15 Nov 2011

ഇലഞ്ഞിപ്പൂക്കള്‍ പറയുന്നത്

ചെറുവാടി



“പൂവു നുള്ളീടവേ നിൻ വിരൽ സ്പർശവും
ഈ വെറും മുൾ ചെടിക്കാത്മ ഹർഷം”
ഉമ്പായി പാടി നിര്‍ത്തിയിടത്ത് നിന്നും പ്രകൃതി തുടങ്ങി.
ഈ കുളിരുള്ള വെളുപ്പാന്‍ കാലത്ത് ഒരു മഴക്കുവേണ്ടി കുറെ നേരമായി ഞാന്‍ കാത്തിരിക്കുന്നു.
ഒരു കാര്യം ഉറപ്പാണ്. മഴ പെയ്യുന്നിടത്തോളം കാലം എനിക്ക് പ്രായമാകില്ല.
മനസ്സിലെ പ്രണയം പെയ്തു തീരുകയും ഇല്ല.
മഴ പെയ്തു തുടങ്ങി …….
ഓരോ മഴത്തുള്ളിയും വന്ന്‌ വീഴുന്നത് ഭൂമിയിലേക്ക്‌ മാത്രമല്ല. എന്നിലേക്ക്‌ കൂടിയാണ്. തണുക്കുന്നത് ഭൂമി മാത്രമല്ല , മനസ്സും കൂടിയാണ്.
മഴത്തുള്ളികള്‍ ഉറവകളായി ….പിന്നെ പുഴയായി ഓര്‍മ്മകളുടെ സമുദ്രത്തില്‍ അലിഞ്ഞു ചേരും.
മഴയ്ക്ക് പതിവിലും ശക്തി കുറവാണ് . എന്നാലും മുറിയാതെ പെയ്യുന്നുണ്ട്. മുന്നയും സിനുവും ഒരു കുടക്കീഴില്‍ നടന്ന് വരുന്നുണ്ട്. സ്കൂളിലേക്കാണ്. ബെല്ലടിക്കുന്നതിനു മുമ്പ് ക്ലാസ്സില്‍ എത്താനുള്ള വെപ്രാളം മുന്നയുടെ മുഖത്ത് ഉണ്ട്. എന്നാല്‍ കുസൃതിയായ സിനുവാകട്ടെ മഴ വെള്ളം തട്ടി തെറിപ്പിച്ചാണ് നടക്കുന്നത്. ഒരു സഹോദരന്‍റെ അധികാര ഭാവത്തില്‍ എന്നോണം ഇടയ്ക്കിടയ്ക്ക് മുന്ന അവളെ വഴക്ക് പറയുന്നുമുണ്ട്. പക്ഷെ അവള്‍ക്കുണ്ടോ പുതുമ.
ഈ തവണ അവധിക്ക് നാട്ടിലെത്തിയത് മുതല്‍ ഇവരാണ് എന്‍റെ പുതിയ കൂട്ടുകാര്‍ . തലമുറകളുടെ അന്തരം ഇവരുടെയിടയില്‍ ഞാന്‍ മറക്കുന്നു. എന്‍റെ അയല്പക്കത്തുള്ളവരാണ് ഈ കുസൃതികള്‍.
ഇന്ന് വൈകുന്നേരം അവര്‍ സ്കൂള്‍ വിട്ട് വന്നാല്‍ എനിക്ക് ഇലഞ്ഞി പൂമരം കാട്ടിത്തരാം എന്ന് ഏറ്റിട്ടുണ്ട് . എന്‍റെ അറിവില്‍ വീടിന്‍റെ പരിസരത്ത് അങ്ങനെയൊരു പൂമരം ഉള്ളതായി എനിക്കൊരു ഓര്‍മയും ഇല്ല. പക്ഷെ അത് കാണണം എന്ന് അതിയായ ആഗ്രഹം തോന്നി . കാരണം സ്കൂളിലെ ക്ലാസ് മുറികളുടെ ഗന്ധമാണ് ഇലഞ്ഞിപ്പൂക്കള്‍ക്ക്. പണ്ട് ഈ പൂക്കള്‍ കൊണ്ട് വലിയ മാലകള്‍ കോര്‍ത്ത്‌ കൊണ്ട് വരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അപ്പോള്‍ ക്ലാസ് നിറയെ ഇലഞ്ഞി പൂക്കളുടെ മാദക ഗന്ധം ആയിരിക്കും.
