14 Aug 2011

ഡ്യൂപ്പ്‌


വി എച്ച്‌ നിഷാദ്‌

അയാൾ സിനിമകളിൽ ഡ്യൂപ്പ്‌ വേഷങ്ങളിൽ അഭിനയിക്കുമായിരുന്നു. നായകന്റെയോ വില്ലന്റെയോ നിഴൽപാളി പോലെ വെള്ളിത്തിരയിൽ അങ്ങനെ ദൃശ്യനാവും. പക്ഷെ ആരും അയാളെ തിരിച്ചറിഞ്ഞില്ല. അല്ലെങ്കിൽ തിരിച്ചറിയരുത്‌. അതാണ്‌ അയാൾ വേദനയോടെ ആഗ്രഹിച്ചിരുന്നതും.
     എങ്കിലും ഡ്യൂപ്പുകൾക്ക്‌ ധൈര്യം ആവശ്യമാണ്‌. അയാൾക്കറിയാം അത്‌.  അഗ്നികുണ്ഠത്തിലേക്ക്‌ ചീറിപ്പായുന്ന ബൈക്കുമായി കുതിച്ചു ചാടാൻ, കടൽപ്പാലത്തിൽ നിന്നും ആർത്തിയോടെ പത്തിവിടർത്തുന്ന കടൽത്തിരകളിലേക്ക്‌ മുങ്ങാംകുഴിയിടാൻ സിരകളിലും മനസ്സിലും എപ്പോഴും അയാൾ ധൈര്യം ശേഖരിച്ചു വെച്ചു.
   രണ്ട്‌ മാസം നീണ്ടു നിന്ന ഒരു ആക്ഷൻ പടത്തിന്റെ ഷൂട്ടിംങ്ങ്‌ കഴിഞ്ഞ്‌ മടങ്ങി വരികയാണ്‌ ഇപ്പോൾ അയാൾ. ഈ കഴിഞ്ഞ നാളുകളിൽ ഒരു കഠിനാധ്വാനിയെപ്പോലെ അയാൾക്ക്‌ പണിയെടുക്കേണ്ടതുണ്ടായിരുന്നു.
 മല മുകളിലായിരുന്നു ഷൂട്ടിംങ്ങ്‌.
ക്ലൈമാക്സ്‌ രംഗത്ത്‌ വില്ലനുമായുള്ള ഫൈറ്റിനിടയിൽ ഒരു മിന്നൽ അലകുപോലെ നായകൻ പാറക്കൂട്ടങ്ങളിലേക്ക്‌ തെന്നിവീഴും.
നായകനുവേണ്ടി അയാളാണ്‌ തെന്നി വീണത്‌.
സുരക്ഷിത മാർക്ഷങ്ങൾ അവലംബിച്ചിട്ടും അയാളുടെ ശ്രദ്ധക്ക്‌ ചെറിയ പിശക്‌ പിണഞ്ഞു.
കൈ മുട്ട്‌ പൊട്ടി.
ബാൻഡേജുമായാണ്‌ അയാൾ ഇപ്പോൾ നടക്കുന്നത്‌.
കാലിന്‌ വെച്ചുപിടിപ്പിച്ച പോൽ ചെറിയ മുടന്തും കൂട്ടു വന്നിരിക്കുന്നു.
അയാളുടെ കയ്യിലെ പ്ലാസ്റ്റിക്‌ കൂടിൽ കുറച്ച്‌ ഓറഞ്ചുകളുണ്ട്‌. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളുടെ കണ്ണുകളിലെ ചിരി അയാളുടെ ഈ ഓറഞ്ചുകൾ തിരിച്ചുപിടിക്കും. ആ മുഖത്തെ പാൽ മന്ദഹാസം ഈ ഓറഞ്ചുകൾ തിരിച്ചു പിടിക്കും. അയാളുടെ നഷ്ടപ്പെട്ടു പോയ മധുര ദിനങ്ങൾ ഈ ഓറഞ്ചുകൾ തിരിച്ചുപിടിക്കും. അതിനാണ്‌ ഇത്ര കഷ്ടപ്പെട്ട്‌ നടക്കുമ്പോഴും ഓറഞ്ചുകൾക്കായി ആ ഫ്രൂട്ട്സ്‌ കടയിൽ അയാൾ സമയം ചിലവഴിച്ചതു.
