15 Nov 2011

മരണപ്പൊത്ത്‌


 മരണപ്പൊത്ത്‌
ഷെമീര്‍ പട്ടരുമഠം 
രാത്രി,സെല്ലുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന കൊതുകുകളെ ചതച്ചരക്കുന്ന കയ്യടിശബ്ദങ്ങളും, പാറാവുകാരുടെ ബൂട്ടിണ്റ്റെ ഘനത്ത ശബ്ദങ്ങളും എണ്റ്റെ ചിന്തകളെ ഇടയ്ക്കിടെ അലസോരപ്പെടുത്തിക്കൊണ്ടിരുന്നു. ഇരുമ്പഴികള്‍ക്കിടയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ പകലിനെ തൂക്കിക്കൊന്ന ഇരുട്ടിലെ ആരാച്ചാരുടെ വെളുക്കനെയുളള ചിരി കണ്ടു. നിലാവിണ്റ്റെ ചിരിക്കുപോലുമുണ്ട്‌ ഒരു കപടഭാവം. 
ഇന്നലെ തന്നെ കാണാനെത്തിയ സഖാവ്‌ ദാമോദരന്‍ കിഴക്കെമുറിയ്ക്കുമുണ്ടായിരുന്നു ഇതേപോലൊരു കപടഭാവം. എടോ സുധാകരാ ഹോംമിനിസ്റ്ററുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാ തണ്റ്റെ ശിക്ഷ ഇളവുചെയ്തു വെറുതെവിട്ടയക്കാന്‍ ഓര്‍ഡറു നല്‍കിയിരിക്കുന്നത്‌. ഊറിവന്ന മുറുക്കാന്‍ കറ വെളുത്ത തൂവാലയില്‍ ഒപ്പിയെടുത്ത ശേഷം അഴികള്‍ക്കപ്പുറത്ത്‌ തന്റെ ചെവിയോട്‌ ചേര്‍ത്തു ചുവപ്പു വല്ലാതങ്ങു പടര്‍ന്നു വിണ്ടുകീറിയ ചുണ്ടുകളടുപ്പിച്ച്‌ സഖാവ്‌ ദാമോദരന്‍ ഒരു രഹസ്യം കൂടിച്ചേര്‍ത്തു.
ഒരുമാസം കൂടി കഴിഞ്ഞാ ഇലക്ഷനാ. പാര്‍ട്ടിക്കുവേണ്ടി ചിലതൊക്കെ ചെയ്തു തീര്‍ക്കാനുണ്ട്‌. പിന്നെ പുറത്തിറങ്ങിയ ശേഷം കാലുമാറി കളയരുത്‌. പാര്‍ട്ടിക്കുവേണ്ടി മാത്രമാണ്‌ തന്നെ ജയിലില്‍ നിന്നും വിട്ടയക്കുന്നത്‌ എന്നതായിരുന്നു സഖാവ്‌ ദാമോദരന്‍ കിഴക്കെമുറി പറഞ്ഞതിണ്റ്റെ സൂചന. ഇതേപാര്‍ട്ടിക്കുവേണ്ടി തന്നെയാണല്ലോ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി താന്‍ അഴികളെണ്ണി കിടക്കുന്നതും എന്നു പറയാന്‍ നാവുപൊങ്ങിയതാണ്‌ പക്ഷേ എണ്റ്റെ വാക്കുകള്‍ക്കുമീതെ വിപ്ളവം ജയിക്കട്ടെ എന്നു മുദ്രാവാക്യം മുഴക്കി സഖാവ്‌ ദാമോദരന്‍ കിഴക്കേമുറി തിരിച്ചുപോയി. തൊട്ടടുത്ത സെല്ലുകളില്‍ നിന്നും തടവുകാരുടെ ബഹളങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. അതോടെ എണ്റ്റെ ചിന്തകള്‍ മുറിഞ്ഞു. ഉറങ്ങുവാനുളള തയ്യാറെടുപ്പോടെ അഴികള്‍ക്കടുത്തു നിന്നും ഞാന്‍ പതിയെ എഴുന്നേറ്റു. പെട്ടെന്ന്‌ എണ്റ്റെ കാതുകളെ നടുക്കിക്കൊണ്ട്‌ ഒരു വലിയ ശബ്ദം ജയില്‍ മുറിക്കകത്തേക്കിടിഞ്ഞുവീണു. 
