ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ
നാളികേര വികസന ബോർഡ്
പ്രിയപ്പെട്ട കേര കർഷകരേ,
നാളികേര കർഷകർക്ക് ഒരു കൈത്താങ്ങും, സഹായവുമായി ചങ്ങാതിക്കൂട്ടം വരവായി. തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന ആശയത്തിന്റെ ബീജാവാപംതന്നെ നാളികേര കർഷകരുടെ ആവശ്യങ്ങളിൽ നിന്നുമാണ്. കഴിഞ്ഞ ആറുമാസമായി ഞാൻ തേങ്ങയിട്ടിട്ടില്ല; പണത്തിനാ വശ്യമില്ലാഞ്ഞിട്ടല്ല; തെങ്ങുകയറ്റക്കാരുടെ സമയം കിട്ടാത്തതുകൊണ്ടുമാത്രം. നിരവധി കർഷകരുടെ ഈ വനരോദനം ഞങ്ങൾക്കും വേദനതന്നെയാണ്; ഒപ്പം വെല്ലുവിളിയും. ആ വെല്ലുവിളി ധൈര്യപൂർവ്വം ഏറ്റെടുക്കാൻ നാളികേര വികസന ബോർഡിനോടൊപ്പം കേരള കാർഷിക സർവ്വകലാശാലയും, കൃഷിവിജ്ഞാന കേന്ദ്രങ്ങളും നിരവധി സന്നദ്ധ സംഘടനകളും തയ്യാറായി.
പങ്കുവച്ചാൽ പ്രശ്നങ്ങൾ ലഘുതമമാകുമെന്ന പ്രമാണം ഇവിടെയും അർഥവത്തായി. നിരവധി ചർച്ചകളും ആലോചനകളും, ഈ ആശയത്തിന് ഭേദപ്പെട്ട രൂപഭാവങ്ങൾ നൽകുന്നതിനുപകരിച്ചു. അങ്ങനെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന ആശയത്തിന് ഇന്നു കാണുന്ന രൂപഭാവങ്ങൾ ലഭിച്ചു. ചുരുങ്ങിയത് 5000 തെങ്ങിന്റെ ചങ്ങാതിമാരെ ഈ സാമ്പത്തിക വർഷം തന്നെ പരിശീലിപ്പിച്ച് പ്രവർത്തനസജ്ജരാക്കാൻ നാളികേര വികസന ബോർഡ് തീരുമാനമെടുത്തു.
പരിശീലനംതന്നെയായിരുന്നു ആദ്യ വെല്ലുവിളി. പരിശീലനത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ചും, അതിന്റെ ഘടനയെ സംബന്ധിച്ചും മുൻവിധികളില്ലാതെ താൽപര്യമുള്ളവരുടെയെല്ലാം ആശയങ്ങൾ സ്വീകരിക്കാൻ ബോർഡും തയ്യാറായി. തെങ്ങുകയറ്റ പരിശീലനത്തിനെ ന്തിനാണ് ഇത്രയും ക്ലാസ്സുകൾ ?ജോഗിംഗും വ്യായാമവും, ശ്വസന പരിശീലനവും ആവശ്യമുണ്ടോ? ഇതെല്ലാം തെങ്ങുകയറ്റമെന്ന മുഖ്യവിഷയത്തിന്റെ പ്രാധാന്യത്തെ കുറയ്ക്കുകയില്ലേ? നിരവധി സംശയങ്ങളുടെ കടന്നൽ കൂടുകളിളകി.
