15 Nov 2011

അഞ്ചാംഭാവം


(സ്ത്രീഭ്രൂണഹത്യയും ഫെർട്ടിലിറ്റി റേറ്റും)
ജ്യോതിർമയി ശങ്കരൻ






ആൺകുട്ടിയുണ്ടാവാനായുള്ള സ്പെഷ്യൽ ട്രീറ്റ്മെന്റിനായി പരസ്യം ചെയ്ത ഡോക്ടറെ കുറ്റക്കാരിയെന്നു കണ്ട് 3 വർഷത്തെ തടവിനും 30,000 രൂപ പിഴയും വിധിച്ചപ്പോൾ പ്രീ-കൺസെപ്ഷൻ & പ്രീ നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പ്രൊഹിബിഷൻ ഓഫ് സെക്സ് സെലെക്ഷൻ ) ആക്റ്റ്-2003 വന്നതിന്റെ ആദ്യഫലമായിരിയ്ക്കാം നമുക്കു കിട്ടിയത്. 

മുംബെയിലെ ഡോക്ടർമാരായ ഛായ ടാറ്റെഡ്, ഡോക്ടർ ശുഭാംഗി അഡ്കർ എന്നിവർക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഈ കേസിൽ തെളിവുകളുടെ അഭാവത്തിൽ ഡോക്ടർ ശുഭാംഗിയെ വെറുതെ വിട്ടിരുന്നു. മെഡിക്കൽ അടിയന്തരാവസ്ഥയ്ക്കു പുറത്തുള്ള പ്രീ-നാറ്റൽ സെക്സ് ഡിറ്റർമിനേഷൻ ടെസ്റ്റുകളെ പാടെ തടയുന്നതിനുള്ള ഇത്തരം നീക്കങ്ങൾ ഏറെ സ്വാഗതാർഹം തന്നെ.

നിയമാനുസൃതമല്ലാതെയായുള്ള ഇത്തരം ടെസ്റ്റുകൾ നടത്തുന്ന പല ക്ലിനിക്കുകളിലും ഈയിടെ റെയ്ഡ് നടക്കുകയും സോണോഗ്രാഫി യന്ത്രങ്ങൾ സീൽ ചെയ്യപ്പെടുകയുമുണ്ടായി. അതുകൊണ്ടു സ്ത്രീഭ്രൂണഹത്യകൾ തടയാനാവില്ലെങ്കിലും ഒരു പരിധി വരെ നിയന്ത്രിയ്ക്കാൻ കഴിയുമായിരിയ്ക്കാം. റേഡിയോളജിസ്റ്റുകൾക്ക് ഒരൽ‌പ്പം ഭീതിയും ഉണ്ടായിട്ടുണ്ടാവാം. പക്ഷേ ഗർഭിണിയായ സ്ത്രീയുടെ രക്തത്തിന്റെ സാമ്പിൾ അയച്ചു കൊടുത്താൽ 12 ദിവസങ്ങൾക്കുള്ളിൽ അതിന്റെ റിസൽറ്റ് പ്രോമിസ് ചെയ്യുന്ന അമേരിയ്ക്കൻ ലാബോരറ്ററികളെ നമുക്കു നിയമത്തിനു കീഴിൽ കൊണ്ടു വരാനാകില്ലല്ലോ? വെറും 16,800 രൂപ ചിലവ് വരുന്ന ഈ ഫോയറ്റൽ ഡി.എൻ.ഏ ടെസ്റ്റ് കൂടുതൽക്കൂടുതൽ ഇന്ത്യക്കാരെ ആകർഷിച്ചുകൊണ്ടിരിയ്ക്കുന്നു.

അവിടെ അതു നിയമപരമായതിനു കാരണം പലപ്പോഴും അവിടെ ഇത്തരം സെക്സ് ഡിറ്റർമിനേഷൻ ടെസ്റ്റുകളുടെ ഉദ്ദേശം പിറക്കാനിരിയ്ക്കുന്ന കുഞ്ഞിനായുള്ള മുറി ഒരുക്കുന്നതിനും ഷോപ്പിംഗിനും ആയിരിയ്ക്കുമെന്നതിനാലാണ്. നാം ഇന്ത്യക്കാരെപ്പോലെ പിറക്കാനിരിയ്ക്കുന്ന കുഞ്ഞു പെണ്ണാണെന്നറിഞ്ഞാൽ അതിനെ നശിപ്പിയ്ക്കാൻ വേണ്ടിയല്ല. കഷ്ടം! നാം ഇത്രമാത്രം താഴ്ന്ന നിലവാരത്തിലേയ്ക്കെത്തിപ്പെട്ടല്ലോയെന്നോർക്കുമ്പോൾ ദു:ഖം തോന്നുന്നു.
“അവെയർനെസ്സ് ഇയർ ഓഫ് ഫീമെയിൽ ഫൊയെറ്റിസൈഡ്” ആയി പ്രഖ്യാപിച്ച 2007 കടന്നു പോയിട്ട് 4 വർഷം കഴിയാറായി. ഇക്കാലത്തിന്നിടയിൽ നമുക്കെന്തു നേട്ടങ്ങൾ കൈവരിയ്ക്കാനായി? ട്രഡീഷനുകളും ആചാരാനുഷ്ഠാനങ്ങളും ഇന്നും അവളെ തളച്ചിടുന്നു. എത്രയോ പെൺകുഞ്ഞുങ്ങളുടെ ജീവനുകൾ ഇപ്പോഴും ഗർഭ സഞ്ചികൾക്കുള്ളിൽത്തന്നെ ഒടുങ്ങുന്നു. ഇന്നും സമൂഹത്തിന് ആൺകുഞ്ഞുങ്ങൾക്കു സമമായി എന്തു കൊണ്ട് പെൺകുഞ്ഞുങ്ങളെ കാണാനാകുന്നില്ല? ചോദ്യങ്ങൾ മാത്രം ബാക്കി.

