13 Sept 2011

പതിയേ പെയ്യുന്ന ഒരാൾ


   
ധർമ്മരാജ് മടപ്പള്ളി


   റഞ്ഞു തുടങ്ങുമ്പോള്‍ മഴപെയ്യുകയാണെന്നേ തോന്നൂ. മരത്തിന്റെ ഉച്ചിയില്‍ തട്ടി ശിഖരങ്ങളിലൂടെ താഴേക്കൊലിച്ച്, അതിലെ പക്ഷികളെ ഉണര്‍ത്താതെ, ഇലകളോടു കിന്നാരം പറയാന്‍ മെനക്കെടാതെ, ഉടല്‍ തടിയില്‍ ആവോളം ഉമ്മവെച്ച്, താഴ്വേരോളം ഒലിച്ചിറങ്ങുന്ന ഒരു രാത്രിമഴ. ആ മഴയെ നമുക്ക് ഷാജി.എന്‍. കരുണ്‍ എന്ന് വിളിക്കാം. ചുറ്റുവട്ടങ്ങള്‍ ഇങ്ങനെയായിപ്പോകുന്നുവല്ലോ എന്ന സങ്കടങ്ങള്‍, ഒറ്റ ഫ്രെയിമിലൊതുങ്ങാത്ത മഴയെപ്പോലെയാകുമ്പോള്‍ ഹൃദയമുള്ളവര്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു നിശബ്ധത ബാക്കിവെക്കുന്നു. വാക്കുകള്‍ വാനപ്രസ്ഥത്തിനുപോകുമ്പോഴും പിറവിയെടുക്കുന്ന ചില  സുകൃത ദീപ്തികള്‍ ഇദ്ദേഹം നമുക്ക് നല്ല ചലച്ചിത്രങ്ങളിലൂടെ കാണിച്ചുതരുന്നു. വിശ്രുത സംവിധായകന്‍ പറഞ്ഞു തുടഞ്ഞുന്നു. ഫ്രെയിമില്‍ ഒളിപ്പിച്ചു വെക്കുന്ന വല്ലാത്ത മൌനത്തിന്റെ അമ്ലരുചിയോടെയല്ലാതെ, എന്നാല്‍ ഉച്ചസ്ഥായിയെ മൌനം കൊണ്ട് മെരുക്കിയെടുത്ത അനുഭൂതി പൂര്‍ണ്ണമായ പതിഞ്ഞ ശബ്ദത്തില്‍, അതില്‍ നിറയെ പോക്ക് വെയിലിന്റെ രുചിയുണ്ട്, അതിനപ്പുറം ആത്മസുഹൃത്ത്  ജി. അരവിന്ദന്‍ എന്ന അരവിന്ദേട്ടന്റെ പൂര്‍വ്വാശ്രമത്തിലെ മരവുരികളുടെ വല്ലാത്ത ഉടല്‍മണമുണ്ട്.    


      
പിറവി എന്ന ഒറ്റചിത്രം മലയാളത്തിലേക്ക് കൂട്ടി കൊണ്ട് വന്ന പാരിതോഷികങ്ങളേക്കുറിച്ച് നാം ആദ്യം അറിയേണ്ടതുണ്ട്. 1989 കാന്‍ ഫെസ്ടിവല്‍  ~ കാമറ  ഡി ഓണര്‍.
1989 എടിന്ബെര്ഗ്  ~ചാര്‍ളി ചാപ്ലിന്‍ അവാര്‍ഡ്.
1989  ലോകാര്ണോ ഇന്റെര്നാഷണല്‍ ഫിലിം ഫെസ്ടിവല്‍.
പ്രൈസ്  ഓഫ്  ദി  എസുമെനികാല്‍  ജൂറി  - സ്പെഷ്യല്‍  മെന്‍ഷന്‍, സില്‍വര്‍ ലെപേ
ര്‍ഡ്.     1989 നാഷണല്‍ ഫിലിം അവാര്‍ഡ്. 
സുവര്‍ണ്ണ കമലം ~ നല്ല ചിത്രം.
സുവര്‍ണ്ണ കമലം ~ നല്ല സംവിധായകന്‍. 
1989 ഹവായി ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്ടിവല്‍ നല്ല ചിത്രം.

