വികസനം തേടുന്ന കരിക്ക്‌ വിപണി


ആർ. ജ്ഞാനദേവൻ , ജയനാഥ്‌

എല്ലാവരും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ്‌ കരിക്ക്‌. കരിക്കിൻ
കാമ്പ്‌ അതിവിശിഷ്ടമായ ഒരു ഭക്ഷണവിഭവം കൂടിയാകുമ്പോൾ കരിക്കിന്റെ
ഗാംഭീര്യം ഒന്നുകൂടി വർദ്ധിക്കുന്നു. ദാഹം ശമിപ്പിക്കുവാൻ ഏറ്റവും
പരിശുദ്ധമായ പാനീയമെന്നതിനുപുറമേ പോഷകഗുണം, ഔഷധഗുണം എന്നിങ്ങനെ ഇളനീരിനെ
സർവ്വസമ്മതമായ ഒരു പാനീയമാക്കുന്ന അനേകം ഘടകങ്ങളുണ്ട്‌.  എന്നാൽ
കേരളത്തിൽ ആകെ ഉത്​‍്പാടിപ്പിക്കുന്ന 580 കോടി നാളികേരത്തിന്റെ ചെറിയ
ഒരംശം മാത്രമാണ്‌ കരിക്ക്‌ എന്ന നിലയിൽ ഉപയോഗപ്പെടുത്തുന്നത്‌.
സാധാരണഗതിയിൽ ഏഴുമാസം മൂപ്പെത്തിയ ഇളംപ്രായത്തിലുള്ള തേങ്ങയാണ്‌
കരിക്കിനുവേണ്ടി വിളവെടുക്കുന്നത്‌. അതായത്‌ 40 മുതൽ 45 ദിവസത്തിലൊരിക്കൽ
തേങ്ങ ഇടുന്ന തെങ്ങുകളാണെങ്കിൽ മണ്ടയിൽ ഏറ്റവും താഴെയുള്ള മൂപ്പെത്തിയ
ഒന്നാംകുലയുടെ മുകളിലുള്ളതും, എതിർദിശയിലുള്ള രണ്ടാംകുലയുടെ
മുകളിലുള്ളതുമായ കുലകളാണ്‌ കരിക്കിനുവേണ്ടി വിളവെടുക്കേണ്ടത്‌. ഈ
പ്രായത്തിലുള്ള തേങ്ങയിൽ 200-600 മി.ലി. കരിക്കിൻ വെള്ളം ഉണ്ടാവും.
കരിക്കിൻ വെള്ളത്തിന്റെ അളവും സ്വാദും തെങ്ങിന്റെ ഇനം, തേങ്ങയുടെ
മൂപ്പ്‌, തെങ്ങു വളരുന്ന പരിതസ്ഥിതിയും, മണ്ണിലടങ്ങിയിരിക്കുന്ന
ധാതുലവണങ്ങൾ എന്നീ ഘടകങ്ങളെ അനുസരിച്ച്‌ വ്യത്യാസം വരുന്നു. പൊട്ടാസ്യം,
സോഡിയം, കാൽസ്യം, ഫോസ്ഫറസ്‌, ഇരുമ്പ്‌, ഗന്ധകം, മഗ്നീഷ്യം എന്നീ
പോഷകമൂലകങ്ങളാൽ സമ്പുഷ്ടമാണ്‌ കരിക്കിൻ വെള്ളം. കൂടാതെ കൊഴുപ്പ്‌, അമിനോ
അമ്ലങ്ങൾ, ന്യൂക്ലിയോ അമ്ലങ്ങൾ മുതലായവ ഇളനീരിന്‌ പ്രത്യേക രുചിയും മണവും
കൊടുക്കുന്നു. എന്നാൽ ഇത്രയേറെ പോഷകസമ്പുഷ്ടമായ പാനീയം തരുന്ന തെങ്ങിന്‌
ഒരു പാനീയവിളയെന്ന നിലയിൽ നമ്മുടെ നാട്ടിൽ വേണ്ടത്ര പ്രചാരം
ലഭിച്ചിട്ടില്ല.

