14 Dec 2011

ആക്ടിവേറ്റഡ്‌ കാർബൺ - ഇവൻ ആളൊരു പുലി തന്നെ!


രമണി ഗോപാലകൃഷ്ണൻ

കേരോൽപന്നങ്ങളുടെ കയറ്റുമതി രംഗത്ത്‌ അടുത്തിടെ പ്രകടമായ വൻകുതിപ്പ്‌
വളരെയധികം വാർത്താപ്രാധാന്യം നേടിയിരുന്നു. ചിരട്ടക്കരി
അസംസ്കൃതപദാർത്ഥമാക്കി ഉത്​‍പാടിപ്പിച്ചെടുക്കുന്ന ആക്ടിവേറ്റഡ്‌ കാർബൺ
അഥവാ ഉത്തേജിതകരിയിൽ നിന്നുള്ള കയറ്റുമതിയാണ്‌ ഈ വാർത്താ
പ്രാധാന്യത്തിന്‌ നിദാനമായത്‌.

 
തൊണ്ണൂറുകളുടെ രണ്ടാം പാദത്തിലാണ്‌ ആക്ടിവേറ്റഡ്‌ കാർബൺ ഇന്ത്യയിൽ
നിന്നും കയറ്റുമതി രംഗത്തേക്ക്‌ ചുവട്‌ വെച്ച്‌ തുടങ്ങിയത്‌. ഇന്ന്‌
ഇന്ത്യ ഈ രംഗത്തെ അതികായൻ ആയി വളർന്ന്‌ കഴിഞ്ഞുവേന്ന്‌ പറയാം. ഒരു
കാലത്ത്‌ അമേരിക്ക, യൂറോപ്പ്‌, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക്‌
ചിരട്ടക്കരി നൽകിയിരുന്നത്‌ ശ്രീലങ്കയായിരുന്നു. ഇന്ന്‌ തെങ്ങ്‌
കൃഷിയുള്ള മിക്കവാറും എല്ലാ രാജ്യങ്ങളും ചിരട്ടക്കരി
നിർമ്മാണത്തിലേക്കും; അവയിൽചില രാജ്യങ്ങൾ ആക്ടിവേറ്റഡ്‌ കാർബൺ
നിർമ്മാണരംഗത്തേക്കും തിരിഞ്ഞിട്ടുണ്ട്‌. ലോകവിപണിയിൽ ആക്ടിവേറ്റഡ്‌
കാർബൺ കയറ്റുമതി 1,25,000 ടണ്ണാണ്‌. അവരിൽ ഒന്നാമനായാണ്‌ ഇന്ത്യയുടെ
തിളക്കം. കയർ ഒഴികെയുള്ള ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 255 കോടി
വിദേശനാണ്യം നേടി ആക്ടിവേറ്റഡ്‌ കാർബണിന്റെ കയറ്റുമതി രംഗത്ത്‌ ഇന്ത്യ
ഒന്നാം സ്ഥാനത്തെത്തി നിൽക്കുന്നു. 


ആക്ടിവേറ്റഡ്‌ കാർബൺ കയറ്റുമതി വിഹിതത്തിൽ 31.25 ശതമാനം കുത്തകയോടെ 38712 മെട്രിക്‌ ടൺ ആക്ടിവേറ്റഡ്‌ കാർബണാണ്‌ കഴിഞ്ഞവർഷം ഇന്ത്യ കയറ്റുമതി ചെയതത്‌. ഇന്ത്യയിൽ നിന്നും ആക്ടിവേറ്റഡ്‌ കാർബൺ ഇറക്കുമതി ചെയ്ത രാജ്യങ്ങളേതെന്നല്ലേ? ജപ്പാൻ,
അമേരിക്ക, ജർമ്മനി കൊറിയ, തായ്‌ലൻഡ്‌, സിംഗപ്പൂർ ഇവരെല്ലാമാണ്‌ നമ്മുടെ
കറുത്തപൊന്നിനുപിന്നാലെ പരക്കം പായുന്നത്‌.


ആക്ടിവേറ്റഡ്‌ കാർബൺ  കയറ്റുമതി രംഗത്തുള്ള മറ്റ്‌ രാഷ്ട്രങ്ങൾ ഇന്തോനേഷ്യ, മലേഷ്യ,
ഫിലിപ്പീൻസ്‌, ശ്രീലങ്ക, തായ്‌ലൻഡ്‌ എന്നിവയാണ്‌. ഇന്ത്യ കഴിഞ്ഞാൾ
ലോകവിപണിയിലെ ഏറ്റവും വലിയ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്തോനേഷ്യയാണ്‌
(18.36 ശതമാനം). ഫിലിപ്പീൻസും മലേഷ്യയും ശ്രീലങ്കയും 16.11 ശതമാനവും
14.31 ശതമാനവും 14.2 ശതമാനവുമായി തൊട്ടു പിന്നാലെയുണ്ട്‌. തായ്‌ലൻഡിന്റെ
വിഹിതം 5.67 ശതമാനമാണ്‌.

 
ഇന്ന്‌ ഇന്ത്യയിൽ 14 ആക്ടിവേറ്റഡ്‌ കാർബൺ നിർമ്മാണയൂണിറ്റുകളുണ്ട്‌. ഈ
യൂണിറ്റുകളുടെ വാർഷികോത്പാദനശേഷി 45000 മെട്രിക്‌ ടണ്ണാണ്‌. 1,35,000
മെട്രിക്‌ ടൺ ചിരട്ടക്കരിയാണ്‌ ഈ യൂണിറ്റുകൾക്കുള്ള വാർഷികാവശ്യം. ഇന്ന്‌
ഇന്ത്യയിൽ 1000ഓളം ചിരട്ടക്കരി നിർമ്മാണയൂണിറ്റുകൾ
പ്രവർത്തിക്കുന്നുണ്ട്‌. ചിരട്ടക്കരിയുടെ ഡിമാൻഡിൽ 15 ശതമാനം വർദ്ധന
പ്രതീക്ഷിക്കുന്നു. എന്നാൽ ഉത്പാദനം ആനുപാതികമായി വർദ്ധിക്കുന്നില്ല.
ലോകവിപണിയിലെ ചിരട്ടക്കരിയുടെ കയറ്റുമതി 2,55,000 ടണ്ണാണ്‌. നമ്മുടെ
രാജ്യത്ത്‌ ഉത്പാദിപ്പിക്കുന്ന ആക്റ്റിവേറ്റഡ്‌ കാർബണിൽ 80 ശതമാനവും
വിദേശരാജ്യങ്ങളിലേക്കാണ്‌ പോകുന്നത്‌. 20 ശതമാനം ആഭ്യന്തരമായി
ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്‌ എന്നീ
രാജ്യങ്ങളിൽ നിന്നെല്ലാം മത്സരം നേരിടേണ്ടി വരുന്നുണ്ടെങ്കിലും
ഇന്ത്യയ്ക്ക്‌ പൈന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കാരണം നമ്മുടെ
ഉൽപന്നത്തിന്റെ ഗുണമേന്മതന്നെ. നമ്മുടെ ചിരട്ടയ്ക്ക്‌ തനതായ കടുപ്പവും
ഉറപ്പും ഉണ്ടെന്നാണ്‌ വിശ്വാസം. അതുകൊണ്ട്‌ തന്നെ ഈ ചിരട്ടയിൽ നിന്നുള്ള
കരിയുപയോഗിച്ചുകൊണ്ടുള്ള ആക്ടിവേറ്റഡ്‌ കാർബൺ ഗുണമേന്മയിൽ
മികച്ചുനിൽക്കുന്നു.

 
വിവിധ ദ്രാവകവാതകങ്ങളുടെ നിറം, ഗന്ധം എന്നിവ മാറ്റി ശുദ്ധീകരിക്കുവാൻ
ചിരട്ടക്കരിയും ഉത്തേജിതകരിയും വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ചിരട്ടയുടെ എന്തുഗുണമാണ്‌ തേങ്ങയെക്കാളും തൊണ്ടിനേക്കാളും ഇതിന്‌ വ്യവസായ
സാധ്യത നേടിക്കൊടുക്കുന്നത്‌?

