13 Sept 2011

മുമ്പേ പലായനം ചെയ്യുന്നവര്‍..

 

 

ഷാജഹാൻ നന്മണ്ട

അന്നം തേടിയുള്ള അബൂആബിദിന്റെ പലായനം അവസാനിച്ചത്‌ മറ്റൊരു ദരിദ്രരാഷ്ട്രത്തിന്റെ അതിര്‍ത്തിയിലെ അഭയാര്‍ഥി പാളയത്തിലായിരുന്നു.തിരിച്ചു പോകാന്‍ കഴിയാത്ത നിസ്സഹായതയിലേക്ക് ഒരു കുറിമാനമെങ്കിലും ഉമ്മുആബിദിന് എത്തിക്കാന്‍ കഴിഞ്ഞതില്‍ അയാള്‍ കൃതാര്‍ത്ഥനായി.
ദൂരെ മരുഭൂമിയുടെ വന്യതയിലേക്ക് നോട്ടമയച്ചു അബൂആബിദ് രാജ്യാതിര്‍ത്തിയുടെ മുള്ളുവേലിക്കടുത്തു തന്റെ കുടുംബത്തെ കാത്തിരുന്നു.ഗ്രാമത്തില്‍ ഉമ്മുആബിദ് പലായനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.ലക്ഷ്യസ്ഥാനത്തു എത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത പലായനം.ആബിദപ്പോഴും പൂഴിമണ്ണില്‍ തന്റെ കാല്‍പൂഴ്ത്തി കളിക്കുകയായിരുന്നു.

കഴിഞ്ഞ വരള്‍ച്ചക്കാലത്ത് ദിനം ഒരു നേരമെങ്കിലും ആഹാരം കിട്ടിയിരുന്നു.വര്‍ഷങ്ങള്‍ കൊഴിയുന്നതനുസരിച്ചു ആഹാര സാധനങ്ങളുടെ വിലക്കയറ്റവും ലഭ്യത കുറയുകയുമാണ് ചെയ്യുന്നത്.ഇങ്ങിനെ പോയാല്‍ അടുത്ത വരള്‍ച്ചക്കാലത്തേക്കിനി ഈ ഗ്രാമത്തില്‍ ഒരൊറ്റ മനുഷ്യ ജീവന്‍ പോലും അവശേഷിക്കുകയില്ലെന്നു ഉമ്മുആബിദ് ഉറച്ചു വിശ്വസിച്ചു.

ആബിദിന്റെ ദൈന്യം നിറഞ്ഞ മുഖത്തേക്കും വികാരങ്ങളില്ലാത്ത തന്റെ മുഖത്തേക്കും നോക്കാതെ അതിജീവനത്തിനായി പലായനം ചെയ്യുമ്പോള്‍ അബൂആബിദ് എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷ മനസ്സില്‍ പുലര്‍ത്തിയിരുന്നോ എന്ന് ഉമ്മുആബിദ് സന്ദേഹിച്ചു.


ദുര്‍ഘടങ്ങളായ പാതകളാണ് ദിനങ്ങളോളം താണ്ടേണ്ടത്‌.ഒരുവേള വരള്‍ച്ചയുടെ സംഹാര താണ്ഡവത്തില്‍പ്പെട്ട് പൂഴിമണ്ണില്‍ നിന്നും ആബിദിന് ലഭിച്ച ഒരു ചെറു പക്ഷിക്കുഞ്ഞിന്റെ ശുഷ്കിച്ച ജഡം പോലെ മരുഭൂമിയുടെ വന്യതകളില്‍ എവിടെയെങ്കിലും ഒടുങ്ങിയേക്കാം..

പ്രത്യേകിച്ചൊന്നും കൂടെ കരുതാനില്ലായിരുന്നു.പൂര്‍വ്വികസ്വത്തില്‍ നിന്നും ലഭിച്ച പെണ്കഴുതയൊഴികെ.മുഷിഞ്ഞതെങ്കിലും ആബിദിന്റെ മുഴുവന്‍ വസ്ത്രങ്ങളും വക്കുകള്‍ പൊട്ടിയ രണ്ടുമൂന്നു പിഞ്ഞാണപാത്രങ്ങളും ഉമ്മുആബിദ് ഭാണ്ഡത്തില്‍ അടുക്കിവെച്ചു.

പുറം ഗ്രാമങ്ങളില്‍ നിന്നും പലായനം ചെയ്യുന്നവര്‍ വിശപ്പിന്റെ ആധിക്യത്താല്‍ മരുഭൂമിയുടെ മണല്‍മാളങ്ങളില്‍ നിന്നും വേട്ടയാടിപ്പിടിച്ച കുറുക്കന്റെ അസ്ഥികള്‍ കൂട്ടിവെച്ചു പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ആബിദിനെ ഉമ്മുആബിദ് ശാസിച്ചു.

അകലെ അതിര്‍ത്തിയില്‍ നീണ്ട കലഹങ്ങല്‍ക്കൊടുവില്‍ ലഭിച്ച റൊട്ടികഷ്ണം തന്റെ കുടുംബത്തിനായി നീക്കി വെച്ചു അബൂആബിദ് കാത്തിരുന്നു.