1989  ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്ടിവല്‍ ~സില്‍വര്‍  ഹുഗോ. 1990 ബെര്ഗാമോ ഇറ്റലി ~ബ്രോന്‍സെ റോസാ കാമുന.  
1990 ഫ്രിബെര്ഗ് 
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്ടിവല്‍  (സ്വിട്സര്‍ലാന്‍ഡ്‌ ) ~ഡിസ്ട്രിബ്യൂഷന്‍ ഹെല്പ്  അവാര്‍ഡ്‌.
1991 ഫജര്‍ ഫിലിം ഫെസ്ടിവല്‍ (ഇറാന്‍ )  ~ക്ര്യസ്ടല്‍  സിമോര്‍ഘ്  അവാര്‍ഡ്
 എന്നീ പ്രമുഖമായവ തുടങ്ങി മുപ്പത്തിഒന്നു അവാര്‍ഡ്കളാണ് വാരിക്കൂട്ടിയത്.

     പിറവിയില്‍ നിന്നു തന്നെ തുടങ്ങാം " ജലത്തെ ഇത്രയും വിദഗ്ധമായി കഥയുടെ പശ്ചാത്തലത്തോടു സമന്വയിപ്പിച്ച ഒരു സിനിമ നമുക്കുണ്ടോ എന്നറിയില്ല, മഴയായും, പുഴയായും, ചുഴിയായും, കൈത്തോടായും പിറവിയില്‍ മഴ  നാനാര്‍ത്ഥങ്ങളുടെ ജലസമൃദ്ധിയാണ്.  ഈച്ചരവാര്യരുടെ ആത്മകഥയുടെ പേരും "മരിച്ചിട്ടും നിങ്ങളെന്തിനാണ് അവനെ മഴയത്ത് കിടത്തുന്നത് "എന്നാണല്ലോ? ഇതെങ്ങിനെ സംഭവിച്ചു ? 


"മഴ, ലോകത്തെല്ലാവര്‍ക്കും ഇഷ്ടമുള്ള പ്രകൃതിയുടെ മുഖമാണ്. മരുഭൂമിയില്‍ ജീവിക്കുന്ന നിങ്ങള്‍ ഒന്ന് കണ്ണടച്ചിരുന്നു നോക്കൂ, കേള്‍ക്കുന്നില്ലേ ആ മഴയിരമ്പം ! കണ്ണടച്ചു തന്നെ നമുക്കറിയാം   അതിന്റെ വിവിധ ഭാവങ്ങള്‍, മണങ്ങള്‍... ഒരുപക്ഷെ നിങ്ങള്‍ക്കത് കൂടുതല്‍ കിട്ടും മനസ്സില്‍...
ജലമാണ് എല്ലാത്തിന്റെയും ആധാരം, അതില്‍ നിന്നുയിര്ഭവിച്ചാതാണ് നാം കാണുന്നതെല്ലാം. അതുകൊണ്ട് ആലോചനയുള്ള ആര്‍ക്കും, എതോരര്‍ത്ഥത്തിലും ജലത്തെ ഉപയോഗിക്കാന്‍ കഴിയും. വീട്ടില്‍ വരുന്ന ഒരാള്‍ക്ക്‌ ഒരു ഗ്ലാസ് വെള്ളം കൊടുക്കുന്നതാണ് നമ്മുടെ സംസ്ക്കാരം.


