സന്തോഷ് എച്ചിക്കാനം |
സന്തോഷ് എച്ചിക്കാനം
സർഗ്ഗാത്മകതയുടെ പച്ചക്കറി മാർക്കറ്റിൽ അസാധാരണമായ ആകാരസൗഭഗം കൊണ്ട് അനുവാചകരുടെ ശ്രദ്ധ അകർഷിക്കുവാൻ സ്വന്തം കൃതികളുടെ കടയ്ക്കൽ ഭാഷയുടെ കൃത്രിമ വളപ്രയോഗം നടത്തി താൽക്കാലിക വിജയം കണ്ടെത്തുന്ന അൽപബുദ്ധികളായ എഴുത്തുകാരിൽ ഒരാളല്ല ഈ കഥാകാരൻ. കബനീ നദിയിലെ തെളിവെള്ളംപോലെ ദാഹിക്കുന്നവന്റെ കുമ്പിളിൽ അവനവനെ തന്നെ പ്രതിഫലിപ്പിച്ചുകൊണ്ട് നിറയുന്ന ജലക്കണ്ണാടിയാവണം സ്വന്തം രചനകളെന്ന നിർബന്ധബുദ്ധി ഈ എഴുത്തുകാരനുണ്ട്. രാജേന്ദ്രപ്രസാദിന് ഭാഷ ഒരു ബാധ്യതയല്ല. മറിച്ച് ടൂൾ മാത്രമാണ്.
അകാലത്തിൽ പിരിഞ്ഞുപോയ സ്വന്തം കൂട്ടുകാരന്റെ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയാണ്. കുടജാദ്രി. പ്രണയത്തിന്റെ തണുത്തമൂടുപടത്തിനുള്ളിലെവിടെയോ ഇനിയും പിടിതരാതെ മറഞ്ഞിരിക്കുന്ന അതിനിഗൂഢമായ മനുഷ്യമനസ്സിലേക്കുള്ള വൈകാരികമായ അന്വേഷണമാണ് ഈ കഥ. " ഒരു കഥ പറഞ്ഞുതരാമെന്നല്ലേ ഞാനേറ്റിരുന്നത്." എന്ന മുഖവുരയോടെ കാര്യം പറയുകയാണ് എഴുത്തുകാരൻ. സിങ്കപ്പൂരിൽ നിന്നും നാട്ടിൽ അവധിക്ക് വന്ന പ്രഭയേട്ടൻ കാമുകിയായ രേണുകയെ വർഷങ്ങൾക്കു ശേഷം അവളുടെ ഭർത്താവിനോടൊപ്പം മൂകാംബികയിൽ നിന്നും കുടജാദ്രിയിലേക്കുള്ള കാനന പാതയിൽ വച്ചു കണ്ടു മുട്ടുന്നു. കുന്നമംഗലത്തെ തടവാട്ടു വളപ്പിലെ മാവിൻചില്ലകൾക്കു മേൽ വീണ വേനൽ കണ്ണാടിയിൽ അയാൾ ആദ്യമായി വായിച്ച ആ മുഖം, മുല്ലപ്പൂവിന്റെ സുഗന്ധമുള്ള അവളുടെ വീർത്ത മുലകളുടെ ഇളംചൂട്, വഞ്ചനയുടെ കയ്ക്കുന്ന ഓർമ്മ, നഷ്ടപ്രണയത്തിൽ നിന്നും നീന്തികയറുംമുമ്പ് അയാൾ കുടിച്ചു തീർത്ത ആത്മവേദനയുടെ കടുംചഷകങ്ങൾ... യഥാർത്ഥത്തിൽ അയാളപ്പോൾ കയറിക്കൊണ്ടിരുന്നത് ഓർമ്മകളുടെ ഗിരിശൃംഗങ്ങളാണ്. രേണുക പക്ഷേ അയാളെപോലെ പഴയ സ്മരണകളൊന്നും സൂക്ഷിക്കുന്നില്ല. പ്രണയം അവളെ സംബന്ധിച്ചിടത്തോളം അതാതു നിമിഷങ്ങളുടെ കേവലമായ അനുഭൂതി മാത്രമാണ്. ഇതിനിടയിൽ ഏതാണ് ശരി/ഏതാണ് തെറ്റ് എന്ന ചോദ്യം അയാളെ കോടമഞ്ഞു പോലെ വന്നു മൂടുന്നു. ചെറിയൊരു ശ്രദ്ധകുറവു കൊണ്ട് വെറുമൊരു പൈങ്കിണി കഥയിലേക്ക് ഒടിഞ്ഞു വീണേക്കാവുന്ന ഈ രചനയെ പുതിയ കാലത്തിനു നേരെ ഉറപ്പിച്ചു നിർത്താൻ രാജേന്ദ്രപ്രസാദിനെ പ്രാപ്തനാക്കുന്നത് അദ്ദേഹത്തിന്റെ നൂതനവും അയത്നലളിതവുമായ ഭാഷാവൈവിധ്യം തന്നെയാണ്.
