14 Aug 2011

വായനാനുഭവം




പി.കെ. രാമകൃഷ്ണന്‍



ഡോ.കെ.ജി.ബാലകൃഷ്ണന്റെ അഗ്നിഗീതത്തെപ്പറ്റി

ഡോ. കെ.ജി. ബാലകൃഷ്ണന്‍ അഗ്നിഗീതം ജ്ഞാനകാണ്ഡത്തിന്‍റെ തുടര്‍ച്ചയായാണ്  ഉപാസനാകാണ്ഡം പ്രസിദ്ധപ്പെടുത്തുന്നത്. ഇത് തന്‍റെ പത്താമുദയമാണെന്ന് കവി  പ്രസ്താവിക്കുന്നു. അദ്ദേഹത്തിന് ഓരോ കവിതയും മനസ്സിന്‍റെ ഉദയമാണ്. ജ്ഞാനാര്‍ത്ഥിയായി  ജീവിക്കുന്ന കവി ആര്‍ജ്ജിച്ച അറിവും അതു നല്‍കിയ ഊര്‍ജവും ആനന്ദവുമാണ് അഗ്നികാണ്ഡം  ജ്ഞാനകാണ്ഡത്തിലെ പ്രതിപാദ്യം. ഉപാസനാകാണ്ഡത്തില്‍ കവി അറിവുമായി തന്‍മയീഭവിച്ച  അനുഭൂതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രപഞ്ചത്തില്‍ ആകെ വ്യാപിച്ചിരിക്കുന്ന  അഗ്നി അറിവുതന്നെയാണ്. ജ്ഞാനാനുഭവം ആനന്ദജനകമാണ്. ഈ ആനന്ദത്തിന്‍റെ പ്രകാശനമാണ്  സൌന്ദര്യം-കല.

ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ശാസ്ത്രം നല്‍കിയ സംഭാവനകള്‍ സ്വീകരിച്ച്  പ്രപഞ്ചോത്പത്തിയുടെയും ജീവോത്പത്തിയുടെയും രഹസ്യം അറിയാനാണ് കവിയുടെ ശ്രമം.  ഈ അന്വേഷണം മാനവസംസ്കാരത്തിന്‍റെ വികാസ പരിണാമങ്ങള്‍ ഗ്രഹിക്കാന്‍ കവിയെ  പ്രാപ്തനാക്കുന്നു. ഒടുവില്‍ കവി ആര്‍ഷസംസ്കാരകേദാരത്തില്‍ എത്തിച്ചേരുന്നു.  തത്ത്വമസിയുടെ പൊരുള്‍ ബോധ്യമാകുന്നു. കാലത്തിന്‍റെ നിലവറയില്‍ ഋഷിമാര്‍ സൂക്ഷിച്ച  രത്നപേടകങ്ങള്‍ തുറന്നുനോക്കാന്‍ കവിയെ പ്രേരിപ്പിക്കുന്നത് നിമിഷത്തിന്‍റെ ആവിര്‍ഭാവം  അറിയാനുള്ള വാഞ്ഛയും അണുവിന്‍റെ ജനനരഹസ്യം നിര്‍ദ്ധരിക്കുവാനുള്ള ത്വരയുമാണ്.

കവിയും ശാസ്ത്രജ്ഞനും തത്ത്വദര്‍ശിയും ജീവിതസത്യമാണ് അന്വേഷിക്കുന്നത്. അവരുടെ  ചിന്താപദ്ധതിയും ഉപകരണങ്ങളും വ്യത്യസ്തമാവാം എങ്കിലും ലക്ഷ്യം ഒന്നു തന്നെയാണ്.  ഡോ. കെ.ജി. ബാലകകൃഷ്ണന്‍ ശാസ്ത്രജ്ഞന്‍റെയും ദാര്‍ശനികന്‍റെയും കവിയുടേയും  വീക്ഷണങ്ങളിലൂടെയാണ് ജീവിതത്തെ ദര്‍ശിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്‍റെ ദര്‍ശനം  സമഗ്രവും തനതുമാണ്. ഒട്ടേറെ അനുഭവങ്ങളുടെ സഞ്ചയമാണ് കവി മനസ്സ്. അത് ഓരോ  അനുഭവത്തെയും സ്ഥൂലസൂക്ഷ്മ കാരണതലത്തില്‍ അപഗ്രഥിച്ച് അറിയാന്‍ സജ്ജമാണ്. ജീവിത  സന്ദര്‍ഭങ്ങള്‍ കവി മനസ്സിനെ അനുഭൂതി സാന്ദ്രമാക്കുന്നു. ഈ വിശ്വം- അതില്‍ ഒരു ബിന്ദുവായി  സ്പന്ദിക്കുന്ന കവിയായ മനുഷ്യന്‍റെ അന്തഃരംഗത്തില്‍ ഉയരുന്ന വെളിപാടുകള്‍, അവ അതേപടി  മറ്റുള്ളവരില്‍ പകരാന്‍ കഴിയാത്തതിലുള്ള ആന്തരിക സംഘര്‍ഷം കവി അനുഭവിക്കുന്നുണ്ട്. ശബ്ദ  രസ ഗന്ധ സ്പര്‍ശ രൂപങ്ങള്‍ അറിയാനുള്ള പഞ്ചേന്ദ്രിയങ്ങളല്ലേ നമുക്കുള്ളു. അവ  എത്രമാത്രം പ്രവര്‍ത്തനക്ഷമമാണെങ്കിലും അവകൊണ്ടുമാത്രം അനുഭവിക്കാന്‍ കഴിയാത്ത  വിഭവങ്ങളാണ് കവിക്ക് മുന്നിലുള്ളത്.

