8 Jul 2011

നല്ല സിനിമ: അന്നും ഇന്നും

അരവിന്ദൻ
അടൂർ ഗോപാലകൃഷ്ണൻ
എം.ടി
എം.സി.രാജനാരായണൻ

 ലോകമൂല്യമുള്ള, ജീവിതഗന്ധിയായ, അർത്ഥസമ്പന്നമായ ചലച്ചിത്രങ്ങൾ അന്നും ഇന്നും വിരളമാണെങ്കിലും പോയ കാലത്തെ, പതിറ്റാണ്ടുകളെ അപേക്ഷിച്ച്‌ നല്ല ചിത്രം വംശനാശഭീഷണിയിലാണെന്നതാണ്‌ യാഥാർത്ഥ്യം. മലയാളി ചലച്ചിത്രാസ്വാദകനെ, വിദ്യാർത്ഥിയെ സംബന്ധിച്ച്‌ ഏറ്റവും ഉർവ്വരമായ, പുഷ്ക്കലമായ കാലഘട്ടമാണ്‌ എഴുപതുകൾ. ഫിലിം സോസൈറ്റി പ്രവർത്തകർക്കെന്നപോലെ ആസ്വാദകർക്കും ഗൃഹാതുരത്വം നൽകുന്ന കാലം.

 പഥേർപാഞ്ചാലിക്കൊപ്പം തന്നെ പിറവികൊണ്ട്‌, പി.രാമദാസ്‌ സംവിധാനം ചെയ്ത 'ന്യൂസ്‌ പേപ്പർ ബോയ്‌' നിയോ റിയലിസ്റ്റ്‌ ചിത്രമായി പരിഗണിക്കപ്പെടുമ്പോഴും അതൊരു ഒറ്റപ്പെട്ട സംഭവമായി ഒതുങ്ങുകയാണുണ്ടായത്‌. എന്നാൽ എഴുപതുകളിൽ ഒന്നിനു പിറകെ ഒന്നായി മികച്ച ചിത്രങ്ങൾ വെളിച്ചം കാണുകയും സംവിധായകർ രംഗത്തെത്തുകയും ചെയ്തു.
 പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന്‌ സംവിധാനം പഠിച്ചിറങ്ങിയ അടൂർഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ ആരംഭിച്ച 'ചിത്രലേഖ' ഫിലിം സോസൈറ്റിയാണ്‌ കാഴ്ചയിലും ആസ്വാദനത്തിലുമുള്ള പരിവർത്തനത്തിന്‌ നാന്ദികുറിച്ചതു. മികച്ച ചിത്രങ്ങൾ-ഇന്ത്യൻ സിനിമയിലേയും ലോകസിനിമയിലേയും, തിരഞ്ഞെടുത്ത്‌ പ്രദർശിപ്പിക്കുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിലാരംഭിച്ച 'ചിത്രലേഖ',  പ്രവർത്തനം ചിത്ര നിർമ്മാണത്തിലേക്ക്‌ വഴി തുറന്നതിന്റെ സാഫല്യമാണ്‌ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ കഥാചിത്രമായ 'സ്വയംവരം'.
 
