നീലമ്പേരൂർ മധുസൂദനൻ നായർ
"മനസ്സിലെന്റെ വാക്കുറയ്ക്കട്ടെ,യെന്റെ
മനസ്സും വാക്കിലും..."
ഇങ്ങനെ ഐതരേയോപനിഷത്തിലെ ശാന്തിപാഠാരംഭം. മനസ്സിൽ വാക്കുറയ്ക്കട്ടെ എന്നും മനസ്സ് വാക്കിലുറയ്ക്കട്ടെ എന്നും പ്രാർത്ഥിക്കുമ്പോൾ മനസ്സിന്റെയും വാക്കിന്റെയും പരസ്പരാശ്രയാവസ്ഥ മാത്രമല്ല അവയുടെ സവിശേഷമായ അഭേദാവസ്ഥ (അനന്യത്വം)കൂടി വിവക്ഷിതമാകുന്നുണ്ട്. മനസ്സ് സ്രഷ്ടാവും വാക്കു സൃഷ്ടിയുമാകുന്നു ഇവിടെ. സൃഷ്ടിയായ വാക്കിൽ സ്രഷ്ടാവായ മനസ്സ് നിറഞ്ഞു കഴിയുമ്പോൾ സൃഷ്ടിയും സ്രഷ്ടാവും ഒന്നാവുന്നു. ഈ അദ്വൈതാവസ്ഥയിൽ വാക്കു കവിതയായി നിറം മാറുന്നു. അങ്ങനെ കവിതയായി മാറുന്ന വാക്കിനെ തൊടുമ്പോൾ വാക്കിൽ നിറഞ്ഞിരിക്കുന്ന മനസ്സിനെ നാം തൊടുന്നു. മനസ്സിൽ കാലം (ജീവിതം) നിറഞ്ഞുനിൽക്കുമ്പോൾ മനസ്സും കാലവും (ജീവിതവും) ഒന്നാവുന്നു. അതുകൊണ്ടാണ് നാം കവിതയെ തൊടുമ്പോൾ കവിയെ തൊടുന്നു എന്നും അങ്ങനെ കവിതയെ തൊടുന്നതിലൂടെ കവിയെ തൊടുമ്പോൾ നാം കാലത്തെ (ജീവിതത്തെ)തൊടുന്നു എന്നും കാവ്യപഠിതാക്കൾ പറയുന്നത്.
കവിതയെ തൊടുമ്പോൾ കവിയേയും കാലത്തേയും (ജീവിതത്തേയും) തൊടാനാവുന്ന അനുഭവം തരുന്നു മേലൂർ വാസുദേവന്റെ പുതിയ കവിതാസമാഹാരമായ 'ഒറ്റുകാരന്റെ മൊഴി' ഈ കവിതാശീർഷകവും അതേ ഗ്രന്ഥനാമവും കവിയുടെ നിലപാടു തറയും വീക്ഷണവിതാനവും, ഏതൊക്കെയെന്നും എങ്ങനെയൊക്കെയെന്നും കവി എങ്ങനെ എത്രത്തോളം കാലികനും ലൗകികനും ആകുന്നു എന്നും സൂചിപ്പിക്കുന്നു. വർത്തമാനകാല മനുഷ്യാവസ്ഥ ഒറ്റുകാരന്റേതാണെന്ന അനുഭവപാഠം കറുത്ത ചിന്തയുടേതല്ല, പൊള്ളുന്ന പകൽ നേരിനെ നെറിയോടെയും നിറവോടെയും കാണാനും കണ്ടതു വീറോടെ വിളിച്ചുപറയാനുമുള്ള ഒരു പ്രതിഷേധ ബോധത്തിന്റേതാണ്. അതിന്റെ അടിസ്ഥാനമാവട്ടെ, വർത്തമാനകാല ദുഃസ്ഥിതിയ്ക്കെതിരെയുയരുന്ന കലാപചിന്തയുമാണ്. മുപ്പതു വെള്ളിക്കാശിന് ഗുരുവിന്റെ കൈമുത്തി അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാസ്സിന്റെ മനസ്സുമായി സമകാലിക മനുഷ്യൻ നിൽക്കുന്നു എന്നത് സത്യാവസ്ഥയും