സണ്ണി തായങ്കരി
മുനിയാണ്ടിയുടെ വലിയ വട്ടക്കണ്ണുകൾ കോൺക്രീറ്റ് തൂണുകൾക്കിടയിലുള്ള ദ്വാരത്തിലൂടെ ദൂരെ തിരതെറുക്കുന്ന കടലിന്റെ ഇരുൾ നിറഞ്ഞ അഗാധതയിൽ തുറിച്ചുനിൽക്കുകയായിരുന്നു.
തിരമാലകൾ ക്രൂരമായ ആവേശത്തോടെ ആലിംഗനം ചെയ്ത് ദുർബലമാക്കിയ അസംഖ്യം ഇരുമ്പുതൂണുകളിൽ ഉയർന്നുനിൽക്കുന്ന കടൽപ്പാലം മാംസം അഴുകി കശേരുക്കൾ തകർന്ന ഒരു ജിറാഫിന്റെ അസ്ഥിപജ്ഞരംപോലെയുണ്ട്. കടൽപ്പാലത്തിന് കിഴക്ക് കപ്പലുകൾക്ക് ദിശാബോധം നൽകി നിരന്തരം ചുറ്റിയടിക്കുന്ന ചുവപ്പും വെള്ളയും പെയ്ന്റിൽ തിളങ്ങുന്ന ലൈറ്റ് ഹൗസിന് വടക്കായി തകർന്നുതുടങ്ങിയ പാണ്ടികശാലക്ക് പിന്നിലാണ് ആ ഇടം. ഇഴജന്തുക്കളും ക്ഷുദ്രജീവികളും നിർഭയം രാപ്പാർക്കുന്നിടം. നൂറ്റാണ്ടുകൾക്കുമുമ്പ് പാണ്ടികശാലയ്ക്കുവേണ്ടി നിർമിച്ചതിൽ മിച്ചംവന്ന കോൺക്രീറ്റുതൂണുകൾ മണ്ണിനടിയിൽനിന്ന് പൊക്കിയെടുത്ത് സമചതുരാകൃതിയിൽനാട്ടി മുകളിലും ചുറ്റിലും ഓലഷീറ്റുമേഞ്ഞ് ബന്ധവസ്സാക്കി. അന്യരുടെ കണ്ണും കാൽപ്പാദവും എത്തിപ്പെടാത്ത സുരക്ഷിതസങ്കേതം തയ്യാറാക്കിയെടുത്തത് മുനിയാണ്ടിയാണ്.മേൽക്കൂരയും ഭിത്തിയും കാലപ്പഴക്കത്തിൽ പാഴ്ച്ചെടികൾ ചുറ്റിവരിഞ്ഞ് സുരക്ഷിതമാക്കി! നിബിഢവനംപോലെ തോന്നിക്കുമാറ് വളർന്നുനിൽക്കുന്ന ഒരാൾ പൊക്കമുള്ള പാഴ്ച്ചെടികൾ വകഞ്ഞുമാറ്റി അവിടെയെത്താൻ മുനിയാണ്ടിക്കല്ലാതെ മറ്റാർക്കാണ് കഴിയുക? ആ പ്രദേശത്തിന്റെ കാളിമതന്നെയാണ് അവിടെ പകലിനെ രാത്രിയായും രാത്രിയെ അമാവാസിയാക്കിയും മാറ്റിയത്.
ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ വിഘാതങ്ങളെയും അതിജീവിച്ച് ഇടിഞ്ഞുവീഴാറായ കാടും പട ലും നിറഞ്ഞ തുറമുഖ ഓഫീസിനും ജീർണിച്ച പാണ്ടികശാലയ്ക്കും ഇടയിലൂടെ കടൽക്കാഴ്ചകളിലേ ക്കും കടപ്പുറക്കാഴ്ചകളിലേക്കും തുറക്കുന്ന ഋജുവായ ഒരു ദൃശ്യമാപിനി ആ രഹസ്യസങ്കേതത്തിനുണ്ടായിരുന്നു. മുനിയാണ്ടി തെളിച്ചെടുത്തുവേന്ന് പറയുന്നതാകും ഉചിതം.
മുനിയാണ്ടിയുടെ വട്ടക്കണ്ണുകൾക്ക് ഒരു പ്രത്യേകതയുണ്ട്. അത് അയാളുടെ കണ്ണുകളുടെ ജനിതക വിശേഷമോ ശ്രുതിഭംഗംവന്ന കാലത്തിന്റെ പ്രത്യേകതയോ എന്നറിയില്ല. ഏതായാലും രാത്രികാലങ്ങളിലേക്ക്മാത്രം തുറക്കുന്ന ആ കണ്ണുകളുടെ റെറ്റിനയിൽ തെളിയുന്നതെല്ലാം അരുതായ്മകളായിരുന്നു. വൈ.എം.സി.എയ്ക്ക് കിഴക്ക് വാടക്കനാലിന്റെ വടക്കേ തീരത്തുണ്ടായിരുന്ന പഴയ രാധാ ടാക്കിസിന്റെയും കൈചൂണ്ടി ജംഗ്ഷനിലുള്ള വിദ്യാ തീയറ്ററിന്റെയും(ടാക്കീസും തീയറ്ററുമെല്ലാം അടിപൊളി സൂപ്പർ മാർക്കറ്റുകളായി രൂപാന്തരപ്പെടുന്ന കാലമാണല്ലോ ഇത്) പ്രോജക്ടറിന്റെ കണ്ണുകൾ പതിയുന്ന വെളുത്ത സ്ക്രീനിൽ അശ്ലീലവും കൊള്ളയും കൊലയും മാത്രം നിറയുന്നതുപോലെ!