 മലയാള സിനിമയിലെ മുന്നണിതാരങ്ങളായ മധുവും ശാരദയും പ്രധാനഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നതൊഴിച്ചാൽ വ്യവസായ സിനിമയുടെ ചേരുവകൾ പാടെ ഉപേക്ഷിച്ച്‌ കലാമൂല്യത്തിന്‌ പ്രാധാന്യം നൽകിയ രചനയായിമാറി സ്വയംവരം. അതൊരു വലിയ തുടക്കമായിരുന്നുവെന്ന് എഴുപതുകളിൽ വെളിച്ചം കണ്ട മറ്റ്‌ ചിത്രങ്ങൾ തെളിയിക്കുകയും ചെയ്തു.
 ആദ്യചിത്രമായ സ്വയംവരത്തിനു(1972)ശേഷം രണ്ടാമത്തെ ചിത്രമായ കൊടിയേറ്റം (1977) അഞ്ചുവർഷങ്ങൾക്കു ശേഷമാണ്‌ അടൂർ സംവിധാനം ചെയ്തതെങ്കിലും അതിനിടയിൽ വലിയ പരിവർത്തനമാണ്‌ മലയാള സിനിമയിൽ നടന്നത്‌. അതിന്റെ പ്രധാന കാരണം സ്വയംവരം തന്നെയെന്നു പറയാം. സ്വയംവരത്തിന്റെ വിജയം നൽകിയ ആവേശവുമായി അരവിന്ദൻ 'ഉത്തരായനം' എന്നചിത്രവും എം.ടി.വാസുദേവൻനായർ 'നിർമ്മാല്യ'വും സംവിധാനം ചെയ്തു. 'സ്വപ്നാടന'വുമായി കെ.ജി.ജോർജ്ജുകൂടി എത്തിയതോടെ കലാമൂല്യമുള്ള ചിത്രങ്ങൾ തുടർച്ചയായി നിർമ്മിക്കപ്പെടുന്ന ഒരവസ്ഥയും സംജാതമായി. അക്കാലത്ത്‌ കന്നഡ സിനിമയിൽ മാത്രമാണ്‌ ഇതിനു തുല്യമായ ചലനങ്ങൾ നടന്നിരുന്നത്‌.

 ഏകാകിനിയുമായി ജി.എൻ.പണിക്കരും കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രവുമായി പി.എ.ബക്കറും എത്തിയത്‌ എഴുപതുകൾക്ക്‌ കരുത്ത്‌ പകർന്നു. ഗൗരവപൂർണ്ണമായ ചിത്രങ്ങൾക്ക്‌ ന്യൂനപക്ഷമെങ്കിലും ഒരു പ്രേക്ഷകവൃന്ദവും അക്കാലത്തുണ്ടായിരുന്നു. എഴുപതുകളുടെ ചലനങ്ങൾക്ക്‌ മുന്നോടിയായി അറുപതുകളിൽതന്നെ എം.ടി.വാസുദേവൻനായർ തിരക്കഥയെഴുതി പി.ഭാസ്കരൻ, എ.വിൻസെന്റ്‌, പി.എൻ.മേനോൻ തുടങ്ങിയ സംവിധായകർ സംവിധാനം ചെയ്ത മികച്ച രചനകളായ ഓളവും തീരവും, നഗരമേ നന്ദി, ഇരുട്ടിന്റെ ആത്മാവ്‌ തുടങ്ങിയ പടങ്ങൾ വെളിച്ചം കണ്ടിരുന്നു.
 മികച്ച സിനിമക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിക്കൊണ്ടാണ്‌ 'സ്വയംവരം' മലയാള സിനിമയിൽ ഇടംനേടുന്നത്‌. ശാരദയ്ക്ക്‌ മികച്ച അഭിനേത്രക്കുള്ള ഉർവ്വശി പുരസ്കാരവും ലഭിച്ചു. ഛായാഗ്രഹകനായി മങ്കട രവിവർമ്മയെയും തിരഞ്ഞെടുത്തു. തുടർന്ന്‌ നിരവധി വിദേശചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട 'സ്വയംവരം' മലയാള സിനിമയിൽ പുതിയൊരു പന്ഥാവ്‌ വെട്ടിത്തുറക്കുകയും ചെയ്തു. അടുത്തവർഷം എം.ടി.വാസുദേവൻനായർ സ്വന്തം കഥയായ പള്ളിവാളും കാൽച്ചിലമ്പിനും നൽകിയ ചലച്ചിത്ര പരിഭാഷ്യമായ 'നിർമ്മാല്യ'ത്തിന്‌ വൻസ്വീകരണമാണ്‌ ലഭിച്ചതു. എം.ടി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'നിർമ്മാല്യം' മികച്ച ചിത്രത്തിനുള്ള സ്വർണ്ണമെഡലും പി.ജെ.ആന്റണിയിലൂടെ മികച്ച നടനുള്ള ഭരത് അവാർഡും നേടിയെടുത്തു.

