13 Oct 2011

വായന:മലയാളസമീക്ഷ കഴിഞ്ഞ ലക്കം[സെപ്റ്റം15 -ഒക്ടോ15]



എ. എസ്‌. ഹരിദാസ്‌


വാക്കുകൾകൊണ്ട്‌ സാഹിത്യത്തെ അലങ്കാരം ചെയ്ത ആ മനീഷിയുടെ വാക്കുകൾക്കു മുന്നിൽ നമുക്ക്‌ നമ്രശിരസ്കരാവാം. ജീവിതത്തിനനുഭവിക്കാൻ കഴിയാത്ത മറ്റൊരു തലത്തെ ഭാവനയിലൂടെ നമുക്കു മുന്നിൽ വരച്ചുകാട്ടിയ ദേഹമാണ്‌ ഒ. വി. വിജയൻ. അതു നമ്മെ സങ്കൽപലോകത്തേയ്ക്കു നയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ജീവിതം സ്വയം ജീവിക്കാനായുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യലാണെന്നു പറഞ്ഞ തത്വചിന്തയുടെ രേണുക്കൾ അദ്ദേഹം നമുക്കു മുന്നിൽ കാട്ടിതന്നു. അതിനാൽ ഒ. വി. വിജയന്റെ ജീവിതപാത വ്യത്യസ്തമായി ഇപ്പോഴും നിലനിൽക്കുന്നു. ആ ഭാവനാലോകത്തിന്റെ സ്വാധീനം ഇനിയും തലമുറകളിലേയ്ക്കു പകർന്നുകൊണ്ടിരിക്കും (എന്റെ ഭാഷയെ തിരിച്ചു തരിക - ഒ. വി. വിജയൻ).

ആനുകാലിക സാമൂഹ്യജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ ഒരു കുടുംബിനി എങ്ങനെ കാണുന്നുവേന്നറിയാൻ 'കുടുംബവും ത്യാഗവും' എന്ന എം. ലീലാവതിയുടെ ലേഖനം ഉതകുമെന്നു നാം കരുതിയേക്കാം. എന്നാലവർ ഒരു കുടുംബിനു മാത്രനല്ലെന്നും, ലോകസാഹിത്യചരിത്രം ഹൃദിസ്ഥമാക്കിയ ജ്ഞാനിയായ ഒരു മഹതിയാണെന്നുമോർക്കുമ്പോൾ, അവരുടെ നിരീക്ഷണങ്ങൾ ആനുകാലിക സമൂഹത്തിലെ മറ്റേതു ഉന്നത വ്യക്തികളേക്കാൾ ഉയർന്ന പദവിയിലുള്ള ഒരു നിരീക്ഷകയുടെ അഭിപ്രായമാണെന്നു തിരിച്ചറിയാനാകും. ആ അർത്ഥത്തിൽ "മലയാള സമീക്ഷ"യുടെ പദവി ഉയർത്താനും ഈ ലേഖനം സഹായിക്കുന്നു.


ഡോ. ലീലാവതിയുടെ ഗ്രന്ഥങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അതിൽ കാണുന്ന നിരീക്ഷണപടുത്വം നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. ഭാരതീയ ഭാഷകളിലെ ഒട്ടെല്ലാ ക്ലാസിക്‌ കൃതികളേയും പരാമർശിച്ചുകൊണ്ടുള്ള ടീച്ചറുടെ വിഷയാവതരണരീതി ആരേയും അമ്പരിപ്പിക്കുന്ന വിജ്ഞാനതൃഷ്ണയുടെ മകുടോദാഹാരണം കൂടായാവുന്നു. മലയാളത്തിലെ സ്ത്രീ എഴുത്തുകാരിൽ ഫെമിനിസ്റ്റല്ലാത്ത ഒരേയൊരു നിരൂപകയോ, എഴുത്തുകാരിയോ ഉണ്ടെങ്കിൽ അത്‌ ഡോ. ലീലാവതി തന്നെയാണ്‌. സ്ത്രീപക്ഷമോ പുരുഷപക്ഷമോ അല്ലാത്ത മാനവപക്ഷത്തിന്റെ നിരീക്ഷണങ്ങളാണവരുടേത്‌. ഭാരതീയ കുടുംബ സംസ്കാരത്തിന്റെ ഉന്നതമായ തലങ്ങൾ എന്തെന്നന്വേഷിക്കുന്ന ഗവേഷകർക്ക്‌ ടീച്ചറുടെ കൃതികൾ അവസാന അഭയമാവുന്നു.

