യാത്രാനുഭവം/ഭയപ്പാടു വീണൊരു രാത്രി!!


ഗീത രാജന്‍
വെള്ളി നക്ഷത്രം  തുന്നി ചേര്‍ത്ത കറുത്ത കമ്പളം പുതച്ചു അവള്‍ ഉറങ്ങാന്‍ തുടങ്ങിയിരിക്കുന്നു !  എങ്ങും കനത്ത നിശബ്ദത !അതിനെ ലങ്കിക്കാനെന്നവണ്ണം   നിശാപക്ഷികളുടെ ചിറകടി ശബ്ദം ഇടയ്ക്കിടെ എത്തി നോക്കി!  കൂരിരുട്ടിനെ കീറി   മുറിച്ചു നീങ്ങുകയാണ്  ഞങ്ങളുടെ വാഹനം.  ഒരു  വശത്ത്  കറുത്ത കാട്... മറുവശത്ത് അഗാതമായ  താഴ്വര ....മലയോര     പാതയിലൂടെയുള്ള ആ യാത്ര ഒരിത്തിരി ഭയം ജനിപ്പിച്ചോ എന്നില്‍....?

അമേരിക്കയിലെ  സൌത്ത് കരോളിനയില്‍ നിന്നും 4 ഇന്ത്യന്‍ കുടുംബങ്ങളും 2 ഫിലിപ്യന്‍ സുഹൃത്ത്‌ കുടുംബവും ഞാനും അടങ്ങുന്ന 25    അംഗങ്ങള്‍  ടെനെസിയിലെ സ്മോകി മൌണ്ടെന്‍ കാഴ്ചകള്‍ കാണാനും രഫ്ടിംഗ് ഒരുഅനുഭവമാക്കാനും  പുറപ്പെട്ടതാണ്,     പ്രകൃതി  കനിഞ്ഞനുഗ്രഹിച്ച സ്മോകി മൌണ്ടെന്‍,   മലയോര സൗന്ദര്യവും കാടിന്റെ  ഭീകരതയും  കോര്‍ത്തിണക്കിയ ആകര്ഷ്ണ കേന്ദ്രം!!  പ്രകൃതി രമണീയമായ  സ്മോകി മൌണ്ടെനിലെ   സാഹസികതയും ഉല്ലാസ പ്രദവുമായ നിമിഷങ്ങള്‍ സ്വന്തമാക്കുവാന്‍   കുട്ടികളും  മുതിര്‍ന്നവരും  ഒരു പോലെ   ആകാംഷഭരിതരയിരുന്നു.! മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരുന്ന കാബിനില്‍ എത്തുമ്പോള്‍ വിചാരിച്ചതിലും വൈകിയിരുന്നു.

കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ഏതോ ഒരു പുതിയ  ലോകത്തില്‍ എത്തിപെട്ടത് പോലെ തോന്നി എനിക്ക്‌. ചുററും ഇടതൂര്‍ന്ന കാട്!! അതിനു നടുവിലായീ  ഭാര്‍ഗവിനിലയത്തെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ മന്ദിരം!  എവിടെ നിന്നോ ഒഴുകിയെത്തുന്ന ജലസംഗീതം !  കാട്ടുപൂക്കളുടെ   സുഗന്ധം   നിറഞ്ഞ  കുളിര്‍  കാറ്റു എന്നെ തഴുകി കടന്നു പോയീ...!!

