വീട് പണിയുമ്പോൾ വിറകുപുര
വേണമെന്നവൾക്ക് നിർബന്ധം.
വീഴ്ത്താനായി മരങ്ങളൊന്നുമില്ലാത്ത
അറവുമില്ലിന്റെ ശബ്ദം കേൾക്കാത്ത
നഗരമധ്യത്തിൽ
വിറകുപുര അധികപ്പറ്റല്ലേ..?
ഞാൻ ചോദിച്ചു
ഹൃദയത്തിന്റെ ആകൃതിയുള്ള
ഗ്യാസ്സ്കുറ്റിയല്ലേ ഫാഷൻ..?
മകൾ പറഞ്ഞു.
കന്നാസ്സിലെ മണെണ്ണ പോരേ
അത്യാവശ്യത്തിന്ന്..?
മകന്റെ തമാശ .
“ശരിയാണ്..
മണെണ്ണയ്ക്കും പെട്രോളിന്നും
ഏതിടുക്കിലും ചെന്ന് കത്താനാവും.
ഗ്യാസ്സുകുറ്റിയ്ക്ക്
ഭ്രൂണത്തെയും ഹൃദയത്തെയും വരെ
കത്തിക്കാനാവും
പക്ഷേ, അട്ടിയിട്ട വിറകുകൊള്ളി
കാണുമ്പോഴുള്ള സമാധാനമുണ്ടല്ലോ..
അതു വേറെയാണ്….
വിറകുകൊള്ളി
അടുപ്പിന്റെ മാത്രമല്ല,മനസ്സിന്റെ കൂടി
വിശപ്പ് കെടുത്തുമല്ലോ….
നമ്മുടെ പേടിയെയും മൗനത്തെയും
അഗ്നിക്കിരയാക്കുമല്ലോ..
ക്ഷാമകാലത്തെക്കുള്ള കരുതിവയ്പ്പ് മാത്രമല്ല
സമാധാനത്തിന്റെ നിലവറകൂടിയാണത്…”
അവളുടെ വാഗഗ്നിയിൽ
സംശയങ്ങളുടെ മരനീര്
പുകഞ്ഞില്ലാതായി.
പട്ടണനടുവിൽ
മൂന്നുകോടി കൊണ്ടലങ്കരിച്ച
ഞങ്ങടെ വീടിന്നു തൊട്ടടുത്തായി
വിറകുപുര കൂടിയുണ്ടിപ്പോൾ……