"പക്ഷെ മഴയൊക്കെ നാമിപ്പോള്‍ പഴയത് പോലെ അനുഭവിക്കുന്നുണ്ടോ? ഇന്ന് ഞാന്‍ ഭാര്യയെ വിളിച്ചപ്പോള്‍ പറഞ്ഞത് ഇവിടെ ഭയങ്കരമഴയാ എന്നാണ് ! ഇന്ന് മഴതുടങ്ങിയതെയുള്ളൂ എന്നിട്ടും... "ഭയങ്കരം" എന്നത് ഭീതിയുയര്‍ത്തുന്ന ഒരു വാക്കല്ലേ?'
" നമുക്ക് കര്‍ഷകര്‍ നഷ്ടപ്പെട്ടതാണ് ഇതിന് കാരണം. മഴകാത്തുകിടകുന്ന കര്‍ഷകര്‍ നമുക്കിന്നില്ല. തമിഴ്നാട്ടിലെയോ, ആന്ധ്രയിലെയോ ജനത ഇത്തരം ഒരു പ്രയോഗം നടത്തുകയില്ല.ഓര്‍ത്ത്‌ നോക്കൂ നമുക്ക് നമ്മുടേതായ ഒരു ഫര്‍ണിച്ചര്‍ സംസ്ക്കാരം പോലുമുണ്ടായിരുന്നില്ല. വെറും നിലത്താണ് നാം ഇരുന്നുണ്ടത്. വിത്ത്‌ സൂക്ഷിക്കുന്ന പത്തായപ്പുറത്താണ് നാം അന്ന് കിടന്നിരുന്നത്. തഴപ്പായയായിരുന്നു അന്ന് നമ്മുടെ മെത്ത. നമുക്കിതൊക്കെ നഷ്ടമായി. ഓര്‍ത്തുനോക്കൂ ഈ മരുഭൂമിയില്‍ ഒരു ആല്‍മരം തഴച്ചു വളര്‍ന്നു നിന്നാലുള്ള ഭംഗി "  

 "അതിനര്‍ത്ഥം നമുക്ക് മഴകൊള്ളേണ്ട  അവശേഷിപ്പുകള്‍ കുറവും, മഴയില്‍നിന്നും സംരക്ഷിക്കപ്പെടേണ്ട കാര്യങ്ങള്‍ കൂടുതലും ആണെന്നാണോ?"
"തീര്‍ച്ചയായും, നമുക്ക് തിരുശേഷിപ്പുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്"
            
"നമുക്കിടയില്‍ നിന്നും കാണാതാവുന്ന ഒരാള്‍, അയാളെത്തേടി അലയുന്ന ഒരച്ഛന്‍‍,  ഇതാണല്ലോ പിറവിയുടെ പ്രമേയം? പിറവി പുറത്തിറങ്ങുന്ന കാലത്ത് നമുക്കറിവുള്ളത് ഒരു രാജന്റെ കഥമാത്രമാണ്, ഇന്നാണെങ്കില്‍ നമ്മുടെ അയല്‍ വീടുകളില്‍ നിന്നുപോലും ആളുകള്‍ എങ്ങോ ട്ടെന്നില്ലാതെ അപ്രത്യക്ഷമാവുകയാണ്. അതൊന്നും വിഷയീഭവിക്കുന്നേയില്ല, എങ്ങോട്ടാണ് നമ്മുടെ വളര്‍ച്ച?"
" ഞാനും ചിലപ്പോള്‍ അത്ഭുതപ്പെടാറുണ്ട് . രാജന്റെ തിരോധാനം നമ്മുടെ ഒരു ഭരണകൂടത്തെതന്നെ വീഴ്ത്തിയത്തിയ സംഭവമാണ്. എന്നാല്‍ ഇന്നോ? ഇതിന്റെ പ്രാഥമികപ്രശ്നം നമ്മുടെ വിദ്യാഭ്യാസത്തിന്റെതാണ്. നമ്മുടെ മൂല്യങ്ങള്‍, നമ്മുടെ സംസ്കാരം, നമ്മുടെ പൈതൃകം, ഇതൊന്നും നമ്മുടെ  സിലബസ്സെ അല്ല ഇപ്പോള്‍."
 