തിരിഞ്ഞു നോക്കി നെടുവീര്‍പ്പിടാന്‍ ശേഷിപ്പുകളൊന്നുമില്ലെങ്കിലും ഉമ്മു ആബിദിന്റെ നിറഞ്ഞ കണ്ണുകള്‍ ആബിദിനെയും ഒരു കരച്ചിലിന്റെ വക്കിലെത്തിച്ചു.

സാധനങ്ങളെല്ലാം കഴുതപ്പുറത്തു കെട്ടിവെച്ചു ആബിദിന്റെ കൈപിടിച്ച് പലായനം തുടങ്ങുമ്പോള്‍ വഴികാട്ടിയായി അതിജീവനത്തിനായി മുമ്പേ പലായനം ചെയ്തവരുടെ കാല്പാടുകള്‍ മാത്രമായിരുന്നു.

ജലസോത്രസ്സുകള്‍ വറ്റി കരിഞ്ഞുണങ്ങിയ മരുപ്പച്ചകളെല്ലാം പഴയ പ്രതാപങ്ങളെല്ലാം നെഞ്ചിലൊതുക്കി പാലായനം ചെയ്യുന്നവരുടെ പാദസ്പര്‍ശനത്താല്‍ വ്യഥപൂണ്ടു അമര്‍ന്നുകിടന്നു.ഒട്ടും ദാക്ഷിണ്യമില്ലാത്തൊരു ചുഴലിക്കാറ്റ് മുമ്പേ പലായനം ചെയ്തവരുടെ കാല്പാടുകള്‍ മായ്ച്ചു കളഞ്ഞ അന്തിയിലേക്ക് ഉമ്മുആബിദ് വിരിച്ച കീറത്തുണിയില്‍ ആബിദ് ഉറക്കം തുടങ്ങിയിരുന്നു.

കൂട്ടിനിരുട്ടും നക്ഷത്രങ്ങളില്ലാത്ത ആകാശവും സാക്ഷിയാക്കി ആ രാവോടുങ്ങും മുമ്പേ മരുഭൂമിയുടെ ആഴങ്ങളില്‍ എവിടെയോ അവരുടെ പെണ്കഴുത അപ്രത്യക്ഷമായിരുന്നു.

അദൃശ്യതയില്‍നിന്നും മാലാഖമാര്‍ ആബിദിനെ ഉറക്കിലും പുഞ്ചിരി പൊഴിപ്പിക്കുന്നത് കണ്ടാണ്‌ ഉമ്മുആബിദ് ഉറക്കമുണര്‍ന്നത്.പലായനത്തിന്റെ ഒരു ദിനം പൂര്‍ത്തിയാവും മുമ്പ് നഷ്ടപ്പെട്ട പെണ്കഴുതയേക്കാളുപരി ആബിദിനായി കരുതിവെച്ച അലപം റൊട്ടി കഷ്ണങ്ങളായിരുന്നു ഉമ്മുആബിദിനെ വ്യസനത്തിലാക്കിയത്.

സൂര്യന്‍ ഉദിച്ചുയരും മുമ്പ് ആബിദിനെ തോളിലെടുത്ത് വേച്ചുനടക്കുമ്പോള്‍ അവന്‍ ഉണരരുതേ എന്നായിരുന്നു അവള്‍ പ്രാര്‍ഥിച്ചത്.കള്ളിമുള്‍ ചെടികള്‍ പോലും കിളിര്‍ക്കാത്ത മരുഭൂമിയിലേക്ക് ലജ്ജയില്ലാതെ സൂര്യന്‍ തീ വിതറിയിട്ടു.

വിശന്നു കരഞ്ഞ ആബിദിന് ഒരിറ്റു ദാഹജലം പോലും കൊടുക്കാന്‍ കഴിയാത്ത തന്റെ നിസ്സഹായതയിലേക്കവള്‍ കുനിഞ്ഞു മരുഭൂമിയില്‍ നിന്നും എടുത്ത ഒരുപിടി മണല്‍ വാരിയെറിഞ്ഞു.


ആബിദ് കരയാന്‍ പോലും ശേഷിയില്ലാതെ ഒരു പഴം തുണി പോലെ തോളില്‍ കനത്തു കിടന്ന അടുത്ത അന്തിക്കാണ് മൂന്നംഗ സംഘം ഉമ്മുആബിദിനെ വേഴ്ച്ചക്കിരയാക്കിയത്.പ്രതിരോധിക്കാന്‍ പോലും കഴിയാതെ അന്തിയിലും വെന്തുകിടന്ന മരുഭൂമിയുടെ മാറിലവള്‍ ബോധം മറഞ്ഞു കിടന്നു.

ചങ്ക് തകര്‍ന്നു ആവുന്നത്ര ശക്തി സംഭരിച്ചു എടുത്ത മണല്‍ കുഴിയില്‍ ആബിദിന്റെ ചേതനയറ്റ ശരീരം സംസ്കരിച്ചു കുഴിമാടത്തിനു മുകളിലേക്കവള്‍ വീഴുമ്പോള്‍ ദൂരെ അബൂ ആബിദ് അപ്പോഴും തന്റെ കുടുംബത്തെ കാത്തു മരുഭൂമിയിലെ വന്യതയിലേക്ക് നോക്കി കാത്തിരിക്കുകയായിരുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...