15 Nov 2011

നിലാവിന്റെ വഴി


ശ്രീപാര്‍വ്വതി


ഓര്‍മ്മകള്‍ക്ക് സുഗന്ധം വയ്ക്കുമ്പോള്‍

"ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം......." ഓര്‍മ്മകളെ താലോലിയ്ക്കുവാന്‍ എത്ര പാട്ടുകളാണ്, നമുക്ക്. വീട്ടുമുറ്റത്തെ ചെറിയ അരിമുല്ലയിലെ നനുത്ത ഗന്ധം ഇറ്റനാഴികള്‍ കറ്റന്ന് മെല്ലെ ഗൃഹാതുരതയിലേയ്ക്ക് ചേക്കേറുമ്പോള്‍ ഓര്‍മ്മകള്‍ എവിടെയാണ്, നമുക്ക് നഷ്ടപ്പെട്ടത്? പിച്ചിയും അരളിയും മരവിയില്‍ ലയിക്കുമ്പോള്‍ മുകുറ്റിയും തുമ്പയും ഓണത്തിന്‍റെ കൌതുകം മാത്രമാകുമ്പോള്‍ എന്താണ്, നമുക്ക് ഇല്ലാതാകുന്നത്... സുഖകരമായ നമ്മുടെ ഓര്‍മ്മകള്‍ തന്നെയല്ലേ...
ഓര്‍മ്മകള്‍ നഷ്ടപ്പെടുത്തലുകളൂടേതു മാത്രമോ....?
ഒരിക്കലുമല്ല...
കടന്നു വന്ന വഴികളില്‍ നമ്മള്‍ ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത എത്ര കാര്യങ്ങളുണ്ട്. നമ്മുടെ പ്രിയപ്പെട്ട ഒരാളെ ആദ്യമായി കണ്ടത്, മനസ്സിനെ പിടിച്ചുലച്ച ഒരു പാട്ട്, ഒരു സിനിമ, ആദ്യ ചുംബനം, ആദ്യ പ്രണയം അങ്ങനെ എന്തൊക്കെ...
ഓര്‍മ്മകളില്‍ വലരെ വ്യത്യസ്തമായത് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, ഞാനെടുക്കുക ആ ദിനമാണ്. കഴിഞ്ഞ വര്‍ഷത്തെ വിജയദശമി ദിനം. അന്നാണ്, ആദ്യമായി എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍റെ മണ്ണില്‍ കാലുകുത്തുന്നത്.

വര്‍ഷങ്ങളായി ഉള്ളില്‍ കൊണ്ടു നടന്ന ഒരു മോഹമായിരുന്നു അത്. "ഇന്നലെ"കളുടെ ഗന്ധര്‍വ്വന്‍റെ ഒരു അദൃശ്യസാമിപ്യം ഞാനറിഞ്ഞു. ഓര്‍മ്മകളില്‍ തിരയേണ്ട... അപരനും, ഇന്നലെയുമൊക്കെ ചെയ്ത പദ്മരാജന്‍ മാഷിനെ പറ്റി ത്തന്നെയാണ്, പറഞ്ഞു വരുന്നത്. ഒരു പരിപാടിയില്‍ വച്ച് രാധച്ചേച്ചി(പദ്മരാജന്‍റെ പ്രിയതമ)യെ കണ്ടു അവരോടൊപ്പമാണ്, ആ വീട്ടിലെത്തിയത്. കരിങ്കല്ലു പാകിയ മതിലുകളില്‍ പടര്‍ന്നു കിടക്കുന്ന വരകള്‍ പോലെയുള്ള ചെടികള്‍ നമുക്കു പാര്‍ക്കാം മുന്തിരിത്തോപ്പുകളിലെ മുന്തിരിപ്പാടങ്ങളെ ഓര്‍മ്മിപ്പിച്ചു. സാമ്യത തോന്നിയിട്ടൊന്നുമല്ല വെറുതെ ഒരു തോന്നല്‍. തുറന്ന ഗേറ്റിലൂടെ രാധചേച്ചിയ്ക്കൊപ്പം അകത്തേയ്ക്കു നടക്കുമ്പോള്‍ ഒരു ഭസമത്തിന്‍റെ സുഗന്ധം എന്നെ കടന്നു പോയതു പോലെ തോന്നി. വല്ലാതെ കുളിരു കൊണ്ടു. ഒപ്പം നടക്കുന്നത് അദ്ദേഹത്തിന്‍റെ പ്രിയതമയാണ്. രാധച്ചേച്ചിയോട് വല്ലാത്തൊരിഷ്ടമുണ്ട്, അന്നും ഇന്നും. സുഗന്ധമുള്ള ഒരു ഓര്‍മ്മയായി അത് അവശേഷിക്കേ തന്നെ ആ ദിവസം വേദനിപ്പിച്ച മറ്റൊരു ഓര്‍മ്മ കൂടിയുണ്ട്. വേദനകളെ എന്തിനു പങ്കിറ്റണം? എല്ലാവരേയും ചിരിച്ച മുഖത്തോടു കൂടി കാണാനാണ്, നമുക്കിഷ്ടം അല്ലേ...

