14 Dec 2011

നാളികേരത്തിന്റെ മൂല്യവർദ്ധന, ഉൽപന്ന വൈവിധ്യവൽക്കരണം, ഉപോൽപന്ന ഉപയോഗം


കെ. മുരളീധരൻ, ജയശ്രീ എ.

മറ്റേതൊരു എണ്ണക്കുരുവിനോ ഉദ്യാനവിളയ്ക്കോ ഇല്ലാത്ത നൂറുകണക്കിന്‌
ഉപയോഗങ്ങളാണ്‌ നാളികേരത്തിനുള്ളത്‌.  നാളികേരോൽപന്നങ്ങളും ഉപോൽപന്നങ്ങളും
വാണിജ്യാടിസ്ഥാനത്തിൽ ബഹുവിധ പ്രയോജനങ്ങൾക്കായി
ഉപയോഗപ്പെടുത്താവുന്നതാണ്‌. നാളികേരം ഭക്ഷ്യവിളയ്ക്കൊപ്പം തന്നെ
എണ്ണക്കുരുവും കൂടിയാണ്‌.  തെങ്ങിൽ നിന്ന്‌ ചകിരിയും തടിയും ഇന്ധനവും
ലഭിക്കുന്നു. പാനീയ വിളയെന്നനിലയിലും തെങ്ങിന്‌ പ്രാധാന്യമുണ്ട്‌.
നമ്മുടെ രാജ്യത്ത്‌ പലയിടങ്ങളിലും ജനങ്ങളുടെ ഭക്ഷണത്തിലെ
അനിവാര്യവസ്തുവാണ്‌ തേങ്ങ. തേങ്ങയുണക്കിയുണ്ടാ ക്കുന്ന കൊപ്രയിൽ നിന്ന്‌
ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെ ഉപയോഗങ്ങൾ മലയാളിക്ക്‌ ആരും പ്രത്യേകം
പറഞ്ഞുകൊടുക്കേണ്ടതില്ല. പരമ്പരാഗത ഉപയോഗങ്ങൾക്കുപുറമേ പലതരം ഒലിയോ
കെമിക്കലുകളും ബയോഡീസലും നിർമ്മിക്കുവാൻ വെളിച്ചെണ്ണ
ഉപയോഗിക്കുന്നുണ്ട്‌.

തേങ്ങപ്പിണ്ണാക്ക്‌ ണല്ലോരു കാലിത്തീറ്റയാണ്‌.  തെങ്ങിൻ കള്ളിൽ നിന്ന്‌
ചക്കരയും വിനാഗിരിയും മദ്യവും നിർമ്മിക്കുന്നു. തെങ്ങിൻ തടി ഉപയോഗിച്ച്‌
ഫർണീച്ചർ, കരകൗശലവസ്തുക്കൾ, ഗാർഹികോപയോഗ സാമഗ്രികൾ തുടങ്ങിയവ
നിർമ്മിക്കാം. തെങ്ങിൻ പൂക്കുല ആയുർവേദ ഔഷധങ്ങൾ തയ്യാറാക്കാനും
ഉപയോഗിക്കുന്നു. കരിക്കിൻ വെള്ളം പോഷക ആരോഗ്യ പാനീയമായും സ്പോർട്ട്സ്‌
ഡ്രിങ്കായും ഉപയോഗിക്കുന്നു. തേങ്ങാവെള്ളത്തിൽ നിന്ന്‌ വിനാഗിരി, വൈൻ,
നാറ്റാ ഡി കൊക്കൊ തുടങ്ങിയവ നിർമ്മിക്കാം. ചിരട്ട ഇന്ധനമെന്നതിലുപരി
വാണിജ്യപ്രാധാന്യമുള്ള ചിരട്ടപ്പൊടി, ചിരട്ടക്കരി, ആക്ടിവേറ്റഡ്‌ കാർബൺ,
കരകൗശലവസ്തുക്കൾ, ഗാർഹിക ഉപയോഗ സാമഗ്രികൾ എന്നിവയുടെ
നിർമ്മാണത്തിനുപയോഗിക്കുന്നു.