സേവ് ദ ഗേൾ ചൈൽഡ്” പദ്ധതി വളരെയേറെ പ്രതീക്ഷകളൊടെ തുടങ്ങിയ ഒന്നാണ്. ജനുവരി 24 നെ നമ്മൾ ‘നാഷനൽ ഗേൾ ചൈൽഡ് ഡെ” ആയും പ്രഖ്യാപിചിട്ടുണ്ട്. മദ്ധ്യപ്രദേശ് ഗവണ്മെന്റിന്റെ പുതിയ പദ്ധതി ‘ബേഠീ ബചാവോ അഭിയാൻ”പെൺകുട്ടികളെ നേരിടുന്നപ്രശ്നങ്ങളിലേയ്ക്കും അവർക്ക് വീടുകളിൽ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങൾ, പോഷകാഹാരക്കുറവ്,വിദ്യാഭ്യാസം,ബാല്യ വിവാഹം സ്ത്രീഭ്രൂണഹത്യ എന്നിവയ്ക്കും പ്രാധാന്യം കൊടുക്കുന്നു. 

അതേ സമയം യാഥാസ്ഥിതികത്വത്തിന്റെ പിടി മുറുക്കെപ്പിടിയ്ക്കുന്ന തമിൾനാട്ടിൽ നിന്നുമെത്തുന്ന വാർത്തകൾ നമ്മെ ഞെട്ടിപ്പിയ്ക്കുന്നവയാണ്. തലൈക്കൂന്തൽ എന്ന ആചാരത്തെക്കുറിച്ച് മുൻപൊരിയ്ക്കൽ ഞാൻ ഈ കോളത്തിൽ എഴുതിയിരുന്നുവല്ലോ? അതുപോലെത്തന്നെ കാലാകാലങ്ങളായുള്ള, വംശം നിലനിർത്താനായുള്ള ആൺ കുഞ്ഞുങ്ങൾക്കായുള്ള മോഹവും, വർദ്ധിച്ചുകൊണ്ടേയിരിയ്ക്കുന്ന പെൺകുട്ടികളുടെ സ്ത്രീധനഭാരവും എത്രയെത്ര കുരുന്നു പെൺകുഞ്ഞുങ്ങളെയാണ് ഇരുചെവിയറിയാതെ ഇല്ലാതാക്കിയതെന്നു പറയാനാവില്ല. പക്ഷെ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ‌പ്പെടാതിരുന്നിട്ടില്ലെന്നതാണ് സത്യം. ഇന്നും ആൺകുട്ടികൾക്കായുള്ള ദാഹം തുടരുന്നു.32 ഗ്രാമങ്ങളിലായി ഈയിടെ നടത്തിയ സർവ്വേയിൽ 333 ഭ്രൂണഹത്യ/ഇൻഫാന്റിസൈഡ് രേഖപ്പെടുത്താനായെന്നറിയുമ്പോൾ അതിന്റെ വൈപുല്യം മനസ്സിലാക്കാനാവുന്നു. 2001ലെ 20 സ്കാൻ സെന്ററുകളിൽ നിന്നും 2011ൽ 212 സ്കാൻ സെന്റ്റുകളായെന്നതും ശ്രദ്ധേയമാണ്. 

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കാണുന്ന സ്ത്രീ-പുരുഷ ജനസംഖ്യയിലെ വ്യതിയാനം നമ്മെ ഇരുത്തിച്ചിന്തിപ്പിയ്ക്കാൻ ഇടവരുത്തുന്നു. കുറഞ്ഞു കൊണ്ടിരിയ്ക്കുന്ന  ജനന നിരക്ക് സമൂഹത്തിന്റെ നിലനിൽ‌പ്പിനെ ഏതെല്ലാം വിധത്തിൽ ബാധിയ്ക്കുമെന്നു ചിന്തിച്ചു തുടങ്ങാറായിരിയ്ക്കുന്നു.

