15 Nov 2011

ആത്മഹത്യ ചെയ്തവന്റെ വീട് ..


ധനലക്ഷ്മി പി. വി


വെയില്‍ ചായുന്നതെയുള്ളായിരുന്നു അപര്‍ണയുടെ വീട്ടിലേക്കു നടക്കുമ്പോള്‍
. പാതിചാരിയ വാതിലിനരികെ യാത്ര പോകാനാകാതെ ഒതുങ്ങിയിരിക്കുന്ന
ചെരുപ്പുകള്‍ . ഉമ്മറത്തെ ചാരുകസേരക്ക്‌ താഴെ മടക്കു നിവര്‍ക്കാതെ
പത്രങ്ങള്‍ വീണു കിടക്കുന്നു. മുറ്റത്തെ മണല്‍ തരികളില്‍ പോലും മൗനം
മുറ്റി നില്‍ക്കുന്നത് പോലെ. ഞാന്‍ കതകു തുറന്നു അകത്തേക്ക് കയറി. തടിച്ച
നിയമപുസതകങ്ങള്‍ക്കിടയില്‍ അരവിന്ദന്‍റെ അച്ഛന്‍‍. എന്നെ കണ്ടതും ആ
ക്ഷീണിച്ച എല്ലിന്‍കൂട് ഒന്നനങ്ങി. പിന്നെ പതുക്കെ പറഞ്ഞു....


അപു അകത്തുണ്ട്......


ഞാന്‍ അപര്‍ണ്ണയെയും തിരഞ്ഞു അടുക്കളയിലേക്കു നടന്നു. അവിടെ അവള്‍
ഉണ്ടായിരുന്നില്ല. അടുപ്പില്‍ ചോറ് വെന്തു കരിഞ്ഞു കിടക്കുന്നു.
അടയ്ക്കാന്‍ മറന്ന ടാപ്പ് അടച്ചു തിരികെ നടക്കുമ്പോള്‍ അടുക്കളയിലെ
അനക്കം കേട്ടിട്ടാവണം സുന്ദരി പൂച്ച കോണി പടിയിറങ്ങി വന്നു. അവളും ആകെ
അവശയായിരുന്നു. എന്നെ ദയനീയമായി ഒന്ന് നോക്കി കോണിപ്പടി കയറി മുകളിലേക്ക്
തന്നെ പോയി. അപര്‍ണ്ണ അവിടെ കാണുമെന്നു തോന്നി. മുകളില്‍ ആകെ രണ്ടു
മുറികളെ ഉള്ളു. രണ്ടും എഴുത്ത് മുറികളാണ്. ഒന്ന് അപര്‍ണ്ണയുടെയും മറ്റേതു
അരവിന്ദന്റെയും. കോണിപടി കയറുമ്പോള്‍ ഒരു നിമിഷം കൂടെ ഒരു നിഴലുള്ളത്
പോലെ തോന്നി. ഞാന്‍ ഒച്ചയുണ്ടാക്കി പടികള്‍ കയറാന്‍ തുടങ്ങി. പക്ഷെ
എന്‍റെ കാല്‍ പെരുമാറ്റം അവള്‍ കേട്ടതേയില്ല..... അരവിന്ദന്‍റെ മുറിയിലെ
ഫാനിനു താഴേക്ക്‌ നീക്കിയിട്ടിരിക്കുന്ന മേശപ്പുറത്തെ ഡയറിയുടെ കാറ്റില്‍
മറിയുന്ന പേജുകളും നോക്കി അപര്‍ണ നില്‍ക്കുന്നു. ഞാനവളുടെ കൈ പിടിച്ചു
താഴേക്ക്‌ നടത്തിച്ചു.


അച്ചു ...........ഒരു വാക്ക് പോലും അരവിക്ക് എന്നോട്
പറയാനില്ലായിരുന്നോ?... 12 വര്‍ഷം ഒന്നും മറയ്ക്കാതെ, ഒളിക്കാതെ കൂടെ
നടന്നിട്ട്...... എന്നെ തനിച്ചാക്കി പോയതെന്തിനാ അച്ചൂ....?


കിടപ്പ് മുറിയിലെ കട്ടിലില്‍ കയറി ചുമരും ചാരിയിരുന്നു അവള്‍ പിന്നെയും
ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു. ഒന്നിനും മറുപടി പറയാനാകാതെ ഞാന്‍
ചോദിച്ചു.


നീ ഒന്നും കഴിച്ചില്ലേ....? ഇവിടെ ആരും വരാറില്ലേ.... ?