സി. വി. രാജശേഖരൻ:
ഇന്നത്തെ സമൂഹത്തിൽ നിനന്തരം ഉപയോഗിക്കുന്ന വാക്കും പ്രതിഭാസവുമാണ്‌ 'മേയ്ക്കപ്പ്‌. തനതായ വ്യക്തിത്വം മറച്ചുവയ്ക്കാനുള്ള മാർഗ്ഗം കൂടിയാണല്ലോ, അത്‌?  ‘Make-up എന്നാ വാക്കിനെ വിഭജിച്ചാൽ അതിന്‌ രണ്ടർത്ഥം വരും: 'ഔന്നത്യത്തിലേയ്ക്കു സൃഷ്ടിക്കുക' യെന്നും, 'ഒപ്പിക്കുക' യെന്നും! ലോകമെന്തെന്നറിഞ്ഞു കൂടാത്ത സമൂഹത്തിന്റെ വേവലാതികളാണ്‌ അവരെ മേയ്ക്കപ്പിലേയ്ക്കു നയിക്കുന്നത്‌. വസ്തുതകളുടെമേൽ മൂടുപടമിടുന്ന ഒരു പ്രവൃത്തക്കൂടിയാണത്‌. ഈ അറിവു പങ്കുവയ്ക്കാൻ സഹായിക്കുന്നു, ലേഖകൻ.

രസകരമായ അനുഭവത്തിന്റെ സരസമായ ആവിഷ്കാരമാണ്‌ തുമ്പമൺ തോമസിന്റെ രചന. ഇത്തരം അനുഭവങ്ങൾ ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർ വായിക്കുന്നത്‌ നന്നായിരിക്കും. സമൂഹം കടന്നു പോന്ന ദുരിതപൂർണ്ണമായ ലോകത്തിന്റെ ഓർമ്മകളും അറിവുപകരലും നമ്മുടെ സമൂഹ
നേതൃത്വത്തെ നല്ലതു ചെയ്യാൻ പ്രേരിപ്പിക്കും; സംശയമില്ല.

പ്രണയവും തുടർന്ന്‌ വിവാഹവും കേരളീയ സമൂഹം ഇപ്പോഴും അംഗീകരിക്കുന്നില്ലെന്ന ഡോ. എം. എസ്‌. പോളി (നളിനിയുടെ നൂറു വർഷങ്ങൾ)ന്റെ അഭിപ്രായം യോജിക്കാവുന്നതല്ല. അദ്ദേഹം പറയുംപോലെ കേരളീയ സമൂഹം ഇപ്പോൾ യാഥാസ്ഥിതികവുമല്ല. ഇതിനു കാരണം, നാം നമുക്കു പുറത്തുള്ള ലോകത്തെ അംഗീകരിക്കാൻ തൽപരാണെന്നതാണ്‌. മറ്റേതൊരു നാട്ടിൽ പ്രണയം അംഗീകരിക്കപ്പെടുന്നതായി ലേഖകൻ കരുതുന്നുവോ, അതുമായുള്ള സമ്പർക്കം കൊണ്ടെങ്കിലും കേരളത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്‌; ഈ അർത്ഥത്തിൽ നാം ഒറ്റപ്പെട്ടവരല്ല.


