14 Dec 2011

എല്ലാം ഒരു സ്വപ്നം പോലെ


അമ്പാട്ട്‌ സുകുമാരൻനായർ

       ഒരു സോപ്പുകുമിളപോലെ ക്ഷണഭംഗുരമാണ്‌ ജീവിതമെന്നു പറയാറുണ്ട്‌.
ഇക്കാണുന്നതെല്ലാം മായയാണെന്ന്‌ ചിലർ പറയുന്നു. എല്ലാം ഒരു സ്വപ്നംപോലെ
എന്ന്‌ മറ്റൊരുകൂട്ടർ. ഇതെല്ലാം ശരിയാണ്‌. ഇക്കാണുന്നതൊന്നും ശാശ്വതമല്ല.
എല്ലാം നശിക്കും. എന്നെങ്കിലുമൊരിക്കൽ എപ്പോഴാണെന്ന്‌ മുൻകൂട്ടി
പ്രവചിക്കാനാവില്ലെന്നുമാത്രം.

       സ്വപ്നദർശനം അതൊരനുഭവം തന്നെയാണ്‌. ചിലർ ഉറക്കത്തിൽ ദുഃസ്വപ്നംകണ്ട്‌
പേടിച്ചലറിക്കരയലും. ഉറക്കമുണർന്ന്‌, താൻ കണ്ടത്‌
സ്വപ്നമായിരുന്നുവേന്ന്‌ ബോധ്യമായാൽപോലും ആ ഭയപ്പാട്‌ ഏറെസമയം
നിലനിൽക്കും. ചിലപ്പോൾ അതിമനോഹരമായ സ്വപ്നമായിരിക്കും കാണുക. അനേകം
പരിചാരകന്മാരും വസ്തുവകകളും മണിമേടകളും വാഹനങ്ങളുമൊക്കെ തനിക്കു
സ്വന്തമാക്കിക്കൊണ്ട്‌ അനുഭവിക്കുന്ന സ്വപ്നം. പട്ടിണികിടന്ന്‌
ഒരുനേരത്തെ അന്നത്തിനുവേണ്ടി കൊതിക്കുന്ന ചിലർ കാണുന്ന സ്വപ്നം
വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നതായിരിക്കും.

       ഇക്കാണുന്ന സ്വപ്നങ്ങളെല്ലാം തന്നെ ക്ഷണനേരത്തേക്കെ
നിലനിൽക്കുകയുള്ളൂവേങ്കിലും അതും ജീവിതാനുഭവം തന്നെയാണ്‌. അതനുഭവിക്കുന്ന
വേളയിൽ ഇതു സ്വപ്നമാണെന്നാർക്കും തോന്നാറില്ല.
       അതുപോലെത്തന്നെയാണ്‌ നാമിപ്പോൾ ജാഗരത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇട
ജീവിതവും. ആലോചിച്ചുനോക്കിയാൽ ഇതുമൊരു സ്വപ്നമല്ലെന്നാർക്കെങ്കിലും പറയാൻ
കഴിയുമോ? സുഖമായാലും ദുഃഖമായാലും ഇക്കാണുന്നതൊക്കെ ഒരുനിമിഷം കൊണ്ട്‌
ഉപേക്ഷിച്ച്‌ നമുക്ക്‌ പോകേണ്ടിവരില്ലേ? നിശ്ചയമായും. ഒരു പാട്‌
കഷ്ടപ്പെട്ട്‌ നേടിയ ഈ സമ്പത്തും സുഖസമൃദ്ധിയുമെല്ലാം കൈവെടിഞ്ഞ്‌
നമുക്കജ്ഞാതമായ മറ്റൊരുലോകത്തേക്ക്‌ യാത്രയാകേണ്ടിവരും. നേടിയതൊക്കെ
ഉപേക്ഷിച്ചു പോകേണ്ടിവരുന്ന ആ മരണത്തെക്കുറിച്ചോർത്ത്‌ നിഷ്ക്രിയരായി
കഴിഞ്ഞുകൂടണമെന്നാരും പറയില്ല.  എങ്കിലും വല്ലപ്പോഴും ഇതൊക്കെ
ഒന്നോർക്കുന്നത്‌ നല്ലതാണ്‌. മനുഷ്യന്റെ അഹങ്കാരം നശിപ്പിക്കാൻ,
അളവില്ലാത്ത ആർത്തിയും വ്യാമോഹങ്ങളുമില്ലാതാക്കാൻ, എന്തുക്രൂരത
ചെയ്താണെങ്കിലും വേണ്ടില്ല എല്ലാം വെട്ടിപ്പിടിച്ച്‌
സ്വന്തമാക്കണമെന്നുള്ള ദുർമ്മോഹം കെടുത്താൻ ഇങ്ങനെയൊക്കെ
ചിന്തിക്കുന്നത്‌ ഏറെ നന്നായിരിക്കും.
       ഗാഢമായ നിദ്രയിൽ നാം വല്ലതുമറിയുന്നുണ്ടോ? ആ നിദ്രാവേള എത്ര ധന്യമായ
മുഹൂർത്തമാണ്‌. സുഖവും ദുഃഖവുമൊന്നും അറിയുന്നതേയില്ല. മരണവും അതുപോലെ
ആനന്ദകരമായ ഒരുറക്കം  മാത്രമാണ്‌. നാമൊക്കെ നിദ്രയെ കൊതിക്കുന്നതുപോലെ ആ
ശാശ്വത നിദ്രയെകൊതിക്കാത്തവരാരുണ്ട്‌? മരണമില്ലാത്ത ജീവിതം ഉറക്കം
നഷ്ടപ്പെട്ട ജീവിതംപോലെ ഭയാനകമാണ്‌.