ഒരു നിലവിളി .... ഓടികൂടുന്ന പാറാവുകാര്‍ ...
സെല്ലിനകത്തെ നരച്ച ബള്‍ബിലെ ഫിലമെന്റ് കരഞ്ഞുതെളിഞ്ഞു. 
കുമ്മായപൊടിയില്‍ കുതിര്‍ന്ന്‌ കണ്ണുകള്‍ തുറക്കാനാവാതെ നിലവിളിക്കുന്ന സദാനന്ദന്‍. അകത്തേക്കു കയറിവന്ന പോലീസുകാര്‍ ഞങ്ങളിരുവരെയും സംശയത്തോടെ നോക്കി. അവരുടെ കൈവശമുണ്ടായിരുന്ന ടോര്‍ച്ചിലെ വെളിച്ചത്തില്‍ ഭിത്തിയില്‍ നിന്നും താനെ അടര്‍ന്നുവീണതാണെന്നു ബോധ്യപ്പെട്ടശേഷം അവരിലൊരാള്‍ വെളളവുമായി വന്നു സദാനന്ദന്റെ മുഖത്തേക്ക്‌ ശക്തിയായി ഒഴിച്ചു. സദാനന്ദന്റെ അലറിക്കരച്ചില്‍ നിന്നു. 
എന്താണ്‌ സംഭവിച്ചതെന്ന അമ്പരപ്പില്‍ അയാളെന്റെ കണ്ണുകളിലേക്കു നോക്കി. ഭിത്തിയില്‍ അടര്‍ന്നുവീണ ഭാഗത്തേക്കു എണ്റ്റെ ചൂണ്ടുവിരലെത്തിയപ്പോള്‍ സദാനന്ദണ്റ്റെ കണ്ണുകളും ഒപ്പമെത്തി. 
എന്തൊക്കെയോ പിറുപിറുത്ത ശേഷം സെല്ലുപൂട്ടി പോലീസുകാര്‍ കനത്തബൂട്ടുമായി അകന്നുപോയി. അവര്‍ പോയശേഷം സദാനന്ദണ്റ്റെ ഹൃദയമിടിപ്പ്‌ കുറച്ചുകൂടി ഉയര്‍ന്നു കേട്ടു. സദാനന്ദന്‍ എണ്റ്റെ കൂടെ വന്നിട്ട്‌ അഞ്ചോ ആറോ മാസമേ ആയിട്ടുളളൂ. ഏതു സമയവും ഭയം തിങ്ങിനിറഞ്ഞൊരു മുഖഭാവമാണയാള്‍ക്ക്‌. പേടിത്തൊണ്ടനായ ഇയാളെങ്ങനെ ഒരു കൊലപാതകിയായി എന്ന ചോദ്യം എന്നെ പലപ്പോഴും അസ്വസ്ഥതപ്പെടുത്തിയിരുന്നു. മെലിഞ്ഞുകൊലുന്നനെയുളള ശരീരം, ദൈന്യതയും ഭയവും നിറഞ്ഞ ഭാവപ്രകടനങ്ങള്‍, വളരെ പതിഞ്ഞ ശബ്ദം, 
നിങ്ങളെങ്ങനെ ഒരു കൊലപാതകിയായി ....? 
എണ്റ്റെ ചോദ്യത്തിനു മുന്‍പില്‍ നിന്നും പലപ്പോഴും ഉത്തരം പറയാതെ അയാളൊഴിഞ്ഞുമാറി.
പകല്‍ വീണ്ടും പുനര്‍ജനിച്ചിരിക്കുന്നു. ഇടയ്ക്കെപ്പോഴോ അറിയാതെ ഉറങ്ങിപോയ എണ്റ്റെ കണ്ണുകള്‍ ഉണര്‍ന്നപ്പോള്‍ കണ്ടത്‌ ഇന്നലെ അടര്‍ന്നുവീണ ഭിത്തിയിലേക്ക്‌ കണ്ണുംതുറിച്ച്‌ നോക്കിയിരിക്കുന്ന സദാനന്ദനെയാണ്‌. അവ്യക്തമായി അയാളെന്തോ വിളിച്ചു പറയുന്നുണ്ട്‌. അയാളുടെ കനംകുറഞ്ഞ ശബ്ദത്തില്‍ നിന്നും അതെന്താണെന്നു തിരിച്ചറിയുവാനായി ഞാനടുത്തേക്കു നിരങ്ങി ചെന്നു. 