രാത്രീഞ്ചരനായ മുനിയാണ്ടിയുടെ കണ്ണുകളിൽനിന്ന് അരുതാക്കാഴ്ചകളൊന്നും ഒരു കാലത്തും തെന്നിമാറിയിട്ടില്ല. കടൽപ്പാലത്തിന്റെ മുകളിൽ പാതിദ്രവിച്ച തേക്കിൻ പലകയിൽ കമഴ്‌ന്നുകിടന്ന്, തിരമാലകൾ തല്ലിയാർക്കുമ്പോൾ ചിതറിത്തെറിക്കുന്ന ഉപ്പുവെള്ളത്തിന്റെ സൂക്ഷ്മകണികകളിൽ കുതിർന്ന്, കടൽപ്പാലത്തിനടിയിൽ തെളിമണലിൽ സൃഷ്ടിക്കപ്പെടുന്ന കാമിനീയതയുടെ രതിക്രീഡകൾ ആവോളം ആസ്വദിച്ചിട്ടുണ്ട്. വിജയാപാർക്കിന് സംരക്ഷണ ഭിത്തിയായി അടക്കിയിരിക്കുന്ന കരിങ്കൽവിടവിൽ ഇണചേരുന്ന രഹസ്യകാമുകരേയും മുനിയാണ്ടിയുടെ വട്ടക്കണ്ണുകൾ കാണാതിരുന്നിട്ടില്ല. തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ മദ്യപിച്ച് ലക്കുകെട്ട മന്ത്രിപുത്രന്മാരടങ്ങിയ കുബേരകുമാരന്മാർ ലക്ഷ്വറികാറിലിട്ടും ചൊരിമണലിലിട്ടും മാറിമാറി ബലാൽസംഗം ചെയ്യുന്നതും ജീവനും മരണവും പെൺകുട്ടിയിൽ കൊമ്പുകോർക്കുമ്പോൾ ഇരുകൈകളിലും കൊലുസ്സിട്ട കാലുകളിലും പിടിച്ച് ഊഞ്ഞാലാട്ടി കടലിലേക്ക് എറിയുന്ന ദൃശ്യവും മുനിയാണ്ടിയുടെ കണ്ണുകളിൽനിന്ന് വഴുതിപ്പോയിട്ടില്ല. നിയമപാലകരെ സാക്ഷിനിർത്തി(നക്കാപ്പിച്ച കിട്ടിയാൽ കണ്ണടച്ചും അടയ്ക്കാതെയും വിട്ടുവീഴ്ചചെയ്യാത്ത എത്ര പോലീസുകാരുണ്ട് ഈ രാജ്യത്ത്) സർക്കാരിന്റെ വകയായ കടൽപ്പാലത്തിൽനിന്ന് നട്ടുംബോൾട്ടുമിളക്കി കൂറ്റൻ തേക്കിൻകഴകളും ഇരുമ്പുകേഡറുകളും ചുമന്ന് ലോറിയിൽ കയറ്റി കൊണ്ടുപോകുന്നതും നിരവധി തവണ കണ്ടു.
നടുക്കടലിൽ അർധരാത്രിയിൽ സ്പീഡുബോട്ടുകളിൽനിന്ന് പത്തേമാരികളിലേക്ക് കടത്തുന്ന ഭീമൻ പെട്ടികൾ നഗരമധ്യത്തിലേക്ക് കൊണ്ടുപോകുന്നത്, പത്തേമാരികളിൽ കയറ്റുന്ന വലിയ പെട്ടികൾ പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ എത്തിക്കുന്നത്, കൊലചെയ്യപ്പെട്ടവരുടെ ശവം കല്ലുകെട്ടി കടലിൽ താഴ്ത്തുന്നത് തുടങ്ങി വൈവിധ്യമുള്ള അരുതാക്കാഴ്ചകളുടെ എത്ര ഫ്രെയിമുകളാണ് മുനിയാണ്ടിയുടെ കണ്ണുകളിൽ സജീവമായി നിലനിൽക്കുന്നത്!
മാഫിയ സംഘങ്ങളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും അഴിഞ്ഞാട്ടം രാത്രികാലങ്ങളിൾ കൂടുതൽ രൗദ്രവും ഭീകരവുമാകും.വേട്ടക്കാരും ഇരകളും ഓട്ടമത്സരം നടത്തുന്ന വേദിയും ഇതുതന്നെ.നഗരത്തിലെ ഏതെങ്കിലും ബാറിൽനിന്ന് ഓട്ടം ആരംഭിച്ച് പടിഞ്ഞാറേയ്ക്കോടി ആസ്പിൻവാൾ കമ്പനിയും ഗുജറാത്തി സ്ട്രീറ്റിലെ ജയിൻ മന്ദിറിന്റെമുമ്പിലെ ഇടുങ്ങിയ റോഡുംകടന്ന് മുപ്പാലത്തിലെത്തുമ്പോൾ ഇരയ്ക്ക് സംശയം.
ഒരു രക്ഷയ്ക്കെന്നോണം എസ്.പി. ഓഫീന് മൂന്നുവട്ടംവലംവച്ച് വീണ്ടും പടിഞ്ഞാറേക്ക്.നിലം പൊത്താ റായ പഴയ കൺസ്യൂമർ പ്രോട്ടക്ഷൻ കോടതികെട്ടിടവും രാജാകേശവദാസ് സ്വിമ്മിംഗ്പൂളും പിന്നിട്ട് ചെല്ലുമ്പോൾ അതാ, മുന്നിൽ വിഘാതമായി മതിൽ! ദുർബമായ പൊട്ടിപ്പൊളിഞ്ഞ മതിൽ ചാടിയിറങ്ങുമ്പോഴേയ്ക്കും ഇരട്ടപ്പാതയുടെ അഭാവത്തിൽ സിംഗിൾ ട്രാക്കുനിറഞ്ഞ് ചലിക്കുന്ന വൻമതിൽപോലെ ആർത്തലച്ചെത്തുന്ന രാത്രിവണ്ടികണ്ട് ഇര അന്ധാളിച്ചു നിൽക്കും. റെയിൽപ്പാളത്തിന്റെ ഇടത്തെ കേഡറിനിപ്പുറം പണ്ടെന്നോ വിരിച്ച ചിതറിത്തെറിച്ച വലിയ മെറ്റൽ കഷണങ്ങൾക്കു മുകളിലൂടെ ഓടി, റെയിൽ ഗേറ്റ് കടന്ന് സ്റ്റേറ്റ്ബാങ്കും പിന്നിട്ട് കടപ്പുറത്തിന്റെ വിശാലതയിലെത്തും. ഇന്ദിരാഗാന്ധി എഴുപത്തേഴിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നിറങ്ങിയ തകർന്നുതരിപ്പണമായ ഹെലിപ്പാഡ് ചുറ്റുന്നതിനപ്പുറത്തേയ്ക്ക് ഇരയ്ക്ക് പിടിച്ചുനിൽക്കാനാവില്ല. അപ്പോഴേയ്ക്കും തൂവെള്ള മണൽ പുന്നപ്ര വയലാർപോലെ ചുവക്കും.