സങ്കടാവസ്ഥയുമാണ്. ഈ അവസ്ഥയാണ് കവിയെ അസ്വസ്ഥനാക്കുന്നത്. ഈ വിധം അസ്വസ്ഥമായ ഒരു മനസ്സാണ് ഇവിടെ. ഈ കവിയുടെ വാക്കിൽ നിറയുന്നതും വാക്കിൽ 'ഉറയ്ക്കു'ന്നതും കവിതയാകുന്നതും. യൂദാസ്സിന്റെ ഒറ്റിക്കൊടുക്കൽ പ്രവൃത്തിയും തന്മൂലം സംഭവിച്ച ക്രിസ്തുവിന്റെ കുരിശുമരണവും മർത്ത്യബോധത്തിൽ തറഞ്ഞുകിടക്കുന്ന പൂർവ്വകാല ജീവിതപാഠമാണ്. യൂദാസ്സ് തിന്മയുടെ അടയാളമായും ക്രിസ്തു നന്മയുടെ അടയാളമായും ഏത് ദേശത്തും ഏതു കാലത്തും അംഗീകരിക്കപ്പെട്ടിരിക്കുന്നു. നന്മയെ ഒറ്റിക്കൊടുക്കുന്ന തിന്മ ഇന്നലത്തേതിന്റേതു മാത്രമല്ല, ഇന്നിന്റേതു കൂടിയാണ്, എന്നല്ലാതെ മറുവാക്കുച്ചരിക്കുവാൻ പഴുതില്ലാപ്പരുവത്തിലാണ് മനുഷ്യൻ ഇക്കാലത്തെന്നല്ല, എല്ലാകാലത്തും.
'ഒറ്റി ഞാൻ പണ്ടേയെന്റെ മണ്ണിനെ, സംസ്കാരത്തെ
കഷ്ടകാണ്ഡത്തിൽ കാത്തുപോന്നതാം കിനാക്കളെ
ഒറ്റി ഞാൻ ഭ്രാതാക്കളെ, ഭാഷയെ, പ്രകൃതിയെ
ഉറ്റ തോഴരെ, ഉണ്മ പൂക്കുന്ന സൗന്ദര്യത്തെ!
മുപ്പതു വെള്ളിക്കാശിൽ തിളക്കം കാൺകെ, ഞാനി-
ന്നൊറ്റുന്നു ഗുരോ, നിന്നെ!'
എന്നിങ്ങനെയുള്ള നിലവിളിയിൽ കുറ്റബോധത്തിന്റെ തീച്ചൂടുണ്ട്. ഇമ്മട്ടിൽ വിയർത്തു നിന്നുകൊണ്ടാണ്, 'ഞാൻ ധർമ്മം അറിയുന്നു, എന്നാൽ അതു നിർവ്വഹിക്കുവാനാവുന്നില്ല' എന്നും 'ഞാൻ അധർമ്മം എന്തെന്നറിയുന്നു. എന്നാൽ അതു ചെയ്യാതിരിക്കാനാവുന്നില്ല' എന്നും വ്യാസൻ ധൃതരാഷ്ട്രനിലൂടെ ഉയർത്തിയ നെഞ്ചുപൊട്ടും നിലവിളിയെ സാക്ഷിയാക്കി കവി ഇങ്ങനെ ഏറ്റുപറയുന്നത്.
'ഈശോ! ഞാൻ നിന്നെ ക്രൂരമൊറ്റുമ്പോൾ സ്വയമെന്നെ
ക്രൂശിലേറ്റുന്നു! നിന്നിൽ ഞാനുണ്ട്, എന്നിൽ നീയും!'
ഈ ഏറ്റുപറച്ചിൽ എന്നത്തേയും മനുഷ്യാവസ്ഥയ്ക്ക് ചേർന്നതാണ്. അതിവിദൂര ഭാവിയിൽപ്പോലും അധർമ്മചാരിത്വത്തിന്റെ അപകടകരങ്ങളായ അവസ്ഥാന്തരങ്ങളെ അതിജീവിക്കുവാൻ മനുഷ്യനു കെൽപുണ്ടാകുമെന്ന് നെഞ്ചത്തു കൈവച്ചു പറയാൻ നേരറിയും മനസ്സിനാവാത്ത അവസ്ഥയാണ് ഇന്നും നിലനിൽക്കുന്നതെന്ന വസ്തുത നിഷേധിക്കാൻ ആർക്കാണു കഴിയുക? ഈ ദുരന്ത ബോധത്തിന്റെ ആൾരൂപമായി കവി നമ്മുടെ മുമ്പിൽ നിൽക്കുന്നു.
