13 Sept 2011

സിസ്റ്റർ തെരേസായുടെ മൊബൈൽ ഫോൺ


 


സിബി പടിയറ

 സ്വന്തമായി ഒരു മൊബെയിൽ ഫോൺ വാങ്ങാൻ സിസ്റ്റർ തെരേസായെ മദർ സുപ്പീരിയർ ക്രിസ്പിൻ അനുവദിച്ച ദിവസം. സുപ്പീരിയറിന്റെ മുറിയിൽ നിന്ന്‌ പുരാതനമായ ആ മഠത്തിന്റെ ഇടനാഴിയിലേക്ക്‌ ഏറ്റവും ആഹ്ലാദവതിയായി തെരേസാ ആടിയിറങ്ങിയത്‌ നലംതികഞ്ഞ ഒരു നർത്തകിയെപ്പോലെയായിരുന്നു.


ഇരുപത്തേഴ്‌ അന്തേവാസികളുള്ള മഠത്തിലെ അമരക്കാരി സുപ്പീരിയർ ക്രിസ്പിൻ ഏറെ ആലോചിച്ചാണ്‌ തെരേസായ്ക്ക്‌ അനുകൂലമായ ആ തീരുമാനമെടുത്തത്‌. അതേക്കുറിച്ച്‌ പക്ഷേ, വിസ്തരിച്ചൊന്നും അവൾക്കറിയേണ്ട കാര്യമില്ലായിരുന്നു. തെരേസാ സ്വന്തം ടൂ വീലറിൽ മഠത്തിന്റെ പൂമുഖം കടന്നുപോകുന്നത്‌ മദർസുപ്പീരിയർ ഒന്നാം നിലയിലെ വരാന്തക്കോണിൽ നോക്കിനിന്നു. മുറിയിലെ മേശമേൽ ചലനമില്ലാത്ത കരയാമയെപ്പോലെ കറുമ്പൻ ലാന്റ്‌ ഫോൺ ഇരിക്കുന്നുണ്ടായിരുന്നു.


പ്രോവിൻഷ്യാളമ്മയോട്‌ വിളിച്ചു ചോദിക്കണമെന്നാണ്‌ ആദ്യം വിചാരിച്ചതു. എഴുപതുകഴിഞ്ഞ ആ അമ്മപോലും കമ്മ്യൂണിറ്റിയിൽ ഇതുവരെ മൊബെയിൽ വാങ്ങിയിട്ടില്ല. പിന്നെ, ഒരു ഫോണിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വതന്ത്ര്യമൊക്കെ സുപ്പീരിയറിനുണ്ടല്ലോ. 12 കൊല്ലം മുമ്പ്‌ കാഞ്ഞിരക്കൊല്ലി ടെലഫോൺ എക്സ്ചേഞ്ചിലേക്ക്‌ നടന്ന്‌ ചെന്ന്‌ മഠത്തിലെ ആദ്യ ഫോൺ കണക്ഷൻ എടുത്തത്‌ അന്ന്‌ ആരോടും ചോദിക്കാതെയായിരുന്നു.


അമൽജ്യോതി ഇംഗ്ലീഷ്‌ മീഡിയം റസിഡൻഷ്യൽ സ്കൂളിന്റെ പ്രിൻസിപ്പലാണ്‌ സിസ്റ്റർ തെരേസാ. അമേരിക്കയിലും ജർമ്മനിയിലുമൊക്കെയുള്ള പേരന്റ്സിന്റെ ഫോൺ വിളികൾക്ക്‌ കാതോർത്ത്‌ സ്വീകരണമുറിയിലെ ലാന്റ്‌ ഫോണിനടുത്ത്‌ തെരേസാ ഉറക്കമിളച്ചിട്ടുള്ള രാത്രികൾ എത്രയെത്ര! എല്ലാവർക്കും പ്രിൻസിപ്പൽ സിസ്റ്ററിനോട്‌ തന്നെ സംസാരിക്കണം. സ്കൂളിലെ സീറ്റുകൾ ഫില്ലായാലെ മഠത്തിനു ഗുണമുള്ളു. അഡ്മിഷൻ കാര്യത്തിലുള്ള കോളുകൾ ശരിക്കും സ്കൂളിലേക്കാണ്‌ വരേണ്ടത്‌. പക്ഷേ, ഇവിടെ പകലാകുമ്പോൾ അമേരിക്കയിലും യൂറോപ്പിലും രാത്രിയാവുന്നതാണ്‌ കുഴപ്പം. അതുകൊണ്ട്‌ കണിശമായും സിസ്റ്റർ തെരേസായ്ക്ക്‌ ഒരു മൊബെയിൽ ഫോൺ അനുവദിച്ചു കൊടുക്കേണ്ടത്‌ തന്നെയാണ്‌. 