ഏതു കൃഷിയിലും കൃഷിക്കാരും തൊഴിലാളികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾതന്നെ. പരസ്പരപൂരകമായ പ്രവർത്തനമില്ലാതെ ഇരുകൂട്ടരുടെയും ജീവിതം ഭദ്രമാവില്ല എന്ന തിരിച്ചറിവും ഇതിനു പിന്നിലുണ്ട്. മണ്ണിനെയും കൃഷിയെയും മറക്കുന്ന ഈ തലമുറയിലും കൃഷിയോടും തെങ്ങിനോടുമുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമമുണ്ട്. ഏതു ജോലിയുംചെയ്യാനുള്ള മനസ്സും ആരോഗ്യവുമുള്ള ഏതൊരാൾക്കും, വിദ്യാഭ്യാസ യോഗ്യതയും മുൻപരിചയവും നോക്കാതെ, വിദേശത്തുപോയി കഷ്ടപ്പെട്ടു ജോലി ചെയ്താൽ കിട്ടുന്ന വരുമാനം വൈകുന്നേരങ്ങളിൽ സ്വഭവനങ്ങളിലെത്തി അത്താഴം കഴിച്ചുകൊണ്ടുതന്നെ നേടാനുള്ള അവസരമുണ്ട്.
ആത്മാർത്ഥമായി അദ്ധ്വാനിച്ചാൽ ലഭിക്കുന്ന പണം വിവേകപൂർവ്വം ഉപയോഗിച്ചാൽ മികച്ച സർക്കാർ / സ്വകാര്യ ജോലിയിൽ നിന്നും ലഭിക്കുന്നതു പോലെയുള്ള വരുമാനവുമുണ്ടാക്കാം. കേവലം തെങ്ങു കയറ്റത്തിനപ്പുറത്ത് ഏതൊരു സ്പോർട്ട്സ് ടീമിലേയും അംഗങ്ങളെപ്പോലെ മനോഹരമായ ജഴ്സിയണിഞ്ഞ്, മൊബെയിൽ ഫോണുമായി, ഇരുചക്രവാഹനങ്ങളിലെത്തി തെങ്ങിന്റെ വിവിധ കാർഷിക പ്രവർത്തനങ്ങൾ നടപ്പാക്കുന്ന - വിളവെടുപ്പ് അതിലൊന്നുമാത്രം - ഒരു പറ്റം പ്രോഫഷണലുകളുടെ കൂട്ടം; അവരാകുന്നു തെങ്ങിന്റെ ചങ്ങാതിക്കൂട്ടം. അവർ കർഷകരുടെയും ചങ്ങാതിമാരാവണം, അങ്ങനെ കേരളത്തിന്റെ സമ്പട് വ്യവസ്ഥയുടെതന്നെയും ചങ്ങാതിമാരാവണം.
ആധുനിക കാലഘട്ടത്തിലെ കാർഷിക പ്രവർത്തനങ്ങളിൽ സാങ്കേതിക വിദ്യയും സാമ്പത്തികാവസരവും സാമുഹ്യ പദവിയും സാമുഹ്യ സുരക്ഷിതത്വവും സമന്വയിപ്പിക്കേണ്ട തുണ്ട്. കർഷകർക്കും തൊഴിലാളികൾക്കും ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയോടെ, സമൃദ്ധിയുടെ സ്വപ്നങ്ങൾ നെയ്യാനുമാവണം. അത്തരത്തിലുള്ള ഒരു ആദ്യശ്രമം നാളികേര മേഖലയിൽ തുടങ്ങാനായാൽ കാർഷിക മേഖലയിലെ മറ്റുവിളകളിലേക്കും വ്യാപിപ്പിക്കാനാവും.
കേരളത്തിൽ 10 ജില്ലകളിലെങ്കിലും ഒരു ബാച്ചിൽ ശരാശരി 20 പേർവീതമുള്ള 25 ബാച്ചുകൾക്ക് പരിശീലനം നൽകിയാൽ മാത്രമെ ചുരുങ്ങിയത് 5000 തെങ്ങിന്റെ ചങ്ങാതിമാരുടെ പരിശീലനം പൂർത്തിയാക്കാൻ കഴിയൂ. വളരെ കർശനമായി നിർബന്ധബുദ്ധിയോടെ ഇക്കാര്യം നിർവ്വഹിക്കാൻ കഴിഞ്ഞാൽ മാത്രമേ തുടർച്ചയായി 25 ബാച്ചുകളെ പരിശീലിപ്പിച്ചു പുറത്തിറക്കാനാവൂ.
