പരിഭാഷ
വി.രവികുമാർ
വി.രവികുമാർ
ഉദയം
തണുത്ത കൈകളതിവേഗം വകഞ്ഞുമാറ്റുന്നു
ഇരുട്ടിന്റെ വച്ചുകെട്ടുകളൊന്നൊന്നായി
കണ്ണുകൾ ഞാൻ തുറക്കുന്നു
ഞാനിപ്പോഴും പക്ഷേ
ഉണങ്ങാത്തൊരു മുറിവിന്റെയുള്ളിൽ.
പെൺകുട്ടി
പോകാനറയ്ക്കുന്ന സായാഹ്നത്തിനും
വന്നുകേറുന്ന രാത്രിയ്ക്കുമിടയിൽ
ഒരു പെൺകുട്ടിയുടെ നോട്ടം.
അവളുപേക്ഷിച്ചിരിക്കുന്നു തന്റെ നോട്ടുബുക്കും അതിലെഴുതിവന്നതും.
തറഞ്ഞ രണ്ടു കണ്ണുകളാണവൾ.
ചുമരിൽ വെളിച്ചം സ്വയം മായ്ച്ചും കളഞ്ഞിരിക്കുന്നു.
അവൾ കാണുന്നതു തന്റെ തുടക്കമോ, തന്റെയൊടുക്കമോ?
അവൾ പറയും താൻ യാതൊന്നും കാണുന്നില്ലെന്ന്.
സുതാര്യമാണനന്തത.
താൻ കണ്ടതെന്തെന്നവളറിയുകയുമില്ല.
തീർച്ച
യഥാർത്ഥം ഈ വിളക്കിന്റെ വെളുത്ത വെളിച്ചമെങ്കിൽ,
യഥാർത്ഥം എഴുതുന്ന കൈയെങ്കിൽ,
ഇവയും യഥാർത്ഥമോ,
ഞാനെഴുതുന്നതു കാണുന്ന കണ്ണുകൾ?
ഒരു വാക്കിനും ഇനിയൊരു വാക്കിനുമിടയിൽ
ഞാൻ പറയുന്നതു മറഞ്ഞുപോകുന്നു.
എനിക്കറിയാം ഞാൻ ജീവിച്ചിരിക്കുന്നത്
രണ്ടാവരണചിഹ്നങ്ങൾക്കിടയിലെന്ന്.
പ്രാർത്ഥന
ഡോൺ ക്യുക്സോട്ടായിരുന്നിട്ടില്ല ഞാൻ,
ഒരനീതിയ്ക്കും പരിഹാരം കണ്ടിട്ടുമില്ല ഞാൻ
(ചിലനേരം ആട്ടിടയന്മാരെന്നെ കല്ലെറിഞ്ഞിട്ടുണ്ടെങ്കിലും)
എന്നാലെനിക്കാഗ്രഹമുണ്ട്, അദ്ദേഹത്തെപ്പോലെ
കണ്ണുകൾ തുറന്നുവച്ചു മരിയ്ക്കാൻ.
മരിക്കുകയെന്നാൽ
നമുക്കറിയാത്തൊരിടത്തേക്കു മടങ്ങുകയാണെന്ന്,
ആശ കെട്ടും നാം കാത്തിരിയ്ക്കുന്നൊരിടമാണതെന്നറിഞ്ഞും
മരിയ്ക്കാൻ.
കാലത്തിന്റെ മൂന്നവസ്ഥകൾക്കും അഞ്ചു ദിശകൾക്കുമൊപ്പമൊന്നായി,
ആത്മാവ്-ഇനി മറ്റെന്തു പേരാണതിനെങ്കിൽ അത്-
തെളിമയായി മരിയ്ക്കാൻ.
എനിക്കു വേണ്ട ബോധോദയം;
എനിക്കെന്റെ കണ്ണുകളൊന്നു തുറന്നാൽ മതി,
ഇറങ്ങുന്ന സൂര്യന്റെ ദൃഷ്ടി കൊണ്ടു
ലോകത്തെയൊന്നു തൊട്ടാൽ മതി;
തലചുറ്റുന്ന നിശ്ചലത മതിയെനിക്ക്,
ഉപരോധത്തിലായ ആത്മാവിന്റെ
ഒരിമവെട്ടലിനത്ര ദീർഘിച്ച കാലത്തിന്റെ ബോധം മതി;
ചുമയ്ക്കും, ഛർദ്ദിയ്ക്കും, മുഖത്തെ ഗോഷ്ഠികൾക്കുമെതിരെ
തെളിഞ്ഞൊരു പകലുണ്ടായാൽ മതി,
പുതുമഴയിൽ കുളിച്ച മണ്ണിന്റെ ഈറൻവെളിച്ചം മതി,
ഏതോ പുഴയുടെ പതിഞ്ഞൊരാത്മഗതമാവട്ടെ
സ്ത്രീയേ, എന്റെ നെറ്റിത്തടത്തിൽ നിന്റെ ശബ്ദം.