തെങ്ങിൻ മണ്ടയിലെ മാർദ്ദവമേറിയ കൂമ്പ്ഭാഗം ഭക്ഷ്യയോഗ്യവും
പോഷകസമ്പുഷ്ടവുമാണ്‌. മെടഞ്ഞ ഓല പുരമേയാനും ഉണക്കോല ഇന്ധനമായും
രാത്രികാലങ്ങളിൽ കത്തിച്ച്‌ വെളിച്ചത്തിനായും ഉപയോഗിക്കുന്നു. കുരുത്തോല
അലങ്കാരത്തിനും നാടൻകലകളുടെ വസ്ത്രാലങ്കാരത്തിനും ഉപയോഗിക്കുന്നു.
ഈർക്കിലാകട്ടെ ചൂൽ ഉണ്ടാക്കുന്നതിനും മത്സ്യബന്ധനത്തിനും കുട്ടകൾ
നിർമ്മിക്കാനും നാവ്‌ വൃത്തിയാക്കാനും ഉപയോഗപ്രദമാണ്‌.
തൊണ്ടിൽ നിന്ന്‌ ലഭിക്കുന്ന ചകിരിയും ചകിരിച്ചോറും ഉപയോഗിച്ച്‌ നിർമ്മിക്കുന്ന
വസ്തുക്കൾക്ക്‌ ആഭ്യന്തര - വിദേശ വിപണികളിൽ നല്ല പ്രിയമാണ്‌
.
കൊതുമ്പും കോഞ്ഞാട്ടയുമെല്ലാം ഇന്ധനമായും കരകൗശല നിർമ്മാണത്തിലും ഉപയോഗപ്രദമാണ്‌.
ഇപ്രകാരം അടിതൊട്ട്‌ മുകൾവരെ നാനാവിധ പ്രയോജനങ്ങളാൽ സമ്പന്നമായ നമ്മുടെ
തെങ്ങിന്‌ കൽപവൃക്ഷമെന്ന നാമം എത്ര അന്വർത്ഥമാകുന്നു.
കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും പുറമേ തേങ്ങയിൽനിന്ന്‌
വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാവുന്ന വിവിധതരം മൂല്യവർദ്ധിത
ഉൽപന്നങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനം. സ്ഥലപരിമിതി മൂലം കരിക്കിൽ നിന്നും
തേങ്ങാകാമ്പിൽ നിന്നും ചിരട്ടയിൽ നിന്നും നിർമ്മിക്കാവുന്ന പ്രമുഖ
ഉൽപന്നങ്ങളെക്കുറിച്ച്‌ മാത്രമേ ഈ ലക്കത്തിൽ പ്രതിപാദിക്കുന്നുള്ളൂ.

കരിക്കിൻവെള്ളം
പ്രകൃതിദത്ത ലഘുപാനീയമായ കരിക്കിൻവെള്ളം വിറ്റാമിനുകൾ, ലവണങ്ങൾ,
പ്രോട്ടീൻ, അമിനോഅമ്ലങ്ങൾ, പഞ്ചസാര, എൻസൈമുകൾ മുതലായവയാൽ സമ്പുഷ്ടമാണ്‌.
ആരോഗ്യപാനീയമെന്ന നിലയിൽ കരിക്കിൻ വെള്ളം ജനപ്രീതി നേടിക്കഴിഞ്ഞു.
