ഡോ. സി ജി രാജേന്ദ്രബാബു
ജലം അതിന്റെ പാത സ്വയം സൃഷ്ടിക്കുന്നു. ഉള്ളിൽ ഉറവ പൊട്ടുന്ന കവിത ജലത്തെപ്പോലെ സ്വയം അതിന്റെ ആവിഷ്കാരമാർഗ്ഗം തെളിയിച്ചെടുക്കുന്നു. ആധാരശിലകളായ ആത്മഭാവങ്ങൾ - നൊമ്പരത്തിന്റെ നുറുങ്ങുകളും സന്തോഷത്തിന്റെ ഹൃദ്യലാവണ്യങ്ങളും - ഭാഷയായി ഉരുവമെടുക്കുമ്പോൾ നല്ല കവിത പിറക്കും. ഉള്ളിന്റെ ഉള്ളിലേക്ക് കടന്നുചെന്ന് കുറിയ്ക്കുന്ന കവിത സാദാരണീകരണത്തിന്റെ സാമാന്യതയിലൂടെ വായനയുടെ സ്വകാര്യാനുഭവമായി മാറുമ്പോഴേ കവി പിറക്കുന്നുള്ളൂ. അല്ലാത്തപ്പോൾ കുറിച്ചുകാട്ടിയ അക്ഷരങ്ങൾ ജഡരൂപങ്ങൾ മാത്രം. കവിതയേയും കവിയേയും ഇങ്ങനെയാണു വ്യത്യസ്തമായി തിരിച്ചറിയാൻ കഴിയുക. ആശയസാന്ദ്രത ( ) താളസാന്ദ്രത ( ) ദർശനസാന്ദ്രത ( ) ഇവ മൂന്നിന്റെയും സവിശേഷമായ സംഗമം കവിതയുടെ ജീവശ്വാസമാണെന്നു പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. 'കവിത' ശക്തമായ വികാരങ്ങളുടെ സ്വാഭാവികമായ പതഞ്ഞൊഴുകലാണെന്ന് പണ്ടേ കുറിച്ചുവച്ചതും പഴഞ്ചൻ സിദ്ധാന്തമല്ല. വികാരങ്ങളുടെ ക്രമബദ്ധമായ, താളപൂരിതമായ പതഞ്ഞൊഴുകളില്ലാതെ നല്ല കവിതറ്റില്ലതന്നെ.
ഈ മുൻവാക്കുകൾ അന്വർഥമാക്കുന്ന ഒരുപിടി കവിതകളെ അവതരിപ്പിക്കുന്നത് നിറഞ്ഞ സന്തോഷത്തോടെയാണു`. ജീവിതാനുഭവങ്ങളുടെ ആഴത്തിലുള്ള അന്വേഷണവും, ഭാവഘടനയുടെ ഉറപ്പും ദൃഢതയും കാട്ടുന്ന കവിതകൾ ദീപ്തമായ അനുഭൂതികളിലേക്ക് എന്നെ കൊണ്ടുപോയി. അപാരമായ അനുഭവസഞ്ചയങ്ങളുടെ ആവിഷ്കാരമായി ശ്രീകൃഷ്ണദാസ് മാത്തൂരിന്റെ കവിതകൾ എനിക്കനുഭവപ്പെട്ടു. ആ സന്തോഷമാണു` ഈ കവിതകൾ സഹൃദയർക്കായി അവതരിപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചതു`. ശ്രീകൃഷ്ണദാസ് മാത്തൂരിനു` മരിക്കാത്ത പുഴ ഒരു വിലാപവും തേങ്ങലുമാണു`. നെഞ്ചിൽ പഴയൊരു സരസ്വതിയുടെ ഒഴുക്കാണു` ഈ കവിക്കു പുഴ.
"കാണാൻ കൊതിച്ച കുറെ
പൂവുകൾ കെട്ടിപ്പെറുക്കി
ഈ-മെയിൽ വന്നപ്പോൾ
ആരുമിറുക്കാതെ വന്ധ്യയായ് പോയവൾ..."