മഴയ്ക്ക് ശക്തി കൂടി. ഒപ്പം ചെറിയ കാറ്റും . കാറ്റിനൊപ്പം മഴവെള്ളം തുള്ളികളായി എന്‍റെ ശരീരത്തിലേക്ക് തെറിക്കുന്നുണ്ട്. എനിക്ക് മാറിയിരിക്കാന്‍ തോന്നിയില്ല. മരുഭൂമിയിലെ ഉഷ്ണക്കാറ്റില്‍ പൊള്ളുന്ന എന്‍റെ പ്രാവാസി നൊമ്പരങ്ങളെ … നിങ്ങള്‍ തല്‍ക്കാലം മാറി നില്‍ക്കുക.
ഞാനെന്‍റെ നാടിന്‍റെ പ്രകൃതിയോട് അല്‍പം സംസാരിക്കട്ടെ.
” അങ്ങട്ട് മാറിയിരുന്നോ. ഉള്ള അവധി പരിചയം ഇല്ലാത്ത മഴവെള്ളം കൊണ്ട് പനി പിടിച്ച് കളയേണ്ട”.
ഉമ്മയാണ്. അങ്ങിനെയല്ലേ പറയൂ. ലീവ് കുറഞ്ഞു പോയതിന്‍റെ പരിഭവം കൂടിയുണ്ട് ആ വാക്കുകളില്‍.
പക്ഷെ…..ഉമ്മാക്കറിയാം മഴയ്ക്ക് എന്നെയും എനിക്ക് മഴയേഴും വിടാന്‍ പറ്റില്ലെന്ന്.

നാട്ടിലെത്തിയാല്‍ ഉച്ചയുറക്കം പതിവില്ല. പക്ഷെ ഇന്ന് ശാപ്പാട് ഇത്തിരി കൂടിപ്പോയി. എനിക്കിഷ്ടപ്പെട്ട മുരിങ്ങയില തോരനും ചെമ്മീന്‍ ചമ്മന്തിയും. പിന്നെ മീന്‍ മുളകിട്ടതും . പോരെ പൂരം. ഞാന്‍ തിരിഞ്ഞ് നോക്കാതെ തട്ടി. ഒരു വയറ് വാടകയ്ക്ക് കിട്ടിയിരുന്നെങ്കില്‍ കുറച്ചൂടെ കഴിക്കാമായിരുന്നു. ഇങ്ങിനെ വയറ് നിറഞ്ഞാല്‍ ഉറക്കം ഞാന്‍ പറയാതെ തന്നെ വരും. ബെഡ് റൂമിന്‍റെ ജനല്‍ തുറന്നു. മഴ തോര്‍ന്നെങ്കിലും മൂടി കെട്ടിയ അന്തരീക്ഷം . ചെന്തെങ്ങിന്‍റെ പട്ടയില്‍ നിന്നും നേരത്തെ പെയ്ത മഴയുടെ ബാക്കി ഇറ്റിറ്റു വീഴുന്നുണ്ട്‌. അറിയാതെ ഞാനൊന്ന് മയങ്ങി.
അങ്ങനെ ഒരു സ്വപ്നത്തിലേക്ക് വഴുതി വീഴുമ്പോള്‍ മുന്നയുടെ വിളിയാണ് എന്നെ ആ മയക്കത്തില്‍ നിന്നും ഉണര്‍ത്തിയത് .
ഇവനെന്‍റെ സ്വപ്നം മുഴുവനാക്കാന്‍ സമ്മതിച്ചില്ല. അഹങ്കാരി .
പക്ഷെ അവനുണ്ടോ വല്ല ഭാവ ഭേദവും.