കഷ്ടിച്ച്‌ ഒരു മണിക്കൂർ കഴിഞ്ഞു കാണും മഠത്തിനു താഴെ മുറ്റത്ത്‌ പനിനീർച്ചാമ്പ ഇലപൊഴിച്ചിട്ട വഴിയിലൂടെ തെരേസ സ്കൂട്ടറിൽ മടങ്ങിയെത്തുന്നത്‌ മദർ കണ്ടു.
എത്രവേഗമാണവൾ തിരിച്ചുവന്നത്‌! മുമ്പത്തേക്കാളും ആനന്ദവതിയാണവൾ. ഉള്ളിൽ സന്തോഷം നിറയുമ്പോൾ തെരേസ കൂടുതൽ സുന്ദരിയാവുന്നു.


അപ്പോൾ മദർ സുപ്പീരിയറിനു പേടി തോന്നി. അവളുടെ ഈ പ്രായത്തിൽ ഞാനിത്രയ്ക്ക്‌ വരുമായിരുന്നോ! ആലക്കോട്ടെ പുരാതന കാത്തോലിക്കാ കുടുംബത്തിൽ നിന്ന്‌ വന്ന്‌ ദൈവവിളിയുടെ മൂടുപടമണിഞ്ഞ്‌ 30 വർഷം പിന്നിട്ടിരിക്കുന്നു. സൗന്ദര്യം കുറവായതുകൊണ്ടാണ്‌ മഠത്തിൽ ചേരാൻ വിട്ടതെന്ന്‌ മൂത്തചേച്ചി പറയുമായിരുന്നു. കുറവുകളൊന്നും ദൈവവിളിയിലേക്കുള്ള എളുപ്പവഴിയല്ലെന്ന്‌ ആർക്കാണറിയാത്തത്‌. അല്ലെങ്കിൽ ചട്ടുകാലോ കോങ്കണ്ണോ പോയിട്ട്‌ ഒരു വെള്ളപ്പാണ്ടുള്ളവരെപ്പോലും ആകമാനസഭയിലെ ഒരു സഭയിലും എടുക്കാറില്ലല്ലോ. ഒന്നോർത്താൽ ശരിക്കും മിലിട്ടറി പോലാണിത്‌. ബലഹീനരും വികളാംഗരുമായവരെ ജനിപ്പിച്ചതു ദൈവത്തിന്റെ പ്രവർത്തികൾ അവരിലൂടെ നിറവേറാനാണെന്ന്‌ യേശുക്രിസ്തു പറഞ്ഞത്‌. അവന്‌ എന്തു വായാടിത്തം വേണേലും പറയാമല്ലോ. അതുകൊണ്ടല്ലേ കുരിശിൽ തറച്ചതു. 