അമേരിക്കയിലും മറ്റ്‌ വിദേശ രാജ്യങ്ങളിലും നൂതനപാനീയമെന്ന നിലയിൽ
ത്വരിതഗതിയിലുള്ള വളർച്ച കൈവരിച്ച്‌ കഴിഞ്ഞു. അത്ലറ്റുകൾക്കും
ആരോഗ്യപ്രേമികൾക്കും നഗരവാസികൾക്കും ഇടയിൽ കരിക്കിൻവെള്ളം സ്ഥാനം
പിടിച്ചുകഴിഞ്ഞു. കൊക്കകോളയും പെപ്സിയും ബ്രാൻഡ്‌ ചെയ്ത കരിക്കിൻ വെള്ളം
വിപണിയിൽ ഇറക്കുന്നു. ബ്രിട്ടൻ, നെതർലൻഡ്‌, കാനഡ, മെക്സിക്കോ, യു.എ.ഇ.,
ജപ്പാൻ, കൊറിയ, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ്‌ കരിക്കിൻ വെള്ളം
പ്രധാനമായും കയറ്റുമതി ചെയ്യുന്നത്‌.

പാക്ക്‌ ചെയ്ത കരിക്കിൻ വെള്ളം
നാളികേര വികസനബോർഡും ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറിയും ചേർന്നാണ്‌
കരിക്കിൻ വെള്ളം പൗച്ചുകളിലും, അലുമിനിയം കാണുകളിലും പാക്ക്‌
ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്‌.
അന്തരീക്ഷോഷ്മാവിൽ മുന്നുമാസവും ശീതികരിച്ച അവസ്ഥയിൽ ആറ്‌ മാസവും വരെ
പായ്ക്ക്‌ ചെയ്ത കരിക്കിൻവെള്ളത്തിന്റെ തനത്‌ രുചി നഷ്ടപ്പെടാതെ
സൂക്ഷിക്കാൻ ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറിക്ക്‌ കഴിഞ്ഞു. ഇപ്പോൾ
നമ്മുടെ രാജ്യത്ത്‌ ഒറീസ്സയിലും അന്ധ്രാപ്രദേശിലും കർണ്ണാടകയിലുമുള്ള 6
യൂണിറ്റുകൾ പാക്ക്‌ ചെയ്ത കരിക്കിൻ വെള്ളം ഉത്പാദിപ്പിക്കുന്നു.
ടെട്രാപാക്കിൽ കരിക്കിൻവെള്ളം പായ്ക്ക്‌ ചെയ്യുന്ന മറ്റൊരു യൂണിറ്റ്‌
തമിഴ്‌നാട്ടിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്‌.  ആഭ്യന്തര-വിദേശ വിപണികളിൽ
ലഭ്യമാകുന്ന പാക്ക്‌ ചെയ്ത കരിക്കിൻ വെള്ളം ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ,
മലേഷ്യ, തായ്‌ലൻഡ്‌ എന്നീ രാജ്യങ്ങളാണ്‌ കയറ്റുമതി ചെയ്യുന്നത്‌.
കരിക്കിൻ വെള്ളം മൈക്രോഫിൽ ട്രേഷൻ ടെക്നോളജി ഉപയോഗിച്ച്‌ കുപ്പിയിൽ
നിറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യയ്ക്ക്‌ ഫുഡ്‌ ആന്റ്‌ അഗ്രികൾച്ചർ
ഓർഗനൈസേഷൻ (എഫ്‌എഒ) പേറ്റന്റ്‌ നേടിയിട്ടുണ്ട്‌.
കരിക്കിന്റെ മിനിമൽ പ്രോസസ്സിംഗ്‌
തെങ്ങിൽ നിന്ന്‌ വെട്ടിയിറക്കി 21 മുതൽ 36 മണിക്കൂറുകൾക്കുള്ളിൽ
ശീതികരിച്ച അവസ്ഥയിൽപോലും കരിക്കിന്റെ ഗുണവും രുചിയും നഷ്ടമാകുന്നു.
കരിക്കിന്റെ വലിപ്പവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.