കൊണ്ട് വന്ന സാധനങ്ങള്‍ എടുത്തു വയ്ക്കുന്ന തിരക്കിലായിരുന്നു സംഘാംഗങ്ങള്‍!..ഞാന്‍ എന്നെ തന്നെ മറന്നു പോയൊരു അവസ്ഥ !! എനിക്കായീ വെളിച്ചം ഏകാന്‍ പറന്നെത്തിയ ഒരു മിന്നാമിന്നി കൂട്ടം ..അതില്‍ ഒന്നിനെയെങ്കിലും എന്റെ    കൈവെള്ളയില്‍ ഒതുക്കാനുള്ള എന്റെ ശ്രമം.... ഒരു കുട്ടിയായീ മാറുകയായിരുന്നു ഞാന്‍ ..മിന്നാമിന്നികള്‍ എനിക്ക്‌ ചുററും നൃത്തം വക്കാന്‍ തുടങ്ങി.... എന്നോടൊപ്പം സംഘത്തിലെ കുട്ടികളും കൂടി..മിന്നാമിന്നി കൂട്ടം അവരിലും കൌതുകമുണര്‍ത്തി ....  മിന്നാമിനുങ്ങിനെ  പിടിക്കാനുള്ള ഞങ്ങളുടെ ശ്രമം...അതിന്റെ പിന്നാലെ ഓടുമ്പോള്‍..... ജലസംഗീതം തൊട്ടടുത്ത്‌ നിന്നും വരുന്നത് പോലെ തോന്നി എനിക്ക്‌.

" ദേ ഇവിടെ അടുത്തെവിടെയോ കാട്ടരുവിയുണ്ടെന്ന് തോന്നുന്നു.... " ഞാന്‍ വിളിച്ചു പറഞ്ഞു
"എടി കൊച്ചെ ..അങ്ങോട്ടൊന്നും പോകണ്ട....കരടി കൊണ്ട് പോകുമേ....."
കൂട്ടുക്കാരിയുടെ ഉപദേശം.... ഇത്തിരി നിരാശ തോന്നി...കൂരിരുട്ടു....കരടി മാന്‍  പമ്പ്  തുടങ്ങി  വന്യ മൃഗങ്ങള്‍  സ്വൈര്യ വിഹാരം നടത്തുന്ന കറുത്ത കാടാണ് ചുററും....കാറ്റിന്റെ സംഗീതം പോലും എത്ര ഭീകരമാണ് !  മെല്ലെ ഒരു ഭയം എന്നെ പിടികൂടുന്നത് ഞാനറിഞ്ഞു.....എന്നാലും ആ ജലസംഗീതത്തിന്റെ സ്രോതസ് അറിയാനുള്ള  ജിജ്ഞാസ അടക്കാന്‍ കഴിയുന്നില്ല...ഭയവും ആഗ്രഹവും തമ്മിലൊരു മല്ലയുദ്ധം നടക്കുന്നുണ്ട് മനസ്സില്‍....ഒടുവില്‍ ഭയം തന്നെ വിജയിച്ചു... കല്ലിലൂടെ ഒഴുകി വീഴുന്ന ആ ജലസംഗീതത്തെ അവഗണിച്ചു കൊണ്ട് ഞാനും വീടിനുള്ളിലേക്ക് നടന്നു....