“എന്തുറക്കമാ ഇത് . ഒന്ന് വേഗം വാ” എന്ന ലൈനില്‍ ആണ് കുട്ടി സഖാവ്. അവന്‍റെ കുസൃതി പെങ്ങളും കാണും മുറ്റത്ത്‌ . ഉമ്മ കാണാതെ വല്ല പൂവോ ചെടികളോ അടിച്ചു മാറ്റാനുള്ള ശ്രമത്തില്‍ ആയിരിക്കും അവള്‍. ഉമ്മ തന്ന കട്ടന്‍ ചായ കുടിച്ചിട്ട് ഞാന്‍ അവരോടൊപ്പം ഇറങ്ങി. എന്‍റെ പുതിയ ചങ്ങാതിമാരെ കണ്ട്‌ ഉമ്മാക്ക് ചിരി. കുറച്ചു ദൂരം ഞങ്ങള്‍ നടന്നു. രണ്ട് മൂന്ന്‌ പറമ്പിനപ്പുറത്ത്‌ ആ ഇലഞ്ഞി പൂമരം കണ്ടു. അടുത്ത് എത്തിയപ്പോള്‍ ഞാന്‍ ആ മരത്തില്‍ ഒന്ന് തൊട്ട് നോക്കി. ഇങ്ങനെയൊരു ഇലഞ്ഞി മരം ഇവിടെ ഉള്ളതായി ഞാന്‍ എന്തെ ഇന്നേ വരെ അറിഞ്ഞില്ല . മനസ്സില്‍ പറയാന്‍ പറ്റാത്ത ഒരു സന്തോഷം . പൂവിടുന്ന സമയം അല്ലെങ്കിലും ആ ഇലഞ്ഞി പൂക്കളുടെ ഒരു ഗന്ധം എനിക്ക് അനുഭവിക്കാന്‍ ആവുന്നുണ്ട്‌. എന്‍റെ ഓര്‍മ്മകള്‍ ഇലഞ്ഞി പൂക്കളുടെ മണം നിറഞ്ഞ ആ പഴയ ക്ലാസ് മുറിയിലേക്ക് പോവുന്നുമുണ്ട്.

ഒരു മരം കണ്ടാല്‍ ഇങ്ങിനെ പരിസരം മറക്കുമോ എന്ന ഭാവത്തില്‍ നില്‍ക്കുകയാണ് മുന്ന. സിനു ഒരു ഭാഗം പൊട്ടിയ പല്ല് കൊണ്ട് ഒരു നെല്ലിക്ക കടിച്ചു തിന്നുന്നു. അവള്‍ ഇതൊന്നും അറിയുന്നില്ല . ഈ വട്ട് ഒന്നും നമ്മളെ ബാധിക്കില്ല എന്ന നിലയില്‍. ഒരു പക്ഷെ കുട്ടിക്കാലത്ത് ഈ ഇലഞ്ഞിമര ചുവട്ടില്‍ ഞാനും വന്നിരിക്കാം, എന്‍റെ ബാല്യം ഇതുപോലൊരു നെല്ലിക്കയുടെ മധുരത്തില്‍ ഇത് കാണാതെ പോയതും ആകാം.
ഞാന്‍ തിരിച്ചു നടന്നു. മഴക്കാലാമായതിനാല്‍ നല്ല പച്ചപ്പ്‌ ഉണ്ട്. എവിടെയെങ്കിലും ഒരു കശുവണ്ടി മുളച്ചത് ഉണ്ടോ എന്ന് അറിയാതെ നോക്കിപ്പോയി ഞാന്‍ . മണ്ണില്‍ വീണ് മുളച്ച കശുവണ്ടിയുടെ പരിപ്പ് കഴിക്കാന്‍ എന്ത് രസമായിരുന്നു. പഴയ കമ്മ്യൂണിസ്റ്റ് അപ്പയൊന്നും കാണാനേയില്ല . പിന്നെ ശരീരം ചൊറിയുന്ന ആ തുവ്വയും. അതുമായി ഒന്ന് കൊമ്പ് കോര്‍ക്കാന്‍ ഇപ്പോള്‍ ഞാന്‍ തയ്യാറായിരുന്നു. പണ്ട് തൊടിയില്‍ കൂടി ഓടികളിക്കുമ്പോള്‍ എന്നെ ഉപദ്രവിച്ചതിന് പകരം വീട്ടാനും. പക്ഷെ മുന്നില്‍ വന്ന്‌ പെട്ടില്ല ആരും .
വീണ്ടും ഒരു മഴക്കോള് വരുന്നുണ്ട്. പീടികയില്‍ പോകാന്‍ മുന്നയെ അവന്‍റെ ഉമ്മ വിളിക്കുന്നു. എന്നിട്ടും അവര്‍ എന്‍റെ കൂടെ വീട് വരെ വന്നു.