തൊണ്ട്‌ ചെത്തിക്കഴിഞ്ഞാൽ വളരെപ്പെട്ടെന്ന്‌ നിറം നഷ്ടപ്പെട്ട്‌ തവിട്ട്‌
നിറത്തിലാകുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്ക്‌ കേരള കാർഷിക
സർവ്വകലാശാല മിനിമൽ പ്രോസസ്സിംഗ്‌ വികസിപ്പിച്ചെടുത്തു. കരിക്ക്‌ ചെത്തി
0.5 ശതമാനം സിട്രിക്‌ ആസിഡും 0.5 ശതമാനം പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റും
അടങ്ങിയ ലായനിയിൽ മൂന്ന്‌ മിനിട്ട്‌ മുക്കിവെയ്ക്കുന്നു. ഇത്തരം കരിക്ക്‌
24 ദിവസം വരെ 5-7 ഡിഗ്രി സെന്റിഗ്രേഡ്‌ ശീതികരിച്ച അവസ്ഥയിൽ കേട്‌ കൂടാതെ
സൂക്ഷിക്കാവുന്നതാണ്‌. നന്നായി തണുപ്പിച്ച്‌ ദൂരസ്ഥലങ്ങളിലേക്ക്‌ പോലും
കൊണ്ടുപോകാൻ സാധിക്കും.
തായ്‌ലൻഡിൽ നിന്ന്‌ ഇപ്രകാരം ചെത്തിയൊരുക്കി സംസ്ക്കരിച്ച കരിക്കുകൾ
ആസ്ത്രേലിയ, യൂറോപ്പ്‌, ജപ്പാൻ, അമേരിക്ക, തായ്‌വാൻ,  ഹോങ്കോങ്ങ്‌
തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കയറ്റിയയയ്ക്കുന്നുണ്ട്‌.
തൂൾത്തേങ്ങ
തേങ്ങാക്കാമ്പ്‌ പൊടിച്ച്‌  ഈർപ്പം മൂന്ന്‌ ശതമാനത്തിൽ താഴെയാകുന്നതുവരെ
യന്ത്രസഹായത്താൽ ഉണക്കിയാണ്‌ തൂൾത്തേങ്ങ നിർമ്മിക്കുന്നത്‌. വെള്ള
നിറമാണിതിന്‌. മധുരപലഹാര നിർമ്മാണത്തിനും ഭക്ഷ്യവ്യവസായത്തിലും ഈ
ഉൽപന്നത്തിന്‌ നല്ല വാണിജ്യ പ്രാധാന്യമാണുള്ളത്‌.

തേങ്ങപ്പാൽ
തേങ്ങ ചിരണ്ടി പിഴിഞ്ഞാണ്‌ തേങ്ങപ്പാൽ എടുക്കുന്നത്‌. തേങ്ങപ്പാലിന്റെ
ഗാഢരൂപമാണ്‌ കോക്കനട്ട്‌ ക്രീം. നാളികേര വികസന ബോർഡും
തിരുവനന്തപുരത്തുള്ള റീജിയണൽ റിസർച്ച്‌ ലബോറട്ടറിയും സംയുക്തമായാണ്‌
തേങ്ങപ്പാലിന്റെ സൂക്ഷിച്ചു വെയ്ക്കാൻ പറ്റിയ രൂപത്തിലുള്ള ജലാംശം
നീക്കിയ തേങ്ങാപ്പാൽ അഥവാ ക്രീം നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ
വികസിപ്പിച്ചെടുത്തത്‌. തേങ്ങ പൊതിച്ച്‌ പൊട്ടിച്ചതിനുശേഷം ചിരട്ടമാറ്റി
കഴുകി ചൂടുവെള്ളത്തിൽ മുക്കി തവിട്ട്‌ നിറമുള്ള തൊലി കളഞ്ഞതിനുശേഷം
ചുരണ്ടിപ്പിഴിഞ്ഞെടുക്കുന്നു. പിന്നീട്‌ യന്ത്രസഹായത്തോടെ
അരിച്ചെടുത്തതിനുശേഷം കുഴമ്പ്‌ പരുവത്തിലാക്കി പാശ്ചുറൈസ്‌ ചെയ്ത്‌
പാക്ക്‌ ചെയ്യുന്നു. 10000 തേങ്ങയിൽ നിന്ന്‌ 2500 കിഗ്രാം തേങ്ങപ്പാലും
500 കിഗ്രാം പീരയും ലഭിക്കും. ഇന്തോനേഷ്യയും ശ്രീലങ്കയും തായ്‌ലൻഡുമാണ്‌
തേങ്ങപ്പാൽ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്‌.