ഒരു മിന്നായമായാൽ മതിയെനിക്ക്,
ആ നിമിഷത്തിന്റെ തിരയിൽ
ഒരു പ്രതിഫലനത്തിന്റെ ആകസ്മികത്തിളക്കം;
ഓർമ്മയും മറവിയും,
ഒടുക്കം,
ഒരേ ക്ഷണത്തിലൊരു തെളിമയും.
സംസാരിക്കുകയെന്നാൽ
ഒരു കവിതയിൽ ഞാൻ വായിച്ചു:
ദിവ്യമാണു സംസാരിക്കുകയെന്നാൽ. ദേവന്മാർ പക്ഷേ സംസാരിക്കാറില്ല:
അവർക്കു പണി ലോകങ്ങൾ പടയ്ക്കലുമുടയ്ക്കലും,
സംസാരങ്ങൾ മനുഷ്യർക്കുള്ളത്.
വാക്കുകൾ വേണ്ടാത്ത അപായക്കളികളാണു
ദേവന്മാർ കളിയ്ക്കുന്നത്.
നാവുകളുടെ കെട്ടുകളഴിച്ചും കൊണ്ടു
പരിശുദ്ധാത്മാവിറങ്ങിവരുന്നു,
അതും പക്ഷേ വാക്കുകളല്ല സംസാരിക്കുന്നത്:
അതു സംസാരിക്കുന്നതഗ്നി.
ഒരു ദേവൻ കൊളുത്തുമ്പോൾ
ഭാഷ
ജ്വാലകളുടെ പ്രവചനമാവുന്നു
പുകയുടെ തൂണാവുന്നു
എരിഞ്ഞടങ്ങിയ അക്ഷരങ്ങളുടെ കൂനയാവുന്നു:
അർത്ഥമില്ലാത്ത ചാരം.
മനുഷ്യന്റെ വചനം
മരണത്തിന്റെ പുത്രിയത്രെ.
നാം സംസാരിക്കുന്നുവെങ്കിൽ
അതു മരിക്കേണ്ടവരാണു നാമെന്നതിനാൽ:
വാക്കുകൾ ചിഹ്നങ്ങളല്ല, അവ വർഷങ്ങൾ.
നാം പറയുന്ന വാക്കുകൾ
പറയുന്നതു കാലം:
അവ നമുക്കു പേരിടുന്നു.
നാം കാലത്തിന്റെ പേരുകൾ.
സംസാരിക്കുകയെന്നാൽ മാനുഷികം.
ആദിയ്ക്കുമാദിയിൽ
ശബ്ദങ്ങളുടെ കലപില,
സന്ദിഗ്ധമായ തെളിമ,
മറ്റൊരു ദിവസത്തിനാരംഭം.
പാതിവെളിച്ചത്തിൽ ഒരു മുറി,
രണ്ടുടലുകൾ നീണ്ടുനിവർന്ന്.
എന്റെ തലയ്ക്കുള്ളിൽ എനിക്കെന്നെകാണാതായിരിക്കുന്നു
ആരുമില്ലാത്തൊരു തുറസ്സിൽ.
മണിക്കൂറുകൾ കത്തികൾക്കു മൂർച്ച കൂട്ടുന്നു.
അരികിൽ പക്ഷേ, നിന്റെ നിശ്വാസം;
ആഴ്ന്നുമുങ്ങി, വിദൂരസ്ഥയായി,
ഇളകാതെ നിയൊഴുകുന്നു.
ചിന്തയിൽ നീയെനിക്കപ്രാപ്യ,
കണ്ണുകൾ കൊണ്ടു നിന്നെത്തൊടുന്നു ഞാൻ,
കൈകൾ കൊണ്ടു നിന്നെ കാണുന്നു ഞാൻ.
സ്വപ്നങ്ങൾ നമ്മെ വിഭജിക്കുന്നു,
ചോര നമ്മെ ഒരുമിപ്പിക്കുന്നു:
നെഞ്ചിടിപ്പുകളുടെ പുഴയാണു നാം.
നിന്റെ കണ്ണിമകൾക്കടിയിൽ
സൂര്യന്റെ വിത്തു വിളയുന്നു.
ലോകമിനിയും
യഥാർത്ഥമായിട്ടില്ല;
കാലംസന്ദേഹിക്കുന്നു:
തീർച്ചയുള്ളതു
നിന്റെ തൊലിയുടെ ചൂടിനു മാത്രം.
നിന്റെ നിശ്വാസത്തിൽ ഞാൻ കേൾക്കുന്നു
സത്തയുടെ വേലിയേറ്റങ്ങൾ,
ഉല്പത്തിയുടെ വിസ്മൃതാക്ഷരങ്ങൾ.