മനോജ് മനയില്‍
തൊട്ടിലില്‍ , കൈവിരലമ്മിഞ്ഞ പോലോര്‍ത്തു
നൊട്ടി നുണഞ്ഞു കിടന്നു കൊണ്ടും
പിഞ്ചു കാല്‍ രണ്ടും പുറത്തേക്കു നീട്ടിയും
പിഞ്ചോമനേ നിന്‍ കിടപ്പു കണ്ടും
ഉള്ളം കുളിര്‍ത്തു ഞാനക്കാഴ്ചയില്‍ മെല്ലെ
ഉള്ളിലാനന്ദത്തിര ചുരന്നും
നില്‍ക്കവെ, ജീവന്റെ ഭാഗപത്രത്തിലെ
ഇല്ലായ്മ നീക്കി നീയെന്നറിഞ്ഞു!
എങ്ങിനെ വാക്കിന്റെയമ്പു തൊടുത്തു കൊ-
ണ്ടിക്കാഴ്ചയെ ഞാന്‍ പകര്‍ത്തിടേണ്ടൂ
എങ്ങിനെ വശ്യമാം സ്നേഹവിഹായസ്സി-
ലിക്കാഴ്ചയെ ഞാന്‍ നിനച്ചിടേണ്ടൂ...