"പൈതൃകത്തെപറ്റി പറയുമ്പോളായാലും, മതത്തെപറ്റി പറയുമ്പോള്‍ അതൊരു  വിഷമഭിന്നം  തന്നെയല്ലേ?"
" മതം, നമുക്ക് വേണ്ടിയുള്ളത് എന്നതില്‍ നിന്നും കാര്യങ്ങള്‍ മാറിപ്പോയിരിക്കുന്നു. കേരളത്തെ കുറിച്ചു അത്ഭുതം കൂറുന്ന നിരവധി സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു.അതില്‍ ഒരാള്‍ ഈയിടെ എന്നെ വിളിച്ചിരുന്നു.എന്നിട്ട് പറഞ്ഞു ഞാനിപ്പോള്‍ കേരളത്തെ ഓര്‍ത്ത്‌ ലജ്ജിക്കുന്നു എന്ന്. ഒരു അദ്ധ്യാപകന്റെ കൈവെട്ടി എടുക്കുന്നതുവരെ നിങ്ങള്‍ എത്തിച്ചേര്ന്നല്ലോ എന്ന്. മൂല്യച്ച്യുതി എല്ലാ മേഖലയിലും വന്നുപെട്ടിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന അച്ചടക്കമുള്ള പ്രേക്ഷകരല്ല നമുക്കിന്നുള്ളത്. ചലച്ചിത്രഗാനങ്ങളുടെ കാര്യം നോക്കൂ.. കടലാസില്‍ എഴുതിയാല്‍ വായിക്കാന്‍ കൊള്ളാത്തവയാണതൊക്കെ. പാട്ടുകള്‍ ഇന്ന് നിര്‍മ്മികുന്നത്  എന്ജിനിയറിങ്ങിന്റെ വൈദഗ്ധ്യം കൂട്ടുപിടിച്ചാണ്. പാടിയവനുപോലും ഇതുഞാന്‍ പടിയതാണെന്നു തോന്നുകയില്ല പാട്ട് കേള്‍ക്കുമ്പോള്‍"      

"സ്വം എന്നചിത്രത്തില്‍ കമ്പോസ്സിംഗ് രാഘവന്‍ മാഷും, പിറവിയില്‍ ജി. അരവിന്ദനും, വാനപ്രസ്ഥത്തില്‍ സാക്ഷാല്‍ സക്കീര്‍ ഹുസൈനും ആണല്ലോ? ഈ കാസ്റ്റിംഗ് എങ്ങിനെയാണ് സംഭവിക്കുന്നത്‌? കഥാപാത്രങ്ങളും നടനും ആണെങ്കില്‍ നമുക്കൊരു മുന്‍ധാരണ ഉണ്ടാവുമല്ലോ പാത്രസൃഷ്ടിവച്ചുതന്നെ?
"





"പിറവിയില്‍ അരവിന്ദേട്ടന്റെ സാനിധ്യം എനിക്കാവശ്യമായിരുന്നു, അതൊരു കൂട്ടായ്മയുടെ സ്നേഹോദാരം കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗം നമുക്കിപ്പോഴും അനുഭവപ്പെടുന്നുണ്ട്. ചിലര്‍ അങ്ങിനെയാണ്. സ്വമ്മില്‍ രാഘവന്‍ മാഷിന്റെ ഇടപെടല്‍ എനിക്ക് വേണമെന്ന് തോന്നി. എന്റെ മനസ് മാഷിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. വാനപ്രസ്ഥം, അത്തരം ഒരു കഥാപരിസരത്തിനുചിതം സക്കീര്‍ തന്നെയാണെന്ന് തോന്നി. നമ്മുടെ സംസ്കൃതി എന്തെന്ന് ബോധ്യമുള്ള ഒരാള്‍.."
 


