ആർ മനു
മഹാമേരുവിൽ നിന്നുദിയ്ക്കും
പൂർണ്ണഗംഗാപ്രവാഹം
വംഗദേശം കടന്നൊഴുകും
ദിവ്യസൂര്യ സഹസ്രോജ്ജ്വലപ്രഭാവം
അക്ഷരമഗ്നിയായ് പടർന്നും
തെളിഞ്ഞും ജ്വലിക്കുമറിവിൻ
നവഭാവഹൃദയനീരിൽ തളിർത്ത
ഗീതാഞ്ജലീ പ്രയാണം
ഋഷിമൂക തപോവനമാകുമാൽമരം
തണൽ വിരിയ്ക്കും ശാന്തിനികേതനമായ്
തെളിയുമൊരു നേരിൻ നിലാവെളിച്ചം
ആലിലവർണ്ണം വാരിവിതറിച്ചിരിക്കും
രംഗോത്സവക്കളമെഴുത്തിലൊരു സിത്താർ
ശ്രുതിതാളനിബന്ധമാകും ദേശസംഗീതിക.
സർവ്വം രബീന്ദ്രമയം സംഗീതസാന്ദ്രം
കല്ലിലും മുള്ളിലും താളലയനോവായ്
നിറക്കൂട്ടിൻ സ്വാതന്ത്ര്യമായുയരും
വയൽച്ചേറിൻ വർണ്ണമായൊരീശ്വരധ്യാനം.