കിടങ്ങന്നൂർ പ്രസാദ്
കർക്കിടകമഴയിൽ
നനഞ്ഞുകുതിർന്നു
സൈക്കിളിൽവരുന്ന
മീൻകാരനുണ്ടായിരുന്നു
ചെതുമ്പലുകൾ വളർന്ന
വിരലുകളിൽ
പച്ചമീനുകൾ പിടച്ചുനിന്നിരുന്നു.
ബീഡിപ്പുകയിൽ
ഒന്നേ ഒന്നേ രണ്ടേ രണ്ടേ
തേക്കിലകളിൽ ചേർത്തുവെച്ചു
കടൽപെരുമകൾ പാടിനടന്നു.
അന്തിച്ചന്തകളിൽ നിന്നും
അയ്യാൾ എന്നോ
അപ്രത്യക്ഷണായിരുന്നു
ശരീരം മുഴുവൻ
ചെതമ്പലുകൾ വളർന്ന
അയ്യാളെ
ശംഖുമുഖത്തുകണ്ടവരുണ്ട്
തേക്കിലകളുമായി
ജനം കടപ്പുറത്തുപെരുകി
വന്നെന്ന് ഉച്ചവാർത്ത.