ശ്രീകൃഷ്ണദാസ് മാത്തൂർ
വാടകവീടു മാറുമ്പോൾ
പകപ്പുറപ്പാടുപോലെ
എലിമണം മീശവിറപ്പിക്കുന്ന
കോണുകളെയൊന്നടങ്കം
വെല്ലുവിളിച്ചു.
കുറഞ്ഞ വാടകയ്ക്കിടിഞ്ഞ
തറയും, എലിയോട്ടവും,
ചുവരുകളുടെ കൊഞ്ഞനവും
ഒക്കെ സഹിക്കണമെന്ന്
ചെണ്ടവയറിനോടു ചേർത്ത്
വാടകക്കാശിന്റെ മടിക്കുത്തുകുത്തി
ഓക്കാനിക്കുന്ന ചിരിയുമായ്
വീട്ടുടമ...
എലികളോടു വൈരാഗ്യം മൂത്ത്
വീടുമാറ്റം പടിയ്ക്കൽ ഹോണടിക്കുന്നു,
മക്കളേ, എലികളേ ഇനി
ഏഗ്രിമന്റിന്റെ കാലാവധി കഴിയുന്നു,
നാറ്റിച്ചു മടുപ്പിച്ച ജീവിതത്തിന്റെ
നിങ്ങൾ കടിച്ച വക്ക് നന്നാക്കണം,
സലാം പറഞ്ഞിറങ്ങുന്നു.
പുതിയ വീടെത്ര സുന്ദരം,
ഉടമയ്ക്കെത്ര ഭവ്യഭാവം,
(പണത്തിനു മേലേ
ആരോ പറന്നെന്നാരുപറഞ്ഞു..?)
എലിയിൽ നിന്നു വിടുതലായതിന്റെ
ഗരിമ, പാതികീറിയ പുസ്തക-
ക്കെട്ടിലേയക്ഷരങ്ങൾക്ക്!
തടവറക്കാലം കഴിഞ്ഞ
ജയിൽപ്പുള്ളി കണക്കെ
സാധനസാമഗ്രികൾ നടുവു നിവർത്തുന്നു.
ഇവിടൊരു സൂര്യനുണ്ടായിരുന്നെന്ന്
പുതിയജാലകങ്ങൾ പറയുന്നു.
അനശ്വരതയുടെ കമ്യൂണിസ്റ്റു സ്വപ്നം
ചുവന്ന പ് ളാസ്റ്റിക് പൂക്കളാവുന്നു-
കിടപ്പുമുറിയിനി അവൾക്കേറെ പിടിക്കും
(ചുവപ്പ് വേണമായിരുന്നോ?)
സൂര്യൻ കുമിളകളെറിയുന്ന
"കിഴക്ക്" എന്നൊന്നുണ്ടായിരുന്നോ-
ഉദയം കൈയ്യെത്തും ദൂരെ!
ഒന്നാം നിലയിലെ ജാലക-
ക്കണ്ണാടിയുരസി ഭൂമി,
ശ്വാസോഛ്വാസത്തിനുമപ്പുറമൊരു
ചുടുകാറ്റ് ഇവിടുണ്ടെന്ന്..
വിട്ടുപോന്ന വാടക മുറിയുടെ
ഉന്തുംതള്ളും കൊണ്ട്
നീയാകെ ചുരുങ്ങിയല്ലോ,
നിലക്കണ്ണാടി കാരണവരെപ്പോലെ
അടിമുടിയുഴിഞ്ഞു ചോദിക്കുന്നു.
ചുരുട്ടിവച്ച ദൈവങ്ങളെ നിവർത്തി
ഭിത്തിയിലൊട്ടിച്ചു തുടങ്ങുമ്പോൾ
ആനയെ പുറത്തേറ്റുമൊരെലി
നിവർന്നു വരുന്നു!!
കണ്ണുരുട്ടുന്നു.
വിട്ടുപോകാത്തൊരെലിപ്പട
രഹസ്യമാളങ്ങളിലൂടെ
പടനയിച്ചെത്തുന്നു.
ഈ വീട്ടിലും നിറയെ
എലിമണം, പൊന്നേ...!
*********