കേരളത്തിൽ ഒരു പണിക്കും ആളെക്കിട്ടാനില്ല; പിന്നെങ്ങനെ തെങ്ങുകയറ്റപരിശീലനത്തിന് ആളെ കിട്ടും? ആരംഭശൂരത്വത്തിനപ്പുറത്ത് ഒന്നുമുണ്ടാവില്ല. നിങ്ങൾ ഒറീസയിൽ നിന്നും, ആസ്സാമിൽ നിന്നും ജാർഖണ്ഡിൽ നിന്നും, ഛത്തീസ്ഗഡിൽ നിന്നും ആളെ കൊണ്ടു വരേണ്ടിവരും,ഇത്തരം ആശങ്ക പലരും പ്രകടിപ്പിക്കുകയു ണ്ടായി. എങ്കിലും ആദ്യ സൊാചനകൾ നൽകുന്നത് കേരളത്തിൽ നിന്നുതന്നെ 5000 പേരെ കണ്ടെത്താനാവുമെന്നുതന്നെ. പരിശീലനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ള യുവതീയുവാക്കളെ കണ്ടെത്തി, പരിശീലനത്തിനായി പേര് രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന് കേരകർഷകരുടെ ഭാഗത്തുനിന്ന് താൽപര്യമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ നിലവിലുള്ള സിപിഎസ്കളും നാളികേര ക്ലസ്റ്ററുകളും അർഹരായ യുവതീയുവാക്കളെ കണ്ടെത്തുന്നതിന് ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ, സഹകരണ സംഘങ്ങൾ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ, സന്നദ്ധ സംഘടനകൾ, യുവജന ക്ലബ്ബുകൾ, നെഹൃ യുവകേന്ദ്രത്തിന്റെ യൂത്ത് ക്ലബ്ബുകൾ തുടങ്ങിയവർക്കും പരിശീലനത്തിനു താൽപര്യമുള്ളവരെ കണ്ടെത്തി പേര് രജിസ്റ്റർ ചെയ്യിപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ 5000 കേര ചങ്ങാതിമാർ എന്ന ലക്ഷ്യം അതിവേഗത്തിൽ നേടാനാവും.
ആദ്യ അഞ്ചു ബാച്ചുകളിൽ പരിശീലനം കഴിഞ്ഞവരെല്ലാം ആവേശഭരിതരായിരുന്നു; പരിശീലകരും. സാങ്കേതിക ക്ലാസ്സുകളിൽപോലും ഔപചാരികവിദ്യാഭ്യാസം കുറഞ്ഞവർ വരെ ആവേശഭരിതരാവുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഗൗരവകരമായ ഒരു പരിശീലനമായി ചങ്ങാതിക്കൂട്ടം പരിശീലനത്തെ മാറ്റിയെടുക്കുന്നതിന്, പരിശീലകരും, പരിശീലക സ്ഥാപനങ്ങളായ, കൃഷിവിജ്ഞാന കേന്ദ്രങ്ങളും, കാർഷിക സർവ്വകലാശാലയും, മൈത്രിയും, മാർഷൽ ഇൻഡസ്ട്രീസും എല്ലാം വലിയ പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. ഇതു കേവലം നാളികേര വികസന ബോർഡിന്റെ മാത്രം പദ്ധതിയല്ല; മറിച്ച് തെങ്ങിനെയും തെങ്ങു കൃഷിയെയും സ്നേഹിക്കുന്ന, തെങ്ങിന് കേരളത്തിന്റെ സമ്പട്‌വ്യവസ്ഥയെ സ്വാധീനിക്കാൻ കഴിയുമെന്നു മനസ്സിലാക്കുന്ന എല്ലാവരും ഒത്തൊരുമയോടെ ഏറ്റെടുക്കുന്ന ഒരു പ്രസ്ഥാനമായി ഞങ്ങൾ ഇതിനെ കാണുന്നു. തെങ്ങുകൃഷി ആദായകരമാക്കി മാറ്റണമെങ്കിൽ ചെയ്യേണ്ട എല്ലാ പ്രവർത്തനങ്ങളെയുംപറ്റിയുള്ള പ്രാഥമിക അറിവ് മാത്രമാണ് മേഷീൻ ഉപയോഗിച്ച് തെങ്ങുകയറ്റ പരിശീലനം നടത്തിയതിനോടൊപ്പം നൽകുവാനായിട്ടുള്ളു. ഇനി തെങ്ങിന്റെ ചങ്ങാതിമാർ അവരുടെ പ്രവർത്തനങ്ങൾക്കിടയിൽ പഠിക്കുന്ന അനുഭവ പാഠങ്ങൾ കൂടി നേടിക്കഴിയുമ്പോൾ അടുത്ത ഘട്ടം പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു.
