15 Nov 2011

കവിതയുടെ നൂറുവര്‍ഷങ്ങള്‍

കവിതയുടെ നൂറുവര്‍ഷങ്ങള്‍
ഡോ.എം.എസ്‌. പോള്‍
 ഒരു നൂറ്റാണ്ടുപിന്നിടുമ്പോള്‍ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും മലയാളകവിതയില്‍ എന്തായിരുന്നു എന്ന അന്വേഷണം പ്രസക്തമാകുന്നു. നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളിയുടെ വായനയിലേക്ക്‌ ഇവര്‍ വീണ്ടും വീണ്ടും കടന്നുവരുന്നു. ആധുനിക കവിത്രയത്തിനുശേഷം കവിത ഗൌരവമായ ചര്‍ച്ചയ്ക്ക്‌ വിധേയമാകുന്നത്‌ ഇവരുടെ കാലത്താണ്‌. 
ചങ്ങമ്പുഴയും വൈലോപ്പിള്ളിയും മലയാള കവിതയെ പ്രതിനിധീകരിച്ചവരാണ്‌. ഒരേ കാലത്ത്‌ വ്യത്യസ്ത കാവ്യമാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുകയും മലയാളിയുടെ സങ്കല്‍പ്പ യാഥാര്‍ത്ഥ്യങ്ങളെ സംതുലനമാര്‍ഗത്തിലൂടെ കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു ഇവര്‍. കാല്‍പ്പനികതയുടെയും റിയലിസത്തിണ്റ്റെയും വഴികള്‍ അവരില്‍ ആരോപിച്ചുകൊണ്ട്‌ ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും നാം പ്രസ്ഥാനവല്‍ക്കരിക്കുന്നു. ഈ കവികളെ ഒരു നൂറ്റാണ്ടിനുശേഷം വായിക്കുമ്പോള്‍ അവരുടെ കവിതകള്‍ മാത്രമല്ല നമുക്ക്‌ മുന്നിലുള്ളത്‌ അവരുടെ കൃതികളും അവയുണ്ടാക്കിയ വായനാസംസ്കാരവും വിമര്‍ശകരുടെ നിലപാടുകളും ജീവചരിത്രക്കുറിപ്പുകളുമുള്‍പ്പെടെ ഒരു ബൃഹത്‌ സംസ്കാരമാണ്‌ നമുക്ക്‌ മുന്നിലുള്ളത്‌. യുവാവായി സാഹിത്യത്തിലവതിരിച്ച യുവാവായി ഉല്ലസിച്ച്‌ യുവവായസ്തമിച്ച ദേവപ്രിയനാണ്‌ ചങ്ങമ്പുഴ കൃഷ്ണപിള്ള .
നവീന ഭാഷാസാഹിത്യത്തിലെ നവയുവത്വമായിരുന്ന അദ്ദേഹത്തിണ്റ്റെ നിറവുകളും കുറവുകളും താരുണ്യത്തിണ്റ്റേതായിരുന്നു (പനിനീര്‍പുന്തോപ്പ്‌) എന്ന്‌ വൈലോപ്പിള്ളി വിലയിരുത്തുന്ന ചങ്ങമ്പുഴ മലയാളത്തിലെ എക്കാലത്തെയും ഇതിഹാസമാണ്‌ നിരവധി വിലയിരുത്തലുകളിലൂടെ വിമര്‍ശനങ്ങളിലൂടെ ചങ്ങമ്പുഴയുടെ കവിതയും ജീവിതവും മലയാളമുള്ളിടത്തോളം കാലം ജൈവരൂപമാര്‍ജിക്കുമെന്നതില്‍ തര്‍ക്കമില്ല. നിശിതവിമര്‍ശനങ്ങള്‍ക്കും പക്ഷപാതങ്ങള്‍ക്കുമിടയില്‍ ചങ്ങമ്പുഴയെക്കുറിച്ചുള്ള ചില വിശേഷണങ്ങള്‍ ഏറെ പ്രസക്തമാകുന്നു. അതില്‍ പ്രധാനാ 'മലയാളത്തിലെ ഓര്‍ഫ്യൂസ്‌ എന്ന ഡോ.