എം.കെ.ഖരീം
ഒലിവിലകളിലെ കാറ്റ് എന്നെ വല്ലാതെ വിവശനാക്കുന്നു... ഇട നെഞ്ചില്‍ കടുത്ത നിറത്തില്‍ കനല്‍ക്കട്ട... നീറുകയാണ്... കനല്‍ക്കട്ടയോളം എരിയാന്‍ വെമ്പുന്ന ഹൃദയം. നാം ആ കടുത്ത ചോരപ്പിലേക്ക് അലിഞ്ഞു ചേരുന്നതായി...
മഞ്ഞ ഏകാന്തത.. ആരെല്ലാമോ നടന്നു പോയ പാത. മരപ്പലക കൊണ്ട് പണിത കൂര. അതിനകത്ത് കാലു കുത്തുമ്പോള്‍ സഞ്ചാരികളുടെ മണം പിടിക്കാന്‍ മനം വെമ്പി. എനിക്ക് മുന്നേ പോയവര്‍ ....
മുറ്റത്ത് മഴ തുള്ളി വരച്ച വളയങ്ങള്‍ ഇപ്പോള്‍ ഓര്‍മയില്‍ ഇരമ്പി കയറുന്നതെന്തേ.. ആ കുട്ടിയിലേക്ക് ഞാന്‍ തുടരെ എറിയപ്പെടുന്നു.. അവിടേക്ക് തിരിച്ചു ഞാന്‍ ഇവിടേയ്ക്ക് നോക്കുന്നു. അന്ന് ഇത് പോലൊരു രംഗം എന്നില്‍ ഉണ്ടായിരുന്നോ..
ഇല്ല..
എന്തിനു അന്നത്തെ ആ വളയങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥമെന്നു പോലും ഓര്‍ത്തില്ല.
മീരാ ആ ജലവളയത്തിന്റെ ആയുസ്സേ ജീവിതത്തിനുള്ളൂ.. ഓരോ വളയവും ഓരോ അവസ്ഥയാണ്.. ഓരോ അവസ്ഥയും മരിക്കുകയും മറ്റൊന്നിലേക്കു പിറക്കുകയും..
പുരാതനമായ കാലത്ത് ഒലിവിലകളില്‍ അലയടിച്ചത് തന്നെ നമ്മില്‍ .. കാലവും വേഷവും മാറുന്നു എന്ന് മാത്രം. അത് അത് തന്നെ... നമുക്ക് ശേഷവും അതുണ്ടാവും...
മധുരമുള്ള അസ്വസ്ഥത പകര്‍ന്നു കൊണ്ട് ചിത്രങ്ങള്‍ .. മരപ്പലകയില്‍ എന്റെ ഹൃദയം തൂക്കി, ക്യാന്‍വാസായി കണ്ടു ഞാന്‍ മറ്റൊരു ചിത്രം പണിയട്ടെ.. എനിക്കോ നിനക്കോ അറിയാത്ത എന്നെ... വരക്കുമ്പോള്‍ ചിത്രം പൂര്‍ണമാകരുതെ എന്ന പ്രാര്‍ത്ഥന.
ചിത്രമാകുന്നതോടെ പിന്നെ നാമില്ലല്ലോ!
പ്രണയം പ്രാര്‍ഥനയോ സ്മരണയോ?
ധ്യാനം കലര്‍ന്നൊരു പുഞ്ചിരിയോ...
പ്രാണനില്‍ ഇടിച്ചിറങ്ങിയ കനല്‍ക്കട്ടയുടെ വിങ്ങലോ.....