പെട്ടെന്ന്‌ വാതിൽ തുറന്ന്‌ തെരേസ മദറിന്റെ മുറിയിലേക്ക്‌ വന്നു. പിന്നെ ഒട്ടും വൈകാതെ മൊബെയിൽ സെറ്റിന്റെ കൂടു പൊട്ടിച്ച്‌ സ്ഫടികസമാനമായ പുത്തൻഫോൺ കുഞ്ഞിനെ തെരേസാ സിസ്റ്റർ പുറത്തെടുത്തു. അവളുടെ കൈവിരലുകൾ അതിനുമേൽ അരുമയോടെ തലോടി. ഞെക്കൊച്ചകൾ ഈണങ്ങൾ മണിനാദം ചലച്ചിത്രഗാനങ്ങൾ. എത്ര പരിചയത്തോടെ എത്ര വേഗത്തിലാണ്‌ തെരേസാ അത്‌ പ്രവർത്തിപ്പിക്കുന്നതെന്നോർത്ത്‌ മദർ സാകൂതം നോക്കിയിരുന്നു. മദറിനെ വലംവച്ചുകൊണ്ടവൾ വിവിധ ഭാവത്തിലുള്ള ഫോട്ടോകളെടുത്തതും മദർ ക്രിസ്പിൻ ഞെട്ടിപ്പോയി. സുപ്പീരിയറിന്റെ ഭാവപ്പകർച്ചകളൊന്നും ശ്രദ്ധിക്കാതെയുള്ള വട്ടംചുറ്റലിൽ തെരേസയുടെ സഭാവസ്ത്രത്തിനു കാറ്റുപിടിച്ചു. അപ്പോഴേക്കും മഠത്തിലെ അന്തേവാസികൾ ഓരോന്നായി മദറമ്മയുടെ മുറിയിലേക്ക്‌ ഒഴുകാൻ തുടങ്ങിയിരുന്നു. അക്കൂട്ടത്തിൽ അമൽജ്യോതി സ്കൂൾ ഹോസ്റ്റലിലെ ടീച്ചർമാരുമുണ്ടായിരുന്നു. അവളുമാരാണ്‌ ശരിക്കും മൊബെയിൽ ഫോൺ എന്ന പ്രലോഭനത്തിൽപ്പെടുത്തി തെരേസയുടെ നിർമ്മലമാനസം കളങ്കിതമാക്കിയത്‌. "വീഡിയോ ക്യാമറ, മ്യൂസിക്‌ പ്ലയർ, എഫ്‌. എം.റേഡിയോ, ബ്ലൂടൂത്ത്‌...തെരേസമ്മ ഇതു ലേറ്റസ്റ്റ്‌ മോഡലാണല്ലോ..." സൂസമ്മ ടീച്ചർ അതിശയം പറഞ്ഞു.
അതേ ടീച്ചറേ 'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേനെന്ന' സ്റ്റൈൽ മന്നൻ പറഞ്ഞുപോലാ നമ്മുടെ തെരേസാമ്മ...എമിലി ടീച്ചറിന്റെ കമന്റ്‌ എല്ലാവരെയും ചിരിപ്പിച്ചു.
സൂസമ്മ ടീച്ചർ മദർ സുപ്പീരിയറിന്റെ അടുത്തുചെന്ന്‌ ഒരു ക്ലോസപ്പ്‌ ഫോട്ടോയെടുത്തു.
'തെരേസാ'...
മദർ സുപ്പീരിയറിന്റെ അലർച്ച പെട്ടന്നായിരുന്നു. എല്ലാവരും അന്തിച്ചുപോയി.
'ഞാനൊരു ഫോൺ വാങ്ങാനല്ലേ പറഞ്ഞുള്ളൂ. അതിനിങ്ങനെ കാമറയും സിനിമയും പാട്ടുമൊക്കെയുള്ളത്‌ വാങ്ങാൻ ആരു പറഞ്ഞു'?