അവസാന ഫ്രൈമിൽ ഒന്നുകൂടി കണ്ടു. മൂന്നു പൂവാലന്മാർ ക്ലാസ്മേറ്റുകളായ മൂന്ന് കിളുന്ത് ഗ്രാമീണ പെൺകുട്ടികളെ പ്രലോഭിപ്പിച്ചുകൊണ്ടുവന്ന് ഇടിഞ്ഞുപൊളിഞ്ഞ തുറമുഖ വകുപ്പിന്റെ മേൽക്കൂരയില്ലാത്ത കെട്ടിടത്തിൽവച്ച് പെൺനഗ്നതയുടെമേൽ പ്രായത്തിന് അനുയോജ്യമല്ലാത്ത പുരുഷകൊടുങ്കാറ്റ് അഴിച്ചുവിടുന്നത്. അപരന്മാർ അത് മൊബെയിൽ ക്യാമറയിൽ ദൃശ്യാവിഷ്കാരം നടത്തുന്നതും...
തിരുനൽവേലിയിലെ ഏതോ കുഗ്രാമത്തിൽനിന്നെത്തിയ അനാഥബാലൻ ചിന്നാണ്ടി മേട്ടുപ്പാളയം കാലിച്ചന്തയിൽ തന്റെ മുപ്പതുകളിൽ മുടിചൂടാമന്നനായിരുന്നു. കാളക്കൂറ്റനുതുല്യം ശക്തൻ. എന്തിനുംപോന്നവൻ. ആരേയും കൂസാത്ത പ്രകൃതം. കൊമ്പൻ മീശയും വലിയ കൃതാവും പഴയ ഹിപ്പിസ്റ്റൈലിൽ വെട്ടിനിർത്തിയ മുടിയും ചിന്നാണ്ടിയെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കി. ചിന്നാണ്ടിയുടെ നിയമം കാലികൾക്കും കാലികളുടെ നേർസ്വഭാവമുള്ള മനുഷ്യർക്കും ലംഘിക്കാൻ ധൈര്യമുണ്ടായില്ല. വഞ്ചനയ്ക്ക് കഠാരിപ്പിടിയുടെ ചൂടാണ് പ്രതിഫലമായി അയാളെന്നും വിധിച്ചതു.
ഒരിക്കൽ ചിന്നാണ്ടിയുടെ അഭാവത്തിൽ അയാളുടെ ഇളക്കമുള്ള പൊണ്ടാട്ടിയെ അപരിചിതമായ പുരുഷസുഖം നൽകി കയ്യടക്കിക്കളഞ്ഞു കാമത്തിൽ എന്നും കഴുകക്കണ്ണുള്ള പങ്കുകാരൻ അണ്ണാച്ചി വേലുച്ചാമി. വേലുച്ചാമിയുടെയും പൊണ്ടാട്ടിയുടെയും സ്ഥൂലിച്ച ശരീരപ്രകൃതിവച്ച് കഠാരിയുടെ നീളം ഇരുവർക്കും തികയില്ലെന്നറിയുന്ന ചിന്നാണ്ടി കൊല്ലക്കുടിയിൽ സൂചി വിൽക്കാനെത്തി അവിടുത്തെ മൂപ്പനായി മാറിയ തങ്കയ്യമൂപ്പൻ പഴുപ്പിച്ച് തല്ലി മൂർച്ചവരുത്തി നൽകിയ വാൾ രതിക്രീഡ ഉത്തുംഗതയിലെത്തിയ വേളയിൽ ഇരുമെയ്യകളേയും കോർമ്പിലിൽ മത്സ്യമെന്നപോലെ കോർത്തുനിർത്തി. തെളിവുകൾ നശിപ്പിക്കാൻ ചിന്നാണ്ടിക്ക് സമയം കിട്ടുംമുമ്പ് പോലീസിന്റെ പിടിയിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കരുതിക്കൂട്ടിയുള്ള ഇരട്ടക്കൊലപാതകത്തിന്റെ ശിക്ഷ കൊലക്കയറിൽ കുറഞ്ഞതൊന്നുമാവില്ലെന്ന ബോധ്യത്തോടെ ഒളിവുസങ്കേതംതേടി അലയുമ്പോഴാണ് കാലിബ്രോക്കർ കാളയവുതയെ കണ്ടുമുട്ടുന്നത്.
ചങ്ങനാശ്ശേരി ചന്തപ്പുറത്തെ മാട്ടിറച്ചി വെട്ടുകാരൻ കോന്ത്രൻ കീവറീതിന്റെ ദ്വിതീയ പുത്രൻ അവുത വട്ടിപ്പലിശക്കാരനെ കുത്തിമലർത്തി ഒളിച്ചോടി രായ്ക്കുരാമാനം മേട്ടുപ്പാളയം കാലിച്ചന്തയിൽ എത്തിയത് ഫ്ലാഷ് ബാക്ക്. അന്ന് കഥയറിഞ്ഞ് തുണച്ചതു ചിന്നാണ്ടി. അവുത വൈകാതെ മേട്ടുപ്പാളയത്തിന്റെ സ്വന്തം കാളയവുതയായി.
പ്രത്യുപകാരമെന്നേ പറയേണ്ടു. കാളയവുത ഒരു ആജാനബാഹുവിനെ പരിചയപ്പെടുത്തുന്നു. മലയാളത്താനാണ്. മുട്ടോളമെത്തുന്ന സ്വർണവർണമുള്ള മൽമൽ ജൂബ്ബയും നീലക്കരയൻ തൂവെള്ള ഡബിൾ വേഷ്ടിയുമാണ് വേഷം. കഴുത്തിൽ കട്ടിയേറിയ കയർപിരിയൻ സ്വർണച്ചെയിൻ. വിരലുകളിൽ നിറയെ തിടിച്ച മോതിരങ്ങൾ. ഇടതുകൈയിൽ ബ്രേസ്ലെറ്റ്. ആളൊരു പണച്ചാക്ക്! സ്വതസിദ്ധമായ കൂസലില്ലായ്മയോടെ ചിന്നാണ്ടി അപരിചിതന്റെ മുമ്പിൽ തലയുയർത്തി നിന്നു.
"ആലപ്പൊഴേലെ പെരുത്ത കയറുമൊതലാളിയാ..." കാളയവുത പരിചയപ്പെടുത്തി.
ചിന്നാണ്ടി താത്പര്യമില്ലായാമയോടെ ഇരുന്നതേയള്ളു. പണച്ചാക്കുകളുടെ പെരുമ കേൾക്കുന്നത് ചിന്നാണ്ടിക്ക് പണ്ടേ റൊമ്പപൈത്യം.