കണ്ണുകളഞ്ചുമുള്ളടക്കിയാല്‍ ഉണരുന്ന ആറാമിന്ദ്രിയം മനുഷ്യനു ജന്മസിദ്ധമാണ്.  ഉപയോഗിച്ച് അര്‍ത്ഥലോഭം സംഭവിച്ച പദങ്ങളും ഒളിമങ്ങിയ നിറങ്ങളും  ആറാമിന്ദ്രിയത്തിന്‍റെ സംവേദനത്വം ആവിഷ്ക്കരിക്കാന്‍ പ്രാപ്തമല്ല. ഈ വിശ്വിധാനീയതെയെ  അളക്കുവാന്‍ അളവുകോലുകള്‍ പോര. തിട്ടപ്പെടുത്തുവാന്‍ സംഖ്യകള്‍ക്കാവില്ല.  വൈപരീത്യങ്ങളെയും വൈവിദ്ധ്യങ്ങളെയും സോദ്ദേശ്യം ഇണക്കിയിരിക്കുന്ന  സംവിധാനചാതുരി അനുഭവിക്കുവാനല്ലാതെ ആവിഷ്ക്കരിക്കാനുതകുന്ന ഉപാധികളില്ലാതെ കവി  വീര്‍പ്പുമുട്ടുന്നു.

ജ്ഞാനകാണ്ഡത്തിലും ഉപാസനാകാണ്ഡത്തിലുമായി ഇരുനൂറ്റിപതിമൂന്ന് കവിതകള്‍ ഉണ്ട്.  ഇവയിലൊന്നിലും സമകാലിക ജീവിതത്തിന്‍റെ സന്ത്രാസമോ തത്രപ്പാടോ  പ്രതിപാദിക്കുന്നില്ല. ഇത് ആരെയും അത്ഭുതപ്പെടുത്തും. എന്നാല്‍ വര്‍ത്തമാന ജീവിത  പ്രശ്നങ്ങളില്‍നിന്ന് കവി ഒളിച്ചോടുകയല്ല. പ്രഭാവര്‍മ്മ പറഞ്ഞപോലെ പാരന്പര്യത്തിന്‍റെ  സ്വാഭാവിക തുടര്‍ച്ചയെന്നോണം വരുന്ന ആധുനികതയും ഈ കവിതകളില്‍ നിന്ന്  പ്രസരിക്കുന്നു. നമ്മുടെ ഭാഷയെ, സംസ്കാരത്തെ, ഭാവുകത്വത്തെ എല്ലാറ്റിനുമുപരി മനസ്സിനെ  നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഈ കവിത. സര്‍വ്വോപരി ദര്‍ശനപരമായ  ഭാവഗരിമയുടെ ചൈതന്യങ്ങളെ നമ്മുടെ മനസ്സിലേക്ക് ഈ കവിതകള്‍ എത്തിക്കുന്നു.