 തുടർവർഷങ്ങളിൽ സംസ്ഥാന, ദേശീയ, രാജ്യാന്തര ശ്രദ്ധയും അംഗീകാരവും നേടിയ മലയാള ചിത്രങ്ങളിൽ അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം,തമ്പ്‌,കാഞ്ചനസീത, കെ.ജി.ജോർജ്ജിന്റെ സ്വപ്നാടനം, പി.എ.ബക്കറുടെ കബനീ നദി ചുവന്നപ്പോൾ, മണിമുഴക്കം തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുന്നു. അടൂർ ഗോപാലകൃഷ്ണൻ  നാലഞ്ചു വർഷങ്ങളുടെ ഇടവേളകൾക്കുശേഷം മാത്രം പുതിയ ചിത്രവുമായെത്തിയപ്പോൾ എല്ലാവർഷവും ഒരുപടമെന്ന നിലയ്ക്കാണ്‌ ജി.അരവിന്ദൻ പടങ്ങൾ ഒരുക്കിയിരുന്നത്‌.
 കലാമൂല്യമുള്ള ചിത്രങ്ങളുടെ നിർമ്മാണരംഗത്ത്‌ ഉണർവ്വും ഉർവ്വരതയും നിറഞ്ഞ എഴുപതുകളിൽ ഒരു പ്രസ്ഥാനത്തിന്റെ കരുത്താർജ്ജിച്ചുകൊണ്ടാണ്‌ നല്ല സിനിമയുടെ അണിയറ പ്രവർത്തകർ മുന്നേറിയത്‌. അക്കാലത്തെ മധ്യവർത്തി സിനിമയിലും പരിവർത്തനം ദൃശ്യമായിരുന്നു. സിനിമയും സാഹിത്യവും തമ്മിലെ ആദാനപ്രദാനത്തിന്റെ പരിണിതഫലമായി കച്ചവടസിനിമയിലും കഥയുള്ള, ജീവിതമുള്ള രചനകൾ ജന്മം കൊള്ളുകയും ചെയ്തു.

 മലയാളസിനിമയിലെ ആദ്യ ദേശീയ പുരസ്കാരം നേടിയ (സ്വർണ്ണമെഡൽ) 'ചെമ്മീൻ' വാണിജ്യ വിജയവും നേടിയ പടമാണ്‌. ആദ്യകാല അടൂർചിത്രമായ 'കൊടിയേറ്റ'ത്തിനു വൻ സ്വീകരണമാണ്‌ പ്രേക്ഷകരിൽ നിന്ന്‌ ലഭിച്ചതു. അങ്ങിനെ കലാപരമായി ഔന്നത്യം പുലർത്തുന്ന രചനകൾക്ക്‌ പ്രേക്ഷകശ്രദ്ധയും വരവേൽപും നേടാൻ കഴിഞ്ഞ കാലഘട്ടം കൂടിയായിരുന്നു എഴുപതുകൾ. പിന്നീട്‌ ഈ പ്രേക്ഷക സമൂഹം ചുരുങ്ങിച്ചുരുങ്ങി അപ്രത്യക്ഷമാകുകയാണുണ്ടായത്‌.
 എൺപതുകളിലും തൊണ്ണൂറുകളിലും ദേശീയവും രാജ്യാന്തരവുമായ ശ്രദ്ധയും അംഗീകാരവും നേടിയ സൃഷ്ടികൾ മലയാളത്തിൽ വെളിച്ചം കണ്ടിരുന്നുവെങ്കിലും അവയെല്ലാം ഒറ്റപ്പെട്ട സംരംഭങ്ങൾ, തുരുത്തുകൾ മാത്രമായിരുന്നു. ബ്രട്ടീഷ്‌ ഫിലിം ഇൻസ്റ്റിറ്റിയൂട്ട്‌ അവാർഡ്‌ നേടിയ ' എലിപ്പത്തായം' അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും ശ്രേഷ്ഠമായ രചനമാത്രമല്ല ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും  മികച്ച രചനകളിലൊന്നായി മാറുകയും ചെയ്തു.

