പൊന്നുമോൾ
പ്രേക്ഷകരെ ചിരിപ്പിക്കാന്‍ നടന്‍മാരുടെ ചന്തി ഒരു അനിവാര്യ ഘടകമാണെന്ന് തോന്നും ചില മലയാള സിനിമകള്‍ കണ്ടാല്‍. മീശമാധവന്‍ മുതല്‍ ഇന്ന് തിയേറ്റര്‍ നിറഞ്ഞോടുന്ന സീനിയേഴ്‌സ് വരെയുള്ള സിനിമകളില്‍ ചന്തി കാണിക്കല്‍ കോമഡിയുണ്ട്. ദിലീപിനെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ മീശമാധവനിലാണ് ചന്തിയെ കോമഡി ഉപകരണമായി നന്നായി ഉപയോഗിച്ചത്. സിനിമ തുടങ്ങുന്നതു തന്നെ ഹരിശ്രീ അശോകന്‍, ദിലീപ് തുടങ്ങിയ നടന്‍മാര്‍ ജഗതിക്ക് ചന്തി കണി കാണിച്ചുകൊണ്ടാണ്. പിന്നീട് എന്താണ് കണി കാണിച്ചതെന്ന് കൊച്ചിന്‍ ഹനീഫ ചോദിച്ചപ്പോള്‍ ജഗതിയും മുണ്ടുപൊക്കി കാണിക്കുന്നുണ്ട്. ദ്വയാര്‍ഥ പ്രയോഗങ്ങളും പ്രഷ്‌ഠപ്രദര്‍ശനങ്ങളും കോമഡിയുടെ അവിഭാജ്യഭാഗമാണെന്ന് മലയാള സിനിമ തിരിച്ചറിഞ്ഞതും മീശമാധവനിലൂടെയാണ്.കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തില്‍ കലാഭവന്‍ മണി പൂര്‍ണനഗ്‌നനായി ഒരു രംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും മണിയുടെ കറുത്തിരുണ്ട പ്രഷ്‌ഠം മാത്രം കാണാനുള്ള `ഭാഗ്യമേ’ പ്രേക്ഷകര്‍ക്കുണ്ടായുള്ളൂ. മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തില്‍ സലീം കുമാറിന്റെ കുണ്ടി കണ്ട് കാണികള്‍ സായൂജ്യമടഞ്ഞു. സീനിയേഴ്‌സില്‍ പോത്തന്‍മാരായ ജയറാം, ബിജു മേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ചേര്‍ന്നുള്ള മാര്‍ഗം കളിയുടെ അവസാനം കൂട്ട പ്രദര്‍ശനമായിരുന്നു. നാല് പേരും തിരിഞ്ഞു നിന്നുകൊണ്ടുള്ള ചന്തി പ്രദര്‍ശനം കണ്ട് ഓക്കാനിച്ചില്ലെങ്കില്‍ ഭാഗ്യം.
പണ്ട് യൂറോപ്പില്‍ ചന്തി പ്രദര്‍ശനം അശ്ലീലമോ അപഹസിക്കലോ ആയാണ് കരുതപ്പെട്ടിരുന്നത് (ഡെസ്‌മണ്ട് മോറിസ്, നഗ്നനാരി). ഒരാളെ അങ്ങേയറ്റം പരിഹസിക്കുന്നതിനായി അല്ലെങ്കില്‍ വെറുപ്പിക്കുന്നതിനായി യൂറോപ്യര്‍ തങ്ങളുടെ വെളുത്ത് തുടുത്ത ചന്തി പ്രദര്‍ശിപ്പിച്ചു. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ വഴക്കില്‍ തോല്‍ക്കുമ്പോള്‍ അവസാന അടവായി മുണ്ട് പൊക്കി കാണിക്കുന്നത് പതിവായിരുന്നു. ദേശത്തിന്റെ കഥയില്‍ എസ് കെ പൊറ്റെക്കാട്ട് ഇങ്ങനെയൊരു സംഭവം രസകരമായി വിവരിച്ചിട്ടുണ്ട്.
മലയാള സിനിമ തന്നെ പ്രേക്ഷകരെ കൊഞ്ഞനംകുത്തുകയാണ് കുറെകാലമായി. അതിന്റെ ഡോസ് പോരാഞ്ഞിട്ടാണെന്ന് തോന്നുന്നു, ഈ ചന്തി പ്രദര്‍ശനം. ചന്തി പ്രദര്‍ശനം ചിരിയല്ല, അറപ്പും വെറുപ്പുമാണുണ്ടാക്കുകയെന്ന് എന്നാണാവോ നമ്മുടെ സംവിധായകരും തിരക്കഥാകൃത്തുക്കളും തിരിച്ചറിയുക.