വയനാട്ടിൽ ആദിവാസികൾക്കിടയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ആളെന്ന നിലക്ക് സമൂഹത്തിന്റെ പൊതുധാരയിൽ നിന്നും വേരടക്കം പിഴുതെറിയപ്പെടുന്ന ഗോത്രജീവിതങ്ങളെ വളരെ അടുത്തു നിന്നു കണ്ടറിയുവാൻ രാജേന്ദ്രപ്രസാദിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ കമ്പോളസംസ്കൃതിക്കു താഴെ ചവിട്ടി ഉടക്കപ്പെടുന്ന പ്രാക്തനമൂല്യങ്ങളെ പ്രശ്നവൽക്കരിക്കുമ്പോൾ അദ്ദേഹത്തിന്റെ രചനകൾക്ക് മറ്റേവിടേയും കാണാത്തരത്തിലുള്ള രാഷ്ട്രീയമാനവും സത്യസന്ധതയും കൈവരുന്നു.
കണ്ടൽമുത്തി, കാവുതീണ്ടലിനു വർഷം തോറും ചുവപ്പു ചുറ്റിവരുന്ന കല്ലു എന്ന പെൺകുട്ടിയുടേയും നാണുവേന്ന ആൺകുട്ടിയുടേയും നഷ്ടപ്രണയത്തിന്റെ കഥയല്ല. മറിച്ച് കാൽചുവട്ടിലെ മണ്ണും വിശക്കുമ്പോൾ കായ്ക്കനികൾ തന്ന കാടിന്റെ ആരൂഢവും നഷ്ടപ്പെട്ടു പോവുന്ന ഒരു ജനതയുടെ ആത്മരോഷമാണ്. കല്ലു നാണുവിനോട് പറയുന്നു."നമ്മുടെ ഈ തുണ്ടുഭൂമിയും ആരെല്ലാമോ സ്വന്തമാക്കുകയാണ്. വിഡ്ഢികൾ... ഭൂമി കണ്ടൽമുത്തിയുടേതാണെന്നവർക്കറി
ഈ സമാഹാരത്തിലെ വ്യത്യസ്തമായ രചനയാണ് അട്ടപ്പാടിയിലെ പെൺകുട്ടി. നാഗരികസംസ്കൃതിയുടെ കപടനാട്യങ്ങൾക്കും ചൂഷണവ്യഗ്രതയ്ക്കും അവ വെച്ചുനീട്ടുന്ന ഭാഗ്യപ്രലോഭനങ്ങൾക്കുമിടയിൽ സ്വന്തം ശരീരത്തിനു മേലുള്ള നിയന്ത്രണം പോലും നഷ്ടപ്പെട്ട് ദുരന്തകഥാപാത്രങ്ങളായി സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിൽ ഭ്രമണം ചെയ്യേണ്ടി വരുന്ന ആദിവാസി സ്ത്രീത്വത്തിന്റെ അസ്തിത്വ ശൈഥില്യത്തിന്റെ തീവ്രമായ ആവിഷ്ക്കാരമാണ് ഈ കഥ. മല്ലിക, രാജമ്മ, ദേവൂ എന്നീ മൂന്നു പെൺകുട്ടികൾ ഊളിക്കടവ് ഗായത്രിയിലെ പൊടിപിടിച്ച വെള്ളിത്തിരയിൽനിന്നാണ് പ്രണയത്തെക്കുറിച്ചുള്ള അവരുടെ മാനസികളോകം രൂപപ്പെടുത്തുന്നത്. സ്കൂളിലെ ലംസംഗ്രാന്റിനും കോട്ടത്തറചന്തയിലെ പൊട്ടും വളക്കുമപ്പുറത്തേക്ക് പറക്കാൻ പറ്റാത്ത അവരുടെ ആഗ്രഹങ്ങൾക്ക് ചിറകുകൾ നൽകുന്നത് സിനിമകളാണ്. കറുത്ത ദേവുവിന്റെ പുരുഷസങ്കൽപത്തെ പെട്ടെന്ന് സ്വാധീനിക്കാൻ കുഞ്ചാക്കോബോബന്റെ വെളുത്ത ഉടലിനും ചോക്ലേറ്റ് പരിവേഷത്തിനും സാധിക്കുന്നു.
സ്വന്തം കാമുകനിൽ അവൾ സർവോത്തമനായ സിനിമനടനെ സങ്കൽപിക്കുന്നു.അവനോടൊപ്പം ആലപ്പുഴക്കായലിൽ ബോട്ടോടിച്ചു പോകുന്നു. ഇതിലെ വില്ലനുമായി രണ്ടു സീനിൽ തകർത്താടുന്നു. ബൈക്ക്, ഐസ്ക്രീം, ചുവന്ന ജാക്കറ്റ് തുടങ്ങി പ്രലോഭനത്തിന്റെ നിരവധി പ്രതീകങ്ങൾ ഈ കഥയിൽ കടന്നു വരുന്നു. ഗാന്ധിജയന്തി ദിവസമാണ് ദേവു തന്നെ നാഗരീകനായ കാമുകന് കാഴ്ചവെയ്ക്കുന്നത്. ഗാന്ധിജി ഹരിജനോദ്ധാരണത്തിന്റെ വക്താവും ജയന്തിസേവനത്തിന്റെ ദിവസവുമാണ് ദേവു തന്റെ ഉടലും ആത്മാവും അർപ്പിക്കുമ്പോൾ ഏറ്റവും നിഷ്കളങ്കമായ ഗോത്രമനസ്സിന്റെ പ്രണയാവിഷ്കാരമാണ് നടക്കുന്നത്. ഒരു കാട്ടുപൂവിന്റെ നിർമ്മലതയും സത്യത്തിന്റെ സുഗന്ധവും അതിലുണ്ട്. പക്ഷേ നാഗരീകതയാവട്ടെ അവരുടെ ആത്മസമർപ്പണത്തെ കാണുന്നത് തന്റെ അവകാശമായിട്ടാണ്. ചരിത്രം അധഃകൃതമെന്ന് വിലയിരുത്തി അളന്നു മാറ്റിയ ശരീരങ്ങൾ തന്റെ ജന്മാവകാശമാണെന്ന് നാഗരീകത വിശ്വസിക്കുന്നു. ഇവിടെ ലൈംഗീകത നിർബന്ധ സേവനമായി മാറുന്നു.