ഉപാസനാകാണ്ഡത്തിലെ കവിതകള്‍ വിഷയത്തിലും പ്രതിപാദനത്തിലും പുതുമയുള്ളവയാണ്.  മുന്‍വിധിയോടുകൂടി ചെല്ലുന്നവര്‍ നിരാശരാവും. സംഗീതാത്മകമായ വൃത്തങ്ങള്‍,  അലങ്കാരപ്രചുരിമയുടെ മായക്കാഴ്ചകള്‍ എല്ലാം ഈ കവിതകളില്‍ ഒഴിവാക്കിയിരിക്കുന്നു. ഈ  കവിതകള്‍ പാടിരസിക്കാനുള്ളവയല്ല; അന്തര്‍ ശോധനക്ക് ഉപകരിക്കുന്നവയാണ്.  കാലിഡോ സ്കോപ്പ് ചലിപ്പിക്കുന്നതിനനുസരിച്ച് വര്‍ണ്ണ ചിത്രങ്ങള്‍  വിരിയുന്നതുപോലെയാണ് കവിയുടെ മനസ്സില്‍  പുതുപുത്തന്‍ ആശയങ്ങള്‍ നിറയുന്നത്.  ഉപാസനാകാണ്ഡത്തിലെ കവിതകള്‍ വര്‍ണ നാദ ലയ സൌന്ദര്യം അനുഭവവേദ്യമാക്കുന്നു. ഇവ  സത്യശിവസൌന്ദര്യങ്ങളുടെ ഉദ്ഗീഥമാണ്.
ഉപാസനാകാണ്ഡത്തിലെ നൂറ്റിയെട്ട് കവിതകളില്‍ നിന്ന് മികച്ച പത്തുകവിത തിരഞ്ഞെടുക്കാന്‍  പറഞ്ഞാല്‍ ആരും വിഷമിച്ചുപോകും. അവ ഭാവുകത്വത്തിന്‍റെ തോത് അനുസരിച്ച് മാറാം.  എങ്കിലും പൂര്‍വ്വികര്‍ പ്രയോഗിച്ച താലീപുലകം ന്യായേന എന്നെ ആകര്‍ഷിച്ച നാലഞ്ച്  കവിതകളുടെ പേര് പറയാം. - പകല്‍ ജ്ഞാനോദയത്തിലെ പ്രകാശമാണ് ഇതിലെ പ്രതിപാദ്യം.  ഈണം മഴയെക്കുറിച്ചുള്ള കൊച്ചുകവിതയാണ്. മഴയെക്കുറിച്ച് ഇത്ര സൂക്ഷ്മവും  സുന്ദരുവുമായി ആരും എഴുതിയതായി അറിവില്ല. ആകാശത്ത് നിന്ന് നൂലുകള്‍ ഞാന്നുവരുന്ന മഴ  നമ്മുടെ കണ്ണിനുമാത്രമല്ല ആത്മാവിനുകൂടി കുളിര്‍മയും ആനന്ദവും നല്‍കുന്നു.  ബാഹ്യലോകത്തുനിന്ന് പഞ്ചേന്ദ്രിയങ്ങള്‍ ആവാഹിക്കുന്ന അനുഭവങ്ങള്‍ ചിതാകാശത്തില്‍  എന്തെന്ത് ചലനങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുന്നു. ബഹിര്‍മുഖമായല്ല  അന്തര്‍മുഖമായാമ് കവി  ഭാവന വിരാജിക്കുന്നത്. കവി മനസ്സിന്‍റെ ഇംഗിതം, ഉപാസന എന്നിവ  പ്രതിബിംബിക്കുന്ന കവിതയാണ് താമസം.

താമസം

1
അഴകേ, നിന്നനെത്തേടി-
യലയുമനന്തത്തില്‍-
ചിരസംഗീതം നിന്‍റെ,
നീലമാം നിറം നിന്‍റെ!
അമൃതം നൈരന്തര്യം,
നിര്‍ന്നിമേഷത; വിണ്ണായ്-
പ്പടരുമപാരത്തി-
ലിത്തിരിയിടമെന്‍റെ!

2
അഴകേ, നിനക്കായെ-
ന്നുള്ളിലെ വിധു, വാക്കാ-
യൊഴുകും മധു, മൃദു-
സ്പര്‍ശമാം സമീരണം!
നിമിഷം പ്രതി നിന-
ക്കര്‍ഘ്യമായ് സന്തോഷാശ്രു;
കനിവേ, വിളംബമെ-
ന്തിനിയും സുനന്ദമേ!
വരുവാന്‍? വിരല്‍ത്തുന്പാ-
ലെന്‍ശിരോലിഖിതത്തില്‍-
ത്തിരളും വരവര്‍ണ്ണ-
മേഴിനും മിഴിവേകാന്‍!

അഗ്നിഗീതം ജ്ഞാനകാണ്ഡത്തിലും ഉപാസനാകാണ്ഡത്തിലുമായി പല പേരില്‍ പലരൂപത്തില്‍  ഇരുനൂറ്റി പതിമൂന്ന് കവിതകളുണ്ട്. വ്യഷ്ടിയും, സമഷ്ടിയും; നിമിഷവും കാലവും; സൂക്ഷ്മവും  സ്ഥൂലവും പോലെ വൈവിധ്യങ്ങളെല്ലാം ഇണക്കുന്ന ചിന്തയുടെ ഒരു അന്തര്‍ധാര ഈ  കവിതകളിലൂടെ ഒഴുകുന്നത് സൂക്ഷ്മനയനങ്ങള്‍ക്ക് ഗോചരമാണ്. അഗ്നിഗീതം  ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന മഹാകാവ്യമാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിന്‍റെ  സാമഗാനം എന്ന് അഗ്നിഗീതകാണ്ഡങ്ങളെ വിശേഷിപ്പിക്കാം.



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...