 ഹാ ... അത്ഭുതം കൊണ്ട് വിടര്‍ന്നു പോയീ എന്റെ കണ്ണുകള്‍.. നീണ്ട ഇടനാഴിക്കൊടുവില്‍ എത്തിച്ചേര്‍ന്ന വിശാലമായ അകത്തളം, വൃത്തിയായീ അലങ്കരിച്ച ഭക്ഷണ മുറി... കൊത്തുപണികള്‍ നിറഞ്ഞ ചുവരുകള്‍.. ചിത്ര പണികള്‍ ചെയ്ത ദീപങ്ങളെ കൊണ്ട് സജ്ജീവമായ സ്വീകരണ മുറി,  വശത്തായീ സ്ഥാപിച്ചിരുന്ന ആട്ടു തൊട്ടില്‍... ..പുറത്തു നിന്നു കാണുമ്പോള്‍ പേടി തോന്നുന്ന നിഗുഡതകള്‍ നിറഞ്ഞ ഒരു മന്ദിരമായീ തോന്നിയിരുന്നെങ്കിലും.... ഉള്ളിലേക്ക്  കടന്നപ്പോള്‍  ആയിരം മെഴുതിരികള്‍ കത്തിച്ചു വച്ചത് പോലൊരു പ്രകാശം എന്റെ മനസിലേക്ക്  പകര്‍ന്നു നല്‍കി....വളരെ മോനോഹരമായീ സജ്ജീകരിച്ച കിടപ്പ് മുറികളും  ആകര്‍ഷണീയമായിരുന്നു
 ചെറു ചൂട് വെള്ളത്തില്‍ കുളിച്ചു...യാത്രാക്ഷീണം അകറ്റി...പുറത്തേക്ക വന്നപ്പോള്‍....ഫയര്‍ ക്യാമ്പിനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു ഫിലിപ്പ്യന്‍ സുഹൃത്തുക്കള്‍.... ഞാനും അവരോടോപ്പോം കൂടി... തീകൂട്ടി....അതിനു ചുററും കുട്ടികള്‍ നിരന്നു....വല്ലാത്ത ഒരു ഉത്സാഹത്തിലായിരുന്നു എല്ലാവരും....സാബുവിന്റെ പാട്ടും കുട്ടികളുടെ ഡാന്‍സും ക്യാമ്പ് ഫയര്‍ രസകരമായീ തീര്‍ത്തു.... പുറത്തു ഗ്രില്ല്ട് ചിക്കന്‍ ഉണ്ടാക്കുന്ന തിരക്കിലും വോട്കയുടെ ലഹരി നുണഞ്ഞും ചിക്കന്‍ കഴിച്ചും ഉല്ലാസമാക്കുകയായിരുന്നു  സംഘത്തിലെ പുരുഷന്മാര്‍... ..സ്ത്രികള്‍ വൈന്‍ നുണഞ്ഞു ചിക്കനും കഴിച്ചു.. പാട്ടിലും ഡാന്‍സിലും പങ്കെടുക്കുന്നുണ്ടായിരുന്നു...  എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു,, ബാര്ബീ ക്യു  ചിക്കെന്റെ മണം അന്തരീക്ഷതീലൂടെ ഒഴുകി നടക്കുകയാണ്.. പെട്ടന്ന് കാടിനുള്ളില്‍ നിന്നൊരു ശബ്ദം...
" അയ്യോ.. എന്തോ ഒരു ശബ്ദം..."
ആദ്യം തോന്നിയത് ഏതോ വാഹനം പോകുന്ന ഇരമ്പല്‍ പോലെ...വീണ്ടുമൊരു ശബ്ദത്തിനായീ എല്ലാവരും കാതോര്‍ത്തു... ഇല്ല ഒന്നുമില്ല....പലപല അഭിപ്രായങ്ങള്‍ക്കൊടുവില്‍ മലയോരത്തിലൂടെ പോയ വാഹനമായിരിക്കും എന്ന് ഉറപ്പിച്ചു.. വീണ്ടും ഉല്ലാസത്തിന്റെ നിമിഷങ്ങള്‍ കൊഴിഞ്ഞു വീഴുകയായിരുന്നു വീണ്ടും     അമറല്‍.... !   തൊട്ടടുത്തെന്ന പോലെ.....വളരെ വ്യകതമായീ കേട്ടു..ഭയത്തിന്റെ തണുപ്പ് കാലിലൂടെ അരിച്ചെത്തുന്നത്‌ ഞാന്‍ അറിഞ്ഞു....
"എല്ലാവരും വേഗം അകത്തേക്ക് പോകു....ഇവിടെ അടുത്ത് എവിടെയോ കരടി ഉണ്ട്...."
കുറെ കൊല്ലം വന്യ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ജോ ചേട്ടന്‍ വിളിച്ചു പറഞ്ഞു.. വന്യ മൃഗ സാന്നിധ്യം ഗന്ധത്തിലൂടെ മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നു ജോ ചേട്ടന് ...ആകെ പേടിച്ചു പോയ നിമിഷങ്ങള്‍....പിന്നെ കൈയില്‍ കിട്ടിയതൊക്കെ എടുത്തു അകത്തേക്ക് ഓടുകയായിരുന്നു...ഫയര്‍ ക്യംപിനായീ ഒരുക്കിയ തീയില്‍ കുറച്ചു കൂടി മരകഷണങ്ങള്‍ ഇട്ടു മണ്ണെണ്ണ ഒഴിച്ച് തീയുടെ ശക്തി കൂട്ടിയിട്ടാണ് പുരുഷന്മാര്‍ അകത്തേക്ക് വന്നത്.....
" ദേ ഇവിടെ കരടി...."  ഫിലിപ്പ്യന്‍ സുഹൃത്തിന്റെ ശബ്ദം....എല്ലാവരും ആ ഭാഗത്തേക്ക്‌ ഓടി.... ഹൃദയമിടിപ്പിന്റെ ശബ്ദം പോലും കേള്‍ക്കാമായിരുന്നു ...കുട്ടികള്‍ പോലും ശബ്ദിക്കാന്‍ മറന്നു പോയത് പോലെ....  ജനലിലൂടെ പുറത്തേക്കു നോക്കി ...കൂരിരുട്ടു....ഒന്നും കാണാനില്ല....ഒരു നിമിഷം....തീയുടെ വെളിച്ചത്തില്‍.. ഇലകള്‍ക്കിടയിലൂടെ മിന്നിമറയുന്നൊരു   രൂപം. .."അയ്യോ....കരടി....."   വിളിച്ചു പോയീ....കരടിയുടെ മുരള്‍ച്ച കേള്‍ക്കാമായിരുന്നു.....   കാടിന്റെ അനക്കം..... അവ്യകതമായീ... അകന്നു പോകുന്നത് പോലെ.....
" ചിക്കന്‍ മണത്തു എതിയതാണെന്ന് തോന്നുന്നു..... തീ കാരണമായിരിക്കും ഇങ്ങോട്ട് വരണ്ടിരുന്നത്...എന്തായാലും അതു നന്നായീ...എന്തായാലും ഇനി ആരും ഇവിടെ നില്‍ക്കണ്ട... റൂമിലേക്ക്‌ പൊയ്ക്കൊള്...."  ജൊ ചേട്ടന്റെ നിര്‍ദേശം.....