 ഫ്യൂഡൽ വ്യവസ്ഥയും തകർച്ചയുടെ സമകാലികാവസ്ഥയും വ്യക്തിയുടെ അധഃപതനത്തിന്റെ  ഘടകങ്ങളും സമ്മേളിക്കുന്ന രചനയാണ്‌ അവതരണ സൗഷ്ഠവത്തിന്‌, സാഫല്യത്തിന്‌ ഉദാഹരണം നൽകാവുന്ന 'എലിപ്പത്തായം' കരമന ജനാർദ്ദനൻനായർ എന്ന നടനെ  അടൂർ 'എലിപ്പത്തായ'ത്തിലൂടെ മലയാളത്തിന്‌ നൽകി. ഗോപിക്കുശേഷം (കൊടിയേറ്റം) അടൂർ നൽകിയ മറ്റൊരു മികച്ച അഭിനേതാവാണ്‌ കരമന.

 അരവിന്ദന്റെ ഛായഗ്രാഹകനെന്ന നിലക്ക്‌ ശ്രദ്ധനേടിയ ഷാജി എൻ.കരുൺ ആദ്യമായി സംവിധാനം ചെയ്ത 'പിറവി'ലോകശ്രദ്ധ നേടിയ മലയാള ചിത്രമാണ്‌. അമ്പതിലധികം വിദേശമേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത പിറവി മികച്ച ചിത്രം, നടൻ എന്നീ ദേശീയ അവാർഡുകളും കരസ്ഥമാക്കിയിരുന്നു. വന്ദ്യവയോധികനായി സ്ക്രീനിലെത്തിയ പ്രേംജിയുടെ അനുപമമായ പ്രകടനം പിറവിയുടെ മാറ്റുകൂട്ടി. മകൻ നഷ്ടപ്പെട്ട അച്ഛന്റെ ദുഃഖവും അധികാരകേന്ദ്രങ്ങളിൽ നീതിക്കായി മുട്ടിവിളിക്കുമ്പോൾ അനുഭവിക്കേണ്ടിവന്ന അഹന്തയും ധിക്കാരവും നിശ്ശബ്ദമായി സഹിക്കേണ്ടിവന്ന അഭിശപ്തനായ പിതാവിനെ പ്രേംജി അനശ്വരനാക്കുകയാണ്‌ പിറവിയിൽ. കാൻ ചലച്ചിത്രമേള അടക്കം നിരവധി വിദേശമേളകളിൽ 'പിറവി' പ്രദർശിപ്പിക്കപ്പെടുകയും പ്രശംസയും അംഗീകാരവും പാരിതോഷികങ്ങളും നേടുകയും ചെയ്തിരുന്നു.

 കച്ചവടസിനിമാരംഗത്തു നിന്ന്‌ കലാചിത്രരംഗത്തേക്ക്‌ ചുവടുമാറിയ ജയരാജ്‌ സംവിധാനം ചെയ്ത 'കരുണം' രാജ്യാന്തര പുരസ്കാരവും 'ശാന്തം' ദേശീയതലത്തിൽ മികച്ച ചിത്രത്തിനുള്ള സ്വർണ്ണകമലവും നേടിയത്‌ മലയാള സിനിമയ്ക്ക്‌ ലഭിച്ച വലിയ അംഗീകാരമായിരുന്നു. രാഷ്ട്രീയം പ്രമേയമാകുന്ന ശാന്തം രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ അശാന്തമായ അന്തരീക്ഷമാണ്‌ പകർത്തുന്നത്‌. ഫുട്ബാൾ കളിക്കാരനായ ഐ.എം.വിജയൻ ശാന്തത്തിലൂടെ ചലച്ചിത്ര നടനാകുകയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. പ്രിയനന്ദൻ, കെ.ആർ.മോഹൻ, രവീന്ദ്രൻ, ടി.വി.ചന്ദ്രൻ, ശ്യാമപ്രസാദ്‌ തുടങ്ങിയവരും നല്ല സിനിമയ്ക്ക്‌ സംഭാവനകൾ നൽകിയവരിൽ ഉൾപ്പെടുന്നു.

