ചിത്രകാരൻ
സാമ്രാജ്യത്വവും,വിവിധ ചേരിഭരണവും,മുതലാളിത്വവും എന്നോ അസ്തമിച്ചു കഴിഞ്ഞു. ഇപ്പോള്‍ ലോകം കോര്‍പ്പറേറ്റ് ഭരണത്തിന്റെ കളിത്തൊട്ടിലില്‍ ആര്‍ത്തുല്ലസിച്ച് കളിച്ചുകൊണ്ടിരിക്കയാണ്. ഇനി നാം തന്തയില്ലാമയുടെ മഹത്തായ ഉപഭോക്തൃലോകത്തേക്ക് പിച്ചവക്കും.ഉപഭോക്താവ് രാജാവാണെന്ന് നമ്മേ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. ഇക്കിളിപ്പെടുത്തി രസിപ്പിച്ചുകൊണ്ടിരിക്കും.ഉപഭോക്തൃലോകം ബ്രാന്‍ഡ് ലോകത്തിന്റെ ശൈശവമാണ്. നമ്മേ ഇക്കാലത്ത് ലോകസുദരികളായ പൂതനമാര്‍ മുലപ്പാലൂട്ടും.
ആ മാതൃസ്നേഹത്തിന് നാം ഒന്നും തന്നെ പ്രതിഫലം കൊടുക്കേണ്ടതില്ല. നമ്മെ മടിയിലിരുത്തി പാലൂട്ടാനുള്ള,പൂതനമാര്‍ക്ക് പടിഞ്ഞിരിക്കാനുള്ള മൂന്നടി മണ്ണ്.അതു മാത്രം മതിയാകും. തുടര്‍ന്ന് രാഷ്ട്രങ്ങള്‍ അപ്രത്യക്ഷമാകും. ബി.ടി.വഴുതനയും, അരിയും,ഗോതംബും,ചേനയും,ചേംബും,വാഴക്കുലയും വിളയുന്ന ലബോറട്ടറികളുടെ വയല്‍ വരംബില്‍ കീറ ഷര്‍ട്ടും,കലത്തില്‍ ചോക്കുകൊണ്ട് വരച്ചുണ്ടാക്കിയ തുറിച്ച മുഖഭാവത്തോടെ മറിഞ്ഞു വീഴുന്നതിനായി ഒരു കാറ്റിന്റെ വരവും പ്രതീക്ഷിച്ച് നോക്കുകുത്തികളെപ്പോലെ നമ്മുടെ ജനാധിപത്യ ഗവണ്മെന്റുകള്‍ കാത്തുനില്‍ക്കും.
അതും കഴിഞ്ഞാണ് കോര്‍പ്പറേറ്റ് യുദ്ധങ്ങളുടെ യുഗം ആരംഭിക്കുക. ഒരു പക്ഷേ,റോബോട്ടുകളുടെ യുദ്ധങ്ങളും,ലോകമഹായുദ്ധവും.ഈ രസകരമായ സംഭവങ്ങളെല്ലാം കാണാന്‍ ഒരു പത്തു സെന്റ് ചന്ത്രോപരിതലവും, അവിടെയൊരു വീടും, ഒരു കിണറും, കുറച്ചു കപ്പയും,ചീരയും,വഴുതനയും,വെണ്ടയും,വാഴയും,തുളസിത്തറപോലെയെങ്കിലും കുറച്ച് നെല്‍ച്ചെടികളും വളര്‍ത്തുന്നതായി സ്വപ്നം കാണാനുള്ള സിദ്ധി ഉപയോഗപ്പെടുത്തി വര്‍ത്തമാനത്തിന്റെ ആശങ്കകളെ മോഹാലസ്യത്തിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയാണ് ഈ ചിത്രകാരന്‍.
സത്യത്തില്‍ നമ്മുടെ യുവരാജനേയും,അവരുടെ ഇറ്റലിക്കാരിയായ അമ്മയേയും പ്രതീക്ഷയോടെ നോക്കുകയാണ് ചിത്രകാരന്‍.ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യ മുഴുവന്‍ പിടിച്ചടക്കാനുള്ള സാഹചര്യം ഇപ്പോഴും നിലവിലുണ്ടായിട്ടും,... വിയര്‍പ്പുപൊടിയാതെ ഇസ്തിരി ചുളിയാതെ സൌന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പില്‍ മുഴുകിയിരിക്കുന്നപോലുള്ള അതിന്റെ നേതൃത്വത്തിന്റെ ആണത്വത്തില്‍ വിശ്വാസമില്ലാത്തതിനാല്‍, രാജകുടുംബമെങ്കിലും ആത്മാഭിമാനത്താല്‍ ശക്തിപ്പെട്ടിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണ്. കാരണം, താമസിയാതെ നാം വിഷം തീനികളും,പരീക്ഷണ മൃഗങ്ങളും,ദയാവദത്തിനു വിധേയരാകുന്ന മൂന്നാം ലോക കീടങ്ങളുമായിത്തീരും. ബിടി മുല ഞെട്ടുകളും, ബിടി.ഗര്‍ഭപാത്രങ്ങളും,വെളുത്തതൊലിയും,ഇരുണ്ട തൊലിയും,കറുത്തതൊലിയും ഇച്ഛാനുസരണം മാറ്റാന്‍ കഴിവുള്ള തന്തയില്ലാത്ത ബിടി കുട്ടികളെ ബിടി ഗര്‍ഭാശയങ്ങളില്‍ വച്ച് വിരിയിച്ചെടുക്കുന്ന ഒരു ലോകത്ത് ആണെന്നുപറഞ്ഞ് ജീവിച്ചിട്ടെന്തുകാര്യം ?
ബിടി വേശ്യാ യുഗത്തിനു മുന്‍പ് അന്തസ്സായി ഒന്ന് ആത്മഹത്യ ചെയ്യാന്‍ അന്തസ്സുള്ള സ്വദേശിയായ ഒരു ഔണ്‍സ് വിഷമെങ്കിലും നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്ക് വികസിപ്പിക്കാനാകണേ എന്ന പ്രാര്‍ത്ഥയിലാണിപ്പോള്‍.