കാലിയെ മേയ്ക്കുവാൻ കാട്ടിലും മേട്ടിലും
ചോലയ്ക്കരുകിലുമൊന്നിച്ചു പോയവൻ,
അമ്പാടിയിലെന്റെ തല്ലും തലോടലു-
മേറ്റു കളിച്ചു കൂത്താടിയ കൃഷ്ണനെ-
കാണുവാനണു ഞാൻ വന്നതൊടുങ്ങാത്ത
മോഹവുമായി ത്തിരുവാമ്പാടിയിൽ.
കുഞ്ഞനുജന്നു കൊടുക്കാനവനിഷ്ട
കാണിക്കയേറെക്കരുതിയിരുന്നു ഞാൻ.
പൂരപ്രസിദ്ധമാമമ്പലം തന്നിലായ്
പള്ളികൊണ്ടീടുമവനെ ദർശിക്കുവാൻ,
ക്ഷേത്രം ഭരിക്കുവോർ സമ്മതിക്കാതെന്റെ
ഗോത്രവും വർഗ്ഗവും ജാതിയും ചോദിപ്പു.
ജാതിയിൽ താഴ്ന്നവനാണു പോൽ യാദവൻ;
പി.എസ്സ്.സി ലിസ്റ്റിലെ ഓ.ബി.സി യായവൻ.
കൈയ്യിൽ കരുതിയ കാണിക്ക വാങ്ങുവാ
നില്ലായിരുന്നൊട്ടു ഭ്രഷ്ടുമയിത്തവും.
ക്ഷേത്ര മതില്ക്കെട്ടിനുള്ളിൽ പ്രതിഷ്ഠിത-
യാദവൻ പൂജ്യൻ;അവന്റെ സഹോദരൻ
എത്രയും ദൂരെയകറ്റി നിർത്തേണ്ടവ;-
നെന്തുവിചിത്രമീ ജാതിഭൂതക്കളി!
“മർത്യരിൽ ഭേദവും ഭേദത്തിൽ ഭേദവും
കല്പിച്ച വൈദികമാനികൾ”തൻ ഹീന
വംശ പരമ്പരയിന്നും തുടരുന്നു-
വെന്നോ മനുഷ്യന്റെ ജാതി മനുഷ്യത്വ
മെന്നു പറഞ്ഞ ഗുരുവിന്റെ നാട്ടിലീ
പുത്തൻ യുഗത്തിലിരുണ്ട മനസ്സുമായ്?
.............................. .............................. ....................
*തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്ര ഭരണ സമിതി
സവർണ്ണർ മാത്രം കൈയ്യടക്കിയതിനെതിരെ ഉണ്ടായ
കോടതിവിധിയുടെ പശ്ചാത്തലത്തിൽ എഴുതിയത്.