കെ.പി.അപ്പൻ |
ചാത്തന്നൂർ മോഹൻ
കെ.പി.അപ്പൻ ഇന്നും ദീപ്തസ്മരണയാണ്. സാഹിത്യവിമർശനരംഗത്ത് നിന്ന് വിട്ടുപോയിട്ട് ഡിസംബർ 15ന് മൂന്നുവർഷമാകാൻ മാസങ്ങൾ ശേഷിക്കുന്നു. അദ്ദേഹം അവശേഷിപ്പിച്ചിട്ടുപോയ സാഹിത്യദർശനങ്ങൾ എത്രയോ കാലം ഇവിടെ സജീവമാകാൻ പാകത്തിലുള്ളതാണെന്നറിയുമ്പോഴാണ് ആ മഹത്വം നാം മനസ്സിലാക്കുന്നത്. വരുംതലമുറകൾ വളരെ അവധാനതയോടെയായിരിക്കും അപ്പന്റെ വിമർശന സിദ്ധാന്തങ്ങളും സിദ്ധികളും പഠിക്കാൻ പോകുന്നത്.എപ്പോഴും തോന്നാറുണ്ട് കെ.പി.അപ്പൻ പുഞ്ചിരിപൊഴിച്ചുകൊണ്ട് എന്റെ മുന്നിലേക്ക് നടന്നുവരികയാണെന്ന്. ശുഭ്രവസ്ത്രമണിഞ്ഞ് അതിലും ശുഭ്രമായ മനസുമായി കെ.പി.അപ്പൻ നടന്നുകേറുകയാണ് മനസ്സിലേക്ക്. ഏതോ രചന പൂർത്തിയാക്കിയതിന്റെ ശാന്തത്ത ആമുഖത്ത് കാണാം.
അദ്ദേഹത്തോടൊപ്പം നടന്നുനടന്ന് കൊല്ലം മുണ്ടയ്ക്കലുള്ള 'അശ്വതി'യിൽ എത്തുമ്പോൾ പ്രിയപ്പെട്ട ശിഷ്യരിൽ ചിലർ അവിടെ ഉണ്ടാകും. സോഫയിൽ മൃദുവായി അമർന്നിരുന്നുകൊണ്ട് അകത്തേക്ക് ഒരു വിളി.
ഓമനേ...
നിമിഷങ്ങൾ കഴിയുമ്പോൾ ഓമനടീച്ചർ ട്രേയിൽ ചായയുമായി പ്രത്യക്ഷമാകും. എല്ലാവരും ചായ മൊത്തിക്കുടിക്കുന്നത് കൗതുകത്തോടെ നോക്കിയിരിക്കുന്ന കെ.പി.അപ്പന്റെ ചുണ്ടിന്റെ കോണിൽ അപ്പോഴും മധുരത്തിന്റെ തരിപോലെ പുഞ്ചിരിപറ്റിയിരിപ്പുണ്ടാവും. തുടർന്ന് എല്ലാവരുമായും കുശലാന്വേഷണം. സാഹിത്യം, രാഷ്ട്രീയം, എഴുത്തുകാരുടെ വിശേഷം എന്നിവയൊക്കെ ചർച്ചാവിഷയമാകും. കവിതയുടെ രംഗത്ത് സച്ചിദാനന്ദൻ, ചുള്ളിക്കാട്, കെ.ജി.ശങ്കരപ്പിള്ള എന്നിവരെ പരാമർശിക്കും.
വിമർശനരംഗത്ത് പ്രതീക്ഷകളായ പ്രസന്നരാജൻ, എം.കെ.ഹരികുമാർ, പി.കെ.രാജശേഖരൻ തുടങ്ങിയവരെക്കുറിച്ചും പറയാറുണ്ട്. കുറേനേരം കഴിയുമ്പോൾ എല്ലാവരും പിരിയും. സാറിന്റെ പ്രിയപ്പെട്ട എസ്.നാസർ എല്ലാറ്റിനും സാക്ഷിയായിരിക്കും.