"പക്ഷെ തികച്ചും  കേരള പശ്ചാത്തലമുള്ളോരു കഥ സക്കീര്‍ എങ്ങിനെ ഉള്‍ക്കൊള്ളുന്നു?"
" അതാണ്‌ ഒരു കലാകാരന്റെ ധര്‍മ്മം, ദേശവും കാലവും അവിടെ പരിഗണന അര്‍ഹിക്കുന്നില്ല. പറയുന്നതാണ് വിഷയം. ഞാന്‍ എന്റെ എഴുത്ത് രീതി വെച്ചു സ്ക്രിപ്റ്റായപ്പോള്‍ തന്നെ അദ്ദേഹത്തെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന് കൂടുതല്‍ സമയം കിട്ടാനും ഇതുപകരിച്ചു. "
'പക്ഷെ മലയാളി അല്ലാത്ത ഒരാള്‍ എന്ന എന്റെ അത്ഭുതം ഇപ്പോഴും നിലനില്‍ക്കുന്നു !"

"ഞാനൊരു ഉദാഹരണം പറയാം, നാമിരിക്കുന്ന ഈ ഹോട്ടല്‍ മുറി, ഒരു ജയിലോ, കോടതിയോ ആക്കാന്‍ ഞാന്‍ ഒരു കലാസംവിധായകനോടു പറഞ്ഞാല്‍, അയാള്‍ അത് വളരെ ഭംഗിയായി ചെയ്യും.അതാണ്‌ അയാളുടെ മിടുക്ക്"


 "നമ്മുടെ ചലച്ചിത്ര മേളകളെ വല്ലാതെ ആവേശിപ്പിച്ച ഒരാളായിരുന്നു എ. അയ്യപ്പന്‍, അയ്യപ്പനും ജോണ്‍ എബ്രഹാമും, അവര്‍ ജീവിച്ചു തീര്‍ത്തത്  മലയാളിയുടെതല്ലാത്ത ഒരു ജീവിതമാണ്. നമുക്കിടയില്‍ ഇതെങ്ങിനെ സംഭവിക്കുന്നു?"



" അവര്‍ തികച്ചും സത്യസന്ധരായത് കൊണ്ടുകൂടിയാണിത് സംഭവിക്കുന്നത്‌. അയ്യപ്പന്‍ നിര്‍മ്മിച്ചത് കവിതയല്ല, അതിന്റെ ദൃശ്യബിംബങ്ങള്‍ ആണ്. നമുക്കത് വേറിട്ട വായനാനുഭവമല്ല, ദൃശ്യാനുഭവം തന്നെയാണ്. പിന്നെ അവരുടെ ജീവിതം, നാം സമയത്തിന്റെ ഒരു ചട്ടക്കൂട്ടില്‍ ആണ് ജീവിക്കുന്നത്, നമ്മുടെ ചട്ടക്കൂട്ടിനുവിപരീതമായി ജീവിക്കുന്നവരൊക്കെ നമുക്ക് ഭ്രാന്തന്മാരാണ്. അവര്‍ തിരിച്ചു നമ്മെക്കുറിച്ചും ഇങ്ങനെ ആലോചിക്കുന്നുണ്ടാവാം. നാം അത് അറിയാതെ പോകുന്നു."                                       




" താങ്കളുടെ അടുത്ത  സ്വന്തം സിനിമ ?"
" കടല്‍, ടി. പദ്മനാഭന്റെ കഥയെ ആസ്പദമാക്കി"
 
