ശ്രീപാർവ്വതി
പ്രണയത്തില്‍ മഴ പെയ്യുമ്പോള്‍
മഴയ്ക്ക് വല്ലാത്തൊരു സുഖമുണ്ട്, ഓര്‍ക്കാന്‍ ഒരുപാടൊര്‍മ്മകളുമായേ ഓരോ മഴയ്ക്കും മണ്ണിലേയ്ക്കിറങ്ങാനാകൂ. എനിക്ക് മഴയത്ത് പ്രണയിക്കാനാണ്, ഇഷ്ടം. നീയടുത്ത് ഇല്ലെങ്കിലും ഉണ്ടെങ്കിലും നിന്നെയോര്‍ത്ത്, മഴ നനഞ്ഞ് ,കണ്ണടച്ച് മഴക്കുളിരിലലിഞ്ഞ്, ഒടുവില്‍ നിന്നിലേയ്ക്കു തന്നെ മടങ്ങും. പണ്ടെന്നോ കുറിച്ചതാണ്,പക്ഷേ ഓരോ മഴയിലും ആ കുളിര്, മനസ്സിലേയ്ക്ക് വന്നലയ്ക്കും.മരങ്ങള്ക്കിടയില്മഴ കുട്ടിക്കാലത്തെ കളിവള്ളമായ്
പണ്ട് ഞങ്ങളുടെ വീടിന്‍റെ മുന്നിലൂടെ ഒരു ചെറിയ തോട് ഉണ്ടായിരുന്നു, ഇപ്പോള്‍ അത് വലുതാക്കി കോണ്‍ക്രീറ്റ് റോഡാക്കി. അന്ന് മഴക്കാലമാകുമ്പോള്‍ തോട്ടിലും, പിന്നെ താഴെയുള്ള വയലിലുമാണ്. വയലില്‍ നിറയെ ചെറിയ നീണ്ട വാലുള്ള തുമ്പികള്‍ ഉണ്ടാവും പതിയെ ചെന്ന് വാലില്‍ ഒറ്റ പിടിത്തം പാവം തല വളഞ്ഞ് വിരലില്‍ വന്നിരിക്കും, പിന്നെ അതിനെ കൊണ്ട് കല്ലെടുപ്പിക്കല്‍, പാവം തുമ്പി എത്ര ക്രൂരമായി ചിന്തിക്കാന്‍ അന്ന് എങ്ങനെ എനിക്ക് മനസ്സു വന്നോ ആവോ...തോട്ടിന്‍റെ വക്കത്തു നിന്ന കൊന്നയുടെ ഇലയും ഞാന്‍ തന്നെ ഉണ്ടാക്കിയ കളിവള്ളവുമായി മഴ ഒന്ന് തോര്‍ന്നാല്‍ ഇറങ്ങുകയായി. വെള്ളത്തില്‍ അത് ഒഴുക്കി വിടുമ്പോള്‍ ഉണ്ടാകുന്ന കുഞ്ഞലകള്‍ അതു കാണാന്‍ എന്തു സന്തോഷമായിരുന്നു, ഒറ്റപ്പെടലിന്‍റെ വേദന പോലും എത്ര നിസ്സാരമായി തോന്നി അന്ന്. മറ്റൊരു രസകരമായ സംഭവം നല്ലൊരു മഴകാലത്ത് അടുത്ത കടയില്‍ പോയി തൈര്‍ വാങ്ങാന്‍ പറഞ്ഞു വിട്ടതാണു അമ്മ. തിരികെ വെള്ളം തട്ടിത്തെറുപ്പിച്ചും തുമ്പിയെ പിടിച്ചും വരുന്ന വഴിയില്‍ തൈര്, പാത്രം കയ്യില്‍ നിന്ന് താഴെ.... കുറച്ച് താഴെ പോവുകയും ചെയ്തു, എന്തു ചെയ്യും.... ഒറ്റ വഴിയേ കണ്ടുള്ളൂ, തോട്ടിലെ ഒഴുകുന്ന വെള്ളം ശകലം തൈരില്‍ കോരി ഒഴിച്ചു. വീട്ടില്‍ ചെന്നിട്ട് പറയാതിരിക്കാനും തോന്നിയില്ല, അതൊരു തെറ്റേ അല്ലെന്ന മട്ടില്‍ നിഷ്കളങ്കമായി പറഞ്ഞ എന്നെ അമ്മ അന്ന് എന്തിനാണ്, തല്ലിയതെന്ന് അടി കിട്ടിക്കഴിഞ്ഞും മനസ്സിലായില്ല.
മഴ നിരാസങ്ങളുടേതും.....!!!
