എസ്. സുജാതൻ |
ശ്രീ ശ്രീ രവിശങ്കർ |
ശ്രീ.ശ്രീ.രവിശങ്കർ
വിവ: എസ്.സുജാതൻ
മേയ്മാസത്തിലെ ഒരു പൗർണ്ണമി ദിനത്തിൽ ശ്രീബുദ്ധന് ബോധോദയം സംഭവിക്കുമ്പോൾ അദ്ദേഹം ഒരാഴ്ച മുഴുവൻ മൗനത്തിലായിരുന്നു. ഒരു വാക്കുപോലും അദ്ദേഹം ഉച്ചരിച്ചിരുന്നില്ല. സ്വർഗ്ഗത്തിലുള്ള എല്ലാ മാലാഖമാരും അപ്പോൾ അത്ഭുതസ്തബ്ധരായിരുന്നുവേന്ന് പുരാണം പറയുന്നു. ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമായിരിക്കും ബുദ്ധനെപ്പോലെ ഒരാൾക്ക് ബോധോദയം സിദ്ധിക്കുന്നതെന്ന് അവർക്കറിയാമായിരുന്നു.
ഇപ്പോൾ ബുദ്ധൻ മൗനത്തിലാണ്!
എന്തെങ്കിലും ഒന്നു മിണ്ടാൻ മാലാഖമാർ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. ബുദ്ധൻ പറഞ്ഞു: ?അറിവുള്ളവർക്ക് ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം മനസ്സിലാകും. എന്നാൽ അറിവില്ലാത്തവർക്ക് ഞാൻ എന്തു പറഞ്ഞാലും അവർക്ക് മനസ്സിലാവുകയില്ല. ഒരു അന്ധനോട് പ്രകാശത്തിന്റെ വർണ്ണനംകൊണ്ട് ഒരു പ്രയോജനവുമില്ല. ജീവന്റെ അമൃതം ആസ്വദിക്കാത്തവരോട് ഒന്നും സംസാരിച്ചിട്ട് കാര്യവുമില്ല. അതുകൊണ്ടാണ് ഞാൻ മൗനത്തിലിരിക്കുന്നത്. വളരെയേറെ അടുപ്പവും ദൃഢബന്ധവുമുള്ളവരോട് എങ്ങനെയാണ് നിങ്ങൾക്ക് പലതും വാക്കുകൾകൊണ്ട് പകർന്നു കൊടുക്കുവാൻ കഴിയുന്നത്? സത്യം തുടങ്ങുന്നിടത്ത് വാക്കുകൾ അവസാനിക്കുന്നുവേന്നാണ് പല വേദങ്ങളും പ്രസ്താവിക്കുന്നത്?.
മാലാഖമാർ പറഞ്ഞു: ?അങ്ങ് പറയുന്നത് ശരിതന്നെയാണ്. പക്ഷേ, അറിവിന്റേയും അജ്ഞതയുടേയും അതിർവരമ്പിൽ നിൽക്കുന്നവരെ പരിഗണിച്ചു കൂടെ? അവർ പൂർണ്ണമായും ബോധോദയത്തിലുമല്ല, എന്നാൽ തികച്ചും അജ്ഞാനികളുമല്ല. അവർക്കുവേണ്ടി ഏതാനും വാക്കുകൾ പറഞ്ഞാൽ അതവർക്കൊരു പ്രചോദനമാകും. അവരുടെ നേർക്കുള്ള അങ്ങയുടെ ഓരോ വാക്കും അങ്ങ് ഉദ്ദേശിക്കുന്ന ആ മൗനം സൃഷ്ടിക്കുകയും ചെയ്യുന്നു?.
വാക്കുകളുടെ ഉദ്ദേശ്യം മൗനം സൃഷ്ടിക്കലായിരിക്കണം. വാക്കുകൾ കൂടുതൽ ശബ്ദങ്ങൾ സൃഷ്ടിക്കുന്നുവേങ്കിൽ ആ വാക്കുകൾ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തുന്നില്ല. ബുദ്ധന്റെ വാക്കുകൾ തീർച്ചയായും മൗനത്തെ സൃഷ്ടിക്കുന്നു. എന്തെന്നാൽ ബുദ്ധൻ മൗനത്തിന്റെ വെളിപ്പെടലാണ്.
