മേതിൽ വേണുഗോപാലൻ
അഴിമതീച്ചാ...?
ഒരാഢ്യ രോകമാകുന്നു; മഹാ...മാരി!
വ്യാധീടെ പ്രകൃതി?
അങ്ങാടിയിൽ പരസ്യപ്പെട്ടാലും അരമനയിൽ ഗോപനപ്പെടുന്ന കിൽബിഷ കുസൃതി.
ആതങ്ക വികൃതി.
ഗുണാഢ്യതയുടെ ആദ്യ ലഗ്നലക്ഷണം?
തഞ്ചത്തിൽ ഗാന്ധിപ്പടങ്ങൾ അമുക്കൽ?
ദണ്ണത്തിന്റെ ഗുരുതരാവസ്ഥ?
'അഴി മതി' എന്ന ശോചനീയാവസ്ഥ!
രോഗാണുവാഹകർ?
അധികാരികൾ; അധികോരികൾ!
അധികാരമുള്ള കോരികളിൽ വിഷാണു ശതമാനം?
തലകറങ്ങി സൂക്ഷ്മദർശിനിക്ക് തിട്ടപ്പെടുത്താനായിട്ടില്ല നാളിതുവരെ.
രോഗകാരണം?
സ്വന്തമെന്ന പദം; പദങ്ങളിൽ അന്തരാർത്ഥമുള്ള ഏക പദാർത്ഥം.
വ്യാധീടെ വകുപ്പ്?
പകർച്ചവ്യാധി വകുപ്പ്.
സുഖക്കേടുകാരെ ഒറ്റപ്പെടുത്തേണ്ട വിധം?
അതിന് അസുഖക്കാരെ തിരിച്ചറിഞ്ഞിട്ടുവേണ്ടേ!
ശരീരഭാഷയും ശാരീരഭാഷണവും കൊണ്ട് വെളിപ്പെട്ടാൽ...
വെളിപാടുണ്ടായവർ ഒറ്റപ്പെടും; പെടാപാട് പെടും
രോഗപ്പകർച്ചക്ക് മുഖ്യഹേതു?
ഹസ്തദാനം...
രോഗാണു നിർണ്ണയം?
ഒളിക്യാമറ വഴി മാത്രം.
യന്ത്രോപകരണത്തിന്റെ ഉപജ്ഞാതൻ?
അച്ചുമാമ്മ
വിതരണക്കാർ?
അച്ചുമാൻ അന്റ് കമ്പനി. ലെനിൻ സെന്റർ. എറണാകുളം ജില്ല.
യന്ത്രവില?
പുറത്താവൽ!
ആതങ്കിതരിൽ രോഗാതുരന്മാരോ രോഗിണികളോ കൂടുതൽ?
അണുക്കൾ ലിംഗനീതി ലംഘിച്ചിട്ടില്ല.
ഉപതാപികളിൽ അവർണ്ണരോ സവർണ്ണരോ ഏറെ?
സൂക്ഷ്മജീവികൾ സാമൂഹ്യനീതിയും സംരക്ഷിച്ചിട്ടുണ്ട്.
ദണ്ണം പിടിപെടാത്ത കക്ഷികളുണ്ടോ?
ദണ്ണാൽ വണ്ണിച്ചവരേയുള്ളു...
മൂലകാരണം?
കുക്ഷികളില്ലാത്തവരില്ല കക്ഷികളിൽ!
രോഗഗ്രസ്തരോടുള്ള സമൂഹ സമീപനം?
പുകൾപെറ്റ സഹനശീലം!
ആദ്യ ആതുരർ?
ആദവും ഹവ്വഹവ്വയും.
പ്രഥമ അധമ അണു?
ഏദനിലെ വിലക്കപ്പെട്ട കനി. കനിമൊഴി!
എവിടെയാകുന്നു ഏദൻ?
ദിവ്യോദ്യാനം കലെഞ്ജരുടെ തറ തറവാട്ടിൽ
രോഗോൽപത്തിയ്ക്കു നിമിത്തമായത്?
സ്വകാര്യസ്വത്തും സ്വകാര്യമായുള്ള സ്വത്തും.
സ്വകാര്യങ്ങൾക്കു പകരം പൊതുമുതലായാൽ?