തെങ്ങിന്റെ വളപ്രയോഗം, മണ്ട വൃത്തിയാക്കൽ എന്നിവ അടിസ്ഥാന പാഠങ്ങളായിരിക്കും. വിത്തുതേങ്ങ ശേഖരണം, സങ്കരയിനം തൈകൾ ഉത്പാദിപ്പിക്കുന്നതിനു വേണ്ട കൃത്രിമ പരാഗണം നടത്തൽ തുടങ്ങിയവ അടുത്ത ഭാഗമാവാം. ഇളനീർ സംഭരണവും സംസ്ക്കരണവും വിപണനവും ഏറ്റെടുക്കാൻ താൽപര്യമുള്ളവർക്ക് അതിനാവശ്യമായ പരിശീലനം നൽകുന്നതാണ്. കൂടാതെ വിളഞ്ഞ നാളികേരം സംഭരിച്ച് വൃത്തിയും ശുചിത്വവും ഉറപ്പു വരുത്തി ആട്ടുകൊപ്രയും ഉണ്ടകൊപ്രയും ഉണ്ടാക്കുന്നതിനും എണ്ണയുത്പാദിപ്പിക്കുന്ന തിനും കൂടി പരിശീലനം നൽകാം.
എല്ലാ മാസവും മുൻകൂട്ടി തീരുമാനിച്ച ഒരു നിശ്ചിത ദിവസം - പരിശീലന കേന്ദ്രങ്ങളിൽ വച്ചുതന്നെ പ്രവർത്തന അവലോകനം നടത്തുന്നതിനുദ്ദേശിക്കുന്നു. അടുത്ത മൂന്നു വർഷക്കാലം (ചുരുങ്ങിയത് 36 മാസം) ഇത്തരത്തിലുള്ള അവലോകന-വിലയിരുത്തൽ യോഗങ്ങൾ ഉണ്ടാവണം. തെങ്ങിന്റെ ചങ്ങാതിമാർ അവരുടെ അനുഭവങ്ങളും, അറിവുകളും, പരിശീലകരോടൊപ്പം പങ്കുവയ്ക്കുന്ന ഈ പ്രക്രിയയിലൂടെ കർഷകരുടെ കൃഷിസ്ഥലത്ത് നടക്കുന്ന കാര്യങ്ങളും, കൃഷിയുടെ അവസ്ഥയും, തെങ്ങിന്റെ രോഗ-കീട ബാധകളും, നിയന്ത്രണ മാർഗ്ഗങ്ങളും, ഓരോ കർഷകരുടെയും വൈവിധ്യമാർന്ന കൃഷി അനുഭവങ്ങളും, മികച്ച ഉത്പാദനക്ഷമതയുള്ള തോട്ടങ്ങളും, തെങ്ങുകളും എല്ലാം ഒരു ഡാറ്റ ബേസിൽ ലഭ്യമാക്കാനുള്ള ശ്രമം കൂടി നടത്താനാവും.
