13 Sept 2011

തോൽക്കാത്ത പെരുന്തച്ചന്മാർക്ക്


   

ആലിഫ് ഷാ

ചരിത്രങ്ങൾ അച്ചു നിരത്തിയ തച്ചനൊരാൾ? 

വെട്ടിയൊതുക്കണം തന്നേക്കാൾ വളരുമേതു ശാഖയും 

ഏതു മുറിവും മായ്ക്കും കാലം.

പതിച്ചു നൽകും ഭക്തരുടെ നാരായങ്ങൾ 

കൈപ്പിഴയുടെ കുറ്റ സമ്മതവും, 

ഇല്ലാത്ത നോവിൻ പഞ്ചാഗ്നിയും 

നിരപരാധിയുടെ തലപ്പാവും..

വെറുക്കില്ല്ലപ്പഴും എപ്പഴും ചന്ദനപ്പലകയിൽ കുഞ്ഞിക്കൈകളാൽ 
ആദിവര വരച്ചു തന്നച്ഛനേയും ഗുരുവിനേയും 

നമിച്ചിട്ടേയുള്ളൂ  അഹംബോധത്തിൻ മൂർത്തസ്വരൂപത്തെപ്പോലും 


കരിവീട്ടിയഴകും ചന്ദനഗന്ധമുള്ളോരുടലും 

കണ്ണടച്ചാലും വിരല്‍ സ്പര്‍ശത്താല്‍ 

കാതൽ അളന്നെടുക്കും മനോ ഗണിതവും

തച്ചു ശാസ്ത്രം പിഴപ്പിക്കും നവ ഗണിതങ്ങളുടെ ആത്മ ശാസ്ത്രവും

അളന്നെടുക്കും ഉൾക്കണ്ണിൻ മുഴക്കോലു കൊണ്ടേതു ഗോപുരവടിവുകളും....

അഹങ്കരിച്ചിട്ടേയുള്ളൂ

കാറ്റിൻ വിഗതികളെ അളന്നു മുറിച്ച് ഗതി തിരിച്ച് 

അണയാ കൽ വിളക്കു  നാട്ടിയ 

പെരും തച്ചനൊരാളുടെ മകനായ് പിറന്നതിൽ 

തോൽപ്പിക്കാനല്ല ഒരിക്കലും മിടുക്കനായതും

കൌശലങ്ങൾ കൊണ്ടതിജയിച്ചതും!

ദക്ഷിണയായേ നൽകിയുള്ളൂ കാലം ചാർത്തിത്തന്ന വീരമുദ്രകൾ

പെരുന്തച്ചനേക്കാൽ മിടുക്കുള്ളൊരാളല്ല

പെരുന്തച്ചന്റെ മിടുക്കിൽ പിറന്നവൻ ഞാൻ


എന്നു മുതലാണച്ചൻ മുഖത്തു നോക്കാതായതും

ചന്ദന ഗന്ധം വരാത്തത്ര അകലെയായതും...?

മരിക്കുന്നെങ്കിൽ മരം ചതിക്കണം, ഒരു ഉളിപ്പിഴവായിരിക്കണം

കല്ലുളികൽക്കിടയിലോ മരച്ചിത്രങ്ങൾക്കിടയിലോ വീണൊടുങ്ങണം....

എന്നെന്നോ മോഹിച്ചു  പോയി 

ജന്മം വെറുത്ത നാൾ മുതൽ....
ഒരു ഉളിയബദ്ധത്തിനായ് 

മുകളിൽ കഴുക്കോലു പണിയുമച്ഛന്റെ  താഴെ തപസ്സിരുന്നെപ്പഴും.

കാത്തിരുന്നു ചങ്കിലേക്കു പാഞ്ഞു വരും വീതുളിയുടെ സീൽക്കാരം... 

മരക്കുറ്റിയിൽ വെള്ളാരം കല്ലു പൊടിയുമ്പോൾ,
വീതിപ്പലകകളിൽ തീ പാറുന്ന ഘർഷണ മൂർച്ചകളിൽ

എനിക്കൊരായുധം ഒരുങ്ങുന്നുവെന്നാരോ മന്ത്രിച്ചൂ

ഓരോ  മരണ സ്വപ്നങ്ങൾക്കും പിറകേ

മോഹിച്ചേയുള്ളൂ ഉളിയാഴങ്ങളീൽ ആഞ്ഞു പതിക്കും രുധിര ചുംബനം! 


ഉറക്കമാകുമ്പോൾ, ഉണർത്താതെ തൊട്ടു വന്ദിക്കും  ഒരോ നാളും

തച്ചന്റെ, അച്ഛന്റെ,  ഗുരുവിന്റെ പാദം

നാളെ ഞാൻ ഉണ്ടാകുമോ പൂജിക്കാനെന്ന്

നിശ്ചയവും  തിട്ടവും ഇല്ലാതെ ... 


ഇന്നെന്തോ വീതുളീയെ സൂര്യൻ ചുംബിച്ചപ്പോൾ 

അച്ഛന്റെ  മുഖം ജ്വലിച്ചിരുന്നു 

ഞാനതറിഞ്ഞിരുന്നുവെന്നു  നിരൂപിച്ചുവോ

ഉൾക്കണ്ണിൽ കാലം ഗണിക്കും തച്ചൻ?

എന്തിനായിരുന്നിരിക്കണം ഇന്നെന്റെ മുഖത്തേക്ക് 

ഇത്ര നിസ്സഹായമായ് നോക്കിയത് ? മുഖാമുഖം പതിവില്ലീയിടെ

പിന്തിരിഞ്ഞു നടന്നപ്പഴും പതർച്ചയുണ്ടായിരുന്നതു പതിവുമില്ല ! 


സ്വപ്നങ്ങളിൽ ഞാൻ എവിടെയാണ് ?

ഞാനിരിക്കും ഈ മേൽക്കൂരയേതാണ് ? 

കീഴ്ക്കാം തൂക്കോ ഭൂമി... താഴെയോ വാനം?

മുകളിലച്ഛൻ.. താഴെയും അച്ഛൻ ....ഇടത്തും വലത്തുമച്ഛൻ....

ചുറ്റിലും വീതുളി വെളിച്ചം!

 കർണ്ണങ്ങളീൽ തീ പാറും, ചെവി തുളക്കും ഘർഷണ സീൽക്കാരം!

നിഴൽ പോലെ പാഞ്ഞു വരുന്നുണ്ടേതോ

വീതുളി തൻ ചുണ്ടിലൊരു ചുംബനം

 ഞാനതിനെ നമിക്കയാണ്.....


 തച്ചനൊരാൾക്ക് ഇതിഹാസം ചമയ്ക്കുമ്പോൾ

 പെരുന്തച്ചൻ മാത്രം ജയിച്ചു കയറട്ടെ!

 ചരിത്രത്തിൽ ഒറ്റയാന്മാർ മാത്രം ജ്വലിച്ചു  നിറയട്ടെ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...