കാടുകയറിയേക്കാവുന്ന മനുഷ്യഭാവനയ്ക്ക്‌ ദിശാസൂചിയാണ്‌ എന്നും നക്ഷത്രങ്ങൾ. നാം ഭൂമിയുടെ ഉപരിതലത്തിലാണു ജീവിക്കുന്നതെന്നും, മനുഷ്യന്‌ ആകാശം മുട്ടെ വളരാനുള്ള സ്ഥലമുണ്ടെന്നും ഓർമ്മിപ്പിക്കുന്നത്‌ എപ്പോഴും നക്ഷത്രങ്ങളാണ്‌. അതുകൊണ്ടാവാം ദൈവപുത്രന്റെ വരവറിഞ്ഞ്‌ അന്വേഷിച്ചിറങ്ങിയ രാജാക്കന്മാർക്ക്‌ നക്ഷത്രം വഴിതെളിച്ചുവേന്ന്‌ ബൈബിളിൽ എഴുതിവച്ചതു. ഭൂമിയുടെ ഉപരിതലത്തിലെ ജീവിതത്തിന്റെ സ്വാതന്ത്ര്യം കവരാൻ ആർക്കും കഴിയും? അതുകൊണ്ട്‌, നമുക്ക്‌ ഭാവനയിൽ രമിക്കാം. രാ മോഹന്റെ കുറിപ്പ്‌ (വേട്ടക്കാരന്റെ മാനിഫെസ്റ്റോ) ഈ സ്വാതന്ത്ര്യബോധത്തെ ശക്തമായി ഉയർത്തിപ്പിടിക്കാൻ ഇടയാക്കും.

ഈർച്ച ഇന്ന്‌ ഓർമ്മ മാത്രമാണ്‌. ഈർച്ച കാണാൻ രസകരവുമാണ്‌. എന്നാൽ ഈർച്ച ചെയ്യുമ്പോൾ പ്രാണനെടുക്കുന്ന, ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നിക്കുന്ന ഒരനുഭവമാണെന്ന്‌ അതു ചെയ്തു നോക്കിയാലറിയാം. നോക്കുക, ആരൊക്കെച്ചേർന്നാണ്‌ ഈ ലോകം കെട്ടിപ്പടുത്തത്‌! (ചിത്രകാരന്റെ ഭാവന).
അഭിമുഖങ്ങൾ:
ഷാജി എൻ. കരുണുമായുള്ള ധർമ്മരാജ്‌ മടപ്പിളളിയുടെ സംഭാഷണം സാർത്ഥകമായി. സിനിമാ നിർമ്മാണത്തിന്റെ സാങ്കേതികവശങ്ങളിലേയ്ക്കും. ചില 'ടെക്നിക്കു'കളിലേയ്ക്കും നീങ്ങിയ സംഭാഷണം വിജ്ഞാനപ്രദം (information) കൂടിയായി.
സാമൂഹ്യാസ്വസ്ഥതകളെ ആസ്പദമാക്കിയ വികാരവിക്ഷോഭത്തെ പ്രമേയമാക്കുന്ന കവിയാണ്‌ കുരീപ്പുഴ ശ്രീകുമാർ. വികാരവിക്ഷോഭങ്ങളുടെ പ്രകാശനത്തെ ഭരണക്കൂടം "അരാജകത്വ"മെന്ന പേരിൽ തടയുന്നത്‌ എന്നത്തേയും പതിവാണ്‌. ഭരണക്കൂടത്തെ ഭയന്ന്‌ മാറിനിൽക്കുന്ന എഴുത്തുകാരിൽ നിന്ന്‌ വ്യത്യസ്തനത്രെ കുരീപ്പുഴ. ഈ ധീരത കാലഘട്ടത്തിന്റെ ആവശ്യമാണ്‌. മലയാള ഭാവനയിൽ ഇത്തരം നൂറുപൂക്കൾ ഇനിയും വിരിയട്ടെ എന്നാശംസിക്കാം. മണർകാടു ശശികുമാറിന്റെ പ്രഗത്ഭമായ അഭിമുഖം.
കവിതകൾ:
വാക്കുകൾ കൂർത്ത കാരമുള്ളുകളായി മാറ്റിയ കവിതയാണ്‌ പഴവിള രമേശന്റേത്‌. സാമൂഹ്യാനീതിക്കെതിരായ ബോധത്തിനു മയക്കം ബാധിച്ച യുവാക്കൾ ഈ കവിത ശ്രദ്ധിക്കണം. ഭൂമിക്കുപുറത്തെ ആകാശംപോലെ ആത്മാവിന്റെ 'അതിരറ്റ സ്വപ്നസുതാര്യത' തിരിച്ചറിയുന്ന കവിയാണ്‌ വേണു വി. ദേശം. അനുഭൂതിയും ലാവണ്യവുമുള്ള മനസ്സുകളെ പ്രചോദിപ്പിക്കുന്ന കാവ്യം.
കാവ്യഭാഷാപ്രയോഗത്തിന്റെ പുതിയൊരു മുഖമാണ്‌ വി. ജയദേവ്‌ മുന്നിൽ വയ്ക്കുന്നത്‌, കവിതയിലൂടെ. സംഭാഷണഭാഷയെ കവിതയിലാക്കുന്നതിന്റെ പുതുമയുണ്ടതിന്‌. ഇതൊരു പുതിയ പാതയാണ്‌. അതിന്റെ സാധ്യതകൾ യുവകവിളകൾ ആരായണം.