വർത്തമാനകാലത്തിന്റെ ആസുരതയെ കണ്ടില്ലെന്നു നടിച്ച് ജീവിതത്തിന്റെ നടവഴികളിലൂടെ സഞ്ചരിക്കുവാൻ ഈ കവിക്കു കഴിയുന്നില്ല എന്ന് ഈ സമാഹാരത്തിലെ പല കവിതകളും നമ്മോടു പറയുന്നു.
'ആസുരമിക്കാലം; ആരെ,യാർ സ്നേഹിക്കാൻ!
ആശകളെല്ലാം കടലെടുക്കുന്നുവോ?' (കവിത: വേശ്യജാരനോടു പറഞ്ഞത്)
എന്ന് ആത്മപ്രലപനം നടത്തുന്നതും,
'മനസ്സിലെങ്ങോ മുരണ്ടുമയങ്ങുന്ന
ചുഴലി, ഏകാന്തമൂകതമോഗർത്തം
കലുഷധൂമിതമാകും തിരസ്കൃത-
ഭവനം, ആകെ വരണ്ടുപോകും പുഴ' (കവിത: മറവി)
എന്നിങ്ങനെ അകത്തും പുറത്തുമുള്ള ചുഴലിയിലും വരൾച്ചയിലും വിഹ്വലപ്പെടുന്നതും, പൊതുജീവിത മണ്ഡലത്തിലെ കറുത്ത പാടുകൾ കണ്ട് ഉള്ളം കലങ്ങിയതുകൊണ്ടാണ്. മണ്ണിനെ, കാടിനെ, പുഴയെ, ഭാഷയെ, സംസ്കൃതീധാരകളെ, എന്തിന് സ്വപ്നങ്ങളെവരെ വിറ്റു തുലയ്ക്കുന്ന കമ്പോളനീതിബോധത്തിനെതിരെ തന്റെ വാക്കുകളെ അഗ്നിജ്വാലകളാക്കാൻ സ്വയമെരിയുന്ന ഒരു ആത്മസത്തയ്ക്കേ,
'ഇന്നെന്റെ മണ്ണിനെ, ഭാഷയെ, സുസ്നേഹ-
ധന്യമാം സംസ്കൃതീ ധാരകളെ,
കന്യാവനങ്ങളെ, പൂക്കളെ, നന്മതൻ-
പുണ്യോദകത്തെ, കിനാവുകളെ,
പൊന്നു വിളയും വയലിനെ, ജീവന-
ധന്യതയേകും സരോവരത്തെ,
സത്യസൗന്ദര്യങ്ങൾ പൂവിട്ടുണരുന്ന
നിത്യഹരിതമാം തീരങ്ങളെ
വിറ്റുതുലയ്ക്കാൻ തുനിയുമ്പോൾ (കവിത: ആര്?)
എന്നിങ്ങനെയുള്ള ചോദ്യശരങ്ങൾ സമൂഹത്തിന്റെ നെഞ്ചിലേക്കെയ്തു വിടുവാനാവൂ! ഈ ഇരുൾ നിറഞ്ഞ വഴികളിലും ആരോ ഒരാൾ വെട്ടം തെളിക്കാനുണ്ടെന്ന സമാശ്വാസത്തിലാണ് ഈ കവിത വിലയം കൊള്ളുന്നത്. ചോദ്യങ്ങൾക്കു പിന്നാലെ ഉയരേണ്ട ശാപവാക്കുകളെ സ്വയം സമാശ്വാസത്തിന്റേതാകാൻ കവി പ്രകടിപ്പിച്ചിരിക്കുന്ന പരിപാകചിന്ത ശ്രദ്ധേയമാണ്. ഇരുൾക്കയങ്ങൾക്കപ്പുറം ഒരു ഉദയതീരമുണ്ടെന്നുള്ള ശുഭചിന്തയുടെ കെടാവിളക്ക് ഈ കവിതയിൽ തെളിഞ്ഞു നിൽക്കുന്നു എന്നതേ ഇതിനർത്ഥം.
ഇതേ മനോഭാവത്തിന്റെ മറ്റൊരു വാഗ്‌രൂപചിത്രം 'യാത്ര' എന്ന കവിതയിൽ ഇങ്ങനെ കാണാം.