അയാൾ ഇപ്പോൾ വീടിന്റെ ഗേറ്റ്‌ കടക്കുന്നു. മുറ്റത്തെ ഗാർഡനിൽ വാടിനിൽക്കുന്ന ചെടികളെ ആശങ്കയോടെ വീക്ഷിക്കുന്നു. ഓറഞ്ചു കൂട്‌ ഉദരത്തിന്റെ വലതുഭാഗത്തോട്‌ ചേർത്തു പിടിക്കുന്നു.
 കോളിംങ്ങ്‌ ബെൽ ശബ്ദിക്കുന്നില്ല.
മുൻവാതിൽ അടഞ്ഞു കിടക്കുന്നത്‌ കണ്ട്‌ അയാൾ പവർക്കട്ടിനെ ശപിച്ചു.
എല്ലാ മടങ്ങിവരവുകളും തുറന്ന വാതിലുകളിലേക്കായിരിക്കില്ല-താൻ ഡ്യൂപ്പായി അ‍ിനയിച്ച ഏതോ സിനിമയിലെ ഫിലോസഫി ഡയലോഗ്‌ ആശ്വസിക്കാനായി അയാൾ സ്വന്തം ചുണ്ടുകൾക്ക്‌ കടം കൊടുത്തു.
ഭാര്യയെ വിളിക്കാനായി അയാൾ ബെഡ്‌ർറൂമിന്റെ ജനൽപാളി വിടർത്തുകയാണ്‌.
കട്ട്‌!
ഡയറക്ടറുടെ നിർദേശം കിട്ടിയതു പോലെ തോന്നി അയാൾക്ക്‌.
പെട്ടെന്ന്‌ അയാൾ മനസാന്നിധ്യം വീണ്ടെടുത്തു. ഇല്ല, ഇത്‌ സിനിമയല്ല;ജീവിതമാണ്‌.
അഭ്രപാളി പോലെ നാലതിരുകളിൽ ഒതുങ്ങാത്ത ജീവിതത്തിൽ, അതിന്റെ ശുഭ്ര മസ്തകത്തിൽ അയാൾ കാണുന്നതെന്ത്‌?
തന്റെ തനിപ്പകർപ്പായ ഇരട്ട സഹോദരനെ കെട്ടിപ്പിടിച്ചുറങ്ങുകയാണ്‌ പൂർണ്ണ നഗ്നയായ തന്റെ ഭാര്യ
ഇല്ല, അയാൾ തളർന്നില്ല.
സിറ്റൗട്ടിലേക്ക്‌ പതുക്കെ നടന്നു.
വാതിൽപ്പടിയിൽ ഓറഞ്ചുകൾ വെച്ചു.
തിരിഞ്ഞു വന്ന വഴിയേ നടക്കുമ്പോൾ ഓറഞ്ചുകൾ ഒന്നു കൂടി നോക്കി. അവ എല്ലാം തിരിച്ചു പിടിക്കട്ടെ.
ഡ്യൂപ്പുകൾക്ക്‌ ധൈര്യം ആവശ്യമാണ്‌-അയാൾ മനസിൽ ഉരുവിട്ടു.
വേച്ചു വേച്ചു നീങ്ങുന്ന ഒരു വര പോലെ സന്ധ്യാവെളിച്ചം വരച്ചു വെച്ച അയാൾ സ്വന്തം കോളനിയിൽ കൂടി നടന്നു പോയപ്പോൾ ആരും തിരിച്ചറിഞ്ഞില്ല.
തിരിച്ചറിയരുത്‌..
അയാൾ മന്ദഹാസത്തോടെ ആഗ്രഹിച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...