ആത്മഹത്യ ചെയ്തവന്‍റെ വീട്ടില്‍ ആര് വരാനാ. ...? ചുമരിനോടെന്ന പോലെ അവള്‍ ചോദിച്ചു.


അവളുടെ കൈക്കുള്ളിലിരുന്ന എന്‍റെ കൈവിരലുകള്‍ വല്ലാതെ
വേദനിക്കുന്നുണ്ടായിരുന്നു. അന്നും അവള്‍ ഇതേപോലെ മിഴിച്ചു നോക്കി ഒന്നും
പറയാതെ ഇരിക്കുകയായിരുന്നു, അരവിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും
മുറിനിറയെ.


അവന്‍ എന്ന് മുതലാണ് മിണ്ടാതായത്......? ഒന്ന് ഫോണ്‍ ചെയ്തെങ്കിലും
പറയാമായിരുന്നില്ലേ.....? നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍
ഉണ്ടായോ...?... എല്ലാം മൂടിവച്ചിട്ടല്ലേ....?..


ചോദ്യങ്ങള്‍ അവള്‍ക്കു ചുറ്റിലും വന്നു വീഴുന്നുണ്ടായിരുന്നു. ഓരോന്നും
ഹൃദയത്തില്‍ തറച്ചു രക്തം കിനിയുന്നത് പക്ഷെ അവര്‍ കണ്ടില്ല. ഇടയ്ക്കിടെ
അവള്‍ തല കുടയുക മാത്രം ചെയ്തു.


അല്ലെങ്കിലും ഇവള്‍ക്കിത്തിരി തന്‍റെടം കൂടുതലാ .......


അതിനിടയിലും ആ ദുരന്ത നിമിഷം ആസ്വദിക്കാനും ചിലര്‍ മറന്നില്ല....എനിക്ക്
പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.


ദയവു ചെയ്തു ഈ വിചാരണ ഒന്ന് നിര്‍ത്താമോ?... ഇതുവരെ നിങ്ങള്‍ക്കാര്‍ക്കും
ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ സമയം കിട്ടിയില്ല. ....ഇനി ഇപ്പോള്‍
അറിഞ്ഞിട്ടെന്തു കാര്യം....?


പലരും വിളറിയ മുഖത്തോടെ പുറത്തേക്കിറങ്ങി. എല്ലാരും പോയി കഴിഞ്ഞപ്പോള്‍
അവള്‍ എന്നോട് മാത്രം ചോദിച്ചു.


ഞാനാണോ? ....ഞാനാണോ കുറ്റക്കാരി?....


അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. എന്‍റെ കണ്ണിരോക്കെ തൊണ്ടയില്‍
കെട്ടിനിന്നതിനാല്‍ ഒരു വാക്ക് പോലും പുറത്തേക്കു വന്നില്ല.


കോളേജ് യുണിയന്‍ ചെയര്‍മാന്‍റെ തീപൊരി പ്രസംഗം കേട്ട് ആരാധനയോടെ എന്‍റെ
അരുകില്‍ നിന്ന പാവാടക്കാരിയെ പിന്നെ എത്രയോ കാലം കഴിഞ്ഞാണ് ഞാന്‍
കണ്ടത്. ഓഫിസില്‍ നിന്നും വൈകിയെത്തിയ ഒരു ദിവസം മുറ്റത്തെ
പൊന്‍ചെമ്പകത്തിന്റെ ചുവട്ടില്‍ രണ്ടുപേര്‍ നില്‍ക്കുന്നു. ഇരുട്ടു
വീണിരുന്നതിനാല്‍ മുഖങ്ങള്‍ വ്യക്തമായിരുന്നില്ല. ഞാന്‍ വേഗം ചെന്ന്
ലൈയ്റ്റ് ഇട്ടു. അതിനെക്കാള്‍ പ്രകാശമുള്ള ചിരിയുമായി അപര്‍ണയും
അരവിന്ദനും നില്‍ക്കുന്നു. അത്ഭുതം കൊണ്ട് പെട്ടെന്നെനിക്ക് വാക്കുകള്‍
കിട്ടിയില്ല.


എന്താടി ഇതു...?. അന്തംവിട്ട പെരുച്ചാഴിയെ പോലെ...?


അതെ... നിന്നെ ഒന്ന് ഞെട്ടിക്കാമെന്നു കരുതി. ...ഞങ്ങള്‍ അപ്പുറത്തെ വീട്
വാങ്ങി... നിന്‍റെ അയല്‍ക്കാരിയായി കേട്ടോ.... അവള്‍ കിലുകിലേ പറഞ്ഞു
തുടങ്ങി.