" താരങ്ങള്‍ ‍?""മോഹന്‍ലാല്‍ ഉണ്ട്, മുന്‍പേ തീരുമാനിച്ചതാണ്.അതിനിടയിലാണ് "കുട്ടിസ്രാങ്ക്' വന്നുഭവിച്ചത്. പിന്നെ ഒരു ഡോക്യുമെന്‍ട്രിയും ചെയ്യുന്നുണ്ട്  " നിങ്ങള്‍ എന്തിനു വെയിറ്റുചെയ്യുന്നു "
എന്ന വിഷയത്തില്‍ അധിഷ് ട്ടിതമായി. താങ്കള്‍ എന്തിനാണ് കാത്തിരിക്കുന്നതി എന്ന ചോദ്യം ഞാന്‍ ഏകദേശം നൂറുപേരോടു ചോദിച്ചു, അത്ഭുതകരമായ മറുപടിയായിരുന്നു "
"ഈ ചോദ്യം ഞാന്‍ താങ്കളോട് ചോദിക്കട്ടെ "താങ്കള്‍ എന്തിനാണ് വെയിറ്റു ചെയ്യുന്നത്?"
ഉത്തരം ചെറുചിരിയോടെ
" എന്റെ സിനിമകള്‍ക്കായി, എന്നോളം വെയിറ്റ് ചെയ്യുന്ന ആരും  ഉണ്ടാവുമെന്നു തോന്നുന്നില്ല "
"ശരിയാണ്. പിറവി(1998),സ്വം(1994),വാനപ്രസ്ഥം(1999),കുട്ടിസ്രാങ്ക് (2010).ഇത്ര വലിയ ഇടവേളകള്‍ എങ്ങിനെ ഉണ്ടാവുന്നു?"
"ഞാന്‍ നല്ല തിരക്കുകള്‍ക്കിടയിലാണ് ജീവിക്കുന്നത്, സിനിമയുമായി ബന്ധപ്പെട്ട, സിനിമാ മേളകള്‍പോലുള്ള നിരവധി കാര്യങ്ങളില്‍ ഞാന്‍ നിരന്തരം ഭാഗഭാക്കാണ്. അതിന്റെ ഒരു പ്രശ്നമുണ്ട്"



"സൂപ്പര്‍ സ്റ്റാറുകളായാലും, വെണ്മണി വിഷ്ണുവിനെപ്പോലുള്ള സാധാരണ പ്രക്ഷകര്‍ക്ക് അത്ര  പരിചയമില്ലാത്ത നാടനായാലും വല്ലാത്ത മേയ്യൊതുക്കത്തോടെയാണ് താങ്കളുടെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്?"



" അതതെന്റെ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ലാല്‍ അവതരിപ്പിച്ച കുഞ്ഞുകുട്ടനായാലും, സുഹാസിനിയുടെ സുഭദ്രയായാലും, മമ്മൂട്ടിയുടെ കുട്ടിസ്രാങ്കായാലും അതിന്റെ പശ്ചാത്തലവുമായി അത്രയേറെ ഒട്ടി നില്‍ക്കുന്ന കഥാപാത്രങ്ങളാണവര്‍. പിന്നെ ഇവരൊക്കെ നല്ല നടന്‍മാരുമാണ്. വര്‍ഷങ്ങളായുള്ള ഇവരുടെ കുത്തകയെ തകര്‍ക്കാന്‍ മറ്റൊരു നടനും കഴിയാത്തത് അതുകൊണ്ട് കൂടിയാണ്."                  
"പഴയത് പോലെ സിനിമാട്ടൊഗ്രാഫിയിലേക്ക് ?"
"ചിലപ്പോള്‍ സംഭവിച്ചേക്കാം, ഹരിഹരന്‍  വിളിച്ചിരുന്നു. എം. ടി യുടെ രണ്ടാമൂഴം ചെയ്യുന്നതിനെപറ്റി. ചിലപ്പോള്‍ അടുത്ത വര്ഷം അത് സംഭവിച്ചേക്കാം"       
" ഒരു ചോദ്യം കൂടി, കലാകാരന്‍മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുക എന്നത് ശരിയാണോ?"