 
ഇന്നത്തെ മാറിയച്ചുറ്റുപാടിൽ മാറ്റങ്ങളുമായി പൊരുത്തപ്പെട്ട്‌ തെങ്ങുകൃഷി
ലാഭകരകമാക്കാൻ തെങ്ങിനെ ഒരു പാനീയ വിളയായിക്കൂടി കാണുകയും, ഇളനീർ
സാധാരണക്കാരന്റെ പാനീയമായി പ്രചരിപ്പിച്ച്‌, ഗ്രാമങ്ങളിലും പട്ടണങ്ങളിലും
സുലഭമാക്കുകയും വേണം. ഇക്കാര്യത്തിൽ ബംഗാളും കർണ്ണാടകയും മഹാരാഷ്ട്രയും
നമുക്ക്‌ മാതൃകയാകുന്നു. ബംഗാളിൽ ഉത്പാദനത്തിന്റെ 90 ശതമാനവും
കരിക്കിനായി വിളവെടുക്കുന്നു.
ഗ്രാമപ്രദേശങ്ങളേക്കാൾ നഗരപ്രദേശങ്ങളിലാണ്‌ ഇന്ന്‌ കേരളത്തിൽ ശീതളപാനീയ
വിപണി കൂടുതൽ സജീവമായിട്ടുള്ളത്‌. ധാരാളം വലിയനഗരങ്ങളും നൂറുകണക്കിന്‌
ടൗണുകളുമുള്ള കേരളത്തിൽ നഗരസ്വഭാവമുള്ള പ്രദേശങ്ങൾ മറ്റ്‌ സംസ്ഥാനങ്ങളെ
അപേക്ഷിച്ച്‌ വളരെക്കൂടുതലാണ്‌. കൂടാതെ കേരളത്തിലെ അനേകം ബീച്ചുകൾ,
പാർക്കുകൾ, അമ്പലങ്ങൾ, പള്ളികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ
സമീപത്ത്‌ കരിക്ക്‌ വിപണി വളരെ സജീവമാക്കാവു ന്നതാണ്‌. വമ്പന്മാരായ
ശീതളപാനീയകമ്പനിക്കാർ കൈയടക്കിയിരിക്കുന്ന ഈ വിപണിയിൽ അർഹിക്കുന്ന പങ്ക്‌
പിടിച്ചുപറ്റാൻ ഇളനീർ എന്ന വിശിഷ്ട ശീതളപാനീയത്തിന്‌ കഴിഞ്ഞിട്ടില്ല.
തെങ്ങ്‌ വെളിച്ചെണ്ണ മരമല്ലെന്നും തെങ്ങിന്റെ വിവിധഭാഗങ്ങളിൽ നിന്നും
ഉണ്ടാക്കുന്ന ആയിരത്തോളം ഉൽപന്നങ്ങളിൽ ഒന്നുമാത്രമാണ്‌ വെളിച്ചെണ്ണ
എന്നും ഇപ്പോൾ ഒരു അവബോധം ഉണ്ടായിട്ടുണ്ട്‌.


തെങ്ങിൽ നിന്നുള്ള വരുമാനം
വർദ്ധിപ്പിക്കുവാനുള്ള സാദ്ധ്യതകളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ ഇളനീർ എന്ന
നിലയിൽ തേങ്ങയുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്നത്‌. ഇളനീർ വിപണിയിൽ വികസനം
വരേണ്ടത്‌ കേരകർഷകന്റെ ആവശ്യമാണ്‌. എത്ര മാത്രം നാളികേരം ഇളനീർ എന്ന
നിലയിൽ വിറ്റഴിക്കാൻ കഴിയുന്നു എന്നതനുസരിച്ച്‌ കൊപ്ര ഉത്പാദനം
കുറയുന്നു. ഇത്‌ വെളിച്ചെണ്ണ വില ഉയർന്ന്‌ നിൽക്കാൻ പരോക്ഷമായി
സഹായിക്കുന്നു. വെളിച്ചെണ്ണ വിലയെ അടിസ്ഥാനമാക്കി തേങ്ങയ്ക്ക്‌ വില
നിശ്ചയിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഉയർന്ന വില നിലനിർത്താൻ ഇളനീർ എന്ന
നിലയിലും നാളികേരം വിൽക്കാൻ കർഷകർ തയ്യാറാകണം. വിലയിലെ ഏറ്റക്കുറച്ചിലുകൾ
കരിക്ക്‌ വിലയെ ബാധിക്കുന്നില്ല എന്നതാണ്‌ ശ്രദ്ധിക്കേണ്ട കാര്യം.
ഏക്കാളത്തും കരിക്കിന്റെ വില നാളികേരവിലയേക്കാൾ ഉയർന്നാണ്‌
നിന്നിരുന്നത്‌.  


