്ടിരിക്കുകയാണ്. ഹൃദയം തുറക്കുന്ന വേളയില്‍ കയറിപ്പറ്റാന്‍ ... പിന്നെ നീ തല്ലിയോടിചിട്ടെന്ത്, എങ്ങും പോകാതെ ഞാന്‍ നിന്നില്‍ ചുരുണ്ട് കൂടി ഇരിക്കും. എനിക്കതാണ് ഇഷ്ടം. നിന്നെ പ്രണയിച്ചു കൊണ്ടിരിക്കുക..
സന്ധ്യയില്‍ എന്തിനാണ് ഹൃദയത്തില്‍ കൊളുത്തുകള്‍ പാകി നീയെന്നെ വലിച്ചത്. വല്ലാത്ത നോവോടെ യാതൊന്നും ചെയ്യാനാവാതെ ഞാന്‍ നിന്നു. പൊടി കയറി വിറങ്ങലിച്ച വേനല്‍ മരങ്ങള്‍ ഒക്കെ സൌന്ദര്യം ചൊരിയുന്നതായി തോന്നി. എന്റെ പ്രണയമേ, ആ നിമിഷം നീ ചാരെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി...

കാറ്റു തിരുത്തുന്നു,
എന്നിലായാല്‍ പിന്നെ
നീയെവിടെ...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...