ജിജോ അഗസ്റ്റിന്റെ ഹ്രസ്വമെങ്കിവും ശക്തമായ കവിതയും, പി.എ. അനീഷിന്റെ 'ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന' മട്ടിലുള്ള രചനയും ശ്രദ്ധേയമായി. സനൽ ശശിധരനാവട്ടെ, ലോകം മുഴുവൻ മനസ്സിൽ കുരുങ്ങുന്നുണ്ടെങ്കിലും, ഒന്നും പറയാൻ കഴിയാതെ പോവുന്ന കാലത്തിന്റെ ബിന്ദുവിലാണു നാമെന്നോർമ്മിപ്പിക്കുന്ന വസ്തുത തന്റെ കവിതയിലൂടെ വരച്ചുകാട്ടുന്നു. മണർകാട് ശശികുമാറിന്റെ കൃതി കാവ്യാത്മകതയോടടുത്തു നിൽക്കുന്ന ശ്രമമായി നിൽക്കുന്നു. മാനവവേദനകൾ ഉൾകൊള്ളുന്നതും, ദർശന മുള്ളതുമാണ്‌ ജയചന്ദ്രൻ പൂക്കരത്തറയുട ഹ്രസ്വകാവ്യം. മനോഹരമായ കാവ്യഭാഷയാണ്‌ സംവിദാനനന്റെ രചനയിൽ മുഴുങ്ങുന്നത്‌.

ആർ. മനു കൈകാര്യം ചെയ്യുന്ന പ്രമേയം നന്ന്‌. എന്നാൽ ആവിഷ്കാരം കൂടുതൽ കാവ്യാത്മകമാക്കണം. മേരി ലില്ലിയുടെ പ്രേമകാവ്യവും, സാമൂഹ്യപ്രശ്നങ്ങൾ പ്രതിഫലിക്കുന്ന കൃഷ്ണദാസ്‌ മാത്തൂരിന്റെ കവിതയും കൊള്ളാം. എന്നാൽ, സന്തോഷ്‌ പാല കേവലം ഉപരിതലം മാത്രമേ സ്പർശിച്ചുള്ളൂ. ഉൾക്കാമ്പുകൾ ഉൾക്കൊള്ളാനും അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിക്കണം.