ചുറ്റും കൂടിനിന്നിരുന്ന എല്ലാവരുടെയും അന്ധാളിപ്പ്‌ ആർത്തുള്ള ചിരിയായി ചിതറി വീണു. ആവൃതിയിൽ ചുഴിയിട്ടുനിന്നിരുന്ന മൗനം കൂട്ടച്ചിരിയുടെ മുഴക്കങ്ങളായി പലവഴികളിൽ പടർന്നു പെരുകി. പിന്നെയത്‌ ചാപ്പലിലെ പ്രാർത്ഥനയുടെ മൗനങ്ങളെയും ശിഥിലമാക്കി കടന്നുപോയി. എന്നാലും മൊബെയിൽ സംഗീതത്തിനും ഫ്ലാഷിനുമിടയിൽ സിസ്റ്റർ തെരേസ ഒരു മിന്നാമിന്നിയെപ്പോലെ മഠത്തിന്റെ ഇടനാഴികളിൽ പാറിനടന്നു. സൂസമ്മ ടീച്ചർ തെരേസാമ്മയുടെ ഫോണിലേക്ക്‌ വേളാങ്കണ്ണി പള്ളീലെ മലയാളം പാട്ടു കുർബാന സെന്റ്‌ ചെയ്തു. ഏതോ പ്രണയത്തിൽപ്പെട്ട്‌ മഠം വിട്ട്‌ പോയ മഠത്തിലമ്മമാരുടെ തമാശകൾ, റേഡിയോ പാട്ടുകൾ വീഡിയോ ചിത്രങ്ങൾ, കുളിമുറിയിലെ ശീൽക്കാരങ്ങൾ എല്ലാം മൊബെയിൽ ഫോണിലേക്ക്‌ അനവരതം വന്നു വീണുകൊണ്ടിരുന്നു.


ഇടയ്ക്ക്‌ ചെവിയിൽ തിരുകിയ ഇയർഫോണിൽ തെരേസ പാട്ടു കേട്ടു.
പൂമുഖത്തെ കറുമ്പൻ ലാന്റ്‌ ഫോണിലേക്ക്‌ തെരേസക്കിപ്പോൾ വിളികളില്ല. ആവൃതിയിലെ അച്ചടക്കശീലങ്ങൾക്ക്‌ തീപിടിച്ചിരിക്കുന്നു. മഠത്തിലെ എതൊരു ഫോൺവിളിയിലേക്കും മുമ്പൊക്കെ എക്സ്റ്റൻഷൻ ലൈനിലൂടെ മദർ സുപ്പീരിയറിനു കൊള്ളിമീൻ പോലെ കയറിച്ചെല്ലാമാരുന്നു. തെരേസക്ക്‌ പക്ഷേ തെല്ലും പേടിയില്ല. ചിലപ്പോഴവൾ തുള്ളിയാർക്കുന്നു. മറ്റുചിലപ്പോൾ ഒറ്റക്ക്‌ നിന്ന്‌ കുലുങ്ങിച്ചിരിക്കുന്നു. ഇടതടവില്ലാത്ത മഠത്തിലെ കൊച്ചുവർത്തമാനങ്ങളിൽ തെരേസയും അവളുണ്ടാക്കിയ അപരിഹാര്യമായ ഉത്കണ്ഠകളിൽ മദർ സുപ്പീരിയർ ക്രിസ്പിനും ഉറക്കമിളച്ചു.




ചാപ്പലിൽ നിന്നുള്ള പ്രാർത്ഥനാമണികൾ പോലും തേരേസ ശ്രദ്ധിക്കാതെയായ ഒരു രാത്രി മദർ സുപ്പീരിയർ ക്രിസ്പിന്‌ വല്ലാതെ ഉഷ്ണിച്ചു. പതിറ്റാണ്ടുകളായി ഉടലിനെ പൊതിഞ്ഞു നിൽക്കുന്ന ഒരു ജൗളിക്കടയാണ്‌ സ്വന്തം ശരീരമെന്ന തോന്നൽ. അതൂരിക്കളഞ്ഞ്‌ മദർ കണ്ണുകളടച്ച്‌ ഉറങ്ങാൻ ശ്രമിച്ചു. ലൈറ്റുകളണച്ചിട്ടും ഭിത്തിയിലെ തിരുഹൃദയത്തിനുമുമ്പിൽ തൂങ്ങിയാടുന്ന ഇറ്റാലിയൻ കൊന്തയ്ക്ക്‌ ഇരുട്ടിൽ പ്രകാശം വയ്ക്കുന്നു. തെരേസായെക്കുറിച്ചുള്ള ആധിയിൽ കിടക്കും മുമ്പ്‌ നെറ്റിയിൽ കുരിശുവരയ്ക്കുന്ന കാര്യം പെട്ടെന്നോർത്തു. ഉടനെണീറ്റ്‌ മേശപ്പുറത്തെ കുരിശുരൂപത്തിനു മുമ്പിൽ മുട്ടുകുത്തിനിന്ന്‌ കൈവിരിച്ചു. പിതാവേ...കോൺവെന്റ്‌ ഹയരാർക്കിലെ ഒന്നാം സ്ഥാനക്കാരിയായ ഈ എന്നെ തെരേസയിപ്പോൾ നിരന്തരം അവഗണിക്കുകയാണോ. മൊബെയിൽ ഫോണിൽ ആരോടൊക്കെയോ വർത്തമാനം പറഞ്ഞുകൊണ്ടവൾ ആഹാരത്തിനിരിക്കുന്നു, നിന്ന നിൽപ്പിൽ ടെലിവിഷൻ കാണുന്നു. തെരേസായുടെ മൊബെയിൽ ഫോണിലേക്ക്‌ ഒരു എക്സ്റ്റഷൻ ഘടിപ്പിക്കാനുള്ള സൂത്രവിദ്യ നീ ഇലക്ട്രീഷ്യൻ തോമസ്കുട്ടിക്ക്‌ ഉടനെ വെളിപ്പെടുത്തിക്കൊടുക്കണം. അല്ലെങ്കിൽ തെരേസയുടെ ഇവ്വിധമുള്ള വഴി തെറ്റലിന്‌ ആര്‌ ഉത്തരം പറയും.

