ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ്:അനില്‍കുമാര്‍ സി പി

ജിക്കു വർഗ്ഗീസ്


ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ്:അനില്‍കുമാര്‍ സി പി

ദുബായിയില്‍ ക്വാളിറ്റി മാനേജര്‍ ആയി ജോലി ചെയ്യുന്ന
അനില്‍കുമാര്‍ സി പി വേറിട്ട കഥകളിലൂടെയാണ് ബ്ലോഗ് ലോകത്ത് പ്രസിദ്ധനായത്. വൈഖരി എന്ന ബ്ലോഗിലൂടെ അനേകം ഹൃദയ സ്പര്‍ശിയായ കഥകളിലൂടെയും,ഗ്രാമീണതയുടെ സൌന്ദര്യം കഥകളില്‍ ആവാഹിച്ചും മലയാളികളുടെ മനസ്സില്‍ നിലയുറപ്പിച്ച കഥാകാരനാണ് ശ്രീ അനില്‍കുമാര്‍ സി പി.അറിയപ്പെടുന്ന ഓണ്‍ലൈന്‍ മാഗസിനുകളിലും മറ്റും പ്രവാസത്തിന്റെ ചൂടും ചൂരുമുള്ള കഥകളും കവിതകളും എഴുതുന്നു.രണ്ടുലക്ഷത്തിലധികംമെമ്പര്‍മാരുള്ള ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ മലയാളി
കൂട്ടായ്മയായ കൂട്ടത്തിന്റെ പ്രധാന ഭാരവാഹികളില്‍ ഒരാളാണ് ശ്രീ അനില്‍കുമാര്‍ . ബൂലോകം ഓണ്‍ലൈന്‍ നടത്തിയ വോട്ടെടുപ്പില്‍ അനില്‍ കുമാര്‍ ഫസ്റ്റ് റണ്ണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ് എന്ന പംക്തിയില്‍ ഈ ആഴ്ച നമ്മോടൊപ്പം ശ്രീ.അനില്‍കുമാര്‍ സി പി യാണ്.
അവധിക്കാലത്തിനു ശേഷം തിരിച്ചെത്തിയ അനില്‍ ചേട്ടനുമായി സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്.നാട്ടിലെ വര്‍ത്തമാനങ്ങള്‍ വായനക്കാരുമായി പങ്കു വെക്കാമോ?
തീര്‍ച്ചയായും സന്തോഷത്തോടെ പങ്കുവെക്കാം.
ഒരുപാട് ഗൃഹാതുരതകള്‍ മറ്റാരേക്കാളും കൂടുതല്‍ മനസ്സില്‍ സൂക്ഷിക്കുന്നവരാണ് പ്രവാസികള്‍ എന്ന് പറയാറുണ്ട്. പതിവുപോലെ അത്തരം ഒരുപാട് ഗൃഹാതുരതകളും മനസ്സില്‍ സൂക്ഷിച്ചാണ് ഇത്തവണയും നാട്ടിലെത്തിയത്. ഏറെനല്ല നിമിഷങ്ങള്‍ ഈ അവധിക്കാലവും തന്നെങ്കിലും മലയാളിജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അഴിമതിയുടേയും, പീഡനങ്ങളുടേയും, അക്രമങ്ങളുടേയും ഒക്കെ കഥകള്‍ വല്ലാത്തൊരു അമ്പരപ്പാണ് തന്നത്. അതോടൊപ്പം ഉള്ളിയുടെ വിലകേട്ട് വാ പൊളിച്ചുനിന്നുപോയ എന്നെ നോക്കിയ പച്ചക്കറി കച്ചവടക്കാരന്റെ കണ്ണുകളിലെ സഹതാപവും, മീനിനു വില പറഞ്ഞ എന്റെ നേര്‍ക്ക് ‘ഇയ്യാള് ആരുവ്വേ’ എന്നൊരു നോട്ടം വലിച്ചെറിഞ്ഞ മീന്‍‌‌കച്ചവടക്കാരന്റെ പുച്ഛത്തോടെയുള്ള നോട്ടവും എന്ത് വികാരമാണ് എന്നില്‍ ഉണ്ടാക്കിയത് എന്നെനിക്കറിയില്ല!
‘ബൂലോകം ഓണ്‍ലൈനിന്റെ’ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞതും, ‘കൂട്ടം’ കുടുംബത്തിന്റെ തൃശൂരില്‍ നടന്ന മീറ്റില്‍ പങ്കെടുക്ക്നുംക്കാന്‍ കഴിഞ്ഞതും ഈ അവധിക്കാലത്തിന്റെ മധുരമുള്ള ഓര്‍മ്മകളായി മനസ്സില്‍ ശേഷിക്കുന്നു.
തിരുവനന്തപുരത്ത് നടന്ന ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌ അവാര്‍ഡ് നിഷ എങ്ങനെ തോന്നി?