മൗനം ജീവന്റെ ഉത്ഭവമാകുന്നു. മൗനം അസുഖങ്ങളെ ഭേദമാക്കുന്നു. ആളുകൾ ദേഷ്യത്തിലാകുമ്പോൾ അവർ മൗനം പാലിക്കുന്നു: ആദ്യം ആക്രോശിക്കുന്നു; പിന്നെ മൗനത്തിലേക്ക് മടങ്ങുന്നു. ഒരാൾ ദു:ഖത്തിലാണെങ്കിൽ അയാൾ തനിച്ചിരിക്കാനാഗ്രഹിക്കുകയും മൗനത്തിലേക്കു പിൻവാങ്ങുകയും ചെയ്യുന്നു. അതുപോലെ ലജ്ജയിലേക്കു വീഴുമ്പോഴും ഒരാൾ മൗനത്തിനെ ശരണം പ്രാപിക്കുകയാണ്.
വളരെ വിവേകിയായ ഒരാളുടെ കൂടെ മൗനവുമുണ്ടായിരിക്കും. ക്രിസ്തുവിനോട്, ?നീ ദൈവ പുത്രനാണോ?? എന്നാണ് ചോദിച്ചതു. ആ ചോദ്യത്തിനുമുന്നിൽ ക്രിസ്തു മൗനം പാലിക്കുകയായിരുന്നു. അറിവുള്ളവരുടെ പ്രവൃത്തി അപ്പോൾ അതാണ്. എന്തെങ്കിലും പറയുകയാണെങ്കിൽ അത് തെളിയിക്കാനുള്ള വേദനയായി ആ വാക്കുകൾ മാറും. ഒരാളുടെ കാലിലെ വേദന തെളിയിച്ചു തരണമെന്ന് പറഞ്ഞാൽ അത് എത്രത്തോളം സാധ്യമാകും? നിങ്ങൾക്കത് തെളിയിക്കാൻ കഴിയില്ല.
നിങ്ങളുടെ ഉള്ളിലെ വേദന തെളിയിച്ചുകൊടുക്കാൻ കഴിയാത്തതുപോലെ, ആത്മസാക്ഷാത്ക്കാരവും, ദൈവികതയും എങ്ങനെയാണ് തെളിയിച്ചുകൊടുക്കാൻ കഴിയുന്നത്?
ആനന്ദവും സംതൃപ്തിയും നിങ്ങളിൽ മൗനം കൊണ്ടുവരുന്നു. എന്നാൽ ആഗ്രഹങ്ങൾ നിങ്ങളിൽ ആരവങ്ങളാണ് കൊണ്ടുവരുന്നത്.
നിങ്ങളുടെ മനസ്സിലെ ആരവങ്ങളിലേക്കു നോക്കൂ. അവ എന്തിനെക്കുറിച്ചാണ്? കൂടുതൽ ധനത്തിനുവേണ്ടി? കൂടുതൽ പ്രശസ്തിക്കുവേണ്ടി? കൂടുതൽ അംഗീകാരത്തിനുവേണ്ടി? കൂടുതൽ പൂർത്തീകരണത്തിനുവേണ്ടി? കൂടുതൽ ബന്ധങ്ങൾക്കുവേണ്ടി? ശബ്ദങ്ങൾ എല്ലായ്പ്പോഴും ചിലതിനെക്കുറിച്ചുവേണ്ടിയാണ്. എന്നാൽ ഒന്നുമില്ലായ്മയ്ക്കുവേണ്ടിയുള്
ഒരു സംതൃപ്തമായ ജീവിതമായിരുന്നു തുടക്കത്തിൽ ശ്രീബുദ്ധന്റേത്. ഏതു സുഖവും അദ്ദേഹം ആവശ്യപ്പെടുന്ന നിമിഷം ആ കാൽച്ചുവട്ടിൽ എത്തുമായിരുന്നു. ഒരു ദിവസം ബുദ്ധൻ പറഞ്ഞു: ?പുറത്തേക്കു പോയി ഈ ലോകം എന്താണെന്നു കാണാൻ ഞാൻ ആഗ്രഹിക്കുന്നു?.
