14 Dec 2011

യോഗിനിയമ്മ


ബി. പ്രദീപ് കുമാർ



പട്ടണത്തിലെങ്ങും കമാനങ്ങളും ഫ്ലെക്സ് ബോഡുകളും തോരണങ്ങളും നിറഞ്ഞു. ആകെ ഒരു ഉത്സവഛായ. അവിടമാകെ
ഉത്സാഹം നിറഞ്ഞുകവിഞ്ഞതുപോലെ. യോഗിനിയമ്മ പട്ടണത്തിലെത്താൻ ഇനി മൂന്നു നാളുകൾ മാത്രം. ഇപ്പോഴേ അവിടെ
തിരക്കു വർദ്ധിച്ചിരിക്കുന്നു. യോഗിനിയമ്മയുടെ ആസന്നമായ സന്ദർശനം പട്ടണവാസികളിലാകെ ആഹ്ലാദം നിറച്ചിരിക്കുന്നു.

വിശാലമായ മുനിസിപ്പൽ മൈതാനത്താണു് യോഗിനി ഭക്തർക്കു് ദർശനം നൽകുന്നത്. അതിനുവേണ്ടിയുള്ള വിശാലമായ
പന്തൽ നിർമ്മിച്ചുകൊണ്ടിരിക്കുകയാണു്. പൂർണ്ണമായും ശീതീകരിച്ച പന്തലാണു നിർമ്മിക്കുന്നതെന്ന് പ്രത്യേകം പറയേണ്ട
ആവശ്യമില്ലല്ലോ. പന്തൽ നിർമ്മാണം ഏതാണ്ട് അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്.

മൈതാനത്തിനു ചുറ്റും ആളുകൾക്കു് വൈകുന്നേരം വന്നിരുന്ന് കാറ്റുകൊള്ളാനും സൊറപറയാനുമായി നിർമ്മിച്ചിട്ടുള്ള കൽക്കെട്ടിൽ
പതിവിൽക്കൂടുതൽ ആളുകൾ വന്നിരിപ്പുണ്ട്. നിർമ്മാണം തീർന്നുകൊണ്ടിരിക്കുന്ന പന്തലിനെ അഭിമുഖീകരിച്ചാണു് അവരെല്ലാം
ഇരിക്കുന്നതു്. വെയിലാറിയെങ്കിലും സന്ധ്യയാവാൻ ഇനിയും ധാരാളം സമയമുണ്ട്.

"ഈ യോഗിനി ഒരു മഹാത്ഭുതം തന്നെയാണു്, അല്ലേ?," രാജേഷ് തന്റെ സ്നേഹിതനോടു ചോദിച്ചു.

രാജേഷും സുഹൃത്തായ കൃഷ്ണചന്ദ്രനും മൈതാനത്തിനുചുറ്റുമുള്ള കൽക്കെട്ടിൽ ഒരിടത്തു് ഇരിക്കുകയായിരുന്നു. കൃഷ്ണചന്ദ്രൻ മാസ്
കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയായിരുന്നു. ആ പട്ടണത്തിൽ പൊതുവേ നിറഞ്ഞുനിന്നിരുന്ന ആഹ്ലാദവും ആവേശവും അവരുടെ
ഉള്ളിലും നിറഞ്ഞിരുന്നു. അതുതന്നെയാണു് രാജേഷിനെക്കൊണ്ട് കൃഷ്ണചന്ദ്രനോടു് ഈ ചോദ്യം ചോദിപ്പിച്ചതു്. യോഗിനിയുടെ,
ഉടനെയുണ്ടാവാൻപോകുന്ന സന്ദർശനത്തെക്കുറിച്ചുള്ള അറിവുതന്നെ എല്ലാവരേയും ഇളക്കിമറിച്ചിരിക്കുന്നു. അതു് ഒരു അത്ഭുതം
തന്നെയല്ലേ?. യോഗിനിയെന്ന ആ അത്ഭുതത്തിന്റെ ഒരു ചെറിയ അംശമാണു് മുന്നോടിയായി അവിടെയാകമാനം
തൂവിയിരിക്കുന്നതു്.

"അവർ ഒരു അത്ഭുതം തന്നെയാണു്," കൃഷ്ണചന്ദ്രൻ സമ്മതിച്ചു. തുടർന്നു് അയാൾ പറഞ്ഞു,
"ആ അത്ഭുതത്തെ അടുത്തുചെന്ന് കൂടുതൽ അറിയണമെന്നാണു് എന്റെ ആഗ്രഹം."

"എന്നുവച്ചാൽ?," രാജേഷ് ചോദിച്ചു.

"എന്നെങ്കിലും എനിക്കു് ഈ യോഗിനിയെ ഇന്റർവ്യൂ ചെയ്യണം."

