14 Dec 2011

ഭ്രഷ്ട്





പട്ടടയൊരുങ്ങിയോ?
    ചന്ദനം, മാവിന്‍ ചീളും
മെത്തപോല്‍ വിരിച്ചിട്ട
    ദര്‍ഭയു,മെള്ളും പൂവും
വേദമന്ത്രങ്ങള്‍ ചൊല്ലി-
    യമ്മയെക്കിടത്തിടും
ആതപം പൂണ്ടാ,ത്മാവി-
    താരെയോ തീരഞ്ഞിടും!

ഇന്നലെ ബന്ധുക്കളോ-
   ടമ്മ ചൊല്ലിപോല്‍ , “അവ-
നിങ്ങനെ നടപ്പോരില്‍
   മുമ്പനാണു കേള്‍ക്കുന്നു,
എങ്കിലും സദാ നേരമെ-
   ന്റെടുത്തിരുന്നവന്‍!"
സങ്കടങ്ങളെമറ-
   ന്നമ്മ സായൂജ്യം കൊണ്ടു.

തെക്കിനിത്തുലാത്തൂണില്‍
   താങ്ങിയും സമീപത്തെ
തിക്കിലും തിരക്കിലും
   കണ്ണു നട്ടിതാ,യൊരാള്‍
വന്‍മതില്‍ക്കെട്ടും,  കോട്ട -
    കൊത്തളങ്ങളും തഴ,-
ഞ്ഞുള്ളിലെയുഡുക്കളെ
   ദീപ്തമാക്കിയാള്‍, പിന്നെ
പിഞ്ഞിയ പൂണൂല്‍ക്കുരു-
   ക്കൊന്നു വേര്‍പെടുത്തിടാന്‍
തുന്നിയ നവീനമാം
   വിപ്ലവത്തീജ്ജ്വാലയില്‍
ചെന്നുപെട്ടതാണയാള്‍,
  ( വി ടി തന്‍ സഹോദരി-
ക്കന്നു വൈധവ്യം തീര്‍ത്ത-
   ചരിത്രമുഹൂര്‍ത്തത്തില്‍. )

ജ്യേഷ്ഠനോ വിധിച്ചുപോല്‍

   ഭ്രഷ്ടനാ,യിവന്‍ തീര്‍ച്ച
വേര്‍പിരിച്ചൊഴിച്ചിടാം,
  ‘ഭാഗ‘മാക്കണം വേഗം.
അന്നു പങ്കുവച്ചതാ,-
   ണമ്മയെ, അയാള്‍ക്കൊപ്പം
പോന്നവര്‍ വ്യഥാകാലം
   പങ്കുവയ്ക്കുവാന്‍ നൂനം.

താന്ത്രിക,രൊടുക്കത്തെ

   വേദമന്ത്രണം തീര്‍ത്തു,
യാത്രയാക്കുവാന്‍ കോടി
  ശീലയും പുതപ്പിച്ചു.
കാല്‍ക്കലും തലയ്ക്കലും
   മൂത്തവര്‍ പിടിച്ചതും,
വായ്ക്കരികൊടുപ്പതും
   നോക്കിനിന്നയാള്‍;  പണ്ടേ
വറ്റ,യാള്‍  നിവേദിക്കേ
  വ്യര്‍ത്ഥമാക്കാതെ,യമ്മ
അത്രയും ഭുജിച്ചതാണ-
  പ്രമേയമാം കര്‍മ്മം.

മുന്നിലെ നഭസ്സിനെ
   പൂഞ്ചായല്‍ പുതപ്പിക്കും
കര്‍മ്മരഥ്യകള്‍ നോക്കി
   നിന്നയാ‍ള്‍ , കാലം കണ്ട
കുത്തൊഴുക്കുകള്‍, തീര്‍ത്ത
   വര്‍ഗ്ഗ മുന്നേറ്റങ്ങളാല്‍

.
പുല്‍ക്കൊടിത്തുമ്പും തെഴു-
   ത്തുയര്‍ക്കാന്‍ പഠിപ്പിച്ചു.

പിന്നെയാ,ത്രൈയക്ഷരി
  മന്ത്രണ‘മീയെമ്മെസ്സാ‘യ്
വന്നു നില്‍ക്കൂന്നൂ, കാലം
  കാത്തിടുന്നഭംഗുരം!


അവലംബം : ഇ എം എസ്സിന്റെ ആത്മകഥ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...