 
ഒരു ഏകബീജപത്ര സസ്യമായ തെങ്ങിന്റെ ഫലമായ തേങ്ങ  ഡ്രൂപ്പ്‌   എന്ന
വിഭാഗത്തിൽപ്പെടുന്നു. തേങ്ങാകാമ്പ്‌ കട്ടിയുള്ളചിരട്ടയോടും ചിരട്ട
തൊണ്ടിനോടും ചേർന്നിരിക്കുന്നു. പരാഗണവും ബീജസങ്കലനവും നടന്ന പെൺപൂവ്‌
മച്ചിങ്ങയായി രൂപപ്പെട്ട്‌ 12 മാസംകൊണ്ട്‌ മൂപ്പെത്തിയ തേങ്ങയാകും.
ഒരുമാസത്തെ വളർച്ചയെത്തിയ മച്ചിങ്ങ ഏതാണ്ട്‌ പൂർണ്ണമായും മോടം കൊണ്ട്‌
മൂടപ്പെട്ടിരിക്കും. ഈ അവസ്ഥയിൽ ഉള്ളിൽ വ്യക്തമായ അറയോ വെള്ളമോ
രൂപപ്പെട്ടിട്ടുണ്ടാവില്ല. 2 മുതൽ 4 വരെയുള്ള മാസങ്ങളിൽ മച്ചിങ്ങയുടെ
വളർച്ച ധൃതഗതിയിലായിരിക്കും. കോശങ്ങളുടെ വളർച്ച വേഗത്തിലാകുകയും
ചിരട്ടയേയും കാമ്പിനേയും വെള്ളത്തേയുമുൾക്കൊള്ളാൻ പാകത്തിന്‌ ഒരു
പൊള്ളയായ ഭാഗം (കാവിറ്റി) അകത്ത്‌ രൂപപ്പെടുകയും ചെയ്യുന്നു. 


ക്രമേണ  കാവിറ്റി വെള്ളംകൊണ്ട്‌ നിറയുന്നു. 5-5മ്മമാസമാകുമ്പോൾ തേങ്ങ പൂർണ്ണ
വലിപ്പത്തി ലെത്തുന്നു. ഈ അവസ്ഥയിൽ കാമ്പ്‌ രൂപപ്പെട്ട്‌
തുടങ്ങുന്നതേയുണ്ടായിരിക്കുകയു
ള്ളൂ. ചിരട്ട കട്ടി കുറഞ്ഞതും ക്രീം
നിറത്തോട്‌ കൂടിയതുമായിരിക്കും. 5 മുതൽ 8 മാസം വരെ വളർച്ചയുള്ള തേങ്ങ
ഏറ്റവും സ്വാദിഷ്ടവും സമ്പുഷ്ടവുമായ വെള്ളവും കൊഴുപ്പ്‌ തീരെയില്ലാത്ത
മൃദുവായ കാമ്പുമുള്ള കരിക്ക്‌ എന്ന അവസ്ഥയിലുമായിരിക്കും. ഈ അവസ്ഥയിൽ
ചിരട്ടയ്ക്ക്‌ നിറവ്യത്യാസമോ കാഠിന്യമോ ഉണ്ടായിരിക്കുകയില്ല.
8 മുതൽ 12 മാസത്തിനിടയ്ക്കാണ്‌ കാമ്പിൽ കൊഴുപ്പിന്റെ അംശം കൂടുന്നതും
വെള്ളത്തിന്റെ അളവ്‌ കുറയുന്നതും. ചിരട്ട കൂടുതൽ ദൃഢമാകുന്നതും തവിട്ട്‌
നിറം കൈവരിക്കുന്നതും ഈ അവസ്ഥയിലാണ്‌. ചിരട്ടയിൽ 36.51 ശതമാനം ലിഗ്നിനും
29.27 ശതമാനം പെന്റോസനും 33.06 ശതമാനം സെല്ലുലോസും 0.06 ശതമാനം ചാരവും
അടങ്ങിയിട്ടുണ്ട്‌. ഏകദേശം 6000 നാളികേരത്തിന്റെ ചിരട്ടയുണ്ടെങ്കിൽ
ഒരുടണ്ണാകും. എന്നാൽ തെങ്ങ്‌ വളരുന്ന സ്ഥലം, തെങ്ങിന്റെ ഇനം, തേങ്ങയുടെ
മൂപ്പ്‌ എന്നിവയനുസരിച്ച്‌ ചിരട്ടയുടെ ഘടനയ്ക്ക്‌
വ്യത്യാസമുണ്ടായിരിക്കും.

