എം.കെ.ഖരീം
നിശബ്ദതയുടെ തടാകം
സന്ധ്യയില്‍ ഞാനിങ്ങനെ ഞെട്ടി നില്‍ക്കുന്നത് നിന്റെ മൌനത്തില്‍ മൂടിപ്പോയത് കൊണ്ടോ? എന്നില്‍ നിറഞ്ഞത് മൂടല്‍ മഞ്ഞ് എന്ന് കരുതിയെങ്കിലും അത് നീയായി അനുഭവപ്പെടുന്നു... ഇടനെഞ്ചു കാര്‍ന്നു തിന്നു വളരുന്ന നിന്നെ പ്രണയമെന്നല്ലാതെ മറ്റെന്തു വിളിക്കും!
കാറ്റേ, എങ്ങനെയാണ് ഞാന്‍ നിന്നെ വീക്ഷിക്കുന്നത് എന്ന ചോദ്യം.. ഉത്തരമില്ലാഞ്ഞിട്ടല്ല. എങ്കിലും ഞാന്‍ മൌനം നടിക്കട്ടെ.
എന്റേത് നിന്നോടുള്ള പ്രണയെമെന്നു നിനക്ക് കൃത്യമായും അറിയാം. നിന്റെ പാതയില്‍ ഞാനും എന്റെതില്‍ നീയും. ഒടുക്കം നാം പാതയായി മാറുകയും.
നീ ഭാഷയില്ലാത്ത നദി; എന്നില്‍ സാന്ദ്രമാവുകയും.... എന്നിലെയെന്നെ നിന്നില്‍ വച്ച് ഭ്രാന്തമായി ഒഴുകുകയും....
ഇന്ന് മഞ്ഞിനെ കുറിച്ച് ചൊല്ലുമ്പോള്‍ അവിശ്വസനീയതയോടെ നീ.. എനിക്ക് മഞ്ഞ് നീയാണ് എന്ന് എന്തേ അറിയാതെ പോയി...
മഞ്ഞുപോലുള്ള കുപ്പായത്തില്‍ നീ പാറി നില്‍ക്കുന്നു.. എന്റെ കണ്ണില്‍ , അതോ ഉള്ളിലോ.. അറിയില്ല.. എവിടെയായാലെന്ത്, നോക്കുന്നിടത്തെല്ലാം നീ തന്നെ. കൈകൊണ്ടു കോരിയെടുക്കാനോ, കാല്‍കൊണ്ടു തട്ടാനോ ആവാത്ത ഒന്നായി.. എങ്കിലും എന്നിലെ ഞാന്‍ നിന്നെ സദാ കോരിയെടുക്കുന്നു, എന്നോട് ചേര്‍ക്കുകയും...
മൂടല്‍ മഞ്ഞിലെന്ന പോലെ എനിക്ക് കാണാവുന്നതും നിന്നെ തന്നെ.. ഭാഷകളോട് വിട ചൊല്ലി നിശബ്ദതയുടെ തടാകമായി മാറിയ നീ.
എനിക്കറിയില്ല എന്താണ് ഇങ്ങനെയൊക്കെ എന്ന്..
എങ്കിലും നേരത്തെ ചൊല്ലിയ പോലെ ഏതോ കാലത്ത് അടര്‍ന്നു പോയ എന്റെ പാതി തേടിയുള്ള എന്റെ അലച്ചില്‍ നിന്നില്‍ എത്തി നില്‍ക്കുന്നത് ഞാനോ നീയോ അറിയാതെ.. നിന്റെ സഞ്ചാര പാതയില്‍ നീ നിന്നെ രണ്ടായി അറിഞ്ഞതും അതിലൊന്ന് തീരത്ത് ഏറ്റവും സാന്ദ്രമാകുന്ന തിരയായി മാറിയതും.
നീ തിരയെങ്കില്‍ ഞാന്‍ തീരം.
തിര തീരത്ത് മാത്രം എത്തി മടങ്ങുന്നത് കാഴ്ച.. എന്നാല്‍ തീരവും കടന്നു ആകാശത്തു ലയിക്കുന്നത് കാഴ്ചക്ക് വഴങ്ങാതെ...
എന്റെ പ്രണയവും അങ്ങനെ.. നിന്നിലെത്തി നീയുമായി പേരില്ലാത്ത ഇടങ്ങളിലേക്ക്..
--