നാസറേ നമുക്കൊന്ന് ബീച്ചിലേക്ക് പോയാലോ. പിന്നെ നടത്തം ബീച്ചിനെ ലക്ഷ്യമാക്കി. ബീച്ചിലെത്തുമ്പോൾ സന്ധ്യ. കടലിന് മുകളിലൂടെ പടിഞ്ഞാറേക്ക് തങ്കശ്ശേരി വിളക്കുമരത്തിന്റെ പ്രകാശരശ്മികളിലേക്ക് നോക്കി അപ്പൻസാറിന്റെ നിൽപ്പ്. മെല്ലെ മെല്ലെ സന്ധ്യയും അലിഞ്ഞില്ലാതെയായപ്പോൾ അപ്പൻസാർ ചക്രവാളത്തെ ലക്ഷ്യമാക്കി നടന്നു. എത്രവിളിച്ചിട്ടും സാർ നിന്നില്ല. നടന്നു നടന്ന് ചക്രവാളസീമയും കടന്ന് ചരിത്രത്തെ അഗാധമാക്കിയ ആ പ്രതിഭാശാലി യാത്രപറയുകയായിരുന്നു.
2009 ഡിസംബർ 6 ഞായറാഴ്ച വൈകിട്ടത്തെ നിമിഷങ്ങൾ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. അന്ന് മുണ്ടയ്ക്കലിലെ 'അശ്വതി'യിൽ അപ്പൻസാറിന് ഏറ്റവും ഇഷ്ടപ്പെട്ടവർ ഒത്തു ചേർന്നു. ഡൈനിംഗ് ടേബിളിൽ ഇലയിട്ട് ഭക്ഷണം വിളമ്പി. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വിഭവങ്ങൾ. കപ്പയും നെയ്മീൻ കറിയും. അതുതന്നെ ആദ്യംവിളമ്പി. പിന്നെ നെയ്മീൻ വറുത്തത്. മട്ടൺകറി, ചോറും തൊടുകറികളും. ഊണ് കഴിച്ച് സംതൃപ്തരായെങ്കിലും എല്ലാവരുടെയും മുഖങ്ങളിൽ വിഷാദഛായ. ഓമനടീച്ചറുടെ മുഖത്താകട്ടെ ഗൃഹനാഥയുടെ സംതൃപ്തിയും സന്തോഷവും. ദുഃഖങ്ങളമർത്തിവച്ച് അതിന്മീതെ സന്തോഷം പ്രകടിപ്പിക്കാൻ ടീച്ചർ പാടുപെടുന്നത് കണ്ടു. സന്തോഷത്തിനിടയിലും കണ്ണീരിന്റെ നനവ്. വാക്കുകളിൽ വിതുമ്പൽ...
2008 ഡിസംബറിലെ പൂയം നക്ഷത്രത്തിലാണ് സാറിനെ മരണദേവത കൂട്ടിക്കൊണ്ടുപോയത്. മരിച്ചദിവസം ശരിക്കും ഡിസംബർ 15 ആണ്. എന്നാൽ പൂയം നക്ഷത്രം ഡിസംബർ 6ന് വന്നു. അതുകൊണ്ടാണ് വീട്ടിൽ ചടങ്ങ് നടത്തിയത്.
സാറിന് ഇഷ്ടമുള്ള വിഭവങ്ങളടക്കം ഇഷ്ടപ്പെട്ടവർക്ക് ആഹാരം കൊടുത്തത്"-ഓമനടീച്ചർ ഇത് പറയുമ്പോൾ സങ്കടം നിയന്ത്രിക്കാനായില്ല.
വീണ്ടും ആ വിളി കേൾക്കുന്നുണ്ടോ?
ഓമനേ...
അപ്പൻ സാർ വിളിക്കുകയാണ്.
വീണ്ടു ടീച്ചർ പറഞ്ഞുതുടങ്ങി.
"സാറിന് ഏറ്റവും ഇഷ്ടം കപ്പയും മീൻകറിയുമാണ്. ആദ്യമൊന്നും ബിരിയാണി കഴിക്കില്ലായിരുന്നു. ഒടുവിൽ അതും കഴിക്കാൻ തുടങ്ങി. ഞാൻ വെളിയിൽ നിന്ന് വാങ്ങിക്കൊടുക്കും. കല്യാണങ്ങൾക്ക് പോകുന്ന ശീലവും കുറവായിരുന്നു. തലേന്ന് പോകും. പിന്നീടത് മാറി വളരെ അടുത്തവരുടെ കല്യാണത്തിന് പോകുമായിരുന്നു. സദ്യ ഉണ്ണുന്നതിനെക്കുറിച്ച് സാർ പറയും."പന്തിയിലിരുന്ന് എല്ലാവരും ചോറ് തിന്നാൻ വായ് തുറക്കുമ്പോൾ ഏതോ ഭീകരജീവി വായ് തുറക്കും പോലെ എനിക്ക് തോന്നുമായിരുന്നു.