"ചിന്നാണ്ടിക്ക് ഇനി അധികകാലം ഇവിടെങ്ങും ഒളിച്ചു കഴിയാമ്പറ്റത്തില്ല. എന്നേലും പോലീസുപിടിക്കും. പിടിച്ചാ കഴുമരം ഒറപ്പാ. കേസുകെട്ട് എരട്ടക്കൊലയാ."
കാളയവുത അപ്പോഴും കാര്യമെന്താണെന്ന് പറയുന്നില്ല.
"എനിക്ക് ചിന്നനെ ആവശ്യമുണ്ട്." കയർ മുതലാളി ഇടപെട്ടു.
"എന്റെ കയർ ഫാക്ടറിയിൽ ആയിരത്തിനുമേൽ തൊഴിലാളികളുണ്ട്. ചില യൂണിയൻ നേതാക്കന്മാർക്കും തൊഴിലാളി സഖാക്കൾക്കും എല്ലേൽ ചോറുകൊള്ളുന്നതാ അവിടുത്തെ പ്രശ്നം."
ചിന്നാണ്ടി നിശ്ശബ്ദം കേട്ടിരുന്നു.
"നിന്റെ തടിമിടുക്ക് എനിക്കിഷ്ടപ്പെട്ടു. ഒരു പോലീസും തൊടാതെ നിന്നെ ഞാൻ നോക്കിക്കൊള്ളാം."
ചിന്നാണ്ടിക്ക് ആ ഉറപ്പ് നന്നേ ബോധിച്ചു. തീരദേശ പാളത്തിലൂടെ ട്രെയിൻ കൂവിപ്പായും മുമ്പായിരുന്നു ആ സംഭവം. അന്നത്തെ മുന്തിയ കാറായ ബെൻസിൽ പുറപ്പെടുമ്പോൾ മുതൽ അർധരാത്രിയിൽ കയറിന്റെ തലസ്ഥാനത്ത് എത്തുംവരെ ചിന്നാണ്ടി മൂടിപ്പുതച്ച് ഡിക്കിയിൽ ചുരുണ്ടുകിടന്നു. പരിശോധിച്ച ഉദ്യോഗസ്ഥർക്കെല്ലാം തോനെകിട്ടി, തമിഴകം പിന്നിടുംവരെ.
ആലപ്പുഴയിലെത്തിയ ചിന്നാണ്ടി മുനിയാണ്ടിയായി. മുനിയാണ്ടിക്കുവേണ്ടി മുതലാളി പകലിന് രാവെ ന്നും രാവിന് പകലെന്നും പേരിട്ടു. വാസസ്ഥലം സ്വയം കണ്ടുപിടിക്കാനുള്ള നിർദേശം ആദ്യമത്ര രസിച്ചില്ലെങ്കിലും പിന്നീടത് നന്നായെന്നുതോന്നി. ശത്രുവിന്റെ മിത്രത്തേയും മിത്രത്തിന്റെ ശത്രുവിനെയും നമ്പാൻ കൊള്ളില്ലെന്നാണല്ലോ ശത്രുമിത്രബന്ധങ്ങളിലെ രീതിശാസ്ത്രം!
മുതലാളിയുടെ അദ്ധ്യക്ഷതയിൽ സ്കെച്ച്മാനേജ് കമ്മറ്റി രൂപംകൊണ്ടു. മുതലാളിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരും യൂണിയനിലെ മേൽത്തട്ട് സഖാക്കളും അതിലെ തന്ത്രപധാന അംഗങ്ങളായി. പരമരഹസ്യമായി അണുവിട തെറ്റാത്ത പദ്ധതികൾ ആവിഷ്ക്കരിക്കപ്പെട്ടു. കയർ ഫാക്ടറിയിലെ ഉശിരന്മാരും പോരാട്ടവീര്യമുള്ളവരുമായ തൊഴിലാളി സഖാക്കൾ ഒന്നൊന്നായി സ്കെച്ചുചെയ്യപ്പെട്ടുതുടങ്ങി.
പദ്ധതി നടപ്പാക്കൽ രീതി ഇങ്ങനെയായിരുന്നു. ക്രമനമ്പർ അനുസരിച്ച് ഓരോരുത്തരെയായി പ്രലോഭിപ്പിച്ച് നഗരത്തിലെ മുന്തിയ മദ്യശാലയിലേക്ക് ഇടവിട്ട വേളകളിൽ ആനയിക്കും. മുന്തിയയിനം സ്കോച്ചും മൃഷ്ടാന്നഭോജനവും നൽകി ഒരു പരുവത്തിലാക്കും. കടപ്പുറം ശൂന്യമായി മണിക്കൂറുകൾ പിന്നിടുമ്പോൾ പാഴ്ച്ചെടികളും ഉറക്കംതൂങ്ങി മരങ്ങളും വിഷസർപ്പങ്ങളും സംഘനൃത്തം നടത്തുന്ന കുറ്റിക്കാട്ടിലെ കനത്ത ഇരുട്ടിൽ നിവർന്നുനിൽക്കാനാവാത്ത നിലയിൽ ആളെ എത്തിക്കും. പിന്നീട് ഇരയെ ഏകനായി വിട്ട് ബ്രൂട്ടസ്സുകൾ അപ്രത്യക്ഷരാകും. ദിക്കറിയാതെ, വെളിവറിയാതെ ഇരുട്ടിൽ പകച്ചുനിൽക്കുമ്പോഴേയ്ക്കും എവിടെനിന്നോ ചിത്രഗുപ്തൻ മരണപാശവുമായി പ്രത്യക്ഷപ്പെടും. വൈകാതെ ചെറുതിരയിൽ കടൽതീരത്തോടൊട്ടി ചാഞ്ചാടുന്ന സ്പീഡ് ബോട്ടിൽ ഉശിരൊഴിഞ്ഞ ദേഹംകയറ്റി ഒരു വലിയ കല്ലുംവടവുമായി ആഴക്കടലിലേക്ക്...
വീര്യമുള്ള യൂണിയൻ നേതാക്കൾ ഓരോരുത്തരായ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.
കാണാതാകുന്നവരെ കണ്ടുപിടിക്കാൻ മുതലാളിതന്നെ പോലീസിനൊപ്പം പണവും മദ്യവുമായി മുഖ്യഅന്വേഷകസഹായിയായി. അപ്രത്യക്ഷരാകുന്ന തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ മുതലാളി ഉദാരമതിയും തൊഴിലാളി സ്നേഹിതനുമായി നിറഞ്ഞുനിന്നു.