കവിയുടെ മാത്രമല്ല; കുഴഞ്ഞുമറിഞ്ഞ കാലത്തിന്റെ നേർ രേഖകൾ കോടിപ്പോയപ്പോൾ നമ്മുടെ ഹൃദയത്തിന്റെയും മിടിപ്പുകളായി.
"നീലിയും പണ്ടത്തേതായിരുന്നു മെചം:
ഇരുമ്പുകണ്ടാൽ ഭയക്കുന്ന പാവം.."
എന്ന് കുറിച്ചത് ഉള്ളുഭേദിക്കുന്ന ഒരു ചാട്ടുളിയായി ആർക്കാണു അനുഭവപ്പെടാത്തത്? കടുത്ത പരിഹാസത്തിന്റെ കൂരമ്പ് കവി വേറെയും കരുതി വച്ചിട്ടുണ്ട്.
"പെറും മുമ്പേ അൽപം
'എന്തോ'സൾഫാൻ
മോന്തിയാലോ"...?
അത് കൊള്ളേണ്ടിടത്തു കൊണ്ടില്ലേ? 'പൊട്ടവീണയും പെരുവഴിയും' കൊണ്ട് കലികാലത്തിൽ കാര്യമില്ലെന്നും കവി കളിയായി, അല്ല കാര്യമായിത്തന്നെ പറഞ്ഞുവയ്ക്കുന്നു. കവിയുടെ പരിഹാസത്തിന്റെ കടുത്ത ചായക്കൂട്ട് പതിക്കുന്ന മറ്റൊരു ചെറിയ കവിത നോക്കുക.- 'മുന്നണി'
"മുന്നണിക്കാടിന്റെ നാമധേയം
മുന്നണിയിലും പിന്നണിയിലും
ചുറ്റിപ്പിണഞ്ഞുകിടക്കുന്നു.." എന്നാണു` കവി പറയുന്നത്.
കൊച്ചു വാക്കുകൾ കൊരുത്തെടുത്ത് ഭാവത്തിന്റെ പരകോടി സൃഷ്ടിക്കുന്ന് 'കവി കെട്ടുമുറ' ഈ കവിയ്ക്ക് സ്വായത്തമാണെന്ന് ഇതിലെ പല കവിതകളും ഓർമ്മിപ്പിക്കുന്നു. 'കാറ്റ്' എന്ന പേരിലുള്ള കവിത ഉദാഹരണം. കാറ്റിനോട് കവി പറയുന്നു:
"മറക്കരുത്,ഞാൻ തനിച്ചാണു`,
എന്റെ ശ്വാസവും കൂടി കൊരുത്തെടുത്തേക്കണം.." ഭാവഗരിമയുടെ കനം ഈ വരികളിൽ അനുഭവപ്പെടുന്നു.
'അശാന്ത' ത്തിലെ മുന്നറിയിപ്പ് ഒരു കിടിലമാണു`.
"ചിരികൾ വിരിയുന്നിടത്തെല്ലാം
ഭൂമി നിണം കുടിച്ചിട്ടുണ്ടെന്ന്
ചൊടികൾ വിളിച്ചുപറഞ്ഞു" എന്ന മുന്നറിയിപ്പ് നടുക്കത്തിന്റെ വിളംബരമാണു`.