'അഭയ തീരത്തിലെത്താനിനിയെത്ര
കഴിയണം? മനസ്സാടുന്നു. പാദങ്ങൾ
പതറി നീങ്ങുന്നു, നെഞ്ചിലൊരേകാന്ത-
വിരഹഗീതം വിതുമ്പുന്നു, പിന്നെയും
അകലെ-
പാടത്തിനപ്പുറം പൊട്ടുപോൽ
ഒരു വെളിച്ചം തെളിയുന്നതിൻ പിന്നിൽ
ചകിതമേതോമിഴിപ്പൂക്കളാരെയോ
പകലറുതിയിൽ കാത്തിരിക്കുന്നുണ്ടാം'
മുൻപു സൂചിപ്പിച്ചു, മനസ്സിലെ കെടാവിളക്കിന്റെ വെളിച്ചത്തിലാണ് ഈ വാക്കുകൾ മിഴി തുറക്കുന്നത്.
സമകാലിക ജീവിതാവസ്ഥയുടെയും അതിനുകീഴ്പ്പെട്ടുപോകുന്ന മനുഷ്യാവസ്ഥയുടെയും, ആസക്തിനിറഞ്ഞ ആസുരഭാവങ്ങളെ വാക്കാൽ കശക്കുവാനുള്ള കവിയുടെ ആന്തരിക പ്രേരണയുടെ ദൃഷ്ടാന്തങ്ങളാണ് 'ആക്ഷൻ-കട്ട്, വേനൽ, വിഷം' മുതലായ കവിതകൾ. അശാന്തിഗർഭയാണ് നേരിലീ ജീവിതമെങ്കിലും അതിനെ ഇഷ്ടപ്പെടുവാനേ തനിക്കാവൂ എന്ന്.
'ക്ലിഷ്ട ജന്മമാണെങ്കിലും, ജീവനിൽ
നഷ്ടബോധങ്ങൾ നീറ്റുന്നുവേങ്കിലും
കഷ്ടകാലം തിറയാടി നിൽക്കിലും
ഇഷ്ടമാണെനിക്കെന്നുമീ ജീവിതം!' (കവിത: വേനൽ)
എന്നീ വരികളിലൂടെ കവി നേരു വിളിച്ചു പറയുന്നു. ജീവിതത്തിന്റെ എല്ലാ അഭംഗികളോടുംകൂടിത്തന്നെ, അതിനെ പ്രണയിക്കുന്ന ഈ മനോഭാവം എല്ലാ കവികളുടെയും പൊതുസ്വത്താണ്. ഓരോ കവിയും അവരവരുടേതായ വിധത്തിൽ അതു പ്രകടിപ്പിക്കുന്നു എന്നു മാത്രം. നഞ്ചു നിറഞ്ഞതെങ്കിലും ഈ പ്രപഞ്ചജീവിതത്തെ നെഞ്ചോടു ചേർത്തു പിടിക്കാതിരിക്കാൻ ആത്മഹത്യാജ്വരം തീണ്ടാത്ത ആർക്കെങ്കിലും ആവുമോ?
ചുരുക്കിപ്പറയട്ടെ: വർത്തമാനകാല ജീവിതാനുഭവങ്ങളിൽ നിന്ന് മനസ്സിൽ ഊറിക്കൂടിയ ചിത്രങ്ങളെ ഔചിത്യൂപൂർണ്ണമായ കാവ്യബോധത്താൽ തെളിവുറ്റതാക്കി വിമർശനാത്മകവും പ്രസാദദായകവുമായ വാക്കുകളാക്കി പുനഃസൃഷ്ടിക്കുന്നതിൽ വിജയം വരിച്ച മേലൂർ വാസുദേവൻ എന്ന കവിയെയാണ് 'ഒറ്റുകാരന്റെ മൊഴി'യിൽ നാം സന്ധിക്കുന്നത് ഉത്തിഷ്ഠമാനമായ ഈ കവിയുടെ പ്രതിഭ കാവ്യാനുഭവത്തെ ഉന്മിഷത്താക്കുന്നു. മനസ്സും വാക്കും ഒന്നായിത്തീരുന്ന കവിതയുടെ സാന്നിധ്യം നാമിവിടെ തൊട്ടറിയുന്നു.