നാളികേരത്തിന്റെ കമ്പോളവില 2.50 രൂപയായി കുറഞ്ഞ 2002
കാലഘട്ടത്തിൽപോലും കരിക്കൊന്നിന്‌ 4 രൂപ മുതൽ 5 രൂപവരെ കർഷകന്‌
ലഭിച്ചിരുന്നു. ഇപ്പോൾ കരിക്കിന്‌ ചില്ലറവില 20 രൂപയെങ്കിലും
കൊടുക്കേണ്ടിവരും. എന്നാൽ തേങ്ങ കടകളിൽ 10 രൂപ - 15 രൂപ നിരക്കിൽ വാങ്ങാൻ
കിട്ടും. അതായത്‌ നമ്മുടെ പരമ്പരാഗതമായ വിപണനരീതി തുടർന്നാൽ
ഇന്നത്തെക്കാലത്ത്‌ തെങ്ങുകൃഷി ലാഭകരമാക്കുവാൻ കഴിഞ്ഞുവേന്ന്‌ വരില്ല.
ഓരോ പ്രദേശത്തേയും കേരകർഷകർ സംഘടിച്ച്‌ ഇളനീർ സംഭരിച്ച്‌ തൊട്ടടുത്ത
നഗരപ്രദേശങ്ങളിൽ വിൽപ്പനയ്ക്കെത്തിക്കാൻ ശ്രമിക്കണം. 


നാളികേരത്തിന്‌ 6 രുപമുതൽ 7 രൂപ വരെ ഇന്ന്‌ കർഷകന്‌ വില ലഭിക്കുമ്പോൾ കരിക്കായി
വിൽക്കുമ്പോൾ 8 രൂപ മുതൽ 10 രൂപ വരെ ലഭിക്കുന്നു. കൂടാതെ കയറ്റുകൂലി
ലാഭവും, കച്ചവടക്കാർ തന്നെ കയറ്റുകൂലി വഹിക്കുന്നു. മാത്രമല്ല ഇളനീർ
എന്നനിലയിൽ വിളവെടുക്കുമ്പോൾ അത്തരം തെങ്ങുകളുടെ വിളവ്‌ 50 മുതൽ 100
ശതമാനം വരെ വർദ്ധിക്കുന്നതായുമാണ്‌ കർഷകരുടെ അനുഭവം.
കരിക്ക്‌ വിപണി നേരിടുന്ന പ്രധാനപ്രശ്നം ഡിമാന്റനുസരിച്ച്‌ കരിക്ക്‌
ലഭിക്കുന്നില്ല എന്നതാണ്‌. 



ഇന്ന്‌ നമ്മുടെ നാട്ടിലെ നഗരങ്ങളിൽ വിപണനം
നടത്തുന്ന കരിക്കിൽ ണല്ലോരു ശതമാനം തമിഴ്‌നാട്ടിൽ നിന്ന്‌ ലോറികളിൽ
എത്തിച്ച്‌ കൊടുക്കുന്നതാണ്‌. എന്നാൽ തമിഴ്‌നാട്ടിൽ നിന്നും വരുന്ന
കരിക്കിൻ വെള്ളത്തിന്‌ മധുരവും ഗുണവും കേരളത്തിലെ തീരപ്രദേശങ്ങളിൽ
നിന്നുള്ള കരിക്കിനെ അപേക്ഷിച്ച്‌ കുറവാണ്‌. കാരണം തെങ്ങ്‌ വളരുന്ന
പരിതസ്ഥിതിയും മണ്ണിൽ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങളുമാണ്‌ കരിക്കിൻ
വെള്ളത്തിന്റെ ഗുണവും മധുരവും നിയന്ത്രിക്കുന്നതെന്ന്‌ പറഞ്ഞുവല്ലോ.
അതിനാൽ നമ്മുടെ നാട്ടിലെ നാടൻ കരിക്കിനാണ്‌ വിപണിയിൽ പ്രിയം. കൂടാതെ
തമിഴ്‌നാടിനോട്‌ ചേർന്നുകിടക്കുന്ന  പാലക്കാട്‌ ജില്ലയിൽ നിന്നും
ലോറികളിൽ കച്ചവടക്കാർക്ക്‌ കരിക്കെത്തിച്ചു കൊടുക്കുന്നു. കരിക്കൊന്നിന്‌
11 രൂപ നിരക്കിലാണ്‌ പാലക്കാട്‌ നിന്നുള്ള കരിക്ക്‌ കൊല്ലം ജില്ലയിലെ
കച്ചവടക്കാർക്ക്‌ എത്തിച്ചുകൊടുക്കുന്നത്‌. ഇത്‌ 20 രൂപ നിരക്കിലാണ്‌
കച്ചവടക്കാർ വിൽക്കുന്നത്‌. അതായത്‌ കരിക്കൊന്നിന്‌ 9 രൂപ ലാഭം
എടുക്കുന്നു. എന്നാൽ കർഷകരിൽ നിന്നും 6 രൂപയ്ക്ക്‌ ശേഖരിച്ച കരിക്കാണ്‌
11 രൂപയ്ക്ക്‌ എത്തിക്കുന്നത്‌.