സ്കിംഡ്‌ തേങ്ങപ്പാൽ
സ്കിം തേങ്ങപ്പാൽ കോഴുപ്പകറ്റിയതിനുശേഷമുള്ള തേങ്ങയിലെ ലേയഘടകങ്ങളുടെ
മാത്രം ലായനിയാണ്‌.  ഉത്തമപ്രോട്ടീന്റെ ണല്ലോരു സ്രോതസ്സാണ്‌ സ്കിം
മിൽക്ക്‌. തേങ്ങ പിഴിഞ്ഞെടുത്ത പാൽ യന്ത്രസഹായത്തോടെ അരിച്ച്‌ സോഡിയം
ഹൈഡ്രോക്സൈഡ്‌ ചേർത്ത്‌ പിഎച്ച്‌ ഉയർത്തിയതിനുശേഷം പാശ്ചുറൈസ്‌ ചെയ്ത്‌
കൊഴുപ്പകറ്റിയാണ്‌ സ്കിം തേങ്ങാപ്പാൽ നിർമ്മിക്കുന്നത്‌.
കുപ്പിയിലാക്കിയ തേങ്ങപ്പാൽ
വളരെയേറെ വാണിജ്യപ്രാധാന്യമുള്ള പ്രസ്തുത ഉൽപന്നം പശുവിൻ പാലിന്‌ പകരം
ഉപയോഗിക്കാവുന്നതാണ്‌. ചുരണ്ടിയ തേങ്ങ, വെള്ളമോ, തേങ്ങവെള്ളമോ ചേർത്ത്‌
പിഴിഞ്ഞ്‌ അരിച്ചതിനുശേഷം 0.1  ശതമാനം ബെൻസോയിക്‌ ആസിഡ്‌ ചേർത്ത്‌
കെറ്റിലിലാക്കി യന്ത്രസഹായത്താൽ  117 ഡിഗ്രി സെന്റിഗ്രേഡ്‌ വരെ
ചൂടാക്കണം.  പിന്നീട്‌ കെറ്റിൽ ടാപ്പ്‌ വെള്ളത്തിൽ വെച്ച്‌ ഊഷ്മാവ്‌
80-85 ഡിഗ്രി സെന്റിഗ്രേഡായി തണുപ്പിക്കുന്നു.  പാലിലെ കൊഴുപ്പ്‌
അലിയിച്ച്‌ ചേർത്ത്‌ ഘടന ഒരുപോലെയാക്കി കുപ്പിയിലാക്കുന്നു. ഇത്‌
വളരെയേറെ പോഷകസമ്പുഷ്ടമായ ഉൽപന്നമാണ്‌.
സ്പ്രേ ഡ്രൈഡ്‌ തേങ്ങപ്പാൽപ്പൊടി
തേങ്ങപ്പാലിൽ നിന്ന്‌ ജലാംശം അകറ്റിയ രൂപമാണ്‌ തേങ്ങപ്പാൽപ്പൊടി. ഇത്‌
സ്വഭാവിക രുചിയിലും രൂപത്തിലും കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനാവും.
നാളികേര വികസന ബോർഡും സേൻട്രൽ ഫുഡ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടും
സംയുക്തമായാണ്‌ ഇതിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്‌.