മഹാരാഷ്ട്രയുടെ കാര്യമെടുക്കൂ.. പെൺകുഞ്ഞുങ്ങൾക്കു പ്രാധാന്യം നൽകാനാണെങ്കിലും മൂന്നാമത്തെ കുഞ്ഞു പെണ്ണായാൽ ഇൻസെന്റീവ്സ് വാഗ്ദാനം ചെയ്യുന്നതിലെ പൊരുത്തക്കേട് അധികൃതർ കാണുന്നില്ലെന്നോ? കുറയുന്ന ഫെർട്ടിലിറ്റി റേറ്റ് ചിന്ത്യ്ക്കു വകതരുന്നെന്നില്ല. ലോകമെമ്പാടും ചിന്തയ്ക്കു വക നൽകുന്ന ഒന്നാണല്ലോ കുറയുന്ന ഫെർട്ടിലിറ്റി റേറ്റ്. പക്ഷേ രണ്ടുകുട്ടികളെ വളർത്തുകയും വിദ്യാഭ്യാസം നൽകുകയെന്നതുപോലും ഭാരമാകുന്നതിനാൽ ഒരു കുട്ടി മതിയെന്ന ചിന്തയിലാണ് പലരുമിവിടെ. ഇനി അഥവാ മൂന്നാമത്തെ കുട്ടിയ്ക്കായി തയ്യാറാവുന്നവർക്ക് ആൺ കുഞ്ഞാണുണ്ടാകുന്നതെങ്കിലോ? അതു വീണ്ടും ആൺ-പെൺ റേഷ്യോവിന്റെ വിടവ് കൂട്ടുകയല്ലേ ചെയ്യുകയുള്ളൂ? 2001 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ആയിരം ആൺകുട്ടികൾക്ക് 927 പെൺകുട്ടികൾ എന്നത് 2011 ആയപ്പോഴേയ്ക്കും 914 ആയിക്കുറഞ്ഞു. മഹാരാഷ്ട്രയിൽ ഇന്നിത് അതിലും കുറഞ്ഞു 883 ലെത്തിക്കഴിഞ്ഞിരിയ്ക്കുന്നു.പൊതു പ്രവർത്തകർക്കും ഗവണ്മെണ്ട് ജീവനക്കാർക്കും മൂന്നു കുട്ടികളുണ്ടായാൽ അവരുടെ പ്രവർത്തന മേഖലയിൽ പലതിനും അയോഗ്യത കൽ‌പ്പിച്ചിരുന്നത് മാറ്റാൻ ഗവണ്മെന്റ് തീരുമാനിച്ചിരിയ്ക്കുകയാണ്. രണ്ടു പെൺകുഞ്ഞുങ്ങൾക്കുശേഷം ആൺകുഞ്ഞിനെ കൊതിയ്ക്കുന്നവർക്കിതേറെ അഭികാമ്യമാകും. എന്നാൽ മൂന്നാമതായി പെൺകുഞ്ഞു പിറന്നാൽത്തന്നെ മാത്രമേ സെക്സ് ഡിറ്റർമിനേഷൻ ടെസ്റ്റ് അവർ നടത്തിയിട്ടാണ്ടാവാനിടയില്ലെന്ന് നമുക്കു മനസ്സിലാകാൻ കഴിയുകയുള്ളൂ. ഈ നിലയ്ക്കു നോക്കുമ്പോൾ മൂന്നു കുഞ്ഞുങ്ങളാകാമെന്ന തീരുമാനം കൊണ്ട് മാത്രം ഫലം കിട്ടുന്നില്ലെന്നു കാണാം.

മറ്റേണ്ടതു നിയമങ്ങളല്ല, സമൂഹത്തിന്റെ കാഴ്ച്ചപ്പാടാണെന്നിവിടെ എല്ലാവർക്കും അറിയാം. കണ്ണടച്ചിരുട്ടാക്കുന്നവരോടെന്തു പറയാൻ? ജനിച്ച നിമിഷം മുതൽ അവളെ ഭാരമായിക്കാണാനേ സമൂഹത്തിനാകുന്നുള്ളൂ. എന്നാൽ അവളില്ലാത്ത ഒരു സമൂഹത്തെ വിഭാവനം ചെയ്യാനും സമൂഹത്തിന്നാകുന്നില്ല. കുടുംബത്തിന്റെ, സമൂഹത്തിന്റെ , നാടിന്റെ തന്നെ പുരോഗതിയിൽ സ്ത്രീ വഹിയ്ക്കുന്ന പങ്ക് പുരുഷനേക്കാൾ കൂടുതലെന്നതും സത്യം.. എന്നിട്ടും ഗർഭപാത്രത്തിന്നകത്തു കിടക്കുന്ന സമയത്തുപോലും  അവളെങ്ങിനെ ക്രൂരതയ്ക്കിരയാകുന്നു?