സാഹിത്യ, സാംസ്കാരിക ലോകത്തെ പല പ്രശസ്തരുടെയും സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ ഒരു
അവാര്‍ഡ്‌ നിശയയിരുന്നു. ബൂലോകം ഓണ്‍ലൈനിന്റെ മികച്ച ഈ സംരംഭം ബ്ലോഗ്ഗര്‍മാര്‍ക്ക്, പ്രത്യേകിച്ചും നവാഗതര്‍ക്ക് വലിയ പ്രചോദനമാണ്..
അവാര്‍ഡ് ഏറ്റു വാങ്ങുമ്പോള്‍ എന്തായിരുന്നു താങ്കളുടെ വികാരം?
തികച്ചും അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തിന്റെ അതിശയം നിറഞ്ഞ സന്തോഷമായിരുന്നു. ഇത്രയും വലിയ ബൂലോകത്ത് എന്റെ ബ്ലോഗുകള്‍ കുറേയേറെപ്പേര്‍ ഇഷ്ടപ്പെടുന്നു എന്ന അറിവ് ഹൃദയത്തില്‍ നനവ്‌ പടര്‍ത്തുന്ന അനുഭവം ആയിരുന്നു.
നാട്ടില്‍ പോയപ്പോള്‍ താങ്കള്‍ ചെയര്‍മാനായ ‘കൂട്ടം’ കൂട്ടായ്മയിലെ അംഗങ്ങളെ കണ്ടപ്പോള്‍ എന്ത് തോന്നി?
‘കൂട്ടം’ വെറുമൊരു സൌഹൃദക്കൂട്ടായ്മ അല്ല, അതൊരു കുടുംബമാണ്. ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളി ഉണ്ടാവും എന്ന്
പറയുന്നതിന് അടിവരയിടുന്നതാണ് കൂട്ടത്തിന്റെ കൂട്ടായ്മ. പ്രവാസികള്‍ക്കിടയില്‍ സ്വന്തം നാട്ടുകാരെ കാണുമ്പൊള്‍ നമുക്ക് വളരെ
സന്തോഷം തോന്നും. പക്ഷെ നാട്ടില്‍ പോയാലും നമ്മുടെ പ്രിയപ്പെട്ടവരെ പോലെ തന്നെ കൂട്ടത്തിലെ അംഗങ്ങളും ഒത്തുചേരുന്നതും, പലതരം
നന്മകളില്‍ പങ്കാളികാവുകയും ചെയ്യുന്നതും ഏറെ സന്തോഷം തരുന്നു. എനിക്ക് തോന്നുന്നത് ഇത് കൂട്ടത്തിന്റെ മാത്രം പ്രത്യേകതയാണ് എന്നാണ്.
ബ്ലോഗുകള്‍ ഇന്ന് ഒരു മാന്ദ്യഅവസ്ഥയിലാണ് എന്നൊരു അടക്കം പറച്ചിലുണ്ട്.താങ്കള്‍ യോജിക്കുന്നുണ്ടോ?
ഇതോരബദ്ധ ധാരണ എന്നാണ് എനിക്ക് തോന്നുന്നത്. എത്രയോ ബ്ലോഗ്ഗര്‍മാര്‍ ഓരോ ദിവസവും ബൂലോഗത്തേക്ക്
പുതിയതായി കടന്ന് വരുന്നു.
അടുത്തയിടക്ക്‌ ഒരു മാധ്യമത്തില്‍ സാഹിത്യകാരന്‍ ശ്രീ.സന്തോഷ്‌ എച്ചിക്കാനം പറയുകയുണ്ടായി ബ്ലോഗ്‌ എഴുത്തുകാര്‍ കേവലം വാല്‍ നക്ഷത്രങ്ങള്‍ പോലെ എരിഞ്ഞ് തീരുന്നവരാണ് എന്ന്.എങ്ങനെ പ്രതികരിക്കുന്നു?

സാഹിത്യലോകത്തെ മികച്ച എഴുത്തുകാരുടെ സൃഷ്ടികളെപ്പോലെതന്നെ മേന്മയുള്ള പലസൃഷ്ടികളും ബ്ലോഗ്‌ ലോകത്തും കാണാന്‍ കഴിയും. അതിനു കണ്ണ് തുറന്നു തന്നെ അവ കാണാന്‍ കഴിയണം..ഇപ്പോള്‍ റിയാലിറ്റി ഷോകള്‍ വന്നപ്പോഴാണ് നമ്മള്‍ അറിയുന്നത് കലയുടെ ലോകത്ത് സമ്പന്നമായ ഒരു ഭാവി തലമുറ നമുക്കുണ്ടെന്ന്. വെറും കഴിവുകൊണ്ട് മാത്രം ആരും അറിയപ്പെടണമെന്നില്ല, അതിനുള്ള
അവസരങ്ങളും ഭാഗ്യവും ഒത്തുവരുമ്പോള്‍ മാത്രമേ അവരുടെ കഴിവ് ശ്രദ്ധിക്കപ്പെടുകയുള്ളു എന്ന് മാത്രം.