താരതമ്യങ്ങളിലൂടെ പുതിയലോകത്തിന്റെ രോദനം കണ്ടെത്തുന്ന ടി. പി. സക്കറിയയുടെ കവിതയും, ഒരു സാധാരണ കാഴ്ചയുടെ (തൊട്ടാവാടി) കാവ്യാത്മകവും ഭാവനാത്മകവുമായ ആവിഷ്കാരം നടത്തുന്ന മേലൂർ വാസുദേവന്റെ രചനയും നന്നായി. ത്രേസ്യാമ്മ തോമസിന്റെ പ്രഭാതത്തെക്കുറിച്ചുള്ള കവിത, പുതുതായൊന്നുമില്ലാത്തതിനാൽ വിരസമായി. ആലിഫ്‌ ഷായുടെ നീണ്ട കവിത അർത്ഥപുഷ്ടിയില്ലാത്തതും, വ്യത്യസ്ത അനുഭവങ്ങളെ ദ്യോതിപ്പിക്കുന്ന പദങ്ങളുടെ ക്ഷാമം കൊണ്ട്‌ സുഖകരമായി തോന്നിയില്ല. കവിത ഇത്രയും നീട്ടേണ്ടി വന്നത്‌, പറയാനുള്ളത്‌ ദ്രോതിപ്പിക്കാൻ ശേഷിയുള്ള വാക്കുകളുടെ ദൗർലഭ്യം കൊണ്ടാണ്‌. ഹണി ഭാസ്കരന്റെ സാമൂഹ്യവിമർശനം പ്രമേയമാക്കിയ കവിതയും, വാക്കിന്റെ ശക്തി പ്രതിഫലിപ്പിക്കുന്ന ബക്കർ മേത്തലയുടെ രചനയും 'മലയാള സമീക്ഷ'യെ സമ്പന്നമാക്കി. വിൽസൺ ജോസഫിന്റെയും നന്ദനൻ മുള്ളമ്പത്തിന്റേയും, ഹ്രസ്വകവിതകളും, മാതൃസ്നേഹം പ്രമേയമാക്കിയ ശ്രീദേവി നായരുടെ കൃതിയും ഈ ലക്കത്തിലുണ്ട്‌. സാംജി ചെട്ടിക്കാട്‌ കവിതയെന്ന പേരിൽ നടത്തുന്ന പ്രഭാഷണം ഒട്ടും സുഖം തോന്നിച്ചില്ല. രാജേഷ്‌ ശിവയുടെ പ്രേമകാവ്യവും, എസ്സാർ ശ്രീകുമാറിന്റെ ഹാസ്യാത്മകകാവ്യവും, ഇന്ദിരാ ബാലന്റെ സ്വത്വത്തിന്റെ കവിതയും മേതിൽ വേണു ഗോപാലിന്റെയും, ഐൻസ്റ്റീൻ വാലത്തിന്റേയും സാമൂഹ്യവിമർശനവും നന്നായി. ഡോ. കെ. ജി. ബാലകൃഷ്ണന്റെ ഒരു തുള്ളി കവിത നിലത്തുവീണു ചിതറിയ പോലെ തോന്നി.

മഹർഷിയുടെ ഹ്രസ്വകാവ്യം, വ്യക്തതയില്ലാത്ത  എം. എ. പ്രസന്നകുമാറിന്റെ കവിത, കാവാലം ശശികുമാറിന്റെ പഴയ കവിതകളുടെ ശൈലിയെ ഓർമ്മിപ്പിക്കുന്ന രചന, ഭംഗിയായ കവിതാരൂപം അവതരിപ്പിച്ച കെ. വി. സുമിത്രയുടെ കൃതി ഗിരീഷ്‌ വർമ്മയുടെയും, നിഷ ജി.യുടെയും പ്രേമകാവ്യങ്ങൾ, ശ്രീധരൻ എൻ. ബല്ലയുടെ ഹ്രസ്വകാവ്യം എന്നിവ ഈ ലക്കത്തിലുണ്ട്‌. ചന്ദ്രൻനായരുടെ കവിതയിൽ ആദ്യാക്ഷരം(ക) മാത്രം ബാക്കിയായി.