രോഗികൾ, വൃദ്ധജനങ്ങൾ, മരണങ്ങൾ ഇവ കണ്ടതോടെ ബുദ്ധൻ വിഷാദ ചിത്തനായി. ലോകത്തെ ഈ മൂന്ന് കാര്യങ്ങളും ബുദ്ധന്റെ ദു:ഖത്തിനു വേണ്ടുന്ന കാരണങ്ങളായി മാറുകയായിരുന്നു. ആരെയെങ്കിലും രോഗിയായി കാണുകയാണെങ്കിൽ അദ്ദേഹം പറയുമായിരുന്നു: ?എനിക്ക് ഇതുപോലെ അനുഭവിക്കണം? എന്ന്. ഒരു വൃദ്ധന്റെ നിഴലാട്ടമോ, ഒരു മൃതശരീരമോ കണ്ടാൽമതി അദ്ദേഹം പറയും: ?ജീവിതത്തിൽ ഒരു സന്തോഷവുമില്ല. ഞാൻ ഇതിനകം മരിച്ചുകഴിഞ്ഞിരിക്കുന്നു! ജീവിതത്തിന് ഒരർത്ഥവുമില്ല. ഞാൻ മടങ്ങിപ്പോവുകയാണ്?.
സത്യത്തെ അന്വേഷിക്കാൻ ബുദ്ധൻ ആരംഭമിടുകയായിരുന്നു. കൊട്ടാരം വിട്ട്, ഭാര്യയേയും മകനേയും ഉപേക്ഷിച്ച് ബുദ്ധൻ യാത്ര തുടർന്നു. എത്രകണ്ട് ദൃഢമായ മൗനത്തിലാണോ അത്രകണ്ട് സമാധാനം ശക്തമാകുന്നു. മൗനത്തിൽ നിന്ന് ശാന്തി ഉദയം ചെയ്യുകയാണ്. ഒന്നിനും അദ്ദേഹത്തെ തടഞ്ഞുനിറുത്താൻ കഴിഞ്ഞില്ല. പകൽ സമയം കൊട്ടാരംവിട്ട് പോകാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ രാത്രിയാണ് അദ്ദേഹം കൊട്ടാരം ഉപേക്ഷിച്ച് പുറത്തുകടന്നത്.
സത്യത്തിനു വേണ്ടിയുള്ള ശ്രീബുദ്ധന്റെ അന്വേഷണം വർഷങ്ങളോളം നീണ്ടുനിന്നു. ആളുകൾ എന്തുപറഞ്ഞാലും അദ്ദേഹം അതെല്ലാം ചെയ്യുമായിരുന്നു. നാടുകളിൽനിന്ന് നാടുകളിലേക്ക് അദ്ദേഹത്തിന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. ആഹാരമില്ലാതെ ദിവസങ്ങൾ കഴിച്ചുകൂട്ടി. പല വഴികളിലൂടെ സഞ്ചരിച്ചു. ചതുർ സത്യങ്ങൾ കണ്ടുപിടിക്കുന്നതിനു മുമ്പായിരുന്നു അത്.
ശ്രീബുദ്ധന്റെ നാല് സത്യങ്ങളിൽ ആദ്യത്തേത്, ലോകത്തിലെ ദു:ഖമാണ്. ജീവിതത്തിന് രണ്ട് സാധ്യതകൾ മാത്രമാണുള്ളത്. ഒന്നാമത്തേത്, നമുക്കു ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കുക. എന്നിട്ട് മറ്റുള്ളവരെ മനസ്സിലാക്കുക: അവരുടെ ദു:ഖാങ്ങളും നിഷ്ഫലങ്ങളായ പ്രവൃത്തികളും! രണ്ടാമത്തേത്, അത് നമ്മൾ അനുഭവിക്കുക. എന്നിട്ട് അത് ദു:ഖമാണെന്ന് നമ്മൾ അറിയുക. മൂന്നാമതൊരു സാധ്യതയില്ല. നിങ്ങൾ പെട്ടെന്ന് വികാര വിക്ഷുബ്ധനാകുന്ന ആളാണെങ്കിൽ അതിലൂടെ സഞ്ചരിക്കണമെന്നില്ല. മറ്റുള്ളവരുടെ ദു:ഖാങ്ങൾ കണ്ട് നിങ്ങൾ അറിവുള്ളവരായി മാറുക.