എം.ലീലാവതിയുടെ പ്രയോഗമാണ്‌. ചങ്ങമ്പുഴയെക്കുറിച്ച്‌ എം.ലീലാവതിയുടെ നിരീക്ഷണങ്ങളിലും വിലയിരുത്തലുകളിലും ദുര്‍ബലതയുണ്ടെങ്കിലും ഈ വിശേഷണത്തിനു പിന്നിലെ ഗ്രീക്ക്‌ പുരാവൃത്തവും അതില്‍ പരാമര്‍ശിക്കുന്ന സ്വഭാവങ്ങളും ചങ്ങമ്പുഴയുടെ ജീവിതത്തെയും ദര്‍ശനങ്ങളെയും ഏറിയ അളവില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്‌. സൌന്ദര്യാരാധകനും പ്രണയിയുമായ ഓര്‍ഫ്യൂസ്‌ തണ്റ്റെ സംഗീതാലാപനത്തിണ്റ്റെ ദ്രവീകരണശക്തികൊണ്ട്‌ പാതാളരാജാവിനെപ്പോലും തനിക്കുനുകൂലമാക്കിയവനാണ്‌. കൊന്നു ചിന്നഭിന്നമാക്കിയിട്ടും ഇടതടവില്ലാത്ത ഗാനങ്ങളും സുന്ദരസാന്നിദ്ധ്യവുമായി തണ്റ്റെ കാലത്തെയും പില്‍ക്കാലങ്ങളെയും അതിശയിപ്പിച്ചവനാണ്‌. 
എന്നാല്‍ അധികാരത്തോടും വ്യവസ്ഥാപിത ഭോഗാത്മകതയോടും കലഹിച്ചുകൊണ്ട്‌ മരണം വരിക്കുന്നുവെന്നിടത്താണ്‌ ഓര്‍ഫ്യൂസ്‌ അനശ്വരത്വം നേടുന്നത്‌. ചങ്ങമ്പുഴയുടെ ജീവിതവും കവിതകളും അവയുള്‍പ്പെട്ടിരിക്കുന്ന സാമൂഹിക പരിസ്ഥിതികളും സൂഷ്മമായി വിലയിരുത്തുമ്പോള്‍ ഓര്‍ഫ്യൂസിനോളം മറ്റൊരു വിശേഷണം ചങ്ങമ്പുഴക്കില്ലെന്നു വ്യക്തമാകും. രമണണ്റ്റെ ജനപ്രിയതയും മലയാളിയുടെ പ്രണയ വിരോധവും കേരള സമൂഹത്തിലെ എക്കാലത്തെയും വൈരുദ്ധ്യമാണ്‌. രമണനിലെ പ്രണയം മാത്രമായിരുന്നില്ല മലയാള മനസ്സിനെ ആര്‍ദ്രമാക്കിയത്‌ കേരളീയ മനസിന്‌ കാലങ്ങളായി സുപ്താവസ്ഥയിലായിരുന്ന തനതു താളങ്ങളും ജനകീയ ശീലുകളും ചങ്ങമ്പുഴയുടെ രമണനില്‍ പുനര്‍ജ്ജനിച്ചിരുന്നു. കേരളീയ പ്രകൃതിയും ലളിത ഗ്രാമീണ ജീവിതവും രമണനില്‍ പുനരാവിഷ്കരിക്കപ്പെടുകയായിരുന്നു. സമൂഹമനസില്‍ അന്തര്‍ലീനമായിരുന്ന ദുരന്തബോധത്തെയും സംഗീതാത്മകത്വത്തെയും രമണന്‍ പിന്തുടരുകയായിരുന്നു. 