ആയാൽ?
രോഗശമനമുണ്ടാവില്ലേ?
സർവ്വാണി വിറ്റ് സ്വകാര്യമാക്കുന്നതല്ലോ വികസനം 'വികളം+ആസനം= വികസനം'
എന്നത്രെ മൻമോഹനം!
ച്ചാൽ?
ഭൂഷണിച്ചാ പോരെടോ, ദീനമുണ്ടെങ്കിലും!
പക്ഷെ, രോഗതുരമല്ലായ്കയാൽ വിൽക്കാനാവാത്ത പൊതുമുതലോ?
മാരണത്തെ നശിപ്പിച്ചാലും മതി.
സോഷ്യലിസത്തിൽ വൈറസ്സ് അരിയ്ക്കില്ലെന്നാണോ?
ചില വൈറസ്സുകൾ ചോച്ച്യാലിസ്റ്റാവണ പതിവുണ്ട്.
സ്റ്റാലിനിസ്റ്റ് റിവിഷനിസ്റ്റ് കീടങ്ങളാണോ?
വിഷാണുക്കൾ സൈദ്ധാന്തിക പദസമ്പത്തിനേക്കാൾ ധനാഢ്യരാണ്!
ദണ്ണ നിഷ്കാസനത്തിനാരെങ്കിലും...
ശ്രമിച്ചാൽ സംഹാരികൾ ഉന്മൂലനപ്പെടും
അതിജീവനമാർഗ്ഗം ഏതുമില്ലേ?
കിൽബിഷ സംശ്ലേഷണം മാത്രം!
ആരാ രോഗബാധിതരെ ചുമക്കേണ്ടവർ?
പൗരന്മാർ
പോർട്ടർമാർക്കുള്ള പ്രതിഫലം?
ബാലറ്റ്; വിലയേറിയ വോട്ടവകാശം. ഓട്ട അവകാശം!
ചുമടെടുപ്പ് മടുത്താൽ?
വേറെ രോഗികളെ മാറ്റിയെടുക്കാം
ടിയാന്മാരും തൂറി തോൽപിച്ചാൽ...
മുൻ രോഗികളുടെ തന്നെ ചന്തി കഴുകാം.
ഛി, എന്തിനു സംസ്കാരശൂന്യ അസംസ്കൃത പദങ്ങൾ?
ആസനവും അനുബന്ധ അനുപല്ലവിയുമാണോ അസംസ്കൃതം?
അതേ.
ക്ഷമിക്കണം. സംസ്കൃതിയ്ക്കായി, പൃഷ്ഠ ശുചീകരണം എന്നു രൂപാന്തരപ്പെടുത്തുന്നു.
ഭേഷ്!
ഇപ്രകാരം വ്യാധിതരെ പരിചരിക്കുന്നവരെ വിശേഷിപ്പിക്കുന്നത്?
ജനാധിപത്യവിശ്വാസികളെന്ന്!
സുഖക്കേടുകാരുടെ പരിശോധിക്കേണ്ട വിസർജ്ജ്യങ്ങൾ?
ബാങ്ക് ബാലൻസ്, സ്ഥാവരജംഗമങ്ങൾ...
എക്സ്‌റേ?
രഹസ്യ അറകൾ; കളത്രസന്താനാദികളുടെ ഉൾപ്പടെ.
സ്കാൻ.
സ്വിസ്സ് എക്കൗണ്ടുകൾ; ബന്ധുമിത്രാദികളുടെ അടക്കം.
പരിശോധനാ കുതുകികൾ?
പൊതുതാൽപര്യ വ്യവഹാരികൾ
ടിയാന്മാരുടെ അടിസ്ഥാനയോഗ്യത?
ആമാശയ പ്രതിപത്തി, പരസ്യവാഞ്ഛ.
വിദഗ്ദ്ധ പരിശോധകർ?
ന്യായാന്ന്യായാധിപർ.
നിഷ്ഫലമായ ചികിത്സാക്രമം?
കൊട്ടാരക്കര ബാലാരിഷ്ടം. കൽമാടിയ ചൂർണ്ണം. കനിമൊഴിഞ്ഞ കുഴമ്പ്.
സ്പെക്ട്രത്തിൽ കിടത്തി എ.രാജയുടെ 2.ജി കിഴി...