കാണാതാകുന്നവരുടെ ദുരൂഹതനിറഞ്ഞ ദുരന്തകഥകൾ അറിയാതെ തൊഴിലാളികൾ ഭയവിഹ്വലരായി. പിന്നീട് ഫാക്ടറിയിൽ സമരമെന്ന മൂന്നക്ഷരം ഉച്ചരിക്കാൻപോലും ആർക്കും ധൈര്യമില്ലാതായി. മുറുമുറുപ്പുകൾ കെട്ടടങ്ങി. തൊഴിലാളികൾ വീണ്ടും അടിമകളായപ്പോൾ പ്രോഡക്ഷൻ ഇരട്ടിയായി. നിത്യേന അഞ്ചും ആറും കണ്ട്‌യ്നറുകൾ സ്റ്റഫ് ചെയ്യപ്പെട്ടുതുടങ്ങി. പരമ്പരാഗത ബയേഴ്സായ യൂറോപ്യൻ രാജ്യങ്ങളെക്കൂടാതെ അമേരിക്ക ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങളിൽനിന്നും സായ്പുമാർ മുന്തിയ ഇനം കയർ ഉൽപ്പന്നങ്ങൾ തേടിയെത്തി. അന്ന് ഹൗസ് ബോട്ടുകളും റിസോർട്ടുകളും സ്റ്റാർ ഹോട്ടലുകളും തുറമുഖനഗരത്തിന് സ്വപ്നക്കനിയായിരുന്നതിനാൽ സായ്പുമാർ വിശ്രമത്തിനും മദ്യത്തിനും പെണ്ണിനുമായി വൈകുന്നേരങ്ങളിൽ എറണാകുളത്തേയ്ക്ക് വെച്ചുപിടിച്ചു. ഏതായാലും അക്കാലങ്ങളിൽ ഓർഡറുകൾ ഫയലിൽ വിശ്രമിക്കാതെ അതിവേഗം എക്സിക്യൂട്ടീവ് ചെയ്യപ്പെട്ടു.
മുനിയാണ്ടിയുടെ പ്രസക്തി എത്രപെട്ടെന്നാണ് നഷ്ടപ്പെട്ടത്! രാത്രിയുടെ യാമങ്ങളിൽ ഗസ്റ്റുഹൗസിന്റെ അണ്ടർഗ്രൗണ്ടിൽ മുനിയാണ്ടിയുമായി നടത്താറുള്ള രഹസ്യകൂടിക്കാഴ്ച മുതലാളി ഉപേക്ഷിച്ചു. താനൊരു അവശ്യവസ്തുവല്ലാതായി തീർന്നിരിക്കുന്നവേന്ന സത്യം മുനിയാണ്ടി വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. പരമരഹസ്യമായി മുതലാളിയിൽനിന്ന് ലഭിച്ചുകൊണ്ടിരുന്ന സൗകര്യങ്ങളെല്ലാം ഒരുനാൾ നഷ്ടപ്പെട്ടപ്പോൾ കരാർ ലംഘിച്ച് കാടിറങ്ങാൻ മുനിയാണ്ടി തീരുമാനിച്ചു.
അലിഖിതനിയമം തെറ്റിച്ച് മൂവന്തിക്കുമുമ്പ് കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിന്റെ തെക്കുവശമുള്ള മുതലാളിയുടെ ബംഗ്ലാവിലേക്ക് മുനിയാണ്ടി തലയിൽ മുണ്ടിട്ട് കയറിച്ചെന്നു. ഏക്കറുകൾ വിസ്തീർണമുള്ള മതിൽക്കെട്ടിന്റെ ഒത്തനടക്കാണ് കൊട്ടാരസദൃശ്യമായ കൂറ്റൻ ബംഗ്ലാവ്. ഒന്നരയാൾ പൊക്കത്തിൽ കരിങ്കല്ലിൽ തീർത്ത മതിലും കറുപ്പിലും ഗോൾഡനിലും അഴകുവിരിച്ച ഭീമൻ ഇരുമ്പുഗേറ്റും പുറംലോകത്തുനിന്നുള്ള കടന്നുകയറ്റത്തിൻനിന്ന് ബംഗ്ലാവിന് സംരക്ഷണം നൽകിയിരുന്നു. ബ്രിട്ടീഷ് സായ്പന്മാരുടെ വാസ്തുശിൽപകലയുടെ പൗരാണിക സൗന്ദര്യസങ്കൽപ്പം നിലനിർത്തിക്കൊണ്ട് ലക്ഷങ്ങൾ ചിലവിട്ട് വർഷാവർഷം നടത്തുന്ന അറ്റകുറ്റപ്പണികൾ ബംഗ്ലാവിന് പൗരാണികയും ആധുനികതയും ഇഴചേർന്ന അത്ഭുതാവഹമായ സൗകുമാരതയുടെ പരിവേഷം നൽകി. സാധാരണക്കാർക്കായി ആ കൂറ്റൻഗേറ്റ് ഒരിക്കൽപോലും തുറന്നതായി ജീവിച്ചിരിക്കുന്ന ആരും ഓർമിക്കുന്നില്ല. മുതലാളിയുടെ ബെൻസ് കാർമാത്രമാണ് അനുവാദമില്ലാതെ അകത്തുകടന്നിരുന്ന ഏക വാഹനം.
മുനിയാണ്ടി അനിയന്ത്രിതമായ രോഷത്തോടെ ഗേറ്റിൽ പിടിച്ചുകുലുക്കി. അത് അസാധാരണമാംവിധം ആടിയുലഞ്ഞു. പതിവില്ലാത്തത്താണത്. ആരും ഒരിക്കലും ധൈര്യപ്പെടാത്തത്. സെക്യൂരിറ്റി ഓടിയെത്തി. അവശ്യഘട്ടങ്ങളിൽ ആളിനെ തിരിച്ചറിയാനായി ഗേറ്റിന്റെ ഇടത്തേപ്പാളിയിൽ നിർമിച്ച പുറം ലോകംമാത്രം ദൃശ്യമാകുന്ന ദ്വാരത്തിലൂടെ നോക്കി.
"നീയാര്... എന്തുവേണം?" സെക്യൂരിറ്റി.
"എനക്ക് മൊയലാളീനെ പാക്കണം." മുനിയാണ്ടി.