ദാസന്‍ വാല്‍മീകി എന്നിവരെ അനുകരിച്ച്‌ ദുരന്തകൃതികള്‍ രചിച്ച ചങ്ങമ്പുഴ കേരളീയരുടെ വംശവാസനകളെ പുനര്‍ജീവിപ്പിച്ച കവിയായിരുന്നുവെന്ന്‌ എ.ബാലകൃഷ്ണപിള്ള വിലയിരുത്തിയിട്ടുണ്ട്‌. ചങ്ങമ്പുഴയുടെ കാവ്യലോകത്തെ ഗൌരവമായി സമീപിച്ചിട്ടുള്ള വിമര്‍ശകരില്‍ പ്രമുഖനായിരുന്നു എ.ബാലകൃഷ്ണപിള്ള. ജോസഫ്‌ മുണ്ടശ്ശേരിയുള്‍പ്പെടയുള്ള നിരൂപകരെയും ചങ്ങമ്പുഴയുടെ ജനപ്രിയതയിതി അന്തം വിട്ടവരും ചങ്ങമ്പുഴയെപ്പറ്റിപ്പറയാതെ തങ്ങളുടെ വിമര്‍ശനം പൂര്‍ണ്ണമാകില്ലെന്നു മനസിലാക്കിയവരുമായിരുന്നു. 'രമണനും മലയാളകവിതയും' എന്ന പുസ്തകത്തില്‍ സുകുമാര്‍ അഴീക്കോട്‌ ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എസ്‌.ഗുപ്തനായര്‍, എം.കെ.സനു. എന്നിങ്ങനെ ചങ്ങമ്പുഴയുടെ ചെലവില്‍ പ്രസിദ്ധി നേടിയ രണ്ടാം നിര വിമര്‍ശകരും ചങ്ങമ്പുഴയെ അധിഷേപിച്ച്‌ സാഹിത്യരംഗത്തുനിന്ന്‌ സ്വയം പുറത്താക്കപ്പെട്ടവരും കവിതയെഴുത്ത്‌ നിര്‍ത്താന്‍ പ്രമേയം പാസാക്കിയവരുമടങ്ങുന്ന വ്യത്യസ്ത ആസ്വാദക നിലവാരം നിലനില്‍ക്കുന്ന ഒരു സാംസ്കാരിക ഭൂമികയിലാണ്‌ ചങ്ങമ്പുഴ ശ്രദ്ധേയനാകുന്നത്‌. ചങ്ങമ്പുഴയെ ഇകഴ്ത്തിയവരും പുകഴ്ത്തിയവരും ചങ്ങമ്പുഴകവിതയുടെ സാമൂഹിക വശത്തെ വിസ്മരിച്ചിട്ടുണ്ട്‌.
'വാഴക്കുല' പോലുള്ള കൃതികളെ വച്ച്‌ ചങ്ങമ്പുഴയുടെ വിപ്ളവബോധം അളന്നു തിട്ടപ്പെടുത്തിയവരുണ്ട്‌. എന്നാല്‍ ചങ്ങമ്പുഴയുടെ വിപ്ളവം തണ്റ്റെ കാല്‍പനിക കവിതകളില്‍ തന്നെയായിരുന്നു. എക്കാലത്തും കേരളസമൂഹം പിന്തുടര്‍ന്നുപോന്ന സ്ത്രീപുരുഷ ബന്ധങ്ങളിലെ വൈകല്യങ്ങളും അപക്വമായ ലൈംഗിക കാഴ്ചപ്പാടുകളുമാണ്‌ ചങ്ങമ്പുഴ തണ്റ്റെ കവിതയിലുടനീളം വിമര്‍ശനവിധേയമാക്കിയത്‌. പാശ്ചാത്യകവികളായ ലോറന്‍സ്‌ ഹൌസമാനോടും വെര്‍ലെയനോടും ചങ്ങമ്പുഴയെ സാദൃശ്യപ്പെടുത്തിയ കേസരിയും സി.ജെ.തോമസും പില്‍ക്കാലനിരൂപകനായി നരേന്ദ്രപ്രസാദും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്‌. 'ചങ്ങമ്പുഴയുടെ പ്രേമഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ കേവല മാസികാഹൃദം മാത്രമല്ല ശാരീരികമായ ഒരു നിര്‍വൃതികൂടി അനുഭവപ്പെടുന്നുവെന്ന്‌ കേസരി പറയുന്നുണ്ട്‌. ചങ്ങമ്പുഴയുടെ ജീവിത കാഴ്ചപ്പാടിനു പിന്നിലെ റൊമാണ്റ്റിക്കിനെയും അരാജകവാദിയെയും അക്കാലത്ത്‌ കേസരി തിരിച്ചറിഞ്ഞു ചങ്ങമ്പുഴയെ താന്‍ സ്നേഹിക്കുന്നത്‌ അദ്ദേഹം ഒരു പ്രേമഗായകനായതുകൊണ്ടാണെന്നു പറയുന്ന സി.ജെ. ചങ്ങമ്പുഴ പ്രേമഗാനങ്ങള്‍ പാടിയതിനെ വിമര്‍ശിക്കുന്നവര്‍ അവരവരുടെ തലതിരിഞ്ഞ മാനസിക പശ്ചാത്തലത്തെ പ്രദര്‍ശിപ്പിക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ക്കുന്നു (എണ്റ്റെ ചങ്ങമ്പുഴ).