സങ്കടങ്ങള്‍ നമ്മള്‍ മനപ്പൂര്‍വ്വം ആ വഴിയരികില്‍ തന്നെ ഉപേക്ഷിച്ചു പോരും. പക്ഷേ ചിലരുണ്ട്, ഒരു ചെറിയ മുറിവു പോലും മനസ്സില്‍ സൂക്ഷിച്ച് പ്രതികാരവും കുറ്റപ്പെടുത്തലുകളുമായി നടക്കുന്നവര്‍. എന്തു പറയേണ്ടൂ, ഈശ്വരന്‍ തന്ന നിറമുള്ള പല സ്വപ്നങ്ങളും ഓര്‍മ്മകള്‍ പോലും കാണാന്‍ അവര്‍ക്കു കഴിയുന്നില്ലല്ലോ.

നഷ്ടങ്ങള്‍ ഉണ്ടാകാത്ത ജീവിതമുണ്ടോ? ചിലപ്പോള്‍ ചില പ്രിയ മനുഷ്യര്‍, ഏറെ താലോലിച്ച  മോഹങ്ങള്‍, പ്രിയ പുസ്തകങ്ങള്‍... എല്ലാം നഷ്ടങ്ങള്‍ തന്നെ. നഷ്ടപ്പെടലുകള്‍ക്ക് പകരം നില്‍ക്കാന്‍ മറ്റുള്ളതിനൊന്നും ആയെന്നും വരില്ല. പക്ഷേ ആശ്വസിക്കാന്‍ കൂട്ടിന്, സുഗന്ധപൂരിതമായ പ്രിയപ്പെട്ടത് ഒന്നിച്ചുള്ള ഓര്‍മ്മകളെങ്കിലും ഉണ്ടല്ലോ.
ഇപ്പോള്‍ ഓര്‍മ്മ വരുന്നത് ബ്ലസ്സിയുടെ "തന്‍മാത്ര" എന്ന ചിത്രമാണ്. ഓര്‍മ്മകളില്‍ ജീവിച്ചിരുന്നൊരു മനുഷ്യന്‍റെ സ്വപ്നങ്ങള്‍ നിഴലുകളായി പോകുമ്പോള്‍ കാഴ്ച്ചക്കാരന്‍റെ ഹൃദയത്തെ തൊട്ടു കടന്നു പോകുന്ന ഒരു നോവുണ്ടല്ലോ, അത് മറവി രോഗം ബാധിച്ച ആയിരക്കണക്കിന്, മനുഷ്യര്‍ക്കു വേണ്ടിയുള്ളതാകുമ്പോള്‍ ആ വിങ്ങല്‍ മധുരമുള്ളതായി മാറും. ഓരോ തരിയായി ഓര്‍മ്മകള്‍ നഷ്ടപ്പെടുമ്പോള്‍ മനസ്സിലെവിടെയോ കിടക്കുന്ന നുറുങ്ങു വെളിച്ചത്തിലേയ്ക്ക് അവര്‍ നോക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന വിഭ്രാന്തികള്‍ ഒക്കെ കൂട്ടിരുപ്പുകാര്‍ക്ക് വേദനകളാണ്. പക്ഷേ ഒന്നാശ്വസിക്കുക, നമുക്ക് ഓര്‍മ്മകള്‍ നഷ്ടപ്പെട്ടിട്ടില്ലല്ലോ. ഓണവും ഊഞ്ഞാലും ഓര്‍ക്കാന്‍ പുസ്തകങ്ങളേയും കുട്ടിക്കാലത്തേയും ഓര്‍ക്കാന്‍ നമുക്ക് കഴിയുന്നുണ്ടല്ലോ. മറവി ബാധിച്ച നമ്മുടെ പ്രിയപ്പെട്ടവരുടെ സ്നേഹ സമ്മാനങ്ങള്‍ നമ്മുടേ ഓര്‍മ്മകളില്‍ നിന്ന് ആരും തുടച്ചു നീക്കിയിട്ടില്ലല്ലോ.
ആ ഓര്‍മ്മകളില്‍ നിന്ന് നമുക്ക് അവരെ സ്നേഹിക്കാം. നമ്മുടെ ഓര്‍മ്മകളുടെ അഗ്നിയില്‍ അവരെ ജ്വലിപ്പിച്ചെടുക്കാം. നമുക്കേ അത് ചെയ്യാനാകൂ, കാരണം നമ്മിലല്ലേ ആ സുഗന്ധമുള്ളത്, ഓര്‍മ്മകളുടെ വാടാത്ത സുഗന്ധം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...