സമകാലികാവസ്ഥയെ - നമ്മുടെ രാജ്യത്തിന്റെയും - ഉൾക്കണ്ണുതുറന്നു നോക്കിക്കാണുന്ന നിരവധിരചനകൾ കവി കുറിച്ചിട്ടുണ്ട്. 'ഫോസ്സിൽ' അതിലൊന്ന്. നിലവിളികളുടെ ഇടയിലൂടെ ഇന്ത്യയുടെ തിരുഹൃദയം എരിയുന്നതിന്റെ നൊമ്പരം ചാലിച്ചതാണു ആ കവിത. അമ്പിളിമാമനോട് നിന്റെ ചതഞ്ഞ മുഖം എനിക്കു കാണേണ്ടാ എന്ന് ദൈര്യത്തോടെ പറയാൻ കവിയ്ക്കു കഴിയുന്നു. 'എണ്ണയും വെള്ളവും' എന്ന കവിത കവിയുടെ ആത്മാലാപമാണു`. എന്നാൽ ആ 'രാശിദോഷം' കവിയുടേതു മാത്രമാണോ. അല്ല. അത് നമ്മുടേതുമാണു`. കലികാലത്തിന്റെ മുഖത്തുനോക്കി കവി കൊഞ്ഞനം കുത്തുകയാണു` 'ഡിസൈനർ സാരി' എന്ന കവിതയിൽ. അപാരമായ ദർശനപ്പൊലിമ പ്രദർശിപ്പിക്കുന്ന ഒരു കവിത നമ്മെ ഇരുത്തിച്ചിന്തിപ്പിക്കും - 'ഗാന്ധ്യായനം'-
"ഗ്രാമത്തിലൂടെ
കൈത്‌തറി നൂറ്റ്
ഗാന്ധിമഴ.
അർദ്ധനഗ്ന ഗാത്രം
താങ്ങിത്താങ്ങി
മഴയ്ക്കോരം ചേർന്ന്
ഭാരതഗമനം..!" ഇന്ത്യൻ അവസ്ഥയുടെ പരിതാപപൂരിതമായ ഗതി ഈ കവിത വിളിച്ചോതുന്നു.
മഴയും കടലും പുഴയും പൂവും കവിയ്ക്ക് പഴയ പുരാവൃത്തങ്ങളുടെ ആവർത്തനമല്ല; ആത്മവ്യഥയുടെ ഹൃദയതാളത്തെ കവിയിൽ വീണ്ടും ജനിപ്പിക്കുന്ന ജീവകണങ്ങളാണു`. കവിതകളിൽ ആവർത്തിച്ചുവരുന്ന ഈ ബിംബങ്ങളിലൂടെ കവി പുനർജ്ജനിക്കുകയാണു`. പുതിയ പരിസ്ഥിതികളിൽ സ്വയബോധം നഷ്ടപ്പെട്ട് ഉഴറിയലയുമ്പോൾ സ്വയം തിരിച്ചറിയാനുള്ള ഊന്നുവടികളാണു` കവിതകളിൽ ആവർത്തിച്ചു കടന്നു വരുന്ന മാതൃബിംബങ്ങളും പുഴയും ജലവും.
"അമ്മമായകൾ മയങ്ങും
തിരിവുകൾ കടക്കുമ്പോൾ
പൂക്കളില്ലാത്ത ആകാശപ്പടർപ്പിൻ
തുമ്പത്തെ ആധിക്കണ്ണു`" ആരെയാണു വിഹ്വലരാക്കാത്തത്? വാക്കും അർത്ഥവും ഒന്നായിത്തീരുന്ന കെട്ടുമുറയുടെ ഒരു അപൂർവ്വ്വജാലവിദ്യ ഈ കവി സ്വന്തമാക്കിയിട്ടുണ്ട്. പാഠത്തിൽ നിന്ന് ( ) ധ്വനിപാഠം ( ) വിളയിപ്പിക്കുന്ന രാസവിദ്യ ഈ കവിയ്ക്കറിയാം. സ്വന്തമായ ഒരു കവിമാർഗ്ഗം സ്വരൂപിച്ച ഒരു കവിയെ ഞാനീ കവിതകളിൽ കാണുന്നു. മണ്ണിന്റെയും മനസ്സിന്റെയും പച്ചപ്പും പശിമയുമാണു` ഈ കവിയെ വേറിട്ടു നിർത്തുന്നത്.
******************************
പുസ്തകം :അമ്മയുടെ സ്വന്തം.
കവി : ശ്രീകൃഷ്ണദാസ് മാത്തൂർ
ഉണ്മ പബ് ളിക്കേഷൻസ്