നോക്കൂ, അതൊരു പൊത്തല്ലേ.... ?
എണ്റ്റെ കണ്ണുകളിലേക്ക്‌ നോക്കി ഭയം വിട്ടുമാറാതെ, വിറച്ച ചുണ്ടുകളോടെ സദാനന്ദന്‍ ചോദിച്ചു.
പൊത്തോ.... ഞാന്‍ അമ്പരപ്പോടെ ഭിത്തിയിലെ അടര്‍ന്നുവീണ ഭാഗത്തേക്കു നോക്കി. അല്‍പനേരം നോക്കിയിരുന്നപ്പോള്‍ അവിടം ഒരു പൊത്തുപോലെ എനിക്കു തോന്നിത്തുടങ്ങി. ശരിയാണ്‌ അവിടം ഒരു പൊത്തുപോലെ തോന്നിക്കുന്നുണ്ട്‌. അതിന്‌ സദാനന്ദനെന്തിനാണ്‌ ഭയക്കുന്നത്‌. പെട്ടെന്ന്‌ സദാനന്ദന്‍ ചുണ്ടുകള്‍ ഒരു വശത്തേക്ക്‌ കോടി. കണ്ണുകള്‍ തുറിച്ചു നോക്കി വിറച്ച ശരീരത്തോടെ എണ്റ്റെ അടുത്തേക്ക്‌ ചേര്‍ന്നിരുന്നു അയാള്‍ ഒന്നുകൂടെ പുലമ്പി. അത്‌ വെറും പൊത്തല്ല .... മരണപ്പൊത്താ .... കണ്ടില്ലേ അതിനുളളില്‍ ഒരു കുഞ്ഞിണ്റ്റെ ചോരപുരണ്ട ശരീരം.
ഞാനമ്പരപ്പോടെ അയാളെ നോക്കി ....
ഇയാള്‍ക്ക്‌ ഭ്രാന്തുപിടിച്ചോ.... ?
ഭിത്തിയിലെ ഇടിഞ്ഞുവീണ ഭാഗത്തേക്ക്‌ നോട്ടംകൂര്‍പ്പിച്ച്‌ ശരീരമാസകലം വിറയല്‍കൊണ്ട്‌ സ്ഥലകാലബോധം നഷ്ടപ്പെട്ട കണക്കെ അയാള്‍ പിന്നെയും എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 
ജയില്‍വളപ്പിനുളളിലെ ജോലിയ്ക്കിടെ ഉച്ചഭക്ഷണത്തിനു ശേഷം ഒരു മരച്ചുവട്ടില്‍ സദാനന്ദനെ വീണ്ടും തനിച്ചുകിട്ടുമ്പോള്‍ അയാള്‍ രാവിലെ കണ്ട അവസ്ഥയില്‍ നിന്നും ഏറെക്കുറെ മാറിയിരുന്നു. നിങ്ങള്‍ ആരെയാണ്‌ ഭയക്കുന്നത്‌....? 
നിങ്ങളെ പോലൊരാള്‍ ഒരു കൊലപാതകം ചെയ്തു എന്നു കേള്‍ക്കുമ്പോള്‍ എനിക്കു വിശ്വസിക്കാനേ സാധിക്കുന്നില്ല. എന്താണ്‌ നിങ്ങള്‍ക്ക്‌ സംഭവിച്ചത്‌.
എന്നോടു പറഞ്ഞുകൂടെ.. ?
തണല്‍പറ്റിയ മരത്തിലെ ചില്ലകളുടെ ഇലയനക്കങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും നിശബ്ദമായി. പതിഞ്ഞ ശബ്ദത്തില്‍ സദാനന്ദന്‍ സംസാരിച്ചു തുടങ്ങി. 
ഞാന്‍ ഭയക്കുന്നത്‌ എന്നെതന്നെയാണ്‌. പലപ്പോഴും എണ്റ്റെ നിയന്ത്രണം എണ്റ്റെ പരിധിവിട്ട്‌ പുറത്തുപോകുന്നു. അത്തരമൊരവസ്ഥയില്‍ തന്നെയായിരുന്നു എനിക്കയാളെ കൊല്ലേണ്ടി വന്നതും. ആരെ .....? ആരെയാണ്‌ നിങ്ങള്‍ കൊന്നത്‌ ....? 
എന്തിനുവേണ്ടി ... ?