സെക്യൂരിറ്റി മുനിയാണ്ടിയെ ഒറ്റക്കണ്ണുകൊണ്ട് അടിമുടി ചുഴിഞ്ഞു. ഒരു കള്ളന്റെ സർവലക്ഷണവുമുണ്ട്. കൂട്ടുകള്ളന്മാർ ഗേറ്റ് തുറക്കാനായി മാറിനിൽക്കുകയാവും.
"എന്നതാടാ കാര്യം?"
"നീയ് മൊതലീലെ കൂപ്പിട്‌രാ കഴുവേറി..." മുനിയാണ്ടി അലറി. പിന്നീട് ആ നാവ് തമിഴിൽ പേശിയത് ഏഴുകുളത്തിൽ കുളിച്ചാലും നാറ്റംമാറാത്ത തെറികൾ! സെക്യൂരിറ്റിക്ക് അയാളുടെ അഹന്ത സുഖിച്ചില്ല.
"മുതലാളി മലേഷ്യയിലാ. മര്യാദക്ക് പോയിനെടാ അണ്ണാച്ചി ശവമേ." അയാൾ കോപത്തോടെ വീണ്ടും എന്തൊക്കെയോ വിളിച്ചുപറഞ്ഞു. മുനിയാണ്ടിയുടെ ഒറ്റത്തൊഴി മതിയായിരുന്നു ഇരുമ്പുഗേറ്റിന്റെ പാളി മലർക്കെ തുറക്കാൻ. പാളിക്ക് സമീപം നിന്ന സെക്യൂരിറ്റി ദൂരെ തെറിച്ചുവീണു. സഹേസ്യൂരിറ്റിക്കാർ ഓടിയെത്തിയെങ്കിലും കൂസലന്യേ അകത്തുകടന്ന അപരിചിതന്റെ ഭീകരരൂപവും രൗദ്രഭാവവും കണ്ട് പകച്ചുനിന്നതേയുള്ളു. മുനിയാണ്ടിയെ പിന്നീട് എതിരേറ്റത് കൂടുതുറന്നുവിട്ട ഒരാൾ പൊക്കമുള്ള ഇറക്കുമതിചെയ്ത രണ്ട് നായ്ക്കളാണ്. അരയടി നീളമുള്ള നീട്ടിയ നാവും കൂത്തുവളഞ്ഞ പല്ലുകളുമായി തീ പാറുന്ന കണ്ണുകളോടെ വായ്പിളർന്ന് കുതിച്ചുചാടിയ അവറ്റയെ ആനയെ കയ്യിലെടുക്കുന്ന നിത്യാഭ്യാസിയെപ്പോലെ രണ്ടുകയ്യിലും താങ്ങിയെടുത്ത് കഴുത്തുഞ്ഞെരിച്ച് ഒരേറ്! ദൂരെച്ചെന്നുപതിച്ചിടത്തു കിടന്ന് ഞരങ്ങി, രണ്ടും തലചായ്ച്ചു.
ഏതോ മഹാത്ഭുതം കൺമുമ്പിൽ അരങ്ങേറുംപോലെ ബംഗ്ലാവിലെ ജോലിക്കാർ സ്തംഭിച്ചുനിന്നു. പുതിയൊരു ഗോലിയാത്തോയെന്ന് അവരിൽ പഴയനിയമത്തിലെ പുറപ്പാട് പുസ്തകം വായിച്ചിട്ടുള്ളവരെങ്കിലും ചിന്തിച്ചുകാണും.
മുതലാളി പത്നിക്ക് സൂര്യസ്തമയം ദർശിക്കാൻ ബംഗ്ലാവിന്റെ മധ്യഭാഗത്തെ വിശാലമായ ഹാളിന്റെ കടലിന് അഭിമുഖമായ ഭിത്തി ഗ്ലാസ്സിൽ നിർമിച്ചിരുന്നു. സൂര്യൻ കടലിൽതാഴുന്ന കാഴ്ച ആസ്വദിക്കാൻ വൈകിട്ട് ആറുമുതൽ ഏഴുവരെ അതിസുന്ദരിയും മദാലസയുമായ അവർ ഹാളിൽ ഉലാത്തുകയോ ഈട്ടിയിൽ തീർത്ത അതിമൃദുലമായ യൂറോപ്യൻ കുഷ്യനിട്ട ആടുന്ന സപ്രമഞ്ചകട്ടിലിൽ ശയിക്കുകയോ ചെയ്യും. തന്റെ സമൃദ്ധമായ അവയവങ്ങൾ ഓരോന്നും പ്രദർശിപ്പിക്കാനുതകുന്ന സുതാര്യമായ നേരിയ ഗൗൺ ധരിച്ചാണ് അവരവിടെ പ്രത്യക്ഷപ്പെടുക. വിവാഹം കഴിഞ്ഞ് വർഷങ്ങൾ ഏറെ കഴഞ്ഞിട്ടും പ്രസവിക്കാൻ അവസരം ലഭിക്കാത്തതിനാൽ അവയവങ്ങളുടെ മുഴപ്പും മിനുപ്പും വശ്യതയും നഷ്ടപ്പെട്ടിട്ടുമില്ല. സൂര്യാസ്തമയം കൃത്യമായി മാറ്റങ്ങളില്ലാതെ തുടരുന്നതിനാലും ദൂരെനിന്നുനോക്കിയാൽ മുതലാളി പത്നിയുടെ ശരീരത്തിൽ നൂൽബന്ധമില്ലെന്ന് തോന്നുമെന്നതിനാലും ആ ദൃശ്യത്തിന്റെ മാദകഭംഗി ആസ്വദിക്കാൻ യുവാക്കൾ തവണവച്ച് മുതുക് ഏണിപ്പടിയാക്കി തല കൽമതിലിന് മുകളിലെത്തിച്ച് എത്തിനോക്കുക പതിവായിരുന്നു. അനേകം യുവകണ്ണുകൾ തന്റെ മാദകാവയവങ്ങളിൽ കാമപുഷ്പങ്ങൾ നിവേദിക്കുന്ന കാര്യം അറിയാവുന്ന മുതലാളി പത്നി കാഴ്ചാരാധകരുടെ ദൃശ്യഭംഗിയിൽ കൂടുതൽ മാദകത്വം നിറയ്ക്കാൻ ചില ചലനങ്ങളിലൂടെ ശ്രമിക്കാറുണ്ട്.