ഇവള്‍ എത്ര മാറിപോയി അല്ലെ അരവി...?
നിറം കെട്ടൂ. തടിവെച്ചു.
പഴയ ഗൌരവം മാത്രം ബാക്കിയുണ്ടല്ലേ...?.


അവളുടെ വര്‍ണന തുടരാനനുവദിക്കാതവരെ അകത്തേക്ക് ക്ഷണിച്ചു.


വേണ്ട ചക്കരേ ഇനി സമയമില്ല..... രണ്ടു മണിക്കൂര്‍ ആയി ഈ നില്‍പ്പ്
തുടങ്ങിയിട്ട്... ഇനി പോട്ടെ.... നീ നാടുമുഴുവനും നന്നാക്കിയിട്ടല്ലേ
വരൂ...... അടുത്തയാഴ്ച മുതല്‍ നമ്മള്‍ അയല്‍ക്കാര്‍ അല്ലെ? ... നിന്റെ
പൊന്‍ചെമ്പകത്തിന്റെ സുഗന്ധത്തില്‍ മത്ത്‌ പിടിച്ചിരിക്കയാ അരവി.
പിന്നെ... ഞാന്‍ ഒരു തൈ മോഷ്ടിച്ചു. എന്‍റെ വീടും സുഗന്ധം നിറയട്ടെ.


അയ്യോ അപു. ..അത് വേഗമൊന്നും പൂക്കില്ല... കുറെ വര്‍ഷങ്ങള്‍ കഴിയണം.


ശരിയാ ഞങ്ങളെപോലെ തന്നെ അല്ലെ...?


കുട്ടികള്‍ എന്തെ എന്ന് ചോദിക്കാന്‍ തുടങ്ങിയ എന്‍റെ വായ്‌ അടഞ്ഞു പോയി.
അവള്‍ പെട്ടെന്ന് വിഷയം മാറ്റി. അതെ.... നിന്‍റെ മോന്‍റെ സ്ക്കൂളിലെക്കാ
എനിക്ക് മാറ്റം കിട്ടിയത്.


എന്തോ വീഴുന്ന ശബ്ദം എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി. ഞാന്‍
പുറത്തേക്കു ചെന്നു . മറിഞ്ഞു കിടക്കുന്ന കസേര ബെധ്ധപെട്ടു നിവര്‍ത്താന്‍
ശ്രമിക്കുന്ന അച്ഛനെയാണ് കണ്ടത്.


അച്ഛന്‍ അകത്തിരിക്കൂ..... ഞാന്‍ ശരിയാക്കി വയ്ക്കാം....


അവന്‍ പോയതോടെ എന്‍റെ ശക്തി പോയി മോളെ. ......
ആ കുട്ടിയോടെ ജീവിതത്തോട് പൊരുതാന്‍ പറയു....
ഈ വയസ്സന്‍റെ കാവല്‍ ഇനി എത്രകാലം.?...


എനിക്ക് പറയാന്‍ വാക്കുകളില്ലായിരുന്നു. അച്ഛനെ പതുക്കെ നടത്തി അകത്തെ
മുറിയില്‍ കൊണ്ടിരുത്തി. അടുക്കളയില്‍ പോയി ഇലയടയും ചായയും ഉണ്ടാക്കി
അച്ഛന് കൊടുത്തു ,ഞാന്‍ അപുന്‍റെ.. അടുത്തേക്ക് ചെന്നു. എത്ര
നിര്‍ബന്ധിച്ചിട്ടും അവള്‍ ഒന്നും കഴിച്ചില്ല. മുറിയിലെ നിശ്ശബ്ദതയുടെ
ഭാരം താങ്ങാനാവാതെ ചുമരുകള്‍ തകര്‍ന്നു വീഴുമോ എന്നെനിക്കു തോന്നി.


അപു.... ഞാനിറങ്ങട്ടെ.... മോന്‍ വന്നുകാണും സ്ക്കൂളിന്നു. ഞാന്‍ പിന്നെ വരാം. .....


അവള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അച്ഛനോട് തലയാട്ടി ഞാന്‍
വാതില്‍ ചാരി ഇറങ്ങി. മുറ്റത്തിനരുകില്‍ കുറച്ചപ്പുറത്തെ വീട്ടിലെ
ശാരദേച്ചി നില്‍പ്പുണ്ടായിരുന്നു.


എപ്പഴേ നീ വന്നെ? നിനക്ക് മാറ്റം കിട്ടിയോ?


ഇപ്പോ വന്നതെയുള്ളു.... ഇല്ല.... ഇക്കൊല്ലം കിട്ടുമെന്ന്
തോന്നുന്നില്ല... എന്തെ ശാരദേച്ചി ഉണ്ടായത്?