ആ പ്രാർത്ഥനയുടെ ആയാസത്തിനൊടുവിൽ മുടിഞ്ഞൊരു മുട്ടുവേദനയോടെ മദർ സുപ്പീരിയർ എണീറ്റു നടന്നു. വരാന്തയിലൊന്നും നോക്കിയപ്പോൾ ആരുമുണ്ടായിരുന്നില്ല. തെരേസയുടെ മുറിയിൽ മാത്രം ലൈറ്റുണ്ട്‌. വാതിൽ തുറന്നാണ്‌ കിടന്നത്‌. ഇടതടവില്ലാത്ത കൊച്ചുവർത്താനങ്ങൾക്കൊടുവിൽ അവളുറങ്ങിപ്പോയിരിക്കുന്നു. ധ്യാനനിരതമായ ഒരു ശാന്തത്തയിലെ സൗമ്യമായ ഉറക്കം. തെരേസയുടെ നെഞ്ചത്ത്‌ തൂങ്ങപ്പെട്ട രൂപത്തോട്‌ ചേർത്ത്‌ വച്ച ഫോൺ കുഞ്ഞ്‌. അകത്ത്‌ ചെന്ന്‌ മെല്ലെ വളരെ മെല്ലെ അവളുടെ വിരൽക്കൂട്‌ വിടുവിച്ച്‌ മൊബെയിൽ ഫോൺ കയ്യിലെടുത്ത്‌ മദർ സുപ്പീരിയർ പുറത്ത്‌ കടന്നു. ആ രാത്രിയിൽ മദർ ക്രിസ്പിന്‌ ആദ്യമായി ഒരു വിറയലും പേടിയുമുണ്ടായി. ആവൃതിയിൽ ഏഴാം പ്രമാണത്തിന്റെ ആദ്യലംഘനം.


മോഷ്ടിക്കരുത്‌.
പത്തു കൽപനകളിലെ നീതിയുടെ പോലീസുകാരൻ ചങ്കിൻ കൂടു തുളച്ച്‌ പുറത്തേക്ക്‌ വരുന്നു. ഘോരമായ ആ പേടിബാധയിൽ ഇളംതാളിച്ച ശരീരത്തോടെ രാവേറെച്ചെന്ന്‌ മദർ ഉറങ്ങാൻ കിടന്നു. 