തേങ്ങാപ്പാലിൽ അനുവദനീയമായ ചില രാസവസ്തുക്കൾ ചേർത്ത്‌ കൊഴുപ്പിന്റെ അംശം
ക്രമീകരിച്ചതിനുശേഷം പാശ്ചുറൈസേഷനും സ്പ്രേ ഡ്രൈയിംഗും നടത്തി പാക്ക്‌
ചെയ്യുന്നു. ഇത്‌ വെള്ളത്തിൽ കലക്കി ഉപയോഗിക്കാവുന്നതാണ്‌.
വെർജിൻ കോക്കനട്ട്‌ ഓയിൽ
പച്ചത്തേങ്ങയിൽ നിന്ന്‌ ഉയർന്ന ഗുണമേന്മയുള്ള വിറ്റാമിൻ ഇ സമ്പുഷ്ടമായ
വെർജിൻ കോക്കനട്ട്‌ ഓയിൽ വെറ്റ്‌ പ്രോസസ്സിംഗ്‌ മുഖേന ഉത്പാദിപ്പിക്കാം.
പ്രസ്തുത സാങ്കേതികവിദ്യയിൽ തേങ്ങ പൂർണ്ണമായും ഉപയോഗപ്പെടുത്തുവാൻ
സാധിക്കും. വെർജിൻ വെളിച്ചെണ്ണ കൂടാതെ തേങ്ങപ്പാൽ, കൊഴുപ്പ്‌ കുറഞ്ഞ
തേങ്ങാപ്പൊടി, സ്കിം തേങ്ങപ്പാൽ, പാക്ക്‌ ചെയ്ത തേങ്ങാവെള്ളം മുതലായ
മൂല്യവർദ്ധിത ഉൽപന്നങ്ങളും നിർമ്മിക്കാവുന്നതാണ്‌. ഒരു ലക്ഷം തേങ്ങ
സംസ്ക്കരിക്കുന്ന യൂണിറ്റിൽ 7.5 ടൺ വെർജിൻ എണ്ണ, 9 ടൺ തൂൾതേങ്ങ, 11500
ലിറ്റർ തേങ്ങാവെള്ളം, 16.5 ടൺ സ്കിം പാൽ, 11.5 ടൺ ചിരട്ട എന്നിവ
ലഭിക്കും.
വിവിധ രീതിയിൽ വെർജിൻ എണ്ണ ഉത്പാദിപ്പിക്കാം
1.      പകുതിയുണങ്ങിയ തേങ്ങ പ്രത്യേകം യന്ത്രത്തിൽ ആട്ടി എണ്ണയെടുക്കാം.
ചെറുകിട ഇടത്തരം യൂണിറ്റുകൾക്ക്‌ ഇത്‌ അവലംബിക്കാം. തേങ്ങാകൊത്തുകളും
തേങ്ങാമാവും ഉപോൽപന്നങ്ങളാണ്‌.
2.      തൂൾതേങ്ങയിൽ നിന്ന്‌ വെർജിൻ എണ്ണ നിർമ്മിക്കാം. ഗുണമേന്മ മാനദണ്ഡങ്ങൾ
പൂർത്തീകരിക്കാതെ പുറന്തള്ളിയ തൂൾത്തേങ്ങയിൽ നിന്നും എണ്ണയെടുത്തതിനുശേഷം
തേങ്ങാമാവോ, തേങ്ങാപ്പിണ്ണാക്കോ അവശേഷിക്കും.
3.      ചുരണ്ടിയ തേങ്ങ ഉണക്കി യന്ത്രസഹായത്താൽ എണ്ണ എടുക്കുന്നു.
ഉപോൽപന്നങ്ങൾ തേങ്ങാ കൊത്തും തേങ്ങാമാവുമാണ്‌.
