മുയ്യം രാജന്‍
മരണം വിതയ്ക്കുവാന്‍ വന്ന രാപ്പക്ഷിയോ...?
മൃതഭൂവിലലയുന്ന രക്തരക്ഷസ്സോ ...?
മൃത്യുവിന്നടരാടാന്‍ വേദികള്‍ തീര്‍ത്തതോ
മൃതപ്രാതരാക്കിക്കിടത്തുവാന്‍ വന്നതോ...?
മനോമുകുരത്തില്‍ തെളിയുന്നൊരു ചിത്രം
മരണം ഭ്രമരമായി മുരളുന്ന നിഴല്‍ച്ചിത്രം
മഴച്ചാര്‍ത്തു പോലെ പെയ്യുന്നു നിന്‍ നേത്രം
അശാന്തി വിതറിയ മാരക വിഷവര്‍ഷം..!
ആര്‍പ്പുവിളിയോടെ ആടിത്തിമര്‍ത്തൊരെന്‍
ആതിരക്കുഞ്ഞിനെ ആതുരയാക്കിയോ..?
താരിളം മേനിയില്‍ കൂരമ്പിറക്കി നീ
ക്രൂരമൃഗമായി കൊമ്പുകള്‍ കോര്‍ത്തുവോ.. ?
ഭൂമുഖം കീഴ്മേല്‍ മറിയ്ക്കുന്ന ചെയ്തിയാല്‍
തോരാത്ത കണ്ണീരെന്‍ കൂരമേല്‍ വീഴ്ത്തിയോ..?
പാരിതില്‍ പതിതരെ ഇല്ലായ്മ ചെയ്യുമ്പോള്‍
ഉയരുന്ന മുറവിളിക്കുയിരില്ലെ മക്കളേ..?
പാരമപാരം പാപങ്ങള്‍ പെരുകുമ്പോള്‍
വാളെടുക്കുന്നവര്‍ ആരാണു മര്‍ത്ത്യരേ..?
പാതാളക്കരണ്ടികള്‍ ഹൃദയത്തിലാഴ്ത്തുമ്പോള്‍
പിടഞ്ഞുണര്‍ന്നത് കിനാവായിരുന്നെങ്കില്‍ !
മനസ്സാക്ഷിക്കുത്തേറ്റു ദ്രുമിച്ചുരുകുന്ന
ദുഷിച്ചു നാറിയ ദുരയിതു ധര്‍ത്തിയില്‍..
വിഷബീജവിത്തുകള്‍ വിതച്ചു കൊയ്യുന്ന
നശിച്ച നാട്ടിന്‍ വിധിയിതു മര്‍ത്ത്യര്‍ക്ക്..
ധാത്രിതന്‍ വിരിമാറില്‍ കൂരമ്പു പായിച്ചു-
ചരിത്രമെഴുതുവാന്‍ നെഞ്ചുവിരിക്കുവോര്‍...
കേള്‍ക്കാന്‍ കൊതിക്കില്ല കദനമെഴും കഥ
കണ്ണും കാതും കവര്‍ന്നെടുക്കും വ്യഥ...
മജ്ജയും മാംസവും കാര്‍ന്നു കഴിഞ്ഞിട്ടും
നിലവിളിക്കുന്നവരാരാണു മര്‍ത്ത്യരേ..?
നല്ല നാട്ടാരായ നരഭോജികളാണോ..?
നിര്‍ജ്ജീവമായിത്തീരും നരകജന്മങ്ങളോ..?!