ബക്കർ മേത്തല
ഒരു മരം ദൈവത്തോടും
പ്രേംനസീറിനോടും
സംസാരിച്ചതു
ബക്കർ മേത്തല
(മലരണിക്കാടുകൾ തിങ്ങിവിങ്ങാത്ത ഒരു പ്രദേശം. അവിടവിടെ ഒറ്റപ്പെട്ട
വാടിയരമങ്ങൾ. മരത്തിന്റെ ചിലകൊമ്പുകളിൽ പൊട്ടിയ ഊഞ്ഞാലുകൾപോലെ
കയർതൂങ്ങിക്കിടക്കുന്നുണ്ട്. 'ഭാർഗ്ഗവീനിലയം' എന്ന സിനിമയിലെ
'പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാലകെട്ടീ' എന്ന പാട്ടുംപാടി
ആടിക്കൊണ്ടിരുന്നപ്പോൾ പൊട്ടിപ്പോയ ഊഞ്ഞാലകളുടെ അവശിഷ്ടങ്ങളും
രമണനെപ്പോലുള്ള ദുർബ്ബല മാനസർ കെട്ടിത്തൂങ്ങിയ കയറുകളുടെ ശേഷിപ്പുമാണ്
ഞാന്നുകിടക്കുന്നത്. കൂട്ടത്തിൽ ഒരു മരം പെട്ടെന്ന് സംസാരിക്കാൻ
തുടങ്ങുന്നു)
മരം : ദൈവമേ....എന്റെ ദൈവമേ...
(ഉടൻ ദൈവം പ്രത്യക്ഷണാവുന്നു)
എന്നെ വലംവെച്ചും
എനിക്കുചുറ്റും ഓടിനടന്നും
പ്രണയിക്കാനിപ്പോൾ
ആരും വരാത്തതെന്താണ്.
യുഗ്മഗാനങ്ങൾ കേൾക്കാതായപ്പോൾ
എന്റെ ഇലകൾ ഉണങ്ങാൻ
തുടങ്ങിയിരിക്കുന്നു.
വേരുകൾ, കുഷ്ഠം പിടിച്ചപോലെ
മുരടിച്ചിരിക്കുന്നു.
പൂക്കൾ വസന്തത്തോട് പിണങ്ങിയിരിക്കുന്നു.
ദൈവമേ,
ഭൂമിയിൽനിന്നും പ്രണയത്തെ നീ
തിരിച്ചെടുത്തോ
ദൈവം : എടീ മരമേ....മരമണ്ടീ
നീയറിഞ്ഞില്ലേ....
പ്രേംനസീർ മരിച്ചുപോയി
ഷീലയെ കെട്ടിച്ചയച്ചു
മധുവിനും ജയഭാരതിക്കും വയസ്സായി
വാതത്തിന്റെ അസ്ഖ്യതയുമുണ്ട്
അവരൊന്നും ഇനി
മരം ചുറ്റാൻ വരില്ല.
മരം : ദൈവമേ
ഇപ്പോഴും ചില ആൺകുട്ടികളും
പെൺകുട്ടികളും
ഇവിടെ വരാറുണ്ട്
അവർക്ക് യാതൊരു നാണവുമില്ല
പ്രണയം അവർക്ക്
ഉടലുകളുടെ ഉത്സവമാണ്
എന്റെ വേരുകളിൽ
പിണഞ്ഞുകിടക്കാറുള്ള സർപ്പങ്ങളെപ്പോലെ
അവർ, ദൈവമേ....
ഓർക്കുമ്പോൾത്തന്നെ നില്ലാണ്ടായ്പ്പോണ്
ഇലകളെല്ലാം കൊഴിഞ്ഞുപോയതുകൊണ്ട്
നാണം വരുമ്പോൾ
എനിക്ക് കണ്ണുപൊത്താൻ
കഴിയുന്നേയില്ല.
ദൈവം : മരമേ.....
ഞാനവരിൽനിന്നും നാണം തിരിച്ചെടുത്തു
നിർലജ്ജതയുടെ ഉടുപ്പണിയിച്ചു
നശ്വരതയുടെ മധുരംകൊണ്ട് അലങ്കരിച്ചു.
പ്രണയത്തിന്റെ അനശ്വരത തിരിച്ചെടുത്തു
ഓർമകളിൽ മഞ്ഞുപെയ്യിച്ചു.