"പൊന്നുമോനേ, നീ ആരാണെന്നാ വിചാരം?," രാജേഷ് പരിഹസിച്ചു.

"ആരെങ്കിലുമാവും ഞാൻ. പഠിത്തമെല്ലാം കഴിഞ്ഞ് നല്ലൊരു ടി.വി.ജേർണ്ണലിസ്റ്റാവും. ഞാനൊന്നു് ഇന്റർവ്യൂ ചെയ്തുകിട്ടാൻ
മഹാന്മാർ വരെ ആഗ്രഹിക്കുന്ന കാലം വരുമെടോ."

"വരും, വരും. കോഴിക്കു മുല വരുന്നതുപോലെ," രാജേഷ് അയാളെ കളിയാക്കി, "അഥവാ താൻ
അങ്ങനെയൊക്കെയായിത്തീർന്നാലും തന്റെയീ ആഗ്രഹം നടക്കാൻ പോകുന്നില്ല. കാരണം, അവർ ആർക്കും ഇന്റർവ്യൂ
കൊടുക്കാറില്ല എന്നറിഞ്ഞുകൂടേ?"

"അതിരിക്കട്ടെ, ആളുകളെല്ലാം ഈ യോഗിനിയെ ഒരു ദൈവത്തെപ്പൊലെയാണല്ലോ കരുതുന്നത്. അതിനെക്കുറിച്ച് നീ എന്തു
പറയുന്നു?. നിനക്ക് ഈ ദൈവത്തിൽ വിശ്വാസമുണ്ടോ?," കൃഷ്ണചന്ദ്രൻ ആരാഞ്ഞു.

രാജേഷ് ഒരു നിമിഷം ചിന്തിച്ചിട്ടു പറഞ്ഞു, "ഒരു ദൈവമെന്നപോലെ യോഗിനിയമ്മയെ വിശ്വാസമുണ്ടോ എന്നു
ചോദിച്ചാൽ, ഉണ്ടു് എന്നു് എനിക്കു പറയേണ്ടിവരും. അവരിൽ ഒരു അമാനുഷിക ശക്തി ഇല്ലേ?. അല്ലെങ്കിൽ ഈ
ലക്ഷക്കണക്കായുള്ള ആളുകൾ എന്തിനു് ഇവരെ തേടിയെത്തണം?. അവരുടെ ദർശനത്തിൽ എങ്ങനെയാണു്
പ്രക്ഷുബ്ധമനസ്സുകളിൽ ശാന്തി നിറയുന്നത്?. ഒരു ദിവ്യത്വം യോഗിനിയമ്മയിൽ നിറഞ്ഞു നിൽക്കുന്നു. അപ്പോൾ അവർ
ദൈവമാണെന്നു കരുതിക്കൂടേ?"

"ദൈവമായിട്ടു് എന്തിനു കരുതണം, അവർ ഒരു മനുഷ്യസ്ത്രീതന്നെ അല്ലേ?. അവർ ദൈവമാണെന്നു പറയുന്നതിനോടു് എനിക്കു
യോജിപ്പില്ല. പക്ഷെ ഞാൻ അവരെ മാനിക്കുന്നു, അവർ ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനത്തെ മുൻനിർത്തി.
ആൾദൈവങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. യഥാർത്ഥ ദൈവത്തിൽ മാത്രമേ എനിക്കു വിശ്വാസമുള്ളു."

"അതായതു്, കൺമുൻപിൽ കാണാവുന്ന, കൈനീട്ടി തൊടാവുന്ന ദൈവത്തെയല്ല, മറിച്ചു് സങ്കൽപ്പിക്കാൻ മാത്രം കഴിയുന്ന
ദൈവത്തിൽ മാത്രമേ നിനക്കു വിശ്വാസമുള്ളു എന്നു്, അല്ലേ?," രാജേഷ് വിടാൻ ഭാവമില്ലായിരുന്നു.

"സോറി സാർ, ഇതിനെക്കുറിച്ചു് ഒരു വാദപ്രതിവാദത്തിനൊന്നും ഞാൻ തയ്യാറല്ല. ഇതു് എന്റെ വിശ്വാസമാണു്. നിന്റെ
വിശ്വാസം എന്തുമായിക്കൊള്ളട്ടെ. അതിനെയും ഞാൻ എതിർക്കുന്നില്ല. എന്റെ വിശ്വാസം എനിക്കു നല്ലതു്. നിന്റേതു നിനക്കും.
അപ്പോൾ തർക്കം തീർന്നില്ലേ?."

രാജേഷ് മറുപടി പറയാതെ ചിരിച്ചതേയുള്ളു.