 
കേരളത്തിലെ കേരകർഷകരും കൂട്ടായി നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോയാൽ
ഇളനീർ വിപണനം വേനൽക്കാലമാസങ്ങളിൽ സാർവ്വത്രികമാക്കാൻ പറ്റും. നവംബർ മാസം
മുതൽ വേനൽക്കാലം കഴിയുന്നതുവരെ കേരളത്തിൽ എല്ലായിടത്തും ചൂടപ്പം പോലെ
വിപണനം നടത്താം. കേരളത്തിലെ ഇളനീർ വിപണിയുടെ സാധ്യത മനസ്സിലാക്കി ധാരാളം
ആളുകൾ ഇളനീർ വിപണനം തൊഴിലായി സ്വീകരിച്ച്‌ രംഗത്ത്‌ വരുന്നുണ്ട്‌.
കർഷകരുടെ നേതൃത്വത്തിൽ കൂട്ടായി ഇളനീർ സംഭരണവും വിപണനവും നടത്തുന്ന
കരിക്ക്‌ വിപണനകേന്ദ്രങ്ങൾ ഓരോ ജില്ലയിലും ഉണ്ടാകേണ്ടിയിരിക്കുന്നു.
സഞ്ചരിക്കുന്ന ഇളനീർ വിപണന യൂണിറ്റുകളും, ശീതീകരിച്ച ഇളനീർ സംഭരണവും
വിപണന യൂണിറ്റുകളും തുടങ്ങാൻ നാം ഇനി വൈകിക്കൂടാ.


 
ഇളനീർ വിളവെടുപ്പ്‌ ഏറ്റവും ആദായകരമാണെങ്കിലും ഇത്‌ കേരളത്തിൽ
പ്രചാരത്തിലാകാത്തതിന്റെ പ്രധാനകാരണം കരിക്ക്‌ വെട്ടി ഇറക്കാനുള്ള
തൊഴിലാളികളുടെ അഭാവമാണ്‌.  സാധാരണരീതീയിൽ തെങ്ങിൽ കയറി തേങ്ങ
ഇടുന്നതിനേക്കാൾ അൽപ്പം കൂടുതൽ ശ്രദ്ധയും ബുദ്ധിമുട്ടും ആവശ്യമായ
പ്രവൃത്തിയാണ്‌ ഇളനീർ വിളവെടുക്കൽ, കരിക്ക്‌ വെട്ടി എവിടെയും തട്ടി
ക്ഷതമൊന്നുമേൽക്കാതെ വിപണനസ്ഥലത്ത്‌ എത്തിച്ചെങ്കിൽ മാത്രമേ അത്‌
കേടുവരാതെ വിറ്റഴിക്കാൻ പറ്റൂ. കരിക്ക്‌ വിളവെടുക്കുന്നതിൽ താൽപര്യം
കുറയുന്നതിന്റെ കാരണമിതാണ്‌. കരിക്കിൻ കുലകൾ കെട്ടിയിറക്കുന്നതിന്‌ ഒരു
സഹായിയുടെ ആവശ്യം വരുന്നതുകൊണ്ട്‌ കൂടുതൽ പ്രയാസകരമായ കാര്യം എന്ന
നിലയിലാണ്‌ കാണപ്പെടുന്നത്‌. പതിനഞ്ച്‌ മീറ്റർ ഉയരമുള്ള ഒരു തെങ്ങിൽ
നിന്ന്‌ കരിക്ക്‌ കെട്ടിയിറക്കുന്നതിന്‌ 30 മീറ്റർ നീളമുള്ള പ്ലാസ്റ്റിക്‌ കയർ വേണം.