       ഞാനീലേഖനമെഴുതുന്നത്‌ മരണത്തെയും ജീവിതത്തെയുംകുറിച്ചു പറയാനല്ല. ഏറെ
കഷ്ടപ്പെട്ട്‌ എന്തൊക്കെ നേടിയാലും ഒന്നുമിവിടെ സ്വന്തമല്ലെന്ന സത്യം ചില
അനുഭവങ്ങളിലൂടെ ബോധ്യപ്പെടുത്താൻ മാത്രമാണ്‌.
       ഏതാനും വർഷം മുമ്പ്‌ ഇടുക്കിയിൽ ഒരു ഉരുൾപൊട്ടൽ നടന്നു. വാർത്തയറിഞ്ഞ്‌
ഞാനവിടെയെത്തി. മനോഹരമായ ഒരു കുടിയേറ്റ ഗ്രാമം. അധ്വാനശീലരായ
കൃഷിക്കാരുടെ കഠിനാധ്വാനം കൊണ്ട്‌ സമ്പൽസമൃദ്ധമാണിവിടം.

       പാലായിലുള്ള എബ്രഹാം അന്നമ്മ ദമ്പതികൾ ആ മലയോരഗ്രാമത്തിൽ എട്ടു
പത്തേക്കർ ഭൂമി സ്വന്തമാക്കി. അവരുടെ ചില ബന്ധുക്കൾക്കും അവിടെ
ഭൂമിയുണ്ടായിരുന്നു. എല്ലാവരുമായി സഹകരിച്ചുള്ള ജീവിതമായതുകൊണ്ട്‌
അധ്വാനിക്കാനും കഷ്ടപ്പെടാനുമൊക്കെ ഒരു സുഖമുണ്ടായിരുന്നു. റബ്ബറും
കുരുമുളകും വാഴയും കപ്പയും നെല്ലുമൊക്കെ അവരവിടെ കൃഷി ചെയ്തു. ഏറെ
പണിപ്പെട്ടെങ്കിലും പട്ടിണികൂടാതെ ജീവിക്കാനുള്ള സാഹചര്യമുണ്ടായി.
പിന്നീട്‌ ജീവിതം ഒന്നിനൊന്നു മെച്ചപ്പെട്ടു. ഈ മലയോരഗ്രാമത്തിലേക്കു
വരുമ്പോൾ ഒരാൺകുട്ടി മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്‌. പിന്നീട്‌
രണ്ടു പെൺകുട്ടികൾ കൂടി ജനിച്ചു. റബറിൽ നിന്നു കുരുമുളകിൽ നിന്നുമൊക്കെ
ആദായം കിട്ടിത്തുടങ്ങി. ജീവിതം മെച്ചപ്പെട്ടു. ഒരു ചെറിയ വീടുപണിതു.
ആടുമാടുകളെ വളർത്തി അതിൽ നിന്നും ആദായം കിട്ടിത്തുടങ്ങി. അങ്ങനെ
കുടുംബവും ബന്ധുക്കളുമൊക്കെ ചേർന്ന്‌ സന്തോഷകരമായ ഒരു ജീവിതം
നയിച്ചുവരികയായിരുന്നു.