"രതി എന്ന സാമൂഹിക ചോദന പ്രകടിപ്പിക്കാനനുവദിക്കാതെ അതില്‍ സാമ്പത്തിക ഘടകങ്ങള്‍ കുത്തിക്കയറ്റി എല്ലാ സ്ത്രീ പുരുഷ ബന്ധങ്ങളെല്ലാം പ്രത്യക്ഷമോ പരോക്ഷമോ ആയ വ്യഭിചാരമാക്കി മാറ്റിയിരിക്കുന്ന സമകാലിക സന്‍മാര്‍ഗ്ഗത്തെ ചങ്ങമ്പുഴ പിടിച്ചു കുലുക്കുകയായിരുന്നു. " (നരേന്ദ്രപ്രസാദ്‌: ചങ്ങമ്പുഴ ചെയ്തത്‌) "കൃത്രിമ മൂല്യങ്ങളെ താലോലിക്കുന്ന വിമര്‍ശകന്‍മാരുടെ നേര്‍ക്കുള്ള ഒരു കടന്നാക്രമണം നമുക്ക്‌ പാടുന്ന പിശാചില്‍ കാണാം" (എം.പി. വീരേന്ദ്രകുമാര്‍: ചങ്ങമ്പുഴ വിധിയുടെ വേട്ടമൃഗം)ഈ രണ്ടു നിരീക്ഷണങ്ങളിലും ചങ്ങമ്പുഴയിലെ വിഗ്രഹഭജ്ഞകത്വം പ്രകടമാക്കുന്നുണ്ട്‌. ജടയുടെ സംസക്കാര പനയോലക്കെട്ടൊക്കെ പൊടികെട്ടി പുഴുകുത്തി ചിതലുമുറ്റി (ചുട്ടെരിക്കുവിന്‍)എന്ന്‌ ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്‌. ചങ്ങമ്പുഴ കവിതകളിലെ നിലവിളികളും വിലാപശ്രുതികളും സമുഹവിലക്കുകളില്‍ കുടുങ്ങിക്കിടന്ന സ്വാതന്ത്യ്രദാഹിയുടേതാണ്‌. ചങ്ങമ്പുഴ ശുദ്ധകാല്‍പ്പനികനോ വിപ്ളവകാരിയോ എന്നതിനപ്പുറം സ്വാതന്ത്യ്രത്തെ പ്രതി നിരന്തരം കലഹിച്ചു കൊണ്ട്‌ കാവ്യരചന നടത്തുകയായിരുന്നു. ഒരു വിവര്‍ത്തകനെന്നനിലയില്‍ ചങ്ങമ്പുഴ ഇനിയും പഠനവിധേയമായിട്ടില്ല സുധാംഗദ, മയൂഖമാല, യവനിക, ദേവഗീത, ദിവ്യഗീതം എന്നിങ്ങനെ ചങ്ങമ്പുഴയുടെ വിവര്‍ത്തനകൃതികളിലൂടെ സാസ്കാരികമായ ഒരു അന്വേഷണം നടത്തേണ്ടതുണ്ട്‌. ഈ കൃതികള്‍ ഉള്‍ക്കൊള്ളുന്ന ജീവിതരതിയുടെ ഉപനിഷത്‌ ചങ്ങമ്പുഴതിരിച്ചറിഞ്ഞിട്ടുണ്ട്‌."കാളിദാസനൊപ്പം ഷേക്സ്പിയറെയും ഭവഭൂതിയോടൊപ്പം ഹ്യൂഹോവിനെയും എഴുത്തച്ഛനൊപ്പം ഷെല്ലിയെയും ചെറുശ്ശേരിയോടൊപ്പം സ്ട്രിന്‍ഡ്‌ ബര്‍ഗിനെയും കാളിദാസനൊടൊപ്പം മാക്സിംഗോര്‍ക്കിയെയും മനസ്സിലാക്കാനും അഭിനന്ദിക്കാനുള്ള സംസ്കാര സമ്പുഷ്ടിയാണ്‌ നമുക്കുണ്ടു വേണ്ടത്‌" എന്ന്‌ സുധാംഗദയുടെ മുഖവുരയില്‍ ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്‌.