 
ചിരട്ട കരിച്ചാണ്‌ ചിരട്ടക്കരി ഉത്പാദിപ്പിക്കുന്നത്‌. നിയന്ത്രിത
വായുസഞ്ചാരത്തിൽ ചിരട്ട കത്തിച്ച്‌ ചാരമാകാതെ പാകത്തിന്‌ കരിയാക്കുകയാണ്‌
ചെയ്യുന്നത്‌.  ചിരട്ട കത്തി ചാരമാകാത്ത രീതിയിലുള്ള പ്രത്യേകതരം
ചൂളകളിലാണ്‌ ഇത്‌ ചെയ്യുന്നത്‌. ചിരട്ടക്കരിയെ നീരാവിയുപയോഗിച്ച്‌
ഉത്തേജിപ്പിച്ചുണ്ടാക്കുന്ന ഉൽപന്നമാണ്‌ ആക്ടിവേറ്റഡ്‌ കാർബൺ. കാർബണിക
വസ്തുക്കളിലുള്ള സൂഷ്മസുഷിരങ്ങൾ വൃത്തിയാക്കിയും പുതിയ സുഷിരങ്ങൾ
ഉണ്ടാക്കിയുമാണ്‌ ഈ പ്രക്രീയ നടക്കുന്നത്‌. തടിക്കരി, ലിഗ്നൈറ്റ്‌,
കൽക്കരി എന്നിവയിലെല്ലാം നിന്ന്‌ ആക്ടിവേറ്റഡ്‌ കാർബൺ
ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ചിരട്ടയിൽ നിന്നുത്പാദിപ്പിക്കുന്ന
ആക്ടിവേറ്റഡ്‌ കാർബണാണ്‌ കൂടുതൽ ഗുണസമ്പുഷ്ടം. ഇതിൽ ധാരാളം
സൂഷ്മസുഷിരങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതൾ കൂടുതലാണ്‌. 20000
നാളികേരത്തിന്റെ ചിരട്ട കത്തിക്കുമ്പോൾ 1 മെട്രിക്‌ ടൺ
ചിരട്ടക്കരിയുണ്ടാകും. ഇത്രയും കരിയിൽ നിന്ന്‌ ഏകദേശം ഇതിന്റെ
മൂന്നിലൊന്ന്‌ ഉത്തേജിത കരി ലഭിക്കുന്നു.

 
തരി രൂപത്തിലും പൊടി രൂപത്തിലും   ആക്ടിവേറ്റഡ്‌ കാർബൺ നിർമ്മിക്കുന്നുണ്ട്‌.  ആക്ടിവേറ്റഡ്‌ കാർബണിന്റെ ഉപയോഗങ്ങൾ നിരവധിയാണ്‌. കുടിവെള്ള സംസ്കരണരംഗത്തും, ഭക്ഷ്യ എണ്ണ ശുദ്ധീകരണ രംഗത്തും, ഗ്യാസ്‌ മാസ്കുകളിലും, ആട്ടോമൊബെയിൽ കാർബൺ ഫിൽട്ടേഴ്സ്‌, സിഗരറ്റ്‌ ഫിൽട്ടേഴ്സ്‌ എന്നിവയിലും ശീതളപാനീയ
പായ്ക്കിംഗുകളിലും ക്ലോറിൻ, ഓസോൺ തുടങ്ങിയ ഓക്സീകാരകങ്ങളെ നീക്കം
ചെയ്യുന്നതിനും ആക്റ്റിവേറ്റഡ്‌ കാർബൺ എന്ന ശുചീകരണ വസ്തുവാണ്‌
വ്യാപകമായി ഉപയോഗിക്കുന്നത്‌. അമൂല്യലോഹങ്ങളുടെ ഖാനനത്തിനും അതിന്റെ
അധിശോഷണശേഷിയാണ്‌ ഉപയോഗ പ്പെടുത്തുന്നത്‌. ജലശുദ്ധീകരണപ്രക്രിയയിൽ,
ജലത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന സംയുക്തങ്ങൾ, കീട നാശിനികൾ,
ഡിറ്റർജന്റുകൾ, ഘനദ്രവ്യങ്ങൾ ഇവയുടെയെല്ലാം അരുചിയും ദുർഗന്ധവുമെല്ലാം
നീക്കം ചെയ്യുന്നത്‌ നിസ്സാരനെന്ന്‌ നമുക്ക്‌ തോന്നുന്ന ചിരട്ടക്കരിയും
അതിൽ നിന്നുള്ള ഉൽപന്നങ്ങളുമാണ്‌.