       അന്നമ്മയാണ്‌ എന്നോട്‌ ആ കഥകളെല്ലാം പറഞ്ഞു കേൾപ്പിച്ചതു. ആ കഴിഞ്ഞകാല
കഥകളൊക്കെ പറയുമ്പോൾ അവരുടെ കവിളുകളിൽ കൂടി കണ്ണുനീർ
ചാലിട്ടൊഴുകിക്കൊണ്ടിരുന്നു. വിതുമ്പലടക്കിക്കൊണ്ടവർ പറഞ്ഞു.
       "നേരം സന്ധ്യയാകാറായി. എന്റെ കെട്ടിയോൻ അരുവിക്കക്കരെ
കടയിൽപോയിരിക്കുകയായിരുന്നു. ഞാൻ പറമ്പിൽ നിന്ന്‌ പശുവിനെ
അഴിച്ചുകൊണ്ടുവരികയായിരുന്നു. എന്റെ മൂത്തകുട്ടികൾ രണ്ടുപേരും മുറ്റത്ത്‌
കളിച്ചുകൊണ്ടു നിൽക്കുന്നു. പെട്ടെന്ന്‌ ഒരു വലിയ ഇരമ്പൽ എന്റെ കാതിൽ
മുഴങ്ങി. ബോംബുപൊട്ടുന്നതുപോലെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദവും
കേട്ടു. ഞാൻ നോക്കിയപ്പോഴുണ്ട്‌ മലവെള്ളം അകലെ നിന്നാർത്തലച്ചുവരുന്നു.
പശുവിനെവിട്ടിട്ട്‌ ഞാൻ ഓടി വീട്ടിലേക്കുവന്നു. മുറ്റത്തു നിന്നു
കളിക്കുന്ന കുഞ്ഞുങ്ങളോട്‌ വേഗം മുകളിലത്തെ വീട്ടിലേക്കോടിക്കൊള്ളാൻ ഞാൻ
പറഞ്ഞു. മുറിക്കുള്ളിൽ എന്റെ ഇളയകുഞ്ഞു കിടന്നുറങ്ങുന്നുണ്ട്‌. ഞാൻ വേഗം
ചെന്ന്‌ കുഞ്ഞിനെയും വലിച്ചെടുത്തുകൊണ്ട്‌ മുകളിലേക്ക്‌ മലകയറി ഓടി.
അവിടെച്ചെന്ന്‌ തിരിഞ്ഞു നോക്കുമ്പോഴാണ്‌ ആ മലവെള്ളം ഞങ്ങളുടെ
തോട്ടത്തിലൂടെ കയറി ഒഴുകുകയാണ്‌. ഞാൻ അലറി കരഞ്ഞു. എന്റെ കുഞ്ഞുങ്ങൾ
ഭാഗ്യത്തിന്‌ മുകളിലത്തെ വീട്ടിൽ എത്തിക്കഴിഞ്ഞിരുന്നു.

