13 Sept 2011

മഞ്ഞുകാലത്തെ പ്രണയം


 

രാജേഷ് ശിവ



നതാഷാ..
ആത്മരോദനത്തിന്റെ ഏതിടനാഴിയിലാണ്
സ്വയമുരുകിയെന്നില്‍ നീ മെഴുകുതിരിയായത്‌ ?
നിര്‍വ്വേദതരിശുനിലങ്ങളുടെ നിസംഗതയില്‍
ഹൃദയമടര്‍ത്തിയ പനിനീര്‍പ്പൂവുകളെവിടെയാണ്?
ദാശാസന്ധികളുടെ കള്ളിമുള്‍മുനകളില്‍
കോര്‍ത്ത ശലഭത്തെയെപ്പോഴാണ്
നതാഷാ എന്റെ ഹൃദയമെന്നറിഞ്ഞത് ?

സൈബീരിയയുടെ മഞ്ഞില്‍ ഞാന്‍ -
വിരിയിച്ച കാമപുഷ്പങ്ങളുടെ രേണുക്കളേറ്റു
നീപിടഞ്ഞ സായന്തനങ്ങളില്‍
രണ്ടൊന്നാകുന്ന സ്വത്വവിസ്മൃതികളില്‍
വ്രീളയുടെയതിര്‍വരമ്പുകളന്യമായി
പേടമാന്‍മിഴികള്‍ കൂമ്പിയപ്പോള്‍
ഞാനുമെന്നില്‍ തിരിയുന്ന ലോകവും
നിന്നിലെയ്ക്ക് കൂപ്പുകുത്തുകയായിരുന്നു ! ,

ചെമ്പന്‍മൂര്‍ദ്ധജമൊതുക്കി പിന്‍കഴുത്തിലെ
സൂര്യഗ്രഹണമറുകില്‍ ശ്യാമഭംഗികളുടെ
ചിന്താമണ്ഡലത്തില്‍ ഗാഢചുംബനങ്ങളുടെ
താപമഴയില്‍ പരസ്പരം പൊള്ളുമ്പോള്‍
യുഗാന്തരപ്രണയകാവ്യങ്ങളുരുവിട്ടു
നീഹാരവൃഷ്ടിനടത്തി കടന്നുപോകുന്ന
ഋതുവിന്‍ പ്രണയപശ്ചാത്തലങ്ങളില്‍
കെട്ടുപിണഞ്ഞ ഹൃദയങ്ങളുമായി നമ്മള്‍
കാലത്തിന്റെ പ്രണയരേഖയിലായിരുന്നു ,

നൂറു തളിരിട്ട യൌവ്വനങ്ങളായി
ഇലയില്ലാത്ത മേപ്പിള്‍മരങ്ങളുടെ
അസൂയയേറ്റു നമ്മള്‍ നിന്നുമിരുന്നും -
ശയിച്ചുമാടിയ നിലാവിലെ നിഴല്‍നാടകങ്ങളില്‍
കാലവും പ്രകൃതിയും അതിന്റെ
സമഞ്ജസ്സമായ ഒത്തുചേരലിന്റെ
ഗൃഹപാഠം അഭ്യസിക്കുകയായിരുന്നു ,

നമ്മള്‍ സത്യമാണ് , പൂരകങ്ങളാണ്
നാം നടന്ന പാതകള്‍ പരിച്ചംക്രമണങ്ങളിലൂടെ
അവകാശികള്‍ വ്യത്യാസപ്പെടും ,
പ്രണയസാക്ഷികളായ തുഷാരകണികകള്‍
മഹനീയസംസ്കാരഭൂവിലേയ്ക്കാഴ്ന്നിറങ്ങും
വ്യത്യസ്തധ്രുവങ്ങളിലൂടെ ഫോസിലുകളായി
നമ്മള്‍ പ്രകാശവര്‍ഷങ്ങള്‍ പിന്നിട്ടൊരുനാള്‍
കൂടിച്ചേര്‍ന്നു വിലയം പ്രാപിയ്ക്കുന്ന മണ്ണില്‍
കിളിര്‍ക്കുന്ന മേപ്പിള്‍മരങ്ങളില്‍
കൊഴിയാത്ത ഇലകളുണ്ടായിരിയ്ക്കും
അതില്‍ നമ്മുടെ പ്രണയം പുഷ്പിയ്ക്കും ,

കാലത്തിന്റെയീ തിരസ്കൃതതാഴ്വരയില്‍
ഹൃദയശ്യൂന്യനായമരുമ്പോള്‍ ഗതകാലങ്ങളെ
നേര്‍ത്തൊരു ബിന്ദുവിലാവാഹിയ്ക്കുന്ന
മഹാമറവിയുടെ കല്പാന്തലക്ഷണങ്ങളറിയുന്നു ,
പൊങ്ങുതടിയായി ആഴമേറിയ
മറവിസാഗരത്തിലൊഴുകുംമുമ്പേ തരിക കാലമേ
ഓര്‍മ്മകളെ സൂക്ഷിയ്ക്കാനൊരു പേടകം

Share/Bookmark

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...