"എങ്കിലും അവരുടെ അടുത്തു ചെന്നു് അനുഗ്രഹം വാങ്ങാൻ ആഗ്രഹമുണ്ടു്. ആ ദിവ്യസ്പർശത്തിൽ ഒളിഞ്ഞിരിക്കുന്നതു് എന്തു
മായാജാലമാണെന്നു് അറിയാൻമാത്രം," കൃഷ്ണചന്ദ്രൻ കൂട്ടിച്ചേർത്തു.

"അതു ബുദ്ധിമുട്ടാവും കുട്ടാ. കാരണം ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പാസു വച്ചാണു ദർശനം. ആവശ്യക്കാരെല്ലാം ഇതിനകം
പാസു വാങ്ങിച്ചുകാണും. നമുക്കു പാസൊന്നും ഇല്ലല്ലോ."

യോഗിനിയമ്മ എത്തുന്ന ദിവസം പട്ടണം അക്ഷരാർത്ഥത്തിൽ ഒരു ജനസാഗരമായി മാറി. അതിനുള്ളിലെവിടെയോ രാജേഷും
കൃഷ്ണചന്ദ്രനും ഉണ്ടായിരുന്നു. രാജകീയമായ വരവേൽപ്പായിരുന്നു യോഗിനിക്കു്. ഹംസരഥത്തിലേറ്റിയാണു് പട്ടണവീഥിയിലൂടെ
അവരെ സമ്മേളനസ്ഥലമായ മുനിസിപ്പൽ മൈതാനത്തേക്കു് ആനയിച്ചതു്. അതു് കാണേണ്ട കാഴ്ചതന്നെ ആയിരുന്നു.
യോഗിനിയുടെ ദിവ്യതേജസ് പട്ടണമാകെ പ്രഭ ചൊരിഞ്ഞുനിന്നു.

റോഡരികിൽ നടപ്പാതയുടെ കൈവരിയിൽ പിടിച്ചുകൊണ്ട് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു അവർ രണ്ടുപേരും.
യോഗിനിയമ്മ ജനക്കൂട്ടത്തിനുനേരെ കൈ ഉയർത്തി അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് ഹംസരഥത്തിൽ എഴുന്നള്ളുന്നു. ജനം
ആവേശാരവം മുഴക്കുന്നു. രാജേഷും കൃഷ്ണചന്ദ്രനും നിന്നതിന്റെ അടുത്തുകൂടിയാണു് രഥം കടന്നുപോയതു്. അങ്ങനെ യോഗിനിയെ
വളരെ അടുത്തുനിന്നു കാണുവാൻ അവർക്കു് അവസരമുണ്ടായി. രഥത്തിനു പിന്നാലെ ജനം ആരവത്തോടെ മുനിസിപ്പൽ
മൈതാനത്തിലേക്ക് ഒഴുകി. രഥം കടന്നുപോയിക്കഴിഞ്ഞിട്ടും കൃഷ്ണചന്ദ്രൻ അവിടേയ്ക്കുതന്നെ മതിമറന്നു
നോക്കിക്കൊണ്ടിരിക്കുകയായിരുന്
നു. രാജേഷ് അയാളെ തോണ്ടിവിളിച്ചിട്ടു ചോദിച്ചു,

"ഹലോ എന്തായിതു്, യോഗിനിയമ്മയുടെ പ്രഭാവലയത്തിൽപ്പെട്ടു മയങ്ങി നിൽക്കുകയാണോ?"

"അല്ലെടോ, താൻ അവരുടെ മുഖം സൂക്ഷിച്ചുനോക്കിയോ?"

"നോക്കി"

"എന്നിട്ട് എന്തു കണ്ടു?"

"ആ മുഖത്തിനു നല്ല തേജസുള്ളപോലെ തോന്നി. അതിരിക്കട്ടെ, താൻ എന്തു കണ്ടു?"

"അവരുടെ മുഖത്തിനു നല്ല തേജസ് ഉണ്ട്, ശരിതന്നെ. പക്ഷെ പൂർണ്ണചന്ദ്രന്റെ മുൻപിൽക്കൂടി കടന്നുപോകുന്ന കുഞ്ഞു
കാർമേഘംപോലെ എന്തോ ഒരു നിഴൽ ആ തേജസിനു മുൻപിൽക്കൂടി ഒരു നിമിഷനേരത്തേയ്ക്കു കടന്നുപോയതുപോലെ."

"ഹ ഹ ഹ കൊള്ളാം. താൻ ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ആവാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. പൂർണ്ണചന്ദ്രനും
കാർമേഘവും. ക്ലീഷേ ആണെങ്കിലും തനിക്കു കവിഹൃദയവുമുണ്ടെന്നു തോന്നുന്നു. അതിരിക്കട്ടെ ഈ കാർമേഘം എന്തിന്റെ
പ്രതീകമാണാവോ?"