എന്റെ  ആകാംക്ഷയുടെ ചോദ്യത്തിനുത്തരം പറയുവാനൊരുങ്ങവേ സദാനന്ദണ്റ്റെ മുഖത്തെ ഭാവഭേദങ്ങളുടെ നിയന്ത്രണം അയാളില്‍ ഉള്‍ക്കൊളളാനാവാതെ പുറത്തേക്കു ചാടാന്‍ വെമ്പല്‍പൂണ്ടു നില്‍ക്കുന്നതു പോലെ തോന്നി. സങ്കടവും ആത്മരോഷവും നിറഞ്ഞവാക്കുകള്‍ അയാളില്‍ നിന്നും പൊട്ടിവീണു. എന്താണ്‌ സംഭവിച്ചതെന്ന്‌ എനിക്കിപ്പോഴും വ്യക്തമല്ല. ഒന്നോര്‍മ്മയുണ്ട്‌ മരപ്പൊത്തിനുളളില്‍ നിന്നും ചിന്നുമോളുടെ ചോരപുരണ്ട ശരീരം വലിച്ചെടുത്തതും, പിന്നാലെയോടി ആ നായിണ്റ്റെ മോനെ അറപ്പുമാറുന്നതുവരെ വെട്ടി നുറുക്കിയതും. 
നിറഞ്ഞൊഴുകിയ കണ്ണുനീര്‍ സദാനന്ദണ്റ്റെ വാക്കുകളെ മുറിച്ചു. കണ്ണുനീര്‍ തുടച്ചു കിതപ്പോടെ അയാള്‍ മരത്തിലേക്കു ചാരിയിരുന്നു. 
ഞാന്‍ സഹതാപത്തോടെ സദാനന്ദന്റെ മുഖത്തേക്ക്‌ നോക്കി. പാവം മനുഷ്യന്‍ സാഹചര്യമാണ്‌ അയാളെ ഒരു കൊലപാതകിയാക്കി മാറ്റിയത്‌. വിധി ... അതെത്ര ക്രൂരമാണ്‌. 
ഒരു മാസത്തിനു ശേഷം എന്നെ വിട്ടയക്കുവാനുളള ഓര്‍ഡറെത്തി. പുറത്തിറങ്ങുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. 
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കുളള മോചനം. 
സദാനന്ദന്‍ ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നുണ്ടായിരുന്നു. 
ഇതിനിടെ സെല്ലിനുളളിലെ ഭിത്തിയിടിഞ്ഞുവീണ ഭാഗം ജയില്‍ അധികൃതര്‍ അടപ്പിച്ചു. സദാനന്ദന്‌ ജയിലില്‍ ആകെയുണ്ടായിരുന്ന ഒരാശ്വാസമായിരുന്നു ഞാന്‍. അതുകൊണ്ടാവണം പോകുന്നുവെന്നറിഞ്ഞതു മുതല്‍ അയാളുടെ കണ്ണുകളില്‍ ദു:ഖം തളംകെട്ടി നിന്നത്‌. യാത്ര പറഞ്ഞിറങ്ങാന്‍ നേരം സദാനന്ദന്‍ ഒരു കത്ത്‌ എണ്റ്റെ കയ്യില്‍ ഏല്‍പ്പിച്ചു. ഭാര്യയ്ക്കുളള കത്താണ്‌. പോകുന്നവഴിയെ ബുദ്ധിമുട്ടില്ലെങ്കില്‍ ഇതൊന്ന്‌ അവിടെ എത്തിക്കണം. 
എനിക്കിവിടെ സുഖാണെന്നു പറയണം. സദാനന്ദണ്റ്റെ ശബ്ദം ചിതറി. ജയിലില്‍ നിന്നും പുറത്തേക്കിറങ്ങി നഗരത്തിലെ തിരക്കിലേക്കു കാലെടുത്തു വെയ്ക്കുമ്പോള്‍, അസ്വസ്ഥത തോന്നി. ബസ്സുകള്‍ മാറി മാറി കയറി തിരക്കൊഴിഞ്ഞ, ശാന്തമായ, സദാനന്ദണ്റ്റെ ഗ്രാമത്തിലെത്തുമ്പോഴും അസ്വസ്ഥത എന്നെ വിട്ടുമാറിയിട്ടില്ലായിരുന്നു. ഗ്രാമത്തിലെ വിജനമായ ഇടവഴികളിലൂടെ, സദാനന്ദന്‍ പറഞ്ഞുതന്ന അടയാളങ്ങള്‍ ശ്രദ്ധിച്ച്‌ മുന്‍പോട്ടു നടക്കവെ എന്നെ നടുക്കുന്ന കുറേ കാഴ്ചകള്‍ കണ്ടു. ഗ്രാമത്തിലെ വീടുകളൊക്കെ ഇടിഞ്ഞു വീണു കിടക്കുന്നു. 