പരിശീലനം പൂർത്തിയാക്കിയ തെങ്ങിന്റെ ചങ്ങാതിമാരെ ഇപ്പോൾ രൂപീകരിച്ചുകൊണ്ടിരിക്കുന്ന നാളികേരോത്പാദക സംഘങ്ങളുമായും, തൃത്താല പഞ്ചായത്തിരാജ് - നഗരപാലിക സ്ഥാപനങ്ങളുമായും, കേര കൃഷി മുഖ്യമായി നടക്കുന്ന പ്രദേശങ്ങളിലെ പ്രാഥമിക സംഘങ്ങളുമായും ബന്ധപ്പെടുത്തി യാലോ? കൃഷിപണികൾക്കും വിളവെടുപ്പിനും ആളുകളില്ലെന്ന പ്രശ്നത്തിന്റെ പേരിൽ, കേര കൃഷിയെ അവഗണിക്കുന്ന പ്രവണത ഇല്ലാതാക്കണം. 5000 പേരുൾക്കൊള്ളുന്ന ഈ ചങ്ങാതിക്കൂട്ടം ഇതിന്റെ ആദ്യപടി മാത്രമേ ആവുന്നുള്ളു. ഇതിന്റെ 5-6 മടങ്ങ് ആളുകൾക്ക് മാന്യമായ വരുമാനം നേടാനാവശ്യമായ തെങ്ങുകൾ നമ്മുടെ നാട്ടിലുണ്ട്. അതോടൊപ്പം പരമ്പരാഗതമായി തെങ്ങുകയറ്റം നടത്തിക്കൊണ്ടിരിക്കുന്നവർക്കും അവർക്കു താൽപര്യ മുണ്ടെങ്കിൽ പരിശീലനവും, മേഷീനും നൽകാൻ കഴിയും.
ലക്ഷദ്വീപിൽ നിന്നും തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽനിന്നും ഇത്തരം പരിശീലനാവശ്യങ്ങൾ ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്. ആത്മാർത്ഥമായി പരിശീലനം നേടിയവർക്കും പരിശീലനത്തിനുശേഷം ഗൗരവകരമായി ഇതിനെ കണ്ടു പ്രവർത്തിക്കുന്നവർക്കും മികച്ച ഭാവികൂടി വിഭാവനം ചെയ്യുന്നുണ്ട്. തെങ്ങിന്റെ ചങ്ങാതിമാർ ആദ്യവർഷംതന്നെ 3 ലക്ഷം രൂപയുടെ വരുമാനം നേടിക്കഴിയുമ്പോൾ അവരെ ജൂനിയർ കോക്കനട്ട് കൺസൾട്ടന്റ് എന്ന സ്ഥാനപ്പേർ നൽകി ആദരിക്കുന്നതാണ്. അവർ തെങ്ങു കയറുന്ന 50ൽ കൂടുതൽ തെങ്ങുകളുള്ള എല്ലാ കർഷകരെയും നാളികേര ജേർണലിന്റെ ഒരു വർഷത്തെ വരിക്കാരാക്കുമ്പോൾ അവർക്ക് കോക്കനട്ട് കൺസൾട്ടന്റു?മാരായി സ്ഥാനക്കയറ്റം നേടാം; ഇതിനോടൊപ്പം മൂന്നു വർഷം കൊണ്ട് 10 ലക്ഷം രൂപയുടെ വരുമാനം നേടുന്നവർക്ക് ?സീനിയർ കോക്കനട്ട് കൺസൾട്ടന്റ്? എന്ന് സ്ഥാനപ്പേർ നൽകിയാലോ? ഇങ്ങനെ, അവരുടെ ജീവിതത്തിൽ, സാമ്പത്തികവും സാമൂഹ്യവുമായ ഉയർച്ചയ്ക്കു കൂടിയുള്ള അവസരം ഉണ്ടാവുന്നതാണ്.