നമ്മുടെ സാഹിത്യപാരമ്പര്യത്തെക്കുറിച്ചും വിശ്വസാഹിത്യത്തെക്കുറിച്ചും വിപുലമായ ഉള്‍ക്കാഴ്ചയുണ്ടായിരുന്ന ഈ കവിയെ മലയാളിയുടെ പരിമിതമായ ലോകത്തു നിന്നുകൊണ്ടായിരുന്നു പലപ്പോഴും വിലയിരുത്തിയിരുന്നത്‌. ചങ്ങമ്പുഴയുടെ ആദര്‍ശലോകത്തിനു സമാന്തരമായി മറ്റൊരു കാവ്യപാരമ്പര്യത്തെയായിരുന്നു വൈലോപ്പിള്ളി പിന്തുടര്‍ന്നത്‌. അതിന്‌ കേരളത്തിണ്റ്റെ ഭൂമിശാസ്ത്രവുമായും പ്രകൃതിയുമായും ഏറെ ബന്ധമുണ്ടായിരുന്നു. ചങ്ങമ്പുഴ ദര്‍ശിച്ച ലാവണ്യാനുഭൂതികളുടെ മറുപുറമായിരുന്നു അത്‌. 
"നശ്വരതകളെയും അപൂര്‍ണ്ണതകളെയും അനശ്വരതയുടെ പൂര്‍ണ്ണതയുടെ മുമ്പില്‍ സമര്‍പ്പിക്കുക എന്നതാണ്‌ യുക്തിയുടെ നേര്‍വഴി" എന്ന പ്രഖ്യാപനത്തോടെ വൈലോപ്പിള്ളിയുടെ ആദ്യ കവിതാസമാഹാരമായ 'കന്നിക്കൊയ്ത്ത്‌' അവതരിപ്പിക്കുന്ന കുട്ടികൃഷ്ണമാരാര്‍ വൈലോപ്പിള്ളി കവിതയ്ക്കു പിന്നിലെ കലാത്മകതയും യുക്തിയും പരിശോധിക്കുന്നുണ്ട്‌.
'കന്നിക്കൊയ്ത്ത്‌', മാമ്പഴം, ആസാം പണിക്കാര്‍, സഹ്യണ്റ്റെ മകന്‍,' എന്നീ കവിതകളില്‍ കേരളീയ പ്രകൃതി സംഋദ്ധിയോടെ നിറഞ്ഞുനില്‍ക്കുന്നു. മലയാളിയുടെ ജീവിത പരിസരത്തെ സവിശേഷ ശ്രദ്ധയോടെ സമീപിക്കുകയായിരുന്നു വൈലോപ്പിള്ളി കേരളത്തിണ്റ്റെ ബഹുഭൂരിപക്ഷമായ മധ്യവര്‍ഗസമൂഹത്തിണ്റ്റെ ജീവിതം തണ്റ്റെ കവിതകളില്‍ വൈലോപ്പിള്ളി ആവിഷ്കരിച്ചിട്ടുണ്ട്‌. വൈലോപ്പിള്ളിക്കവിതയുടെ രാഷ്ട്രീയ മാനങ്ങള്‍ തേടുന്നവര്‍ ഇക്കാര്യം പരാമര്‍ശിച്ചുപോകാറുണ്ട്‌. ആദര്‍ശം വിപ്ളവം, കവിത പ്രായോഗികജീവിതം എന്നിവ മധ്യവര്‍ഗ മലയാളിക്ക്‌ എങ്ങനെ അനുഭവപ്പെടുന്നുവെന്ന സത്യസന്ധമായ ആവിഷ്ക്കാരം കുടിയൊഴിക്കല്‍ എന്ന കവിതയിലുണ്ട്‌. ഇവിടെ ഭാഷ സാന്ദ്രമാകുന്നു 'കാച്ചിക്കുറിക്കിയ കവിത'എന്നും 'എല്ലുറപ്പുള്ള കവിത'എന്നുമുള്ള വിശേഷണം നല്‍കുമ്പോള്‍ വൈലോപ്പിള്ളിയില്‍ കാവ്യഭാഷ മറ്റൊരു രൂപമാര്‍ജ്ജിക്കുന്നതായി കാണുന്നു. കവിതയുടെ സവിശേഷമാര്‍ഗ്ഗത്തിലൂടെ വായനക്കാരന്‍ സഞ്ചരിക്കുന്നു. 