ജീവിതത്തിൽ സാറിന് ചില നിഷ്ഠകൾ ഉണ്ടായിരുന്നു. അത് മരണംവരെ പാലിച്ചുപോന്നു. നിഷ്ഠകൾക്ക് വേണ്ടിയുള്ള കലഹം അദ്ദേഹം വീട്ടിലും കാണിച്ചിരുന്നു. ഒടുവിൽ അദ്ദേഹം തന്നെ വിജയിച്ചു. എന്റെ പിണക്കം തീർക്കുന്നത് 'ഓമനേ ഒരു ഗ്ലാസ്സ് വെള്ളം' എന്ന വിളിയിലാണ്.
ഞങ്ങൾ ആലപ്പുഴയിൽ അയൽവാസികളായിരുന്നു. അദ്ദേഹത്തിന് 35 വയസ്സായപ്പോഴാണ് എന്നെ വിവാഹം കഴിച്ചതു. എനിക്ക് ഒൻപത് വയസ്സിന്റെ ഇളപ്പം. രണ്ടുമക്കളിൽ മൂത്തമകൻ രജിത്തിനെക്കാൾ രണ്ടാമൻ ശ്രീജിത്തിനോട് കൂടുതൽ വാത്സല്യം കാട്ടി. എല്ലാ കാര്യങ്ങളിലും ശ്രീജിത്തിനെ കൂട്ടുമായിരുന്നു.
'ചരിത്രത്തെ അഗാധമാക്കിയ ഗുരു' എന്ന പുസ്തകം എഴുതുന്ന കാലം. ഒരുദിവസം ഞങ്ങൾ വർക്കല ശിവഗിരിയിൽ പോയി. അവിടെ മഹാസമാധിയിൽ തൊഴുതുനിന്ന ഞാൻ നോക്കുമ്പോൾ തൊഴുകൈകളുമായി നിൽക്കുകയായിരുന്നു അദ്ദേഹം. ഞാൻ നോക്കുന്നത് കണ്ടപ്പോൾ അദ്ദേഹം തൊഴുകൈ പിൻവലിച്ചു. ഏകാന്തമായ ഭക്തിയായിരുന്നു സാറിന്. ഗുരുവിനോട് മാത്രമല്ല, കുരിശിനോടും ഭക്തിയായിരുന്നു.
അർബ്ബുദം അസ്ഥികളെ ഗ്രസിച്ച് വേദനയിൽ മുങ്ങുമ്പോഴും അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. കണ്ടു നിൽക്കാനാവാതെ ഞാൻ വിതുമ്പുമ്പോൾ പറയും, 'നീ കരയരുത്. വായനമുറിയിലെ ഗുരുദേവന്റെ ചിത്രത്തിന് മുന്നിൽപോയിരുന്ന് പ്രാർത്ഥിക്ക്.
ഞാൻ സാറിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. ആ പ്രാർത്ഥന ഇന്നും തുടരുകയാണ്. അദ്ദേഹമില്ലാത്ത അശ്വതിയിൽ. അദ്ദേഹത്തിന്റെ അദൃശ്യസാന്നിദ്ധ്യമുള്ള വായനമുറിയിൽ.'
പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് വാക്കുകളെ സൃഷ്ടിക്കാറുണ്ടെന്ന് പറയുമായിരുന്നു കെ.പി.അപ്പൻ, പ്രിയതമയുടെ പ്രാർത്ഥനകൾ ഇപ്പോഴും കേൾക്കുന്നുണ്ടാവണം. ശിഷ്യരുടെ സ്നേഹബഹുമാനങ്ങൾ അനുഭവിക്കുന്നുണ്ടാകണം.
ആർക്കറിയാം നിയതിയുടെ ഗതിവിഗതികൾ!