 
സ്വർണ്ണഖനനത്തിലും ആക്ടിവേറ്റഡ്‌ കാർബൺ തന്നെ താരം. ഒരു ടണ്ണിൽ 1-2
പിപിഎം മാത്രം സ്വർണ്ണം അടങ്ങിയിരിക്കുന്ന അയിരിൽ നിന്നും സ്വർണ്ണം
വേർതിരിച്ചെടുക്കുന്നത്‌ ആക്ടിവേറ്റഡ്‌ കാർബൺ ഉപയോഗിച്ചാണ്‌.  പൾവറൈസ്‌
ചെയ്ത അയിര്‌ ലീച്ചിംഗ്‌ ടാങ്കുകളിൽ പൊട്ടാസ്യം ശയനൈഡുമായി കലർത്തുന്നു.
അപ്പോൾ പൊട്ടാസ്യം ഓറോശയനൈഡ്‌ എന്ന സംയുക്തമാകുന്നു. ഈ മിശ്രിതത്തിൽ
നിന്നും ആക്ടിവേറ്റഡ്‌ കാർബൺ മുഖേനയാണ്‌ സ്വർണ്ണം
വേർതിരിച്ചെടുക്കുന്നത്‌.  


ആഫ്രിക്ക, ആസ്ത്രേലിയ, അമേരിക്ക, കാനഡ, റഷ്യ
എന്നീ രാജ്യങ്ങളിലെല്ലാം സ്വർണ്ണഖനന സ്ഥാപനങ്ങൾ നമ്മുടെ രാജ്യത്ത്‌
നിന്നാണ്‌ ആക്ടിവേറ്റഡ്‌ കാർബൺ ഇറക്കുമതി ചെയ്യുന്നത്‌.  വ്യവസായ
യൂണിറ്റുകളിലുണ്ടാകുന്ന സൾഫർ ഡയോക്സൈഡ്‌, ഹൈഡ്രജൻ സൾഫൈഡ്‌, അമോണിയ,
മെർക്കുറി വാതകങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനും, അന്തർവാഹിനികളിലും
മനുഷ്യവാഹികളായ ഉപഗ്രഹങ്ങളിലും വായുശുദ്ധീ കരണത്തിനും ന്യൂക്ലിയർ
പ്ലാന്റുകളിൽ റേഡിയോ ആക്ടീവ്‌ മലിന വാതകങ്ങളെ ശുദ്ധീകരിക്കുന്നതിനും
രാസവള നിർമ്മാണയൂണിറ്റുകളിൽ സൾഫർ വാതകം നീക്കം ചെയ്യുന്നതിനും
ഉപയോഗിക്കുന്നതും മറ്റൊന്നുമല്ല. ആലകളിലും അലക്ക്‌ കമ്പനികളിലും
സ്വർണ്ണപ്പണിശാലകളിലും ചെറിയ തോതിൽ ഉപയോഗിച്ചിരുന്ന ചിരട്ടക്കരിക്ക്‌
നല്ലകാലം വന്നത്‌ ആക്ടിവേറ്റഡ്‌ കാർബൺ നിർമ്മാണത്തിലെ അസംസ്കൃത വസ്തു
ആയതോടെയാണ്‌.