റൂമിലേക്ക്‌ പോയീ ഉറങ്ങാന്‍ ഒരു ശ്രമം ... ...എപ്പോള്‍ വേണമെങ്കിലും എല്ലാം തകര്‍ത്തു അകത്തേക്ക് വരാവുന്ന ഒരു കരടിയെ പ്രതീക്ഷിച്ചെന്ന പോലെ ഉറക്കം അകലേക്ക്‌ മാറി നിന്നു...മരണത്തെ എത്രമാത്രം ഭയക്കുന്നു മനുഷ്യന്‍ ... ജീവിക്കാനുള്ള  അതിയായ  കൊതിയല്ലേ   ഈ ഭയത്തിനു പിന്നില്‍.!  ഒരു ചെറിയ അനക്കം പോലും ഞെട്ടല്‍ ഉണ്ടാക്കുന്ന ഒരവസ്ഥ....വിറയാര്‍ന്ന നിമിഷങ്ങള്‍ കടന്നു പോയീ....എപ്പോഴോ ഞാനൊന്നു മയങ്ങിയോ....ആരുടെയൊക്കെയോ ശബ്ദം കേട്ടുണരുമ്പോള്‍ ഭയം വിട്ടുമാറിയിരുന്നില്ല....കഴിഞ്ഞു പോയ ആ  രാത്രി...നടുക്കുന്ന ഒരോര്‍മ്മയായി എന്നും സൂക്ഷിച്ചു വക്കാന്‍ ഉല്ലാസവേളയില്‍   ഭയപാടു വീണൊരു  വിറയാര്‍ന്ന രാത്രി.....!!!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?