അടിച്ചമര്‍ത്തപ്പെട്ടവരുടെ വിലാപങ്ങള്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങളെ ചുറ്റിപ്പറ്റി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌. ടെലിവിഷന്‍ ചാനലുകളുടെ വാഹനങ്ങള്‍ എണ്റ്റെ കണ്ണിലേക്ക്‌ പൊടി പറത്തി മുന്‍പിലൂടെ കടന്നുപോയി. മന്ത്രിയുടെ നേതൃത്വത്തില്‍ അനധികൃത കുടിയേറ്റം ഒഴിപ്പിക്കുവാ... കണ്ണില്‍വീണ പൊടി തൂത്തുകളയവേ എതിരേ വന്ന രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുന്നത്‌ നടുക്കത്തോടെ കേട്ടു. വേദനയുടെ കാഴ്ചകള്‍ കണ്ട്‌ ഒടുവില്‍ വഴിയിലൊരാള്‍ ചൂണ്ടി കാണിച്ചുതന്ന സദാനന്ദന്റെ വീടിനു മുന്‍പിലെത്തി നില്‍ക്കുമ്പോള്‍ കണ്ടു, ബുള്‍ഡോസറുകളുടെ ആക്രോശം. 
വീടിനു മുന്‍വശത്തു കൂടിനില്‍ക്കുന്ന പോലീസുകാരുടെ നടുക്ക്‌ ചാനല്‍ ക്യാമറകള്‍ക്കഭിമുഖമായി കുടിയൊഴിപ്പിക്കലിനു നേതൃത്വം നല്‍കുന്ന മന്ത്രി. എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിണ്റ്റെ ഭാവചലനങ്ങളിലേയ്ക്കാണ്‌. എന്റെ   കണ്ണുകളെ നടുക്കികൊണ്ട്‌ ജെ.സി.ബി യുടെ തുമ്പിക്കൈ സദാനന്ദണ്റ്റെ വീടിനെ ചുഴറ്റിയെറിയവേ ഒരു സ്ത്രീയുടെ ഹൃദയം നടുക്കുന്ന നിലവിളി കേട്ടു. സദാനന്ദണ്റ്റെ ഭാര്യയുടേതാവണം.
പെട്ടെന്ന്  എന്റെ കാല്‍ച്ചുവട്ടിലേയ്ക്കു ചില്ലുകളുടഞ്ഞ ശബ്ദത്തില്‍ എന്തോ വന്നുവീണു. പൊട്ടിയ ചില്ലുകള്‍ക്കുളളില്‍ നിഷ്കളങ്കതയുടെ ചിരിയുമായി ഒരു പെണ്‍കുട്ടി. ചിന്നുമോളായിരിക്കാം ...... പിടച്ച ഹൃദയത്തോടെ തിരികെ നടക്കുവാന്‍ തുടങ്ങിയ ഞാന്‍ മറ്റൊരു കാഴ്ചകൂടി കണ്ട്‌ തരിച്ചു നിന്നു .... മരപ്പൊത്ത്‌. ബുള്‍ഡോസറുകളുടെ ടയറുകള്‍ക്ക്‌ മുന്‍പില്‍ മരണം കാത്തുനില്‍ക്കുന്ന ഒരു വലിയ വൃക്ഷത്തിണ്റ്റെ ചുവട്ടിലെ മരപ്പൊത്ത്‌. എണ്റ്റെ കയ്യിലിരുന്നു വിറകൊണ്ട സദാനന്ദണ്റ്റെ കത്ത്‌ ചുരുട്ടിക്കൂട്ടി ആ മരപ്പൊത്തിനുളളിലേക്കെറിഞ്ഞ ശേഷം തിരികെ മടങ്ങുമ്പോള്‍ അസ്വസ്ഥതയുടെ ഭാരം കൂടിയ എണ്റ്റെ ഹൃദയത്തെ ശാന്തമാക്കുവാന്‍ വേണ്ടി ഞാന്‍ മെല്ലെ മന്ത്രിച്ചു ...... വിപ്ളവം ജയിക്കട്ടെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...