മറ്റു പല രാജ്യങ്ങളും ചെയ്യുന്നതുപോലെ ചെയ്യാമെങ്കിലും ഇൻസെന്റീവ്സ് കൊണ്ടു മാത്രം ഫെർട്ടിലിറ്റി റേറ്റ്  കൂട്ടാനോ പെൺ- ഭ്രൂണഹത്യകളെ തടയാനോ കഴിയുമെന്ന് വിചാരിയ്ക്കുന്നത് ശരിയാകണമെന്നില്ല.   സെക്സ് സെലെക്റ്റീവ് അബോർഷൻ തെറ്റാണെന്ന് സമൂഹം സ്വയം മനസ്സിലാക്കുന്നതുവരെ പാത്തും പതുങ്ങിയും അതു നടക്കുക തന്നെ ചെയ്യും. അതേ സമയം പെൺകുഞ്ഞുങ്ങൾ ഒരുകാര്യത്തിലും ആൺകുഞ്ഞുങ്ങളിൽ നിന്നും മോശമല്ലെന്നംഗീകരിയ്ക്കാൻ സമൂഹം പഠിയ്ക്കണം. വംശപാരമ്പര്യങ്ങളുടെ മഹത്വം നിലനിർത്തുന്നതിനേക്കാൾ സ്വന്തം മക്കളുടെ സന്തോഷവും സംതൃപ്തിയുമാകട്ടെ നമ്മുടെ ലക്ഷ്യം. ഒരു പക്ഷെ മൂന്നോ നാലോ കുട്ടികൾ വേണമെന്നു മോഹിയ്ക്കുന്നവർക്ക് നിയമം എതിരാകാതിരിയ്ക്കുന്നതും നല്ലതാകും. 

ഫെർട്ടിലിറ്റി രേറ്റ് കൂടില്ലെങ്കിലും ഇതുകൊണ്ടു പെൺകുട്ടികളുടെ സംഖ്യ വർദ്ധിയ്ക്കാനേ വഴിയുള്ളൂ.എന്തായാലും കഴിഞ്ഞയാഴ്ച്ച ദെൽഹിയിൽ ചൈൽഡ്-സെന്റേർഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനായ പ്ലാൻ ഇൻഡ്യ പുറത്തു വിട്ട “സ്റ്റേറ്റ് ഒഫ് ദ ഗേൾ ചൈൽഡ് ഇൻ ഇന്ത്യ”  റിപ്പോർട്ട് പുരുഷന്മാരേയും ആൺകുട്ടികളെയും, gender Equality യെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനായി പ്രവർത്തിയ്ക്കേണ്ട ചുമതലയും അവർക്കു തന്നെ. ഒരു തുടക്കമെന്നോണം ഡെൽഹി, ഉത്തർപ്രദേശ്,ബീഹാർ, ഗുജരാത്ത്, കർണ്ണാടക എന്നീ സ്റ്റേറ്റുകളിലെ 10 നും 35നും ഇടയിലെ സ്ത്രീ-പുരുഷന്മാർക്കിടയിലാണിതിന്റെ ബോധവൽക്കരണം നടത്തിയത്.പ്ലാൻ ഇന്ത്യയുടെ മൂന്നാമത്തെ ഈ സംരംഭത്തിനു മുൻപായുള്ള “Because I am a Girl” (BIAG), ‘Girls in a changing Landscape: Urban and Digital Frontiers’ എന്നിവയും ഏറെ ശ്രദ്ധേയമായവയാണ്. ഇതാണ് രാജ്യത്തിനു ഇന്ന് ആവശ്യം.പെൺകുട്ടികൾ സമൂഹത്തിലനുഭവിയ്ക്കുന്ന പ്രശ്നങ്ങളെ ഇവിടെ ചൂണ്ടിക്കാട്ടുന്നുവെങ്കിലും ഇവിടെ സ്ത്രീകൾ ക്കായി പ്രത്യേകതമായെന്തിനെങ്കിലുമായി മുറവിളി കൂട്ടുകയല്ല ചെയ്യുന്നത്, മറിച്ചു എല്ലാവരേയും ഒരേപോലെ പരിഗണിയ്ക്കുന്നതിനുള്ള ആഹ്വാനമാണു കാണുന്നത്. അസമത്വത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിനൊപ്പം സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം കൂടിയാകുന്നതിനാൽ സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറാമെന്നാണ്പ്രതീക്ഷ....നമുക്കാശിയ്ക്കാം...പെൺകുഞ്ഞുങ്ങൾക്കായി ഒരു നല്ല നാളെ അണയാറായെന്നോർത്ത്..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...