മുഖ്യ ധാരാ മാധ്യമങ്ങളും,മുഖ്യ ധാരാ എഴുത്തുകാരും ബ്ലോഗിനെ എങ്ങനെ സമീപിക്കുന്നതായി തോന്നുന്നു?
പലരും ബ്ലോഗിനു നേരെ മുഖം തിരിക്കുന്നതായി തോന്നുന്നു. മാതൃഭൂമിക്ക് ബ്ലോഗന എന്ന പംക്തിയിലൂടെ വേറിട്ട സമീപനമുണ്ട്. ക്രമേണ മറ്റുള്ളവരും അവരുടെ ഇപ്പോഴത്തെ മനോഭാവത്തല്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-ലോകം അത്രയും വേഗത്തില്‍ മാറിക്കൊണ്ടിരിക്കയാണല്ലോ.
ബ്ലോഗിന്റെ ഭാവിയെ കുറിച്ച് താങ്കളുടെ സങ്കല്പം?
ഒരുപാടു വര്‍ണ്ണങ്ങള്‍ എഴുതിച്ചേര്‍ത്ത ബൂലോഗത്തെ സ്വപ്നം കാണാനാണെനിക്കിഷ്ടം. ബ്ലോഗിന്റെ ഭാവി ശോഭനമാണ് എന്ന് തന്നെയാണ് എന്റെ വിശ്വ്വാസം.
http://www1.picturepush.com/photo/a/5088154/640/5088154.jpg
ബ്ലോഗിലെ ഗ്രൂപ്പിസത്തോട്‌ എങ്ങനെ പ്രതികരിക്കുന്നു?ഗ്രൂപ്പുകള്‍ ഉള്ളതായി അനുഭവപ്പെട്ടിടുണ്ടോ?
ഗ്രൂപ്പുകളും, ക്ലിക്കുകളും ബൂലോഗത്തുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്. ഇവ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ബൂലോഗത്ത് പുതിയതായി കടന്ന് വരുന്നവരെയാണ്. പല നല്ല എഴുത്തുകാര്‍ക്കും ശ്രദ്ധ കിട്ടാതെ പൊകുന്ന അവസ്ഥയും ഇതുകാരണ ഉണ്ടാകുന്നു. നല്ലവിമര്‍ശനങ്ങള്‍ ഉണ്ടാവണം, അവ എഴുത്തുകാരന് ഊര്‍ജ്ജം പകരുന്നവയുമാകണം.
ബ്ലോഗ്‌ പുതു തലമുറ ഉപയോഗിക്കാതെ പോകുന്നു എന്നൊരു ന്യൂനത കാണുന്നു,ആളുകളിലേക്ക്‌ ബ്ലോഗ്‌ എന്ന ആശയം എങ്ങനെ എത്തിക്കാം?
അതൊരു ന്യുനതയായി കാണേണ്ടതില്ല. എന്തുകൊണ്ടും പുതിയ തലമുറ നമ്മളെക്കാള്‍ വളരെ മുന്നിലാണ്. അവര്‍ ജീവിതം ആഘൊഷമാക്കുന്നു. അപ്പോള്‍ സമയക്കുറവില്‍ ഇവിടെ വന്നുപോകാന്‍ മടികാണിക്കുന്നവര്‍ ഉണ്ട്. എങ്കിലും ബൂലോഗത്തും
ധരാളം ചെറുപ്പക്കാര്‍ ഉണ്ട് . കുറച്ചുകൂടി സാങ്കെതികമികവ് ബ്ലോഗ്‌ ഉണ്ടാക്കുന്നതില്‍ കൊണ്ടുവന്നാല്‍ കൂടുതല്‍
ആളുകള്‍ ഇതിലേക്ക് വരും. ബ്ലോഗ്‌ പേപ്പര്‍ അച്ചടി പതിപ്പുകള്‍ ഇറങ്ങിയാല്‍ തീര്‍ച്ചയായും നല്ല പ്രചാരം ലഭിക്കും.മാത്രമല്ല ഇന്ന് IT
യക് വലിയ പ്രാധാന്യം സ്കൂള്‍ തലം മുതല്‍ നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് ബ്ലോഗ്‌ ലോകം പരിചയപ്പെടുത്തുക വഴി അവരുടെ എഴുതാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യാം.
പുതു തലമുറയിലെ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്?
എഴുത്തിന്റെ ലോകത്ത് ഒരു പുതുമുഖം ആണ് ഞാന്‍. വലിയ അനുഭവത്തിന്റെ അറിവൊന്നും എനിക്കില്ല, എന്റെ പരിമിതമായ അനുഭവത്തില്‍ നിന്നു പറഞ്ഞാല്‍, ആത്മവിശ്വാസത്തോടെ എഴുതാന്‍ കഴിയണം. തിരസ്കാരങ്ങളിലോ, നിരാസങ്ങളിലോ, വിമര്‍ശനങ്ങളിലോ
മടുപ്പുതോന്നാതെ എഴുതുക, നിങ്ങളെ സാഹിത്യലോകം തിരിച്ചറിയുകതന്നെ ചെയ്യും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