ഒരു മഴദിവസമാണ്, പദ്മരാജന്‍ മാഷിന്‍റെ തൂവാനത്തുമ്പികള്‍ ആദ്യം കാണുന്നത്, എന്തോ അതിശയം ക്ലാരയെ ജയകൃഷ്ണന്‍ കാണുന്നതും ഒരു മഴയില്‍, അവരുടെ പ്രണയവും, മോഹവും മോഹഭംഗങ്ങളുമൊക്കെ ഇതള്‍ വിടര്‍ന്നതും പൊഴിഞ്ഞു വീണതും മഴത്തുള്ളികള്‍ക്കൊപ്പം. പ്രണയത്തിന്, വല്ലാത്തൊരു മാസ്മരികതയുണ്ട്, അത് നല്ലവനെ കെട്ടവാനാകും, ക്രൂരനെ നല്ലവനാക്കും, മോഹത്തിനെ ഉന്‍മാദമാക്കും, ഉന്‍മാദത്തെ അനുരാഗമാക്കും. അതു തന്നെയല്ലേ ജയകൃഷ്ണനും സംഭവിച്ചത്. ഓരോ മഴ കാണുമ്പോഴും അയാള്‍ ഇപ്പോഴും ക്ലാരയെ ഓര്‍ക്കുന്നുണ്ടാകാം, ഒരു യാഥാര്‍ത്ഥ്യം പോലെ ഇപ്പോഴും ക്ലാരയും ജയകൃഷ്ണനും ഓരോ മഴയിലും നനഞ്ഞു നില്‍ക്കുന്നതു പോലെ തോന്നും പലപ്പോഴും.
മഴയുടെ മണം...
മഴയ്ക്ക് മണമുണ്ടൊ, ഉണ്ടല്ലോ നല്ല നനഞ്ഞ മണ്ണിന്‍റെ...വരണ്ടു കിടന്ന മണ്‍ തറയില്‍ മാനത്തിന്‍റെ കണ്ണുനീര്‍ ആദ്യമായി ഇറ്റുമ്പോള്‍ ഒരു ഈര്‍പ്പം കലര്‍ന്ന മണം മൂക്കിലൂടെ കടന്ന് നെറുകയിലെത്തി ഓരോ രോമകൂപത്തെയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തും. ആ മണം ആസ്വദിക്കാനായി മാത്രം ആദ്യ മഴയില്‍ മുറ്റത്തിറങ്ങി നിന്നിട്ടുണ്ട്. ഓരോ മലയാളിയും ഏറെ ഇഷ്ടപ്പെടുന്ന മണങ്ങളില്‍ മഴമണത്തിനു തന്നെ ഒന്നാം സ്ഥാനം.
ഒരു പനിയോര്‍മ്മ
ഒരു ജൂണ്‍മഴ കഴിഞ്ഞ് വെയില്‍ വന്നപ്പോഴായിരുന്നു, ഞാനാദ്യമായി പനികൊണ്ട് വിറച്ചത്, നല്ല ദേഹം വേദനയും, ഉച്ചയ്യായപ്പോഴേക്കും അങ്ങിങ്ങായി ഓരോ കുരുക്കളും. ആശുപത്രിയില്‍ ഡോക്ടര്‍ മരുന്നു തന്നത് അടുപ്പിച്ച് കഴിച്ചതു കാരണം തലകറങ്ങി ഹോസ്പിറ്റലില്‍ കൊണ്ടു പോയി ഡ്രിപ്പ് ഇടേണ്ടി വന്നു, പിറ്റേന്ന് മുഖത്തും ദേഹത്തും നിറയെ കുരുക്കള്‍. ജനറല്‍ വാര്‍ഡില്‍ ഒപ്പം കിടന്ന ആര്‍ക്കൊക്കെ പനി പകര്‍ന്നിട്ടുണ്ടാകുമോ ആവോ...