ആനന്ദവല്ലിചന്ദ്രൻ, ലീല എം. ചന്ദ്രൻ, രാജൂ കാഞ്ഞിലങ്ങാട്‌, അനിൽ കുറ്റിച്ചിറ, എം. ആർ. മാടപ്പള്ളി, മാത്യു നെല്ലിക്കുന്ന്‌, രഹ്നാ രാജേഷ്‌, ശ്രീജിത്ത്‌ അരിയല്ലൂർ, സുരേഷ്‌ ഗംഗാധർ, കെ. എസ്‌. ചാർവ്വാകൻ, ബി. ഷിഹാസ്‌, സജീവ്‌ വി. കിഴക്കേപ്പറമ്പിൽ, ഹരിദാസ്‌ വളമംഗലം, എം. ആർ. വിപിൻ, കുഞ്ഞൂഞ്ഞ്‌ എന്നിവരും എഴുതിയ കവിതകൾ കഴിഞ്ഞ ലക്കത്തിൽ കാണാം.
എം. കെ. ഖരീമിന്റെ 'ഊരുഭംഗം' (സമ്പൂർണ്ണ നോവൽ കാലം ആവശ്യപ്പെടുന്ന പ്രമേയം കൈകാര്യം ചെയ്യുന്നു. കാലത്തിന്റെ രേഖാചിത്രം ഏറ്റവും കൃത്യമായും, ശക്തമായും അദ്ദേഹം വരച്ചു ചേർത്തു, നോവലിൽ. സാഹിത്യം ഏറെ ഹൃദ്യമായി. കൃതസ്തനായ എഴുത്തുകാന്റെ പാടവത്തോടെ, എഴുത്തുകാരനുണ്ടാവേണ്ട ആർജ്ജവത്തോടെ, നോവലിന്റെ പ്രമേയത്തെ അയത്നലളിതമായി അവതരിപ്പിക്കുന്ന താണെങ്കിലോ, കൃത്യമായ അലങ്കാരങ്ങളുടെ പശ്ചാത്തലത്തിലും. ഈ നോവൽ പുതിയ എഴുത്തുകാർ വായിച്ചു പഠിക്കണം. അത്‌ അവർക്കേറെ പ്രയോജനപ്പെടും.
വി. രവികുമാറിന്റെ പരിഭാഷ അസാധാരണമായ ലാളിത്യവും, മൗലികതയും ആർജ്ജിച്ചതാണ്‌ 'നിരക്ഷര'ന്റെ ചിത്രസഹിതമായ യാത്രാവിവരണം നന്നായി.
കഥകൾ:
എം. ആർ. ചന്ദ്രശേഖരൻ, കെ. ശങ്കരനാരായണൻ, ജനാർദ്ദനൻ വല്ലത്തേരി, ഉമ്മാച്ചു, സണ്ണി തായങ്കരി, മലയാമ്പള്ളം ശങ്കരൻകുട്ടി, സാജിത അബ്ദുൾ റഹിമാൻ, മനോരാജ്‌ കെ. ആർ., സരിജ എൻ. എസ്‌., പ്രേംജി, ഷാജഹാൻ നന്മണ്ട, റീജ പനക്കാട്‌, ബി. ജോസ്‌ കുട്ടി, സിബി പടിയറ, തോമസ്‌ പി. കൊടിയൻ എന്നിവരുടെ ചെറുകഥകളാണ്‌ ഒന്ന്‌, രണ്ട്‌ ഭാഗത്തിലുള്ളത്‌.
റശീദ്‌ പുന്നശ്ശേരി, ശ്രീജിത്ത്‌ മൂത്തേടത്ത്‌, ഷെമീർ പട്ടരുമഠം, ബഷീർ മേച്ചേരി, ദേവേന്ദുദാസ്‌, സലാം പൊട്ടേങ്ങത്ത്‌, സത്യജിത്ത്‌ എന്നിവരാണ്‌ 3, 4 ഭാഗങ്ങളിലായി എഴുതിയിട്ടുള്ളത്‌.
സുധാകരൻ ചന്തവിളയുടെ ലേഖനം സാമ്പ്രാദായകമായ പരികൾപ്പനകളുടെ വിവരണം മാത്രം നടത്തുന്നു. അതുതന്നെ, കേവലം ഉപരിവിപ്ലവം. കൂടുതൽ ആഴത്തിൽ വിഷയത്തെ സമീപിക്കണമായിരുന്നു.