 
രാജ്യത്തിലെ വ്യാവസായിക വളർച്ചയുടെ ഒരു പാർശ്വഫലമാണ്‌ പരിസരമലിനീകരണം.
പരിസരശുചീകരണത്തിന്‌ ശക്തിയായ അധിശോഷണ ശേഷിയുള്ള വസ്തുക്കളെ തേടിയുള്ള
അന്വേഷണം ചിരട്ടക്കരിയിലാണ്‌ അവസാനിച്ചതു.   വായു സമ്പർക്കമില്ലാത്ത
സാധാരണ തടികളിൽ  10 മുതൽ 15 ശതമാനം വരെ ജലാംശമുള്ളപ്പോൾ വിളഞ്ഞ ചിരട്ടയിൽ
6 മുതൽ 9 ശതമാനം മാത്രമേ ജലാംശമുള്ളൂ.  ആക്ടിവേറ്റഡ്‌ കാർബൺ
നിർമ്മാണത്തിന്‌ എല്ലാത്തരം കരികളും പരീക്ഷിച്ചെങ്കിലും
ചിരട്ടക്കരിയാണത്രെ ഏറ്റവും അഭികാമ്യമായിക്കണ്ടത്‌. ചിരട്ടക്കരിയെന്ന
അസംസ്കൃത വസ്തുവിന്റെ അഭാവമാണ്‌ ഇന്ന്‌ ആക്ടിവേറ്റഡ്‌ കാർബൺ നിർമ്മാണ
യൂണിറ്റുകൾ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം. എങ്കിലും നമ്മുടെ
രാജ്യത്ത്‌ നിന്നും ശ്രീലങ്കയിലേക്കും മറ്റും ചിരട്ടക്കരി കയറ്റുമതി
നടക്കുന്നുണ്ട്‌. ഇത്‌ ഇന്ത്യൻ വ്യവസായത്തെ കൂടുതൽ ദോഷകരമായി
ബാധിക്കുമെന്ന്‌ കരുതാം. മലിനീകരണ നിയന്ത്രണചട്ടങ്ങൾ പൂർണ്ണമായും
ഉരിത്തിരിഞ്ഞ്‌ വന്നിട്ടില്ലായെന്നത്‌ മറ്റൊരു പ്രതിസന്ധിയാണ്‌. ഇത്‌
ചെറുകിട യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്‌ വിഘാത മാകുന്നു.


                                                                                          
15000 മെട്രിക്‌ ടൺ വാർഷിക ഉത്പാദനശേഷിയുള്ള ഇൻഡോ ജർമൻ കമ്പനിയാണ്‌
ഇന്ന്‌ കേരളത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യൂണിറ്റ്‌. വ്യവസായ
യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്‌ നാളികേര ടെക്നോളജി മിഷനിൽ പദ്ധതി
ചെലവിനത്തിന്റെ 25 ശതമാനം സബ്സിഡിയായി ബോർഡ്‌ നൽകുന്നുണ്ട്‌. മൂന്ന്‌
മെട്രിക്‌ ടൺ ചിരട്ടരിയുപയോഗിച്ചുള്ള ഒരു ആക്ടിവേറ്റഡ്‌ കാർബൺ യൂണിറ്റ്‌
സ്ഥാപിക്കുന്നതിന്‌ കണക്കാക്കുന്ന പദ്ധതിചെലവ്‌ ഏകദേശം 5 കോടി രൂപയാണ്‌.
30000 ചിരട്ട സംസ്കരണശേഷിയുള്ള ചിരട്ടക്കരി യൂണിറ്റിന്റെ പദ്ധതിച്ചെലവ്‌
25-30 ലക്ഷവും. പ്രകൃതി സംരക്ഷണം അന്തർദേശീയ പ്രാധാന്യമുള്ള വിഷയമായതിനാൽ
പരിസര മലിനീകരണ നിയന്ത്രണച്ചട്ടങ്ങൾ കർശനമാക്കിയിട്ടുണ്ട്‌.  പ്രകൃതിയുടെ
രക്ഷകനായ ചിരട്ടക്കരിയെന്ന അത്ഭുത ശുചീകരണ വസ്തുവും കൽപവൃക്ഷത്തിന്റെ
സംഭാവനയായത്‌ നിമിത്തം മാത്രം.

 
ഇങ്ങനെ ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം കുടിക്കാനും എന്തിന്‌,
സുഖമായൊന്നുറങ്ങാനും പൊന്നണിഞ്ഞൊന്നൊരുങ്ങാനും ഈ കാക്കക്കറുമ്പനെ
ക്കൂടാതെ വയ്യെങ്കിൽ ഇവൻ ആളൊരു പുലി തന്നെയല്ലേ?
ഡെപ്യൂട്ടി ഡയറക്ടർ,
നാളികേര വികസന ബോർഡ്‌, കൊച്ചി-11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...