 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അടൂർഗോപാലകൃഷ്ണൻ വീണ്ടും ദേശീയ പുരസ്കാരം നേടിയത്‌ കഥാപുരുഷനിലൂടെ(മികച്ച ചിത്രം)യാണ്‌. അതിനുമുമ്പത്തെ ചിത്രങ്ങൾക്ക്‌ അടൂരും അരവിന്ദനും മികച്ച സംവിധായകരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അരവിന്ദന്റെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ്‌ നേടിയ ചിത്രമാണ്‌ 'ചിദംബരം' സി.വി.ശ്രീരാമന്റെ ചെറുകഥയുടെ ചലച്ചിത്ര പരിഭാഷ ദൃശ്യത്തിന്റെ കരുത്ത്‌ തിരിച്ചറിഞ്ഞുള്ള അവതരണത്തിന്റെ ശോഭ പകരുന്നു.

 ഇടക്കാലത്തെ മാന്ദ്യത്തിനുശേഷം വീണ്ടും മലയാള സിനിമാ ദേശീയാംഗീകാരം നേടിയത്‌ ഷാജി എൻ.കരുൺ സംവിധാനം ചെയ്ത 'വാനപ്രസ്ഥ'ത്തിലൂടെയാണ്‌. വാനപ്രസ്ഥത്തിൽ കഥകളി നടനായി പ്രത്യക്ഷപ്പെട്ട മോഹൻലാൽ മികച്ച നടനുള്ള നാഷണൽ അവാർഡ്‌ നേടി. സമ്മോഹനമായ, അവിസ്മരണീയമായ പ്രകടനമാണ്‌ വാനപ്രസ്ഥത്തിൽ മോഹൻലാൽ നടത്തിയത്‌. പിന്നീട്‌ എൺപതുകളിലും തൊണ്ണൂറുകളിലും ഒറ്റപ്പെട്ട രചനകൾ ശ്രദ്ധനേടിയിരുന്നുവെങ്കിലും ഷാജി.എൻ.കരുൺ സംവിധാനം ചെയ്ത 'കുട്ടിസ്രാങ്ക്‌' നാഷണൽ അവാർഡ്‌ നേടിയതിലൂടെ മലയാളസിനിമ വീണ്ടും തിരിച്ചു വരവ്‌ നടത്തുകയാണുണ്ടായത്‌. തൊട്ടടുത്ത വർഷം തന്നെ നവാഗത സംവിധായകനായ സലിം അഹമ്മദ്‌ സംവിധാനം ചെയ്ത 'ആദാമിന്റെ മകൻ അബു' മികച്ച ചിത്രത്തിനുള്ള നാഷണൽ അവാർഡ്‌. മികച്ച നടനുള്ള അവാർഡും (സലിംകുരമാർ) നേടിയിരിക്കുന്നു. സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ 'ആദാമിന്റെ മകൻ അബു' പ്രദർശനത്തിനെത്തിയത്‌ വലിയ പ്രതീക്ഷകളോടെയായിരുന്നെങ്കിലും പ്രേക്ഷകർ വേണ്ട ഗൗരവത്തോടെ പടം സ്വീകരിക്കുകയുണ്ടായില്ല. സാധാരണ പടങ്ങൾക്ക്‌ നൽകുന്ന പ്രചാരണത്തോടെ എഴുപതോളം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ആദാമിന്റെ മകൻ അബുവിന്‌ കിട്ടിയ  തണുപ്പൻ സ്വീകരണം നല്ല സിനിമയെ സ്നേഹിക്കുന്നവരെ അമ്പരപ്പിക്കുന്നതാണ്‌.

 ദീർഘകാലത്തെ ഫിലിം സോസൈറ്റി പ്രവർത്തനം മലയാളികൾക്ക്‌ നൽകിയ ആസ്വാദന സംസ്കാരം നഷ്ടപ്പെടുകയാണെന്ന വാദത്തിൽ, സംശയത്തിന്‌ സാഗത്യം കൈവരുന്നതാണ്‌. അബുവിന്റെ സ്ഥിതി തീർച്ചയായും നല്ല സിനിമ മലയാളത്തിൽ വംശനാശ ഭീഷണി നേടുകയാണ്‌. കാര്യകാരണങ്ങൾ നിരവധിയാണെങ്കിലും ഗവണ്‍മന്റ്‌ തലത്തിത്തിലെ ഇടപെടലുകൾ-സബ്സിഡി കൂട്ടുന്നതടക്കം - അതിജീവനത്തിന്‌ അത്യന്താപേക്ഷിതമാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...