എനിക്ക് അറിയില്ല എന്‍റെ മോളെ. ....


കുറെ ദിവസമായി ഓനിങ്ങനെ തലയും താഴ്ത്തി പോകുന്ന കാണാം. ഞാന്‍
പറയുമായിരുന്നു ഇവനെന്താ ഇങ്ങനെ വെറുപ്പ്‌ പിടിച്ചമാതിരി എന്ന്.


നിങ്ങള്‍ക്ക് ചോദിക്കാമായിരുന്നില്ലേ...........?


ഈ പണിയെടുത്തു വയ്ക്കുമെന്ന് ആരെങ്കിലും നിരീച്ചോ?


ഓള് സ്ക്കൂളില്‍ പോയതാ. സന്ധ്യക്ക്‌ ഓന് ഇവിടെയുണ്ടായിരുന്നു. ഞാന്‍
കണ്ടതാ. ഓള് സ്ക്കൂളിന്നു വരാന്‍ വൈകിപ്പോ ഫോണ്‍ വിളിച്ചിട്ട് ഓന്‍
എടുത്തില്ല. കുറെ തവണ വിളിച്ചു. ഓള്‍ക്ക് ബേജാറായിട്ടു അപ്പുറത്തെ രണ്ടു
വീട്ടിലും മാറി മാറി വിളിച്ചു. ഓര്‍ പറഞ്ഞു ഓന്‍ അവിടെയില്ലാന്നു.
ഓള്‍ക്ക് സമാധാനമില്ലാഞ്ഞിട്ടായിരിക്കാം പിന്നെ എന്നെ വിളിച്ചു. ഞാന്‍
ഓടി വന്നു. ഊയന്‍റെ മോളെ അപ്പോഴല്ലേ കണ്ടെനും. ഞാന്‍ ഒന്നേ നോക്കിയുള്ളൂ.
അപ്പോഴേക്കും അച്ഛനും മോളും എത്തി. എന്‍റെ പര ദൈവങ്ങളെ.... ആ
പെങ്കൊച്ചിന്റെ നിലവിളി... ഇതുവരെ എനിക്ക് മര്യാദയ്ക്ക് ഒരു തുള്ളിവെള്ളം
ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. ഓള് മാറിമാറി ഈ രണ്ടു വീട്ടി ലും
വിളിച്ചതാ..... ആരേലും അപ്പൊ ചെന്നു തട്ടി വിളിച്ചെങ്കില്‍.. ഓന്‍റെ
സമയമായി കാണും.....


ശാരദേച്ചി പറഞ്ഞു പറഞ്ഞു കരഞ്ഞു കൊണ്ട് നടന്നു.


ലോകം ഒരു ഗ്രാമമായി ചെറുതാകുന്നു. പക്ഷെ വീടുകള്‍ക്കിടയിലെ മതിലുകള്‍
എത്ര പൊക്കത്തില്‍ . വീടിനുള്ളിലോ ചുമരുകളുടെ തടവറയില്‍ തളച്ചിട്ട
ജീവിതങ്ങള്‍ .


ആരും വരാറില്ലേ ചേച്ചി? .....ആര് വരാനാ മക്കളെ....... അതും ആത്മഹത്യ
ചെയ്തവന്റെ വീട്ടില്‍ . ......ആരെങ്കില്‍ വന്നാതന്നെ ഓരോന്ന് ചോദിച്ചു ആ
കൊച്ചിനെ ഇല്ല്ലാണ്ടാക്കും.


ഗേറ്റടക്കുമ്പോള്‍ അറിയാതെ പൊന്‍ചെമ്പകത്തിലേക്ക് നോക്കി. ഒന്ന് രണ്ടു
പൂക്കള്‍ മാത്രം. അപ്പോള്‍ അരവിയുടെ മുഴങ്ങുന്ന ശബ്ദം കേള്‍ക്കുന്ന പോലെ
തോന്നി എനിക്ക്.


അച്ചു ......നീയല്ലേ പറഞ്ഞത് ഇതു പൂക്കാന്‍ വര്‍ഷങ്ങള്‍ വേണമെന്ന്. കണ്ടോ
......ഞങ്ങളുടെ സ്നേഹം കണ്ടു കണ്ടു ചെമ്പകം പൂത്തുപോയി.


പെട്ടെന്ന് വീശിയ തണുത്ത കാറ്റില്‍ പാതി കരിഞ്ഞ ഒരു പൂവ് അടര്‍ന്നു
വീണു.... ഞാന്‍ അതെടുത്തു മണത്തു..... പക്ഷെ അതിനു കരിഞ്ഞ മാംസത്തിന്‍റെ
ഗന്ധമായിരുന്നു! ‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...