ചില്ലക്ക എന്ന കഥയിൽ ഒറ്റമുലച്ചിയെ സിനിമനടിയുടെ ആകാരസൗഷ്ഠവുമായി ചേർന്നു വായിച്ചുകൊണ്ടുള്ള ഒരു നൂതന സൗന്ദര്യസങ്കൽപം മർദ്ദിത ജാതികൾക്കിടയിൽ പോലും വ്യാപകമാവുന്നതിന്റെ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം രാജേന്ദ്രപ്രസാദ് നമുക്ക് കാണിച്ചുതരുന്നു. ആചാരണുഷ്ഠാനങ്ങൾ, മിത്തുകൾ, ചരിത്രസന്ദർഭങ്ങൾ ഇതെല്ലാം തന്നെ വ്യാപാരമൂല്യങ്ങൾക്ക് വഴിപ്പെടുത്തുന്നുവേന്നു വിശദീകരിക്കുന്ന കഥയാണ് ചില്ലക്ക.
അവിഹിതഗർഭം പേറേണ്ടി വരുന്ന ദേവുവിൽ നിന്നും മശാണിയിലേക്ക് വലിയ ദൂരമൊന്നുമില്ല. കുടുംബത്തിന്റെ കടം വീടാൻ ഗൗണ്ടർമാരുടെ പരുത്തിത്തോട്ടങ്ങളിൽ ജീവിതം തീറെഴുതി കൊടുക്കേണ്ടിവരുന്ന നിസ്സഹായരായ ബാല്യങ്ങളുടെ നേരെ മാധ്യമലോകം പുലർത്തുന്ന കപടമായ ഉൾക്കാഴ്ചകളെ നിശിതമായി വിമർശിക്കുന്ന കഥയാണിത്. ഏതിനം വേദനകളേയും സൗന്ദര്യവൽക്കരിക്കാനുള്ള ക്യാമറയുടെ സൃഷ്ടിദോഷത്തെ ഭാഷയുടെ കൽചീളുകൾകൊണ്ട് കഥാകൃത്ത് എറിഞ്ഞ് ഉടയ്ക്കുന്നു. മശാണി എന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഡോക്യുമന്ററി കാണുന്ന സുഹൃത്തുക്കളിൽ ഒരാൾ സംവിധായകനെ നോക്കി മദ്യാസക്തിയിൽ വിളിച്ചു ചോദിക്കുന്നു. "പ്രശാന്തെ, നിനക്കാ പെൺകുട്ടിക്ക് തിളങ്ങുന്ന ഒരു മുക്കുത്തി വാങ്ങിക്കൊടുക്കാമായിരുന്നില്ലേ
കറുപ്പിന് ഏഴഴക് എന്നല്ലേ."
നാരായണിയോട് ബഷീർ പറഞ്ഞത്, രാജമ്മാൾ, ആനിയുടെ പെൻസിൽ അടയാളപ്പെടുത്തുന്നത് തുടങ്ങി പത്തോളം കഥകളിലെല്ലാം തന്നെ ജീവിതത്തിന്റെ വേദനകളെ സർഗ്ഗാത്മകതയ്ക്ക് മാറ്റുരക്കാനുള്ള വെല്ലുവിളികളായി കഥാകൃത്ത് ഏറ്റെടുക്കുന്നു ഓരോ കഥകൾക്കും വ്യത്യസ്തമായ രൂപശിൽപങ്ങൾ കണ്ടെത്തി സുതാര്യമായ ഭാഷയിലൂടെ ആവിഷ്കരിക്കുന്ന ലോകം കമ്പോളവ്യവസ്ഥിതിയുടെ വിഭ്രാത്മകതമായ പുതിയ ജീവിതസങ്കൽപങ്ങൾക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോൾ ആ യാഥാർത്ഥ്യങ്ങളിലേക്ക് സമൂഹത്തെ വീണ്ടെടുക്കുവാനുള്ള ഉത്തരവാദിത്വം ഓരോ എഴുത്തുകാരനുമുണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ രാജേന്ദ്രപ്രസാദിന്റെ സർഗ്ഗാത്മകമായ ഇടപെടലുകൾ സ്വാധീനിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
(രാജേന്ദ്രപ്രസാദിന്റെ 'മശാണി' എന്ന കഥാസമാഹാരത്തെക്കുറിച്ച്)