ബോധമണ്ഡലം കുത്തിത്തുറക്കുന്ന
കാളക്കൂറ്റന്റെ ശീഘ്രനിശ്വാസങ്ങള്‍
തെല്ലുമരോചകമാകാത്ത രാവിതില്‍
തെല്ലൊരാസക്തി കൊമ്പുകുലുക്കുന്നു.
വന്യവേഗത്തില്‍ കുത്തിക്കിളയ്ക്കുന്നു
വന്യതാളത്തില്‍ ഞാനും മറക്കുന്നു
മൂക്കുകയറിന്റെ തുമ്പങ്ങു നീണ്ടതില്‍
പിടിവിട്ടു ചിന്ത ചിരിയ്ക്കുന്നതെന്തിനു?
കൊമ്പുമൂര്‍ച്ചയില്‍ ചേല കുരുങ്ങുന്നു
കൊമ്പു നീട്ടലില്‍ സ്പര്‍ശം തരളിതം
ഗന്ധമസഹ്യമെങ്കിലും ഉമിനീരില്‍
കുളിരുകോരും സമുദ്രങ്ങളെത്രയോ!
കണ്ടു കണ്ടവനെന്നെ ഭോഗിയ്ക്കവേ
സ്വത്വവിസ്മൃതം തീണ്ടിയ യാമമായി.
റമ്മിന്റെ തീയിലെല്ലാമൊടുങ്ങട്ടെ
ആ ചാരക്കൂനയിലെന്നെയറിയുന്ന
വാക്കിന്റെ മുത്തുകള്‍ നിങ്ങളെടുക്കുക.
ബീഡിപ്പുകയിലെ മാലാഖപ്പെണ്ണുങ്ങ -
ളെന്നോടു ചൊല്ലുന്നനുഗമിച്ചീടുവാന്‍,
ശ്വാസച്ചിത പുകയുമ്പൊളീ നിശ്വാസ
രേണുകളസ്വസ്ഥമാക്കുന്നു ചുറ്റിനും .
പൊട്ടിയ പാതിച്ചട്ടിയില്‍ പാതിയായി
വെന്ത പക്ഷിച്ചങ്കിലൊരപൂര്‍ണ്ണകാവ്യം.
ഇണയുടെ കൊച്ചുപിണക്കമകറ്റെണ്ട
കവനപ്പകര്‍ച്ചയിലുദര വിമ്മിഷ്ടവും .
വാക്കിനെ ചെത്തിയ ലഹരിമുനയിലെന്‍
മസ്തിഷ്കം വിണ്ടുകീറുമ്പോഴുമെഴുതുന്ന
തൂലികപ്പരിഷയ്ക്കു വീണവായിക്കുവാന്‍
ആത്മദുഃഖത്തിന്റെ വേദിയൊരുങ്ങുന്നു .
ഉള്ളുനീറിക്കൊണ്ടേറെ സംവത്സരം
ഇരുളിന്‍ ലോകത്തിനല്പം വെട്ടമായി
കത്തിയൊടുങ്ങുമെന്നാത്മ ഹര്‍ഷങ്ങളെ
ഇത്തിരിക്കണ്ണീരൊഴുക്കുവാനില്ലിനി .