പബ്ലിക് പ്രോവിഡണ്ട് ഫണ്ട്, റിക്കറിംഗ് ഡിപ്പോസിറ്റ് എന്നിവ ഇവർക്കോരോരു ത്തർക്കും ഉണ്ടായാൽ 20 വർഷത്തെ അവരുടെ പ്രവർത്തനം പൂർത്തിയാവുമ്പോഴേയ്ക്കും ഒരു നിശ്ചിതസമ്പാദ്യം അവർക്ക് കൈമുതലായുണ്ടാവാം. സിപിഎസ്കളുടെ നിശ്ചിത പരിധിയിൽ പ്രവർത്തിക്കുമ്പോൾ, അവരുമായി നിർദ്ദിഷ്ട കാലയളവിലേയ്ക്ക് പ്രവർത്തനക്കരാർകൂടി ഉണ്ടാക്കിയാൽ, സിപിഎസ്കളുടെ വിഹിതം കൂടി ചേർത്തുള്ള കോൺട്രിബ്യൂട്ടറി പ്രോവിഡണ്ട് ഫണ്ടും ചിന്തിക്കാവുന്ന തേയുള്ളു. 60 വയസ്സ് അഥവാ, 20 വർഷത്തെ സേവനം പൂർത്തിയാവുമ്പോൾ അവർക്ക് പെൻഷൻ കൂടിയുണ്ടായാലോ?
പരിശീലനവും, മേഷീനും, രണ്ടു സെറ്റ് യൂണിഫോമും സൗജന്യമായി നാളികേര വികസന ബോർഡ് നൽകുന്നു. ഇവർക്ക് ഗതാഗത സൗകര്യത്തിനായി ഒരു ടൂ വീലർ കൂടിയുണ്ടായാൽ അവരുടെ പ്രവർത്തന പരിധിയും വ്യാപ്തിയും വർദ്ധിപ്പിക്കാനാവില്ലേ? സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ ഇക്കാര്യം അവതരിപ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം ലോണെടുത്ത് അവർ വാങ്ങുന്ന ടൂ വീലറിന്, 25 ശതമാനം സബ്സിഡി നൽകുന്നതിന് സംസ്ഥാന സർക്കാർകൂടി തയ്യാറായാൽ, മികച്ച പ്രചോദനമാവും. വനിതകൾകൂടി ഈ രംഗത്തേയ്ക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തിനായി അവർക്ക് അൽപംകൂടി ഉയർന്നതോതിൽ (50 ശതമാനം) സബ്സിഡി നൽകുന്നതും ഉചിതമായിരിക്കും. ഓരോ ജില്ലയിലേയും പരിശീലനം പൂർത്തിയാക്കിയ തെങ്ങിന്റെ ചങ്ങാതിമാരുടെ ഡയറക്ടറി പ്രസിദ്ധപ്പെടുത്തി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, പ്രാഥമിക സഹകരണ സംഘങ്ങളിലും, സിപിഎസ്കളിലും, മറ്റു പൊതുസ്ഥാപന ങ്ങളിലും ലഭ്യമാക്കുന്നതിനും ശ്രമിക്കുന്നതാണ്.
അങ്ങനെ തെങ്ങിനും, തെങ്ങു കൃഷിക്കാർക്കും, ഒരു കൈത്താങ്ങും, തെങ്ങു കൃഷിയിൽ ഒരു പുത്തനുണർവ്വും, ആവേശവും തെങ്ങിന്റെ ചങ്ങാതിക്കൂട്ടം വഴിയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. സിപിഎസ്കളും, ചങ്ങാതിക്കൂട്ടവും, തൃത്താല പഞ്ചായത്തുകളും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ കേരളത്തെ, ലോകത്തിലെ ഏറ്റവും മികച്ച നാളികേര ഉത്പാദനക്ഷമതയുള്ള നാടായി അഞ്ചു വർഷംകൊണ്ടു മാറ്റിയെടുക്കാൻ നമുക്കു കഴിയും. തീർച്ച!
സ്നേഹാദരങ്ങളോടെ,
ടി.കെ. ജോസ് ഐഎഎസ്