ആന്റണി ബോബൻ രചിച്ച, 'രക്ഷകൻ' (ഏകാങ്ക നാടകം), ആ കലാരൂപത്തിന്റെ കാലം കഴിഞ്ഞുവേന്നു പ്രചരിപ്പിക്കുന്നവർക്കുള്ള ശക്തമായ മറുപടിയാണ്‌. ലോകത്തിന്റെയും ജീവിതത്തിന്റേയും വെളിപ്പെടാത്ത യാഥാർത്ഥ്യങ്ങളിൽനിന്ന്‌ ഊർജ്ജം ഉൾക്കൊണ്ട്‌, മുഖ്യധാരാ സാഹിത്യത്തിൽനിന്നും ഒട്ടൊഴിഞ്ഞുനിന്ന്‌ ശ്രദ്ധാപൂർവ്വം നാടകം രൂപപ്പെടുത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ. എം. പി. ശശിധരന്റെ 'മൈക്രോകഥ'കൾ പുതിയൊരു തുടക്കമാണ്‌. അജീഷ്‌ ചന്ദ്രന്റെ 'കാല'വും ജി. ഹരി നീലഗിരിയുടെ കാർട്ടൂൺ കവിതകളും ശ്രദ്ധേയമത്രെ!
സുകുമാർ അഴിക്കോടിന്റെ പുസ്തകാനുഭവത്തിനു പാത്രമായ എം. കെ. ഹരികുമാറിന്റെ 'എന്റെ മാനിഫെ​‍േസ്റ്റോ', അക്കാരണംകൊണ്ടുതന്നെ, നമ്മുടെ കാലത്ത്‌ എങ്ങനെ പ്രസക്തമാവുന്നുവേന്നുള്ളതിന്റെ തെളിവായി. എഴുത്തുകാരന്‌ സ്വാഭാവികമായും ഉണ്ടാവേണ്ട ദാർശികാവബോധം എങ്ങനെ പ്രസക്തമാവുന്നുവേന്ന്‌ ശ്രീ. അഴിക്കോട്‌ പറയുന്നു.

സന്തോഷ്‌ പാലായുടെ 'കമ്യൂണിസ്റ്റ്‌ പച്ച' എന്ന കവിതാസമാഹരത്തെ അപഗ്രഥിച്ച്‌ ദേശമംഗലം രാമകൃഷ്ണനും, മേലൂർ വാസുദേവന്റെ 'ഒറ്റുകാരന്റെ മൊഴി' യെക്കുറിച്ച്‌ നീലമ്പേരൂർ മധുസൂദനൻ നായരും, സണ്ണി തായങ്കരിയുടെ 'പരേതാത്മാക്കളുടെ നഗരതക്കാഴ്ചകൾ' എന്ന കൃതിയെ ആസ്പദമാക്കി ഡോ. ഷാജി ഷൺമുഖവും എഴുതുന്നു. 'പാട്ടുകളിലെ ഓണം' (ഡോ. ശശിധരൻക്ലാരി), വി. ലി, അഭിലാഷിന്റെ കാർട്ടൂണുകൾ, എം. സി. രാജനാരായണന്റെ സിനിമാപഗ്രഥനം എന്നിവ 'മലയാളസമീക്ഷ'യുടെ ഓണപ്പതിപ്പിൽ കാണാം.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...