അത്തരമൊരു കടൽക്കാഴ്ചയുടെ അന്ത്യത്തോട് അടുക്കുമ്പോഴാണ് മുനിയാണ്ടിയുടെ പരാക്രമം അരങ്ങേറിയത്. മുതലാളി പത്നി എല്ലാം ശ്വാസമടക്കിപ്പിടിച്ചുനിന്ന് കണ്ടു. ഭീമൻ ഗേറ്റുപാളി ഒറ്റത്തൊഴിക്ക് തുറന്നതും വാച്ചുമാൻ ആഘാതത്തിൽ തെറിച്ചുവീണതും അനേകരെ കടിച്ചുകീറിയിട്ടുള്ള ചെകുത്താന്റെ വർഗത്തിൽപ്പെട്ട നായ്ക്കളെ കഴുത്തുഞ്ഞെരിച്ച് എറിഞ്ഞതും അവർക്ക് വിശ്വസിക്കാനായില്ല. ഇത്ര ശക്തനായ ഒരു പുരുഷനെ ആദ്യം കാണുകയാണ്.
ജോലിക്കാരെ രൂക്ഷമായ ഒരു നോട്ടംകൊണ്ട് അവർ അകത്തളങ്ങളിൽ ഒളിപ്പിച്ചു.
ചിത്രപ്പണികളുള്ള ഡോർ തുറക്കപ്പെട്ടു. സുതാര്യമായ ചാരുശിൽപംപോലെ നൃത്തച്ചുവടോടെ അടിവച്ചടിവച്ച് നീങ്ങുന്ന മുതലാളി പത്നിക്ക് പിന്നിൽ, അപൂർവകതയുടെ അസുലഭ കാഴ്ചയിൽ വട്ടക്കണ്ണുടക്കി മുനിയാണ്ടി ഉൾമുറിയിലേക്ക് നടന്നുപോയി.
മുതലാളിയുടെയും മുനിയാണ്ടിയുടെയും അലിഖിത നിയമങ്ങൾ ഇടവേളകളോടെ തെറ്റിക്കൊണ്ടിരുന്നു. എന്നാൽ മുനിയാണ്ടി നിയമം തെറ്റിക്കുന്നതായുള്ള സൊാചനപോലും ലഭിച്ചില്ല. മുനിയാണ്ടിയുടെ ശിരസ്സുമൂടിയുള്ള രഹസ്യസന്ദർശനത്തെ ജോലിക്കാർ കനത്ത കൈമടക്കോർത്ത് കണ്ണടച്ചുകളഞ്ഞു.
മുതലാളി പത്നി ഒരാൺകുട്ടിയെ പ്രസവിച്ചു.
തന്റെ ഭീമമായ സമ്പത്തിന് നേർഅവകാശിയായി ഒരു പുത്രനെ ലഭിച്ചതിൽ മുതലാളിക്ക് സന്തോഷമൊന്നും ഉള്ളതായി ആർക്കും തോന്നിയില്ല. മാത്രമല്ല, കുട്ടിയുടെ ആഗമനത്തോടെ അയാളുടെ മനോഭാവങ്ങൾ കൂടുതൽ കാർക്കശ്യമാകുകയാണ് ചെയ്തത്! വർഷങ്ങളായി അയാളുടെ ഉപ്പും ചോറും തിന്നവരൊക്കെ അതിൽ അതിശയിച്ചു. മുതലാളിയുമായി ബന്ധപ്പെട്ട എല്ലാവരും എല്ലായിടങ്ങളിലും അത് രഹസ്യമായി ചർച്ച ചെയ്തു.
ഈ ഭൂമിയിൽ അയാൾമാത്രം സൂക്ഷിക്കുന്ന ഒരു പരമരഹസ്യം ഉണ്ടായിരുന്നു. ആരുടെയും പിതൃത്വം അവകാശപ്പെടാൻ അയാൾക്കാവില്ലെന്ന സത്യം!
രണ്ടുപേരുടെയും ദാമ്പത്യജീവിതത്തിൽ അപസ്വരങ്ങൾ പണ്ടും ഉണ്ടായിരുന്നല്ലോ. കുട്ടി ജനിച്ചതോടെ അതിന് ആക്കംകൂടി. എത്ര സ്പൈവർക്ക് നടത്തിയിട്ടും ഭാര്യയുടെ മകന്റെ രൂപീകരണത്തിന് ഏത് പുരുഷലിംഗത്തിൽനിന്നാണ് ബീജം ഒഴുകിയതെന്ന് കണ്ടെത്താൻ അയാൾക്കായില്ല.
പുതിയതായി നിയമിച്ച, ഇരുപതുകളിലൂടെ കടന്നുപോകുന്ന, സ്ലീവിലെസ് ബ്ലൗസിടുന്ന, ശരീരത്തിന്റെ നിമ്നോന്നതങ്ങൾ പ്രദർശിപ്പിക്കാൻമാത്രം വസ്ത്രം ധരിക്കുന്ന നല്ല ശരീരക്കറുള്ള പി.എ. മാർഗ്രറ്റുമായി മുതലാളി ബംഗ്ലാവിൽ വന്നുതുടങ്ങി.
ബംഗ്ലാവിലെ ഓഫീസുമുറിയിൽ കയറി കതകടച്ചാൽ മണിക്കൂറുകൾ കഴിഞ്ഞേ പുറത്തിറങ്ങാറുള്ളു. കമ്പ്യൂട്ടറിലാണ് പണി. കമ്പനിക്കാവശ്യമുള്ള പുതിയൊരു 'സോഫ്റ്റ്‌വെയർ' മെനഞ്ഞെടുക്കുകയാണത്രേ! ഒരു വിദേശയാത്രയിലും അവളെ ഒപ്പം കൂട്ടിയെന്നറിഞ്ഞപ്പോൾ മുതലാളി പത്നിക്ക് അടക്കാനായില്ല. അതൊരു പൊട്ടിത്തെറിയുടെ ആരംഭമായിരുന്നു. വാക്പയറ്റിനിടയിൽ ഭാര്യയെ മാക്സിമം പ്രകോപിപ്പിച്ച് തന്ത്രത്തിൽ കുടുക്കി അയാൾ.
കുട്ടിയുടെ പിതൃത്വം അവകാശപ്പെട്ട് സംസാരിച്ച അയാളോട് പുച്ഛസ്വരത്തിൽ അവർ എടുത്തടിച്ചു-
"പിതൃത്വം അവകാശപ്പെടാൻ തനൊരു ആണായിട്ടുവേണ്ടേ? ആ തമിഴൻ മുനിയാണ്ടി..."