ചികിത്സാഗൃഹം?
കാരാഗൃഹം.
ആയ്യുർവേദ ഭിഷഗ്വരനും ആതുരനും ആരായിരുന്നു; അഥവാ വേദവിദ്യേടെ ഉൽപാദകനും ഉപഭോക്താവും...?
കൽപിച്ച വൈദ്യരും പുച്ഛിച്ച രോഗിയും ഒന്നു തന്നേ-യു.പി.എ!
ടി അസുഖം ആഗോള പ്രതിഭാസമാണോ?
ആഗോള പ്രതിആഭാസം തന്നെ.
രോഗപ്രശസ്തർ?
അസംഖ്യർ. നാമധേയങ്ങൾ ഉരിയാടിയാൽ നാവ് കഴയ്ക്കും
പരസ്യപ്പെട്ട ആതങ്ക പ്രതിരോധ വ്യാക്സിൻ?
അന്ന ഹസാരെ.
ആയതിന്റെ ഫലപ്രാപ്തി?
പരീക്ഷിച്ചിട്ടില്ല
കാരണം?
ഗാന്ധിസത്തോടുള്ള അലർജി!
തെറ്റിക്കുത്താനിടയുള്ള മരുന്ന്?
ബാബാ രാംദേവ്.
എന്തുകൊണ്ട്?
ആസ്വാമിൻ തന്നെ ഒരു ഉഗ്ര രോഗാണുവത്രേ.
മഹാമാരിക്ക് ചികിത്സയില്ലെന്നാണോ!
വരുന്നുണ്ട്, ഒരു വിശേഷ ചികിത്സ; സുവിശേഷ സവിശേഷ ചികിത്സ!
കുത്തിവെപ്പോ കത്തിവെപ്പോ?
രണ്ടുമല്ല.
പിന്നെന്ത്?
ഒറ്റമൂലിപ്രയോഗം. കൈകണ്ട മരുന്ന്. സിദ്ധൗഷധം. ഇതിലും നല്ല ചികിത്സാവിധി ഇല്ല.
മരുന്നിന്റെ ശാസ്ത്രനാമം?
ലോക്പാല്!
പാലോ?
അതെ. പരിശുദ്ധമായ പാല് കൊണ്ടുള്ള നിർമ്മിതി-ലോക് പാല്; കേന്ദ്ര പായ്ക്കറ്റിൽ!
എപ്രകാരമാണ് ചികിത്സാരീതി?
അഴിമതീടെ രോഗബാധ ഉണ്ടെന്ന് ശങ്ക തോന്നിയാൽ, ആശങ്കിയ്ക്കാതെ ദീനനെ ഒരു തുടം ലോക്പാല് കുടിപ്പിക്കും.
എന്നിട്ടൊ?
തദനന്തരം, അഴിമതി അടിമൂടി ഇളകിപ്പോകും.
അധമനിർഗ്ഗമനം പൂർത്തീകരിയ്ക്കാൻ എത്ര സമയം വേണ്ടി വരും?
ശീഘ്രം. അതിദ്രുതം. ഏറിയാൽ ഒരു പാർലമന്റ് സമ്മേളനക്കാലം.
മഹാ ഔഷധത്തിന്റെ ഉപജ്ഞാതാവായ ശാസ്ത്രഅജ്ഞൻ ആര്?
പ്രധാൻമന്ത്രി!
ശ്രേഷ്ഠ പാല് മരുന്ന് ആർക്കും സേവിയ്ക്കാമോ?
ആർക്കും കഴിക്കാം, പ്രധാൻമന്ത്രിയ്ക്കൊഴികെ!
അപ്പൊ മൂപ്പർക്കു ദണ്ണം വന്നാലോ?
വരില്ല.
അഥവാ വന്നാൽ...?
വരില്ലാന്നേ!
സംഗതിവശാൽ മഹാമാരി പിടിച്ചാൽ, പ്രധാൻമന്ത്രി കഴിയ്ക്കോ ലോക് പാല്?
അയ്യോ ഇല്ല!
അതെന്താ...?
ലോക് പാല് കഴിച്ചാ പ്രധാൻമന്ത്രിജിയുടെ പണി കഴിയില്ലേ!!