സുന്ദരവസ്തുക്കള്‍ക്കൊപ്പം അവിടെ അസുന്ദരവസ്തുക്കളെയും അനുവാചകന്‍ പരിചയിക്കുന്നു. 'പുള്ളിമാണ്റ്റെ പിറകെ പുലിയെയും വസന്തിവായുവില്‍ വസൂരിരോഗാണുക്കളെയും കാണാന്‍ കഴിയുന്ന ഈ കവിക്കു കാക്ക പ്രിയപ്പെട്ട പക്ഷിയാകുന്നു. തുടുവെള്ളാമ്പല്‍ പൊയ്കയല്ല ജീവിതക്കടല്‍ തന്നെ പ്രചോദനമാകുന്നു. മലയാള കവിതയുടെ വ്യത്യസ്തമായ ഒരു ധാര അങ്ങനെ വൈലോപ്പിള്ളിയില്‍ ആരംഭിക്കുന്നു. യുക്തിയുടേയും ശാസ്ത്രത്തിണ്റ്റെയും മനോവിജ്ഞാനീയത്തിണ്റ്റെയും അടിസ്ഥാനത്തില്‍ കുട്ടികൃഷ്ണമാരാരും എന്‍.വി.കൃഷ്ണവാര്യരും എം.എന്‍.വിജയനുമൊക്കെ വൈലോപ്പിള്ളി കവിതയെ സമീപിച്ചിട്ടുണ്ട്‌ എന്നാല്‍ യുക്തിയുടെ വസ്തുനിഷ്ഠതയെക്കാള്‍ കലാത്മകതയുടെയും സൌന്ദര്യത്തിണ്റ്റെയും പക്ഷത്തായിരുന്നു ഈ കവി. "അവകള്‍ കിനാവുകളെന്നാം ശാസ്ത്രം കളവുകളെന്നാം ലോകചരിത്രം ഇവയിലുമേറെ യഥാര്‍ത്ഥം നിങ്ങടെഹൃദയ നിമന്ത്രിത സുന്ദരതത്വം. " എന്ന്‌ ഓണപ്പാട്ടുകാര്‍ എന്ന കവിതയില്‍ വൈലോപ്പിള്ളി എഴുതുന്നുണ്ട്‌. ഇവിടെ മിത്തുകളും സങ്കല്‍പങ്ങളും ഹൃദയത്തിലവശേഷിപ്പിക്കുന്ന സുന്ദരതത്വം ചരിത്രത്തേയും ശാസ്ത്രത്തെയും കടന്നു പോവുകയാണ്‌. 
ഇന്നു വൈലോപ്പിള്ളിക്കവിതയില്‍ വായനയുടെ സംഋദ്ധവസന്തങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്‌. ആഹ്ളാദമോ വിഷാദമോ തുളുമ്പാതെ ജീവിതത്തെ കവിതയിലിങ്ങനെ നിറച്ചുവയ്ക്കുകയാണ്‌ വൈലോപ്പിള്ളി. 'മാമ്പഴം' എന്ന കവിത മലയാളിയുടെ സ്വകാര്യതയിലിടം തേടുന്നതങ്ങനെയാണ്‌. സമാന അനുഭവങ്ങള്‍ വേണമെന്നില്ല. അമ്മയും കുഞ്ഞും മാമ്പഴവും അണ്ണാറക്കണ്ണനും മലയാളിക്ക്‌ ഗൃഹാതുരമാകുന്നു. അങ്ങനെ കുട്ടിയുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തമായ ലോകം ഈ കവിതയില്‍ സമരസപ്പെടുന്നു. അമ്മയോടും കുട്ടിയോടും താദാത്മ്യം പ്രാപിച്ചുകൊണ്ട്‌ അനുവാചക ഹൃദയം കവിതയെ ആഴത്തില്‍ അനുഭവിക്കുന്നു. വാക്കുകളുടെ ധ്വനനശേഷി ഇത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു മലയാള കവിതയില്ലെന്നു പറയാം. വൈലോപ്പിള്ളിക്കവിതയിലെ കേരളീയാന്തരീക്ഷം തികച്ചും സവിശേഷതയര്‍ഹിക്കുന്നു. വഴുക്കലുള്ള വരമ്പുകളും അധ്വാനത്തിണ്റ്റെ വിയര്‍പ്പുമണികള്‍ വീഴുന്ന കൊയ്ത്തുനിലങ്ങളും വേറിട്ടുകാഴ്ചകളാണ്‌. 