വിട്ടവാക്ക് തിരിച്ചെടുക്കാനാവാതെ വായ്പൊത്തി കുനിഞ്ഞിരുന്ന ഭാര്യയെനോക്കി അയാൾ വിജയാഹ്ലാദത്തോടെ അലറിച്ചിരിച്ചു.
മുനിയാണ്ടിയെ സ്കെച്ചുചെയ്യുകയെന്നതായി മുതലാളിയുടെ അടിയന്തര ദൗത്യം.
ഏതു വിധേനയും അജ്ഞാത കൊലയാളിയെ സ്കെച്ചുചെയ്യുമെന്നും പുതിയൊരു കൊലയാളി ഉദയം കൊള്ളാൻ അനുവദിക്കില്ലെന്നും യൂണിയൻ നേതാക്കന്മാർ പ്രതിജ്ഞയെടുത്തു. കൊലയാളിയെ മാളത്തിൽനിന്നും പുറത്തുചാടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാക്ടറിയിൽ ഏറെ വർഷങ്ങൾക്കുശേഷം സമരകാഹളം മുഴക്കിയത്. കമ്പനിപ്പടിക്കൽ കൊടികൾ വീണ്ടും ഉയർന്നു. സ്റ്റഫ് ചെയ്യേണ്ട കണ്ടയ്നറുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞു. അതൊരു തന്ത്രത്തിന്റെ ഭാഗമായിരുന്നു. മുതലാളിയും തൊഴിലാളിയും ഒരേ ലക്ഷ്യത്തിനായി കൈകോർത്ത അപൂർവതന്ത്രം!
കടപ്പുറത്ത് രാത്രിയുടെയും കടൽക്കാറ്റിന്റെയും തണുപ്പിൽ ഉള്ളിൽ ജ്വലിക്കുന്ന പ്രതികാഗ്നിയുമായി അപ്രത്യക്ഷരായവരുടെ പിൻഗാമികൾ യൂദാസിന്റെയും അജ്ഞാതകൊലയാളിയുടെയും സ്ഥാനം ഏറ്റെടുത്തു. കൊലയാളിയുടെ വിഹാരകേന്ദ്രമെന്നുകരുതി കാടുപിടിച്ച പാണ്ടികശാലകളും ലൈറ്റുഹൗസിന് നാലുവശവുമുള്ള കാടും നിലംപതിച്ച തുറമുഖ കെട്ടിടങ്ങളും അയ്യപ്പൻ പൊഴിയുടെ സമീപത്തെ ചാരായവാറ്റ് ഷെഡുകളും അവരുടെ മിന്നൽ പരിശോധനാകേന്ദ്രങ്ങളായി.
കുറ്റാക്കുറ്റിരുട്ടിൽ ടോർച്ചുമിന്നിച്ച്, മൂക്കും വായും തോർത്തുകൊണ്ട് മൂടിക്കെട്ടി എസ്.ഐ.യുടെ നേതൃത്വത്തിൽ പോലീസുകാർ അന്വേഷണം തുടരുകയാണ്. മുകളിൽനിന്നുള്ള വിളിവന്നതിനാൽ ഡി.ജി.പി. തന്നെ നേരിട്ട് ഇടപെട്ടതിനാലാണ് രാത്രിയിലും തിരച്ചിൽ. വി.െഎ.പി.കൾ അധിവസിക്കുന്ന ഏരിയായാണ്. മൂന്നുദിവസമായിട്ടും രൂക്ഷമായ ദുർഗന്ധത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ഏറെ വർഷങ്ങളായി കാടുകയറി കിടക്കുന്നതിനാൽ പകൽപോലും ഉഗ്രവിഷമുള്ള പാമ്പുകൾ വിഹരിക്കുന്നിടമാണ്. ഒരു പക്ഷേ, കാലെടുത്തുവയ്ക്കുന്നത് വഴുവഴുപ്പുള്ള അവറ്റയുടെ പുറത്താവും. അതിനാൽ ഓരോ അടിയും സൂക്ഷിച്ചാണ്‌വയ്ക്കുക.
കോൺക്രീറ്റ് തൂണുകൾക്കിടയിൽ ടോർച്ചിന്റെ വെട്ടത്തിൽ അടുത്തടുത്തുകണ്ട രണ്ടുദ്വാരങ്ങൾ... ദൃശ്യമാപിനിയുടെ ക്യാമറക്കണ്ണുകൾ... ഇരുണ്ട നിറമുള്ള എന്തോ വസ്തുകൊണ്ട് ക്യാമറക്കണ്ണുകൾക്ക് ഷട്ടറിട്ടതുപോലെ! വല്ല പാമ്പും ഭിത്തിയിൽ ഇഴയുകയാണോയെന്ന് എസ്.െഎ. ആദ്യം സംശയിച്ചു. അയാൾ ദ്വാരത്തിലേക്ക് ലാത്തി കടത്തി ഒന്നു കുത്തി. ലാത്തി മാർദവമുള്ള എന്തിലോ തുളഞ്ഞുകയറിയതുപോലെ...! അത് വലിച്ചെടുത്തപ്പോൾ എന്തോ വീണഴിയുന്ന അപരിചിതസ്വരം. ദുർഗന്ധം ആർഭാടമായി നാസാരന്ധ്രങ്ങളെ മറച്ചതുണിയും തുളച്ച് ആക്രമിച്ചുകയറി. ഒരാൾക്ക് കഷ്ടിച്ച് കയറാവുന്ന കിളിവാതിലിലൂടെ ഉള്ളിലേക്ക്... അഴുകി മാംസം പാളികളായി വേർപെട്ട, എല്ലിൻകൂട് തുളച്ച് മുകളിലേക്ക് തള്ളിനിൽക്കുന്ന മലപ്പുറം കത്തിയിൽ പറ്റിപ്പിടിച്ച രക്തത്തിന് അപ്പോൾ നിറഭേദം സംഭവിച്ചിരുന്നു.
അതേ രാത്രി കോരിയൊഴിച്ച കറുത്തചായം നിറഞ്ഞ അശാന്തമായ ഉൾക്കടൽപരപ്പിലേക്ക് കല്ലുകെട്ടിയ ചെറുതും വലുതുമായ രണ്ടു ശവങ്ങളുടെ സംസ്കാരം ക്രിസ്തീയ ആചാരപ്രകാരം നടക്കുകയായിരുന്നു.