കരിക്ക്‌ കെട്ടിയിറക്കുന്ന കയറ്റക്കാരുടെ കൈയ്യിൽ ഈ കയർ ഉണ്ടാവും. ഇതിന്റെ അറ്റത്തായി ട ആകൃതിയിലുള്ള ഒരു  കൊളുത്തുണ്ട്‌. കയറ്റക്കാർ തെങ്ങിൽ കയറി ഈ പ്ലാസ്റ്റിക്‌ കയറിലെ
കൊളുത്ത്‌ മടലിനുമുകളിലൂടെ കരിക്കിൻ കുലയിൽ കുരുക്കി വെച്ചതിനുശേഷം
കുലവെട്ടുന്നു. താഴെനിന്നും കയറിന്റെ മറ്റേ അറ്റം പിടിച്ച്‌ പതുക്കെ കുല
താഴെ ഇറക്കുന്നു. ഇപ്രകാരമാണ്‌ തെങ്ങ്‌ കയറ്റക്കാർ കരിക്ക്‌
കെട്ടിയിറക്കുന്നത്‌. നാളികേര വികസന ബോർഡിന്റെ ചങ്ങാതിക്കൂട്ടം
തെങ്ങുകയറ്റ പരിശീലന പരിപാടിയിൽ കരിക്ക്‌
വിളവെടുക്കുന്നതിനെക്കുറിച്ചും വിദഗ്ദ്ധമായ പരിശീലനം നൽകുന്നുണ്ട്‌.

 
പരിശീലന പരിപാടി പൂർത്തിയാക്കിയ തൊഴിൽരഹിതരായ യുവാക്കൾക്ക്‌ കരിക്ക്‌
വിളവെടുപ്പിലും, വിപണനത്തിലും കർഷകരെ സഹായിക്കാൻ കഴിയും.
കരിക്ക്‌ വിപണി നേരിടുന്ന മറ്റൊരു പ്രധാനപ്രശ്നം കരിക്കിന്‌ കച്ചവടക്കാർ
ഈടാക്കുന്ന അമിതവിലയാണ്‌. കർഷകന്‌ 7 രൂപ മുതൽ 8 രൂപ വരെ ലഭിക്കുമ്പോൾ
വഴിയോരങ്ങളിൽ 20 രൂപയ്ക്കാണ്‌ കരിക്ക്‌ വിൽക്കുന്നത്‌. 


തിരുവനന്തപുരം  ജില്ലയിൽ വേളി റെയിൽവേ സ്റ്റേഷന്‌ സമീപം കരിക്ക്‌ കച്ചവടം
നടത്തുന്നവരോട്‌ ഇതേക്കുറിച്ച്‌ സംസാരിച്ചപ്പോൾ അവർ പറഞ്ഞത്‌
ഇപ്രകാരമാണ്‌ ?ഇരുപത്‌ രൂപയ്ക്ക്‌ ഒരു കരിക്ക്‌ വിൽക്കുമ്പോൾ എനിക്ക്‌
കിട്ടുന്ന ലാഭം ആറ്‌ രൂപയാണ്‌?. അതാതയത്‌ അവരുടെ അഭിപ്രായത്തിൽ കരിക്ക്‌
കർഷകരുടെ തോട്ടങ്ങളിൽ നിന്നും റോഡരികിൽ എത്തുമ്പോൾ 14 രൂപ ചെലവാകുന്നു.
കർഷകന്‌ കരിക്കൊന്നിന്‌ 8 രൂപ കൊടുക്കുന്നു. കൂടാതെ കരിക്കൊന്നിന്‌ 2 രൂപ
കെട്ടിയിറക്കാൻ കൂലികൊടുക്കുന്നു അതുപിന്നെ പെട്ടിഓട്ടോയിൽ
കച്ചവടസ്ഥലത്ത്‌ എത്തിക്കുമ്പോൾ കരിക്കൊന്നിന്‌ 3 രൂപ 50 പൈസയോളം
ചെലവാകുന്നു. കൂടാതെ മൊത്തം കച്ചവടത്തിനായി കൊണ്ടുവരുന്ന കരിക്കിൽ അഞ്ച്‌
ശതമാനത്തോളം ചിലപ്പോൾ വിൽക്കാതെ കേടായിപ്പോകുന്നു. ഇതെല്ലാം കൂടി
കണക്കാക്കുമ്പോൾ ഒരു കരിക്ക്‌ വിൽക്കുമ്പോൾ 6 രൂപ ലാഭം കിട്ടുന്നു.
ദിവസേന ശരാരശി 100 കരിക്ക്‌ വിൽക്കുന്നു. ഏകദേശം 600 രൂപ ലാഭം
കിട്ടുന്നു. അവരുടെ അഭിപ്രായത്തിൽ ട്രാൻസ്പോർട്ടിംഗിനാണ്‌ കൂടുതൽ ചെലവ്‌
വഹിക്കേണ്ടി വരുന്നത്‌. ഇതിന്‌ പ്രധാനകാരണം റോഡരികുകളിലെല്ലാം കരിക്ക്‌
ധാരളമുള്ള തെങ്ങിൻ തോട്ടങ്ങളുണ്ടെങ്കിലും കരിക്ക്‌ വിൽക്കുവാൻ മിക്ക
കർഷകരും തയ്യറല്ലെന്നതാണ്‌. കരിക്ക്‌ വിൽക്കുന്നത്‌ ഒരു കുറച്ചിലായി അവർ
വിശ്വസിക്കുന്നു. 