       മഴയും ആരംഭിച്ചു. നേരം ഇരുട്ടിത്തുടങ്ങി. കടയിൽ പോയിരുന്ന എന്റ
കെട്ടിയോൻ തിരിച്ചു വരുമ്പോഴേക്കും എല്ലാം കഴിഞ്ഞു. അങ്ങേർക്കിക്കരെ
കടക്കാൻ ഒരു നിവർത്തിയുമില്ല. അവിടെ നിന്നു നോക്കിയാൽ ഞങ്ങടെ വീടും
തോട്ടവുമൊക്കെ കാണാം. പക്ഷേ അങ്ങേരുനോക്കുമ്പോൾ ഒന്നും കാണുന്നില്ല.
എല്ലാം മലവെള്ളത്തിൽ ഒഴുകിപ്പോയി! ഞങ്ങളും ഒഴുകിപ്പോയി കാണുമെന്നു
വിചാരിച്ച്‌ ബോധം കെട്ടു വീണു. അവിടെയുണ്ടായിരുന്നവർ പെട്ടെന്നെടുത്ത്‌
ആശുപത്രിയിൽ കൊണ്ടുപോയി. പിറ്റേദിവസമാണ്‌ ആശുപത്രിയിൽ നിന്ന്‌ വീട്ടിൽ
വന്നത്‌.

       സന്ധ്യയ്ക്ക്‌ ഉരുൾപൊട്ടിയതോടെ മഴയും ആരംഭിച്ചു. രാത്രി മുഴുവൻ തോരാത്ത
മഴയായിരുന്നു. അന്നു രാത്രി നാത്തൂന്റെ ഈ വീട്ടിൽ ഞങ്ങൾ ഉറക്കമൊഴിച്ച്‌
കഴിച്ചുകൂട്ടി. പിറ്റേന്ന്‌ നേരം പുലർന്നപ്പോൾ ഞങ്ങൾ മലയിറങ്ങിച്ചെന്നു.
ഞങ്ങളുടെ സ്ഥലം എവിടെയായിരുന്നെന്നുപോലും ഞങ്ങൾക്ക്‌ തിരിച്ചറിയാൻ
കഴിഞ്ഞില്ല. തോട്ടത്തിൽ ഒരൊറ്റമരംപോലുമില്ല. എല്ലാം ആകാട്ടാറ്‌
നക്കിത്തുടച്ചു. വീടിരുന്ന സ്ഥലത്ത്‌ കുറെ ഉരുളൻ പാറക്കല്ലുകളും ചെളിയും
വന്നടിഞ്ഞിട്ടുണ്ട്‌. ഞങ്ങൾക്കുണ്ടായിരുന്നതെല്ലാം
ഒരുനിമിഷംകൊണ്ടില്ലാതായി. എന്തു കഷ്ടപ്പെട്ടാണ്‌ ഇത്രയുമൊക്കെ
ആക്കിയെടുത്തത്‌! ഒരു സ്വപ്നം കണ്ടുണർന്നതുപോലെയായിരുന്നു ഒക്കെ.

       " എല്ലാം പൊയ്ക്കോട്ടെ. ഞങ്ങൾക്ക്‌ ഞങ്ങളുടെ കുഞ്ഞുങ്ങളെ കിട്ടിയല്ലോ.
അതുമതി. ദൈവം കരുണാമയനാണ്‌. എല്ലാം കവർന്നെടുത്തെങ്കിലും ഞങ്ങളുടെ
കുഞ്ഞുങ്ങളെ ഒരുപോറലുപോലുമേൽപ്പിക്കാതെ ഞങ്ങളെ ഏൽപിച്ചു. ഇനിയും
അധ്വാനിക്കാൻ ഞങ്ങൾക്കു ശേഷിയുണ്ട്‌. കൂലിപ്പണിചെയ്താണെങ്കിലും ഞങ്ങളിവരെ
പോറ്റിക്കൊള്ളാം.

       ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടെങ്കിലും മുകളിലേക്കു നോക്കി
കൈകൂപ്പിക്കൊണ്ട്‌ ദൈവം കരണാമയനാണെന്നു പറയാനുള്ള അവരുടെ അകളങ്കമായ ആ
ഭക്തിയുടെ മുമ്പിലും കൂലിപ്പണിചെയ്താണെങ്കിലും ഞങ്ങൾ ഞങ്ങളുടെ
കുഞ്ഞുങ്ങളെ പോറ്റിക്കൊള്ളാം എന്ന കർമ്മശേഷിയുടെ മുമ്പിലും ഞാൻ
മനസ്സുകൊണ്ടു നമസ്കരിച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...