രണ്ടാമത്തെ സത്യം, ദു:ഖത്തിന് ഒരു കാരണമുണ്ടെന്നു അറിയുക. ഒരു കാരണവുമില്ലാതെ നിങ്ങൾക്ക് സന്തോഷവാനാകാൻ കഴിയും. ഒരു കാരണവുമില്ലാതെ നിങ്ങൾക്ക് ആനന്ദിക്കാൻ കഴിയും. ഒരു തമാശയും കേൾക്കാതെ നിങ്ങൾക്ക് ചിരിക്കാൻ കഴിയും. എന്നാൽ ദു:ഖത്തിനു കാരണങ്ങൾവേണം.
മൂന്നാമത്തെ സത്യം, ദു:ഖത്തെ നീക്കം ചെയ്യാൻ സാധിക്കും. നാലാമത്തെ സത്യം, ദു:ഖത്തിൽനിന്ന് പുറത്തുവരാനുള്ള ഒരു വഴിയുണ്ട്.
നാല് സത്യങ്ങളെത്തുടർന്ന് അദ്ദേഹം ശരിയായ സമത (സമചിത്തത്ത) കൈവരിക്കാനുള്ള എട്ട് പാതകളും പറഞ്ഞു തന്നു: ശരിയായ ദർശനം, ശരിയായ മൗനം, ശരിയായ ധ്യാനം തുടങ്ങിയവ. അതിനുവേണ്ടി അനുഷ്ഠിക്കേണ്ട മൂന്ന് കാര്യങ്ങൾ ബുദ്ധൻ പറഞ്ഞു:
1. ശീലം (സ്വഭാവം), 2. സമാധി (സമചിത്തത്തയോടെയുള്ള ധ്യാനാവസ്ഥ), 3. പ്രജ്ഞ (ജാഗരൂകത)
ശ്രീബുദ്ധന്റെ ജനനം ഇന്ത്യയുടെ ചരിത്രത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കാലഘട്ടത്തിലായിരുന്നു. അക്കാലത്ത് ഇന്ത്യ സമ്പന്നമായിരുന്നു. തത്ത്വചിന്തയിൽ അന്ന് ഭാരതം വളരെ ഉന്നതി പ്രാപിച്ചിരുന്നു. പ്രബുദ്ധമായി ഉയർന്നു നിന്ന അന്നത്തെ സമൂഹത്തിലെ ജനങ്ങൾ ചിന്തിച്ചിരുന്നത് അവർക്ക് എല്ലാം അറിയാമെന്നായിരുന്നു. എന്നാൽ സത്യത്തിൽ അവർക്ക് ഒന്നും അറിയില്ലായിരുന്നു. ഇതായിരുന്നു ഇന്ത്യയുടെ അന്നത്തെ അവസ്ഥ. അതുകണ്ട് ബുദ്ധൻ ജനങ്ങളോടു പറഞ്ഞു: വരൂ, നിങ്ങൾക്കുവേണ്ടി ഞാനൊരു ലളിതമായ സമ്പ്രദായം പറഞ്ഞു തരാം. നിങ്ങളുടെ എല്ലാ ധാരണകളും മാറ്റിവച്ച് കേവലം ഇവിടെ വന്ന് ഒന്ന് ഇരിക്കുക? എന്നിട്ട് ബുദ്ധൻ അവർക്ക് നാല് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. അവ ഇതാണ്:
1) ശരീരത്തെ നിരീക്ഷിക്കുക (കായാനു പശ്ഛാന)
2) സംവേദനകളെ നിരീക്ഷിക്കുക (വേദനാനു പശ്ഛാന)
3) മനസ്സിന്റെ ഒഴുക്ക് നിരീക്ഷിക്കുക (ചിത്താനു പശ്ഛാന)
4) നിങ്ങളുടെ സ്വന്തം പ്രകൃതിയെ നിരീക്ഷിക്കുക. (ധമ്മാനു പശ്ഛാന)
ബുദ്ധൻ വളരെ വർഷക്കാലം പഠിപ്പിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. ആയിരങ്ങൾ അദ്ദേഹത്തിനു മുന്നിൽ അനങ്ങാതെ ഇരുന്നു. സ്വയം നിരീക്ഷിച്ചുകൊണ്ട്, ധ്യാനം ചെയ്തുകൊണ്ട്, സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകർന്നുകൊണ്ട് അവർ ബുദ്ധനു മുന്നിൽ സ്വച്ഛമായി ഇരുന്നു. ഏതെങ്കിലും വേദാന്ത കാര്യങ്ങളിലോ തത്ത്വ ചിന്തകളിലോ ഉള്ള ആസക്തി ശ്രീ ബുദ്ധന്റെ ചർച്ചകളിലില്ലായിരുന്നു.