ചാപ്പലിൽ പ്രഭാതപ്രാർത്ഥനക്കുള്ള ഒന്നാം മണിയടിക്കുമ്പോഴും മദറിനു ഉറക്കം വന്നിരുന്നില്ല. അതാ ബഡ്ഷീറ്റിനടിയിൽ നിന്ന്‌ കിരുകിരുപ്പ്‌, വിറയൽ, പ്രകാശധാര! തെരേസയുടെ ഫോണിലേക്ക്‌ ആരുടെയോ വിളി വരികയായിരുന്നു. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ മദർ സുപ്പീരിയറിനു പിടികിട്ടിയില്ല. ഷീറ്റിനടിയിൽ നിന്ന്‌ തലയിണയുടെ പതുപതുപ്പിനടിയിലൊളിപ്പിച്ചു. പിന്നെ മുറിയിലെ കുരിശുരൂപത്തിനു മുമ്പിലെത്തി ആയാസപ്പെട്ട്‌ മുട്ടുകുത്തി. മദർ സുപ്പീരിയർ കൈ വിരിക്കും മുമ്പ്‌ ദയനീയമായ ഒരു നിലവിളി വന്നു അവരുടെ നില തെറ്റിച്ചു കളഞ്ഞു.
മദർ
അതു തെരേസയായിരുന്നു.
അവൾക്കൊപ്പം സൂസമ്മടീച്ചറും എമിലി ടീച്ചറും പരിവാരങ്ങളും അതിനുമപ്പുറം മഠത്തിലെ മറ്റ്‌ സിസ്റ്റർമാർ ഉറക്കച്ചടവോടെ നിന്നു പകച്ചു.
'മദർ'...
തെരേസ പറയാൻ തുടങ്ങിയതും സൂസമ്മ ടീച്ചർ ഇടയ്ക്ക്‌ കയറി.
അമ്മേ...തെരേസാമ്മയുടെ മൊബെയിൽ ഫോൺ ഇന്നലെ രാത്രി കളവ്‌ പോയി. ഞാൻ പലവുരു വിശിച്ചു നോക്കി. വൈബ്രേറ്റ്‌ മോഡിലായതു കൊണ്ട്‌ ബെല്ല്‌ കേൾക്കുന്നുമില്ല. ആരും അറ്റന്റ്‌ ചെയ്യുന്നുമില്ല.
മദർ തുറിച്ചു നോക്കി.
എന്റെ വേളാങ്കണ്ണി മാതാവേ!...
ഏതോ ആപത്തിൽ പെട്ടിട്ടെന്നോണം തെരേസ കൈവച്ച്‌ നിലത്തിരുന്നു. മറ്റുള്ളവർ അവളോട്‌ സഹതപിച്ച്‌ അടുത്തിരുന്നുകൊണ്ട്‌ ആ മഹാസന്താപത്തിൽ പങ്കുകൊണ്ടു. വിലാപങ്ങളും പല്ലുകടിയും കൊണ്ട ആവൃതി കലങ്ങിപ്പോയി. ആ പ്രഭാതത്തിൽ മദർ സുപ്പീരിയറിന്റെ മുഖഭാവങ്ങൾ മാത്രം ആരും കണ്ടില്ല. ചിലർ കാണാതായ വസ്തുക്കൾ കാണിച്ചുതരുന്ന വിശുദ്ധ മദ്ധ്യസ്ഥനെ വിളിച്ച്‌ നേർച്ചനേർന്നു. വേറെ ചിലർ മാഹീലമ്മക്ക്‌ മെഴുകുതിരി കത്തിക്കാമെന്ന്‌ പ്രാർത്ഥിച്ചു.
ചാപ്പലിൽ മദർ സുപ്പീരിയർ ക്രിസ്പിൻ വാതത്തിന്റെ അസ്കിതയിൽ സഹജമായ മുട്ടുവേദനയോടെ മട്ടിൽ നിന്നു.


ദൈവമേ...അവരുടെ പ്രാർത്ഥനകൾ ഫലം കാണുമോ? നേർച്ച കാഴ്ചകളുടെ കൊടുങ്കാറ്റുകൾ എനിക്കു നേരെ പാഞ്ഞെടുക്കുമോ?
കരുണാമയാ...
പക്ഷേ ആ പിറുപിറുക്കൽ പൂർത്തിയാക്കാനാവാതെ മദർ മുട്ടിൽ നിന്ന്‌ നിലതെറ്റിയും മുഖം കുത്തിയും നിലത്തു വീണുപോയിരുന്നു.






എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...