4.      വെറ്റ്‌ പ്രോസസ്സിംഗ്‌ രണ്ടുതരത്തിലുണ്ട്‌. പരമ്പരാഗതരീതിയിൽ
തേങ്ങാപ്പാൽ ജലാംശം ബാഷ്പീകരിച്ച്‌ പോകുന്നതുവരെ ക്രമേണ ചൂടാക്കുന്നു.
ജലാംശം അകറ്റിക്കഴിഞ്ഞ്‌ അവശേഷിക്കുന്ന പാൽ മൂന്ന്‌ മണിക്കൂറോളം അനക്കാതെ
വച്ചതിനുശേഷം മുകളിൽ ഉറഞ്ഞ്കൂടുന്ന കൊഴുപ്പെടുത്ത്‌ ചൂടാക്കി
എണ്ണയെടുക്കുന്നു.

യന്ത്രസഹായത്താലും വെർജിൻ എണ്ണ കോൾഡ്‌ പ്രോസസ്സിംഗിലൂടെ
നിർമ്മിക്കാവുന്നതാണ്‌. യന്ത്രസഹായത്താൽ ക്രീം എടുത്ത്‌ ജലാംശം
പൂർണ്ണമായി ഒഴിവാക്കി യന്ത്രസഹായത്താൽതന്നെ വെർജിൻ എണ്ണ എടുക്കുന്നു.
നാളികേര വികസന ബോർഡ്‌ സേൻട്രൽ ഫുഡ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിന്റെ
സഹായത്തോടെയാണ്‌ വെറ്റ്‌ പ്രോസസ്സിംഗിലൂടെ വെർജിൻ വെളിച്ചെണ്ണ
നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്‌. പത്ത്‌
സ്ഥാപനങ്ങൾ വെറ്റ്‌ പ്രോസസ്സിംഗ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌
പ്രവർത്തിക്കുന്നുണ്ട്‌. ഫിലിപ്പീൻസാണ്‌ വെർജിൻ വെളിച്ചെണ്ണയുടെ പ്രധാന
കയറ്റുമതി രാജ്യം. തായ്‌ലൻഡ്‌, ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ, ശ്രീലങ്ക,
വിയറ്റ്നാം, ഫിജി, പശ്ചിമ സമോവ എന്നീ രാജ്യങ്ങളും വെർജിൻ വെളിച്ചെണ്ണ
കയറ്റുമതി ചെയ്യുന്നുണ്ട്‌.
ഉണ്ടക്കൊപ്ര
തേങ്ങ 8 മുതൽ 12 മാസം വരെ തണലിൽ സൂക്ഷിച്ചതിനുശേഷമാണ്‌
ഉണ്ടക്കൊപ്രയുണ്ടാക്കുന്നത്‌. തേങ്ങാവെള്ളം ക്രമേണ വറ്റി കൊപ്ര ഉണങ്ങാൻ
തുടങ്ങുമ്പോൾ കുലുക്കി നോക്കിയാൽ കിലുങ്ങുന്ന ശബ്ദം കേൾക്കാവുന്നതാണ്‌.
അപ്പോൾ പൊതിച്ച്‌ ചിരട്ട അതീവ ശ്രദ്ധയോടെ പൊട്ടിച്ച്‌ കൊപ്ര
പുറത്തെടുക്കാം.

നല്ലവണ്ണം മൂപ്പെത്തിയ തേങ്ങ രണ്ട്‌ നിലയുള്ള കെട്ടിടത്തിൽ, മുകൾനിലയായി
തടികഷണങ്ങൾകൊണ്ട്‌ രണ്ട്‌ ഇഞ്ച്‌ അകലത്തിൽ കെട്ടിയ തട്ടിൽ നിരത്തി
സൂക്ഷിക്കുന്നു. തുടരെ ഇളക്കിക്കൊടുക്കുകയും ചെറുതായി പുകകൊള്ളിക്കുകയും
വേണം. സംഭരണസമയത്ത്‌ വെള്ളം വറ്റി കൊപ്ര ചിരട്ടയിൽ നിന്ന്‌ വിട്ട്‌
വരുന്നു.  ഇതിന്‌ 8 മുതൽ 12  മാസം വരെ വേണ്ടി വരുന്നു. നന്നായി
ഉണങ്ങിക്കഴിയുമ്പോൾ പൊതിച്ച്‌ ചിരട്ടപൊട്ടിച്ച്‌ ഉണ്ടക്കൊപ്ര
വേർതിരിക്കാം. ഇപ്രകാരം ലഭിക്കുന്ന കൊപ്ര നല്ല മധുരമുള്ളതും വെള്ള
നിറത്തോട്‌ കൂടിയതുമായിരിക്കും.  അതിനാൽ നല്ല വിലയും ലഭിക്കും.