ഓരോ മന:ശാസ്ത്രജ്ഞനും ബുദ്ധനെ പഠിച്ച് തീർപ്പ് കൽപിക്കേണ്ടതാണ്. മനസ്സിനെക്കുറിച്ചും അതിന്റെ വ്യാപാരങ്ങളെക്കുറിച്ചും അടുക്കും ചിട്ടയോടെ പ്രതിപാദിക്കുവാൻ അദ്ദേഹത്തിന് അറിയാമായിരുന്നു. മനസ്സ് ശബ്ദമുഖരിതമാണ്; എന്നാൽ മനസ്സിന്റെ ഉത്ഭവം മൗനത്തിൽനിന്നാണ്. അതുകൊണ്ടാണ് ബുദ്ധൻ പറഞ്ഞത്,? മനസ്സ് ഇല്ല? എന്ന്. ചിന്തകളുടെ ശൃംഖലയാണ് എല്ലായ്പ്പോഴും മനസ്സിൽ അലഞ്ഞു നടക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുമായിരുന്നു.
വളരെ സമ്പൽസമൃദ്ധമായിരുന്ന ആ കാലത്ത് ബുദ്ധൻ ഒരു ഭിക്ഷാപാത്രം തന്റെ പ്രധാന ശിഷ്യന് കൊടുത്തിട്ട് പറഞ്ഞു: ?പോയി യാചിക്കാൻ?. അദ്ദേഹം രാജാക്കന്മാരുടെ ആഢംബരങ്ങളായ സ്ഥാനവസ്ത്രങ്ങൾ മാറ്റാൻ പറഞ്ഞിട്ട് അവരുടെ കൈകളിൽ ഭിക്ഷാപാത്രങ്ങൾ വച്ചു കൊടുത്തു! അവർക്ക് ആഹാരം സുലഭമായിരുന്നെങ്കിലും, പോയി ഭിക്ഷാടനം നടത്താൻ അവരോട് ആവശ്യപ്പെടുകയായിരുന്നു. ?താൻ ചിലതൊക്കെയാണ? എന്ന ചിന്തയിൽനിന്ന് ?താൻ ആരുമല്ല?എന്ന അറിവിലേക്കുള്ള പാഠം പഠിപ്പിക്കുകയായിരുന്നു ബുദ്ധൻ. നിങ്ങൾ ഒന്നുമല്ല. ഈ പ്രപഞ്ചത്തിൽ നിങ്ങൾ തീരെ നിസ്സാരമാണ്; അകിഞ്ചിത്കരം! അക്കാലത്തുണ്ടായിരുന്ന പ്രഭുക്കളോടും ബുദ്ധിജീവികളോടും ഭിക്ഷാടനം നടത്താൻ അദ്ദേഹം പറഞ്ഞിരുന്നു. അത് അവരെ കരുണയുടെ മൂർത്തിമത്ഭാവത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാനായിരുന്നു.
നിങ്ങളുടെ സ്വന്തം പ്രകൃതിയെ നിരീക്ഷിക്കുക. എന്താണ് നിങ്ങളുടെ ശരിയായ പ്രകൃതി? അത് ശാന്തിയാണ്. കരുണയാണ്. സ്നേഹമാണ്, സൗഹൃദമാണ്. സന്തോഷമാണ്. അത് എല്ലാത്തിനും ജന്മം നൽകിയ മൗനവുമാണ്. മൗനം ദു:ഖത്തെ ശമിപ്പിക്കുന്നു. എന്നിട്ട് ആനന്ദത്തിനും കരുണയ്ക്കും സ്നേഹത്തിനും ജന്മമൊരുക്കുന്നു. ദു;ഖത്തേയും, പാപത്തേയും, ഭയത്തേയും, അഹങ്കാരത്തേയും, അജ്ഞതയേയും നമ്മിൽനിന്ന് നീക്കാനാണ് ബുദ്ധൻ പറഞ്ഞത്. എന്നിട്ട് വിവേകവും കരുത്തും സൗന്ദര്യവും അറിവും ശാന്തിയും തിരികെ കൊണ്ടുവരാനും.
ദു:ഖത്തിന്റെ സമുദ്രത്തെ മറികടന്ന് ആനന്ദിക്കുവാൻ എല്ലാവർക്കും കഴിയണം.-