പണ്ട് ഞാനും ഇങ്ങനെയായിരുന്നല്ലോ , ഉമ്മയുടെ എത്രയോ വിളികള്‍….. കേട്ടിട്ടും കേള്‍ക്കാതെ ഭാവത്തില്‍ ഞാന്‍ എവിടെയൊക്കെയോ ഒളിച്ചു നിന്നിരുന്നു.
വീട്ടിലേക്കു തിരിച്ചു പോകും മുമ്പ് മുന്ന എന്തോ പറയാന്‍ പരുങ്ങുന്നതായി തോന്നി. ഒരു കള്ളത്തരം ഉണ്ടല്ലോ എന്ന് ആ കള്ള ചിരിയില്‍ എനിക്ക് തോന്നാതിരുന്നില്ല. അവര്‍ക്ക് വിരിഞ്ഞു നില്‍ക്കുന്ന ബോഗന്‍ വില്ലയുടെ ഒരു കൊമ്പ് കിട്ടണം. അപ്പോള്‍ അതാണ്‌ കാര്യം. ഉമ്മയോട് ചോദിച്ചാല്‍ കിട്ടില്ല.

ഇപ്പോള്‍ ഇതൊക്കെയാണ് എന്‍റെ ഉമ്മയുടെ ലോകം. ഞാന്‍ നാട്ടില്‍ വരും വരെ ഈ പൂക്കളും ചെടികളും ആണ് ഉമ്മയുടെ മക്കള്‍. ഞാന്‍ നാട്ടിലെത്തിയാല്‍ പിന്നെ പൂക്കളെ നോക്കാന്‍ ഉമ്മാക്ക് സമയം തികയില്ല. പൂക്കള്‍ക്ക്‌ എന്നോട് ദേഷ്യമുണ്ടാകുമോ? . എത്രയെത്ര പൂക്കളാണ് വിരിഞ്ഞുനില്‍ക്കുന്നത് . പല വര്‍ണ്ണങ്ങളില്‍.
ആ കാഴ്ച മനസ്സിന് സന്തോഷം നല്‍കുന്നു. ഈ ബോഗണ്‍ വില്ലകള്‍ പുതിയ അതിഥികള്‍ ആണെന്ന് തോന്നുന്നു. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇവരൊന്നും ഉണ്ടായിരുന്നില്ലല്ലോ.
ഞാന്‍ ഉമ്മ കാണാതെ അവര്‍ക്കൊരു കൊമ്പ് മുറിച്ചു കൊടുത്തു. ഒരു മുള്ളുകൊണ്ട് വിരലില്‍ അല്‍പ്പം രക്ത പൊടിഞ്ഞു . എന്നോടുള്ള ദേഷ്യം തീര്‍ത്തതാവും അവര്‍. ബോഗണ്‍ വില്ല കിട്ടിയ സന്തോഷത്തില്‍ പൊട്ടിയ പല്ലുമായി സിനു ചിരിക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. മഴയത്ത് നട്ടാല്‍ ഇത് തളിര്‍ക്കില്ല എന്നറിയാം. എന്നാലും ഈ കുട്ടികളുടെ സന്തോഷം കളയേണ്ട. ഉമ്മയെ കാണാതെ അത് ഒളിപ്പിച്ചു പിടിച്ച് അവരോടി. അപ്പോഴും സിനു മഴവെള്ളം തട്ടി തെറിപ്പിച്ചാണ് ഓടുന്നത് . പക്ഷ ഇത്തവണ മുന്നയും അവളോടൊപ്പം കൂടി.
വീണ്ടും മഴ പെയ്തു തുടങ്ങി. പക്ഷെ ഈ മഴയ്ക്ക് ഒരു ഇലഞ്ഞി പൂവിന്‍റെ സുഗന്ധം കൂടിയുണ്ടല്ലോ ‍. ബാല്യത്തിന്‍റെ നനു നനുത്ത ഓര്‍മ്മകളും. ഞാന്‍ വീണ്ടും ഉമ്മറത്തേക്ക് കയറിയിരുന്നു. മഴയോടൊപ്പം ഓര്‍മ്മകളെ താലോലിച്ച് ഇങ്ങിനെ കുറച്ച് നേരം ഇരിക്കാം
(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തത്‌)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...