എം.കെ.ഹരികുമാർ
കൂടുകൾവിട്ട് പലകൂട്ടങ്ങളിൽചേർന്ന്
അവ അദൃശ്യരായി ഒഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു
അവളുടെ, അവന്റെ സ്നേഹം
ഒരോ കൂട്ടം അദൃശ്യജീവികളുടേതായിരുന്നു
അപാരമായ ഉൾക്കുത്തുകളുടെ,
പൊറുതിമുട്ടിയ അന്തർ
അലങ്കോലങ്ങളുടെകൂടെ
മതിവരുവോളം
അവർ താമസിച്ചു
ആ താമസം
ഒരു നേർച്ചയോ വഴിപാടോപോലെയായിരുന്നു
കവിളികളിലൂടെ കമ്പികോർത്ത്
രണ്ടറ്റത്തും നാരങ്ങ പിടിപ്പിച്ച്
കാവടിയാട്ടത്തിനൊപ്പം
നൃത്തം ചെയ്യുന്ന
ഭക്തനെപോലെയായിരുന്നു
അവരുടെ പ്രേമാതുര ജീവിതം
അടുപ്പിലെ ഒഴിഞ്ഞ കലങ്ങൾക്കുമേൽ
അവർ പതപ്പിച്ചെടുത്ത
ആത്മവിദ്വേഷത്തിന്റെയും
നിന്ദയുടെയും പ്രാതൽ,
ഒരിക്കൽ പോലും
അവർ പങ്കുവയ്ക്കാതിരുന്നിട്ടില്ല.
പാത്രങ്ങൾ നിശ്ശബ്ദത
പാലിച്ചപ്പോഴൊക്കെ
അവർ അതിനെ തട്ടിമാറ്റി,
നിശ്ശബ്ദതകൾ വീണുടയാനായി കലഹിച്ചു.
വേവാത്ത കാമനകൾക്ക്
പലചരക്കുകടക്കാരനെ കുറ്റം പറഞ്ഞു
വേർപിരിയാത്ത കരിപ്പാടുകൾക്ക്
പാത്രക്കടക്കാരനെയും.
പാകമാകാത്ത ബീജത്തിനും
ബീജഗണിതത്തിനും
ബസ്സിലും ട്രെയിനിലും
അപരിചിതരോട്
കലഹിച്ചു.
പ്രണയത്തിന്റെ വിൽപ്പനശാലയിൽ
ഏകാന്തതയുടെ അലൂമിനിയം പാത്രങ്ങൾ,
അടുപ്പിന്റെ അശരണരായ
ശബ്ദങ്ങൾ
അരിഞ്ഞുതീരാനായി കിടന്നുകൊടുക്കുന്ന
പച്ചിലക്കൂട്ടത്തിന്റെ വിചിത്രമൗനങ്ങൾ...
സംഭാഷണങ്ങൾ.
അവ പക്ഷിക്കൂട്ടങ്ങളെപ്പോലെ
അവർക്കുചുറ്റും വട്ടമിട്ടു.