"അത് ശരിയായ ഒരു നടപടിയായി തോന്നുന്നില്ല , നമുക്ക് കാര്യങ്ങള്‍ തുറന്നു സംസാരിക്കാം. അതിനുള്ള സൌകര്യവും, സാവകാശവും നമുക്കുണ്ട്. സംസ്കാരം എന്നൊന്ന് നാം രൂപീകരിച്ചതെന്തിനാണ് ! ഇത്തരം പ്രശ്നങ്ങളെ നാം അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനെക്കൂടി ചേര്‍ത്തു വെച്ചാണ് നാം സംസ്ക്കാരം എന്ന് പറയുന്നത്  "   

 "എനിക്ക് താങ്കളോട് വലിയൊരു കടപ്പാട് കൂടിയുണ്ട്, ഞാനിപ്പോള്‍ വച്ചുകൊണ്ടിരിക്കുന വീടിനു    "സ്വം" എന്ന് പേരിടാനാണ് നിശ്ചയിച്ചിരിക്കുന്നത്. അത് ഇന്ന് തീരുമാനിച്ചതല്ല. ആ ചിത്രം കണ്ട തൊണ്ണൂറുകളിലേ തീരുമാനിക്കപ്പെട്ടതാണ് !"



" സ്വം, ഉചിതം തന്നെ എന്റെ സ്വന്തം എന്നാണല്ലോ അര്‍ത്ഥം. നല്ലത്"
നാളെ കാണാം എന്ന ഉപവചനത്തോടെ  എഴുന്നേറ്റു, വാതില്‍ സാക്ഷ തുറക്കാന്‍ വിചാരിച്ചത്ര ശുഷ്ക്കാന്തി  കാണിക്കാതെ ഞാന്‍ അതുമായി മല്ലിടുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി



" വീട്ടില്‍ കൂടലിന് വിളിക്കൂ "
 ശുഷ്ക്കാന്തി കാണിക്കാത്തത് സക്ഷയല്ല ഞാനാണ് എന്നൊരു വീണ്ടുവിചാരമുണ്ടായത് അപ്പോളാണ്. പിന്തിരിഞ്ഞു നിന്നു അദ്ദേഹത്തിന്റെ നാട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി യാത്ര പറഞ്ഞിറങ്ങി. നീണ്ടു  മലര്‍ന്നു കിടക്കുന്ന മരുഭൂമിയിലൂടെ കാറില്‍ തിരിച്ചു പോരുമ്പോള്‍, അവിചാരിതമായി വന്നു നിറഞ്ഞ പൊടിക്കാറ്റായിരുന്നു.



 പതിവുപോലെ ആസ്ത്മ രോഗിയായ ഞാന്‍ ശ്വാസംമുട്ടി പിടക്കേണ്ടാതാണ്. പക്ഷെ എനിക്കങ്ങിനെ അനുഭവപ്പെട്ടില്ല. ഒരു പക്ഷെ ഉള്ളില്‍ പ്രിയപ്പെട്ട ഒരാളെ കാണ്കയാല്‍ ശരീരം എന്നോടു ദയ കാണിച്ചതാകാം. എനിക്കോര്‍മ്മയുണ്ട്  പ്രിയപ്പെട്ട സംവിധായകാ... കല്‍ക്കരി വണ്ടി ശര്ദ്ധിക്കുന്ന കൊടും ചൂടില്‍ നാമേതൊക്കെയോ മുന്‍ജന്മങ്ങളില്‍ ഒരേ കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്തത് . അന്ന് പുറത്തെ പച്ചപ്പ്‌ കണ്ട്  രംഗബോധമില്ലാതെ ചാടി ആത്മഹത്യചെയ്ത്തവന്‍ ഞാന്‍... നീ കരുതും പോലെ തീവണ്ടിയിടിച്ചല്ല ഞാന്‍ മരിച്ചത്, വിഷം തീണ്ടി, അങ്ങനെ  തന്നെ എന്ന് വേണം കരുതാന്‍. കാരണം എനിക്ക് കുഞ്ഞികുട്ടന്‍   എന്ന പേരിട്ടത് നീതന്നെയാണല്ലോ.... നിന്റെ മടിശ്ശീലയില്‍ നിന്നും എന്റെ സുഭദ്രയെ തിരികെ തരിക നീയെനിക്ക് !                      
  
    


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...