"അറിയില്ല. ഞാൻ യോഗിനിയോടു നേരിട്ടു ചോദിക്കണമെന്നാണു വിചാരിക്കുന്നത്."

"എപ്പോൾ?"

"ഞാൻ അവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ."

"അപ്പോൾപ്പിന്നെ അതറിയാൻ കഴിയും എന്നുള്ള വിശ്വാസമൊന്നും എനിക്കില്ല. യോഗിനിയമ്മയെ ഇന്റർവ്യൂ ചെയ്യാൻ
പോകുന്നുപോലും, ചിരിക്കാതെന്തു പറയാൻ, വട്ടാണല്ലേ?"

"അതൊക്കെ നടക്കുമെടോ"


യോഗിനിയമ്മയെ നമസ്കരിച്ച് കാലുകൾ തൊട്ടുതൊഴുതതിനുശേഷം കൃഷ്ണചന്ദ്രൻ താഴെ പരവതാനിയിൽ ഒരുക്കിയിരുന്ന
ഇരിപ്പിടത്തിൽ ഇരുന്നു. അയാൾ അതിയായി ആഗ്രഹിച്ചിരുന്ന ഇന്റർവ്യൂ ആരംഭിക്കാൻ പോവുകയാണു്. അതെ, അയാൾ
യോഗിനിയമ്മയുമായി അഭിമുഖസംഭാഷണം നടത്തുവാൻ പോകുന്നു.

തനിക്കു ചോദിക്കുവാനുള്ള ചോദ്യങ്ങൾ അയാൾ കരുതിവച്ചിരുന്നു. നല്ലതുപോലെ ഗൃഹപാഠം ചെയ്തിട്ടാണു് വന്നിരിക്കുന്നതു്.
ചോദ്യങ്ങൾ ഓരോന്നായി ചോദിക്കാൻ തുടങ്ങി. യോഗിനിയമ്മ ഓരോന്നിനും ദീർഘമായ മറുപടി കൊടുത്തു. അവരുടെ മുഖത്തു്
എപ്പോഴോ അതിദ്രുതം കടന്നുപോയ കുഞ്ഞുകാർമേഘത്തെക്കുറിച്ചും അയാൾ ആരാഞ്ഞു. അതിനെക്കുറിച്ച് അവർ നേരിട്ട് ഒരു
മറുപടി പറഞ്ഞില്ലെങ്കിലും ചില സൂചനകൾ കൊടുത്തു. കൃഷ്ണചന്ദ്രനു് കാര്യങ്ങൾ മനസ്സിലാക്കാൻ അവ ധാരാളം മതിയായിരുന്നു.

തന്റെ ഊഹം ശരിയായിരുന്നുവെന്നു് അയാൾക്കു മനസ്സിലായി. പാവം യോഗിനിയമ്മ. അവർ സ്വതന്ത്രയല്ല. അവരുടെ
കാര്യങ്ങൾ അവരല്ല തീരുമാനിക്കുന്നതു്. അതെല്ലാം മറ്റുള്ളവരാണു് ചെയ്യുന്നതു്. അവർക്കതിൽ ഒന്നും ചെയ്യാൻ കഴിയില്ല.
അവരുടെ സന്ദർശനങ്ങളും മറ്റു കാര്യപരിപാടികളും മറ്റുള്ളവർ തീരുമാനിക്കുന്നു. അവർ അതു് അനുസരിക്കുന്നു. യോഗിനിയുടെ
അഭിപ്രായമോ ഇഷ്ടാനിഷ്ടമോ ആരും അന്വേഷിക്കാറില്ല. ഒരു പാവയെപ്പോലെ ആരുടെയൊക്കയോ ചരടുവലികൾക്കൊപ്പിച്ചു്
അവർ ചലിക്കുന്നു. തന്റെ മുൻപിൽ വരുന്ന ഭക്തജനങ്ങൾ തന്റെ തലോടലിൽ അനുഭവിക്കുന്ന സാന്ത്വനം-അതു് കാണുമ്പോൾ
എല്ലാം മറന്നു് യോഗിനി സംതൃപ്തിയടയുന്നു, പാവം. പ്രദർശനത്തിനായി സ്വർണ്ണക്കൂട്ടിലടയ്ക്കപ്പെട്ട ഒരു കിളി.

ഉറക്കത്തിൽനിന്ന് ഉണർന്നപ്പോഴാണു് കൃഷണചന്ദ്രനു് മനസിലായതു് താൻ യോഗിനിയമ്മയെ ഇന്റർവ