ചിരട്ടയിൽ നിന്നുള്ള ഉൽപന്നങ്ങൾ
ചിരട്ടയിൽ നിന്ന്‌ ചിരട്ടപ്പൊടി, ചിരട്ടക്കരി, ആക്ടിവേറ്റഡ്‌ കാർബൺ
എന്നിവ നിർമ്മിക്കാം. ചിരട്ട പൾവറൈസറിലോ ബാൾ മില്ലുകളിലോ പൊടിച്ചാണ്‌
ചിരട്ടപ്പൊടി നിർമ്മിക്കുന്നത്‌. 12000 ചിരട്ടയിൽ നിന്ന്‌ ഒരു ടൺ
ചിരട്ടപ്പൊടി നിർമ്മിക്കാവുന്നതാണ്‌. ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ. ശ്രീലങ്ക
എന്നീ രാജ്യങ്ങളാണ്‌ പ്രമുഖ ചിരട്ടപ്പൊടി കയറ്റുമതിക്കാർ. ചിരട്ട
പൂർണ്ണമായി കത്തിപ്പോകാതെ കരിയാകുന്നതിനാവശ്യമായ വായുവിൽ കത്തിച്ചാണ്‌
ചിരട്ടക്കരി നിർമ്മിക്കുന്നത്‌. പരമ്പരാഗത രീതിയിൽ ചിരട്ടയുടെ 30 ശതമാനം
ഭാരത്തോളം മാത്രമേ കരി ലഭിക്കുകയുള്ളൂ. 1000 തേങ്ങയുടെ ചിരട്ടയിൽ നിന്ന്‌
35 കി.ഗ്രാം കരിയാണ്‌ ലഭിക്കുക. ചിരട്ടക്കരിയിൽ നിന്ന്‌ നിർമ്മിക്കുന്ന
ആക്ടിവേറ്റഡ്‌ കാർബണിൽ സൂഷ്മരന്ധ്രങ്ങൾ വളരെയേറെ ഉള്ളതിനാൽ ഏറ്റവും
മികച്ചതായി കണക്കാക്കുന്നു.

മേൽപ്പറഞ്ഞ ഉൽപന്നങ്ങളെ തെരഞ്ഞെടുത്തത്‌ ആഭ്യന്തരവിപണിയിലേയും
അന്താരാഷ്ട്ര വിപണിയിലേയും ഡിമാൻഡ്‌ കൂടി കണക്കിലെടുത്താണ്‌. കൂടാതെ,
നാളികേര വികസനബോർഡിൽ നിന്ന്‌ നാളികേര ടെക്നോളജി മിഷനിൽ ഉൾപ്പെടുത്തി
പ്രസ്തുത ഉൽപന്നങ്ങളുടെ നിർമ്മാണത്തിന്‌ സാമ്പത്തിക സഹായം നൽകാനും
ഉദ്ദേശിക്കുന്നു. മറ്റ്‌ ഉൽപന്നങ്ങളെകുറിച്ച്‌ അടുത്ത ലക്കത്തിൽ
പ്രതിപാദിക്കുന്നതാണ്‌. (തുടരും)
1. ഡയറക്ടർ 2. സീനിയർ ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...