വിരഹത്തെ നിർവ്വികാരമാക്കി
സ്നേഹത്തിനു വില നിശ്ചയിച്ചു
മരം : അയ്യേ...ഇതൊക്കെചെകുത്താൻചെയ്യു
(ദൈവം കോപാകുലനാകുന്നു. മരം വിറച്ചുപോയി)
ദൈവം : അല്ലല്ല... ഞാനവർക്ക് സുഖം കൊടുത്തു.
മൊബെയിൽഫോണും ഇന്റർനെറ്റും കൊടുത്തു.
(പെട്ടെന്ന് ദൈവത്തിന്റെ മുമ്പിൽ പ്രേംനസീറിന്റെയും ഷീലയുടെയും
ആത്മാവുകൾ പ്രത്യക്ഷപ്പെടുന്നു. പ്രേംനസീറും ഷീലയും പരസ്പരം
കണ്ടപ്പോൾ തരളിതരാകുന്നു.
പ്രേമചേഷ്ടകൾ കാട്ടാൻ തുടങ്ങുന്നു. ദൈവം മരത്തിന്റെ മറവിലേക്ക്
പിൻവലിഞ്ഞ് പ്രേമചേഷ്ടകൾ ഒളിഞ്ഞുനിന്ന് ആസ്വദിക്കുന്നു.)
മരം : ദൈവമേ....നിങ്ങൾ ശരിക്കും ഒരു മലയാളി ആണല്ലേ.
(ദൈവം ചമ്മുന്നു. മരത്തിന്റെ മറവിൽനിന്നും അവരുടെ മുമ്പിലേക്കു
കടന്നു നിൽക്കുന്നു. ഷീലയും പ്രേംനസീറും ദൈവത്തിന്റെ മുമ്പിൽ
വിനയാന്വിതനാകുന്നു.)
പ്രേംനസീർ : മരമേ...ദൈവമേ.....
എന്നെ വീണ്ടും ജീവിക്കാൻ അനുവദിച്ചാൽ
ഞങ്ങളീമരത്തെ തളിരിലകൾ അണിയിക്കാം
ചില്ലകളിൽ പൂക്കൾ വിടർത്താം
മരം : പ്രേംനസീറേ.....
ഇപ്പോഴും അങ്ങയുടെ മനസ്സിൽ
സ്നേഹത്തിന്റെ തിരമാലകൾ
ഇളകിമറിയുന്നത് ഞാനറിയുന്നു.
ദൈവമേ...ഇദ്ദേഹത്തിന്റെ അപേക്ഷ പരിഗണിക്കൂ
പ്രണയ സംഗീതത്തിന്റെ അലകൾകൊണ്ട്
ഈ ഭൂമിയെ അവർ മുഖരിതമാക്കട്ടെ.
പ്രണയമിഥുനങ്ങളുടെ ചൂടുംചൂരുമേറ്റ്
ഞാനൊന്നു രോമാഞ്ചം കൊള്ളട്ടെ.
ദൈവം : സോറി മരമേ.... സോറി
സോറി നസീറേ....സോറി
ഞാൻ മൊബെയിൽ ഫോൺ സൃഷ്ടിച്ചുപോയി
അത് തിരിച്ചെടുക്കാതെ
യഥാർത്ഥ സ്നേഹത്തിന്റെ സാദ്ധ്യതകളെ
വീണ്ടെടുക്കാൻ കഴിയില്ല.
അത് തിരിച്ചെടുത്താൽ
അന്ധനും ബധിരനും ഉന്മാദം വന്നാലെന്നപോലെ
ഭൂമി അസ്വസ്ഥമാകും.
ശിരസ്സു ഛേദിക്കപ്പെട്ട ഉടൽപോലെ പിടയും.
പ്രണയത്തിന്റെ ഒറിജിനൽ സിം
സ്വർഗ്ഗത്തിലെ ഒരു ഇ.സി.മുറിയിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്.
നിങ്ങൾക്ക് മൊബെയിലിലൂടെ പ്രണയിക്കാം.
അല്ല പ്രണയം ഭാവിക്കാം.
ഇത് പ്രണയം ഭാവിക്കുന്നവരുടെ കാലവും
പ്രണയത്തെ ഉറയൂരുന്നവരുടെ ലോകവുമാണ്.
ബെസ്റ്റ് വിഷസ്
(ദൈവം നടന്നു മറയുന്നു. മരവും പ്രേംനസീറും
ദൈവത്തെ ശപിക്കുന്നു)
നിന്നെ പണ്ടാറാവട്ടെ.