 അതുകൊണ്ട്‌ ഉൾപ്രദേശങ്ങളിലെ കർഷകരിൽ നിന്നാണ്‌
കരിക്ക്‌ വാങ്ങുന്നത്‌. കർഷകരുടെ കരിക്ക്‌ വിൽപ്പനയോടുള്ള മനോഭാവത്തിൽ
മാറ്റമുണ്ടാകണം. അടയ്ക്ക പാകമാകാതെ വിൽക്കുന്നതുപോലെ കരിക്ക്‌ വിൽക്കാനും
കർഷകർ തയ്യാറാകണം. കൂടാതെ കരിക്കിന്‌ കൂടുതൽ യോജിച്ച കുറിയ ഇനം തെങ്ങിൻ
തൈകൾ വെച്ച്‌ പിടിപ്പിക്കുവാൻ ശ്രദ്ധിക്കണം.  ചാവക്കാട്‌ കുറിയ ഓറഞ്ച്‌
(ഗൗരീഗാത്രം), മലയൻ കുറിയ മഞ്ഞ, മലയൻ കുറിയ പച്ച തുടങ്ങിയ ഇനങ്ങൾ
കരിക്കിന്‌ വളരെ യോജിച്ചവയാണ്‌. ഈ ഇനങ്ങൾ അധികം പൊക്കംവെയ്ക്കാത്തത്‌
കാരണം കരിക്ക്‌ വിളവെടുക്കുവാനും വളരെ എളുപ്പമാണ്‌.

 
നമ്മുടെ നാട്ടിൽ ഇളനീർ വിപണിയിൽ ഉണർവ്വ്വ്‌ ഉണ്ടാകേണ്ടത്‌ കേരകർഷകരുടെ
ആവശ്യമാണ്‌. ഇന്നത്തെക്കാലത്ത്‌ ഏതൊരു കൃഷിയും ലാഭകരമാകണമെങ്കിൽ ഉൽപന്നം
ഏത്‌ രൂപത്തിൽ ഏത്‌ സമയത്ത്‌ വിളവെടുത്താലാണോ കൂടുതൽ വരുമാനം കിട്ടുക
എന്നറിഞ്ഞ്‌ അതനുസരിച്ച്‌ വേണം വിളവെടുക്കാൻ. 8 ലക്ഷം ഹെക്ടറോളം വരുന്ന
നമ്മുടെ നാട്ടിലെ തെങ്ങുകൃഷി ആദായകരമാക്കുവാനുള്ള ഒരു സാധ്യതയാണ്‌
കരിക്ക്‌ വിളവെടുപ്പും കരിക്ക്‌ വിപണിയും പ്രോത്സാഹിപ്പിക്കുക എന്നത്‌.
അതിന്റെ നേട്ടം കേരകർഷകർക്ക്‌ മാത്രമല്ല മനുഷ്യസമൂഹത്തിന്‌ ഒട്ടാകെയാണ്‌.
1. ഡെപ്യൂട്ടി ഡയറക്ടർ, ഡയറക്ടറേറ്റ്‌ ഓഫ്‌ കാഷ്യു & കൊക്കോ
ഡവലപ്പ്‌മന്റ്‌, കൊച്ചി - 11 , 2. ടെക്നിക്കൽ ഓഫീസർ, നാളികേര വികസന
ബോർഡ്‌, കൊച്ചി -11

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