പിന്നെ രണ്ടാഴ്ച്ച, ഉപ്പില്ലാത്ത കഞ്ഞിയുടേയും വല്ലപ്പോഴും അച്ഛന്‍ വാങ്ങി വരുന്ന ക്രീമുള്ള ബിസ്കറ്റിന്‍റേയും പുറകേ ആയിരുന്നു. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച എന്‍റെ ദിനങ്ങളായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.പഴുത്തു പൊങ്ങിയ കുരുക്കള്‍ ഉണ്ടാക്കിയ അസ്വസ്ഥത ഒരു സുഖമായി.കിടക്കുമ്പോള്‍ കുത്തിക്കയറുന്ന മുള്ളുകള്‍ പോലെ അത് കൊണ്ടു കയറി.കുളിയ്ക്കാതെ മുടി മുഴുവന്‍ ചപ്രശയായി,താരന്‍ കൂട്ടിനെത്തി,തല മാന്തി പൊളിക്കാന്‍ നല്ല രസം.ഒരു പകല്‍ സ്വപ്നത്തില്‍ യേശു ദേവന്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നതായും അനുഗ്രഹിക്കുന്നതായും ഞാന്‍ കണ്ടൂ, കുമിളകള്‍ പഴുത്തു പൊട്ടുന്ന നാള്‍ വരെ ആര്യവേപ്പിലയില്‍ കിടന്നു,ഇലയുടെ ഒരു കയ്പ്പു മണവും കുമിളകളുടേയും ഒക്കെ ഒരു മണം മൂക്കിലേയ്ക്ക് എപ്പോഴും അടിച്ചു കയറി.ആ മണത്തിന്‍റെ ഓര്‍മ്മ എന്നെ വല്ലാത്തൊരു നിര്‍വൃതിയിലാക്കുന്നു.ആ മുറി എന്‍റെ ഗൃഹാതുരതകളില്‍ ഒന്നാണൂ ഇന്നും.രണ്ടാഴ്ച്ച ഞാന്‍ ശരിക്കും ആസ്വദിച്ചു,ഞാനും എന്‍റെ സ്വപ്നങ്ങളും ഡയറികളും മാത്രം.ഭ്രാന്തെഴുത്ത് വല്ലാതെ കൂടി.(ആ എന്നെ ഇപ്പോള്‍ എനിക്ക് അസൂയയോടെയേ കാണാന്‍ പറ്റൂ).അമ്മയുടെ നാളികേരപ്പാലും അതില്‍ നിന്നുണ്ടാക്കിയ വെളിച്ചെണ്ണയും എന്നെ പഴയ ഞാനാക്കി.പക്ഷെ ആ രണ്ടാഴ്ച്ച എനിക്കു തന്ന സ്വപ്നങ്ങള്‍,തെളിച്ചം, മണം,വേദന, സുഖം ഒന്നും മറക്കാന്‍ ഞാന്‍ ശക്തയല്ല.എന്‍റെ മാത്രം ഭ്രാന്തന്‍ ലോകത്ത് ഞാന്‍ നടത്തിയ യാത്രകള്‍ അക്കാലത്തായിരുന്നു. ഒഴു മഴ കഴിഞ്ഞുള്ള പനിയോര്‍മ്മക്ളാണത്, ഒരിക്കലും മറകകന്‍ കഴിയാത്തവ.
ഒരു മഴക്കഥ...
എന്‍റെ ആദ്യകഥ ഒരു മഴക്കാലത്താണ്, എഴുതിയത് മഴ പെയ്യാന്‍ വിങ്ങി നില്‍ക്കുന്നുവെന്ന് ആകാശം കണ്ടാല്‍ അറിയാം,ഒന്ന് പെയ്തിരുന്നെങ്കില്‍.........രാ
വളരെ കുറച്ചു മാത്രം ആയുസ്സുള്ള ജീവികള്‍.ഭൂമിയ്ക്കുള്ളില്‍ ഇരുന്ന് ശ്വാസം മുട്ടി,പിടഞ്ഞുതീരാതെ പിന്നീടു വരുന്ന ഭൂമിയ്ക്കുമുകളില്‍ അനുഭവിക്കാന്‍ പോകുന്ന ആ നിറമുള്ള ലോകത്തെ പറ്റി കിനാവു കണ്ട് ആവാം അവ കൂട്ടം കൂട്ടമായി ഭൂമി തുറന്ന് പുറത്തേയ്ക്കു വരുന്നതെന്ന് തോന്നി.ചിലവ ഉയരങ്ങളിലേയ്ക്ക് പറക്കുന്നു,നക്ഷത്രങ്ങളെ സ്വന്തമാക്കാന്‍ എന്ന പോലെ,എത്ര ദൂരം പറക്കും??? അതു തന്നെയായിരുന്നു എന്‍റെ കഥയും,നക്ഷ്ത്രസൌഹൃദത്തിനായ് അകലേയ്ക്ക് പറന്ന ഒരീയലിന്‍റെ സ്വപ്നം.ഒടുവില്‍ ഇരുട്ടിയ,കറുത്ത ഭൂമിയ്ക്കു മുകളില്‍ ചിറകറ്റ് അവന്‍ കിടന്നപ്പോള്‍ എന്‍റെ മനസ്സില്‍ പെയ്ത മഴയ്ക്ക് കുളിരായിരുന്നില്ല, വേദനയായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയില്ല നഷ്ടപ്പെട്ടു പോയെങ്കിലും ആ സ്വപ്നം(ആ കഥ എന്നില്‍ നിന്നും നഷ്ടപ്പെട്ടു-എങ്കിലും ആ ഈയല്‍ വല്ലാത്തൊരു നോവാണു മഴ പെയ്യുമ്പോള്‍ ഇന്നും).
--