ഗ്രീഷ്മകാലത്തോടുള്ള കവിയുടെ താല്‍പര്യം ഇവിടെ ശ്രദ്ധേയമാണ്‌. മാമ്പഴത്തിലെ 'തുംഗമാം മീനച്ചുടൂം' കുടിയൊഴിക്കലിലെ ചീവീടുകളുടെ സാന്നിദ്ധ്യവും വൈലോപ്പിള്ളിക്കവിതയിലെ വേനല്‍ബിംബങ്ങളെക്കുറിച്ചുള്ള ചില സൂചനകള്‍ മാത്രം. കാലാവസ്ഥ, നിറം, ഗന്ധം ഇങ്ങനെയുള്ള അന്വേഷണത്തിന്‌ വൈലോപ്പിള്ളിക്കവിതയില്‍ സാധ്യതകളേറെയാണ്‌. ആദര്‍ശലോകവും പ്രായോഗികജീവിതവും പൊരുത്തപ്പെടാതെ മലയാളി അനുഭവിക്കുന്ന സംത്രാസങ്ങള്‍ വൈലോപ്പിള്ളിക്കവിത പ്രമേയമാക്കിയിട്ടുണ്ട്‌. മലയാളിയുടെ ശീലങ്ങളും മനോവൈകല്യങ്ങളും വൈലോപ്പിള്ളിക്കു ഇഷ്ടവിഷയങ്ങളായിരുന്നു. പൊരുത്തക്കേടുകളില്‍ കവിത നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ ഈ കവിയുടെ സവിശേഷത. 'ഹന്ത പഴുകിയ ശീലം പോലൊരു ബന്ധനമുണ്ടോ ലോകത്തില്‍' (കൃഷ്ണാഷ്ടമി) എന്നുപറയുന്ന കവി വിരുദ്ധ വസ്തുക്കളിലും അസുന്ദരങ്ങളിലും കവിത ദര്‍ശിക്കുകയായിരുന്നു. മലയാളിയുടെ സങ്കല്‍പങ്ങളേയും ജീവിതത്തെയും കവിതയില്‍ പ്രതിഫലിച്ചവരാണ്‌ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ൧൯൪൮-ല്‍ ചങ്ങമ്പുഴ അകാലമൃത്യുവിന്‌ കീഴടങ്ങുമ്പോള്‍തന്നെ വൈലോപ്പിള്ളിയുടെ 'കന്നിക്കൊയ്ത്ത്‌' എന്ന കാവ്യസമാഹാരം പുറത്തിറങ്ങിയിരുന്നു. ഒരു യുഗം അവസാനിച്ച്‌ മറ്റൊരുയുഗം പിറക്കുകയായിരുന്നില്ല ഒരേകാലത്ത്‌ വ്യത്യസ്തകാഴ്ചപ്പാടുകള്‍ രൂപപ്പെടുകയായിരുന്നു.
ഒരു നൂറ്റാണ്ടിനുശേഷം മലയാളിയുടെ വായനാ സംസ്കാരത്തിലുണ്ടായ പരിവര്‍ത്തനത്തില്‍ ഈ രണ്ടു കവികളുടെയും കാവ്യപദ്ധതി മുഖ്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്‌. പ്രണയത്തിണ്റ്റെ ആകാശഭംഗിയും ജീവിതത്തിണ്റ്റെ മരുപ്രദേശവും ഈ കവികള്‍ സൃഷ്ടിക്കുകയായിരുന്നു. ചങ്ങമ്പുഴയും വൈലോപ്പിള്ളിയും വരും കാലങ്ങളില്‍ വിലയിരുത്തപ്പെടുന്നത്‌ കാല്‍പനികതയുടെയും യാഥാര്‍ത്ഥ്യത്തിണ്റ്റെയും വഴികളിലൂടെയായിരിക്കില്ല. ചരിത്രപരവും സാസ്കാരികവുമായ നിരവധി വായനകള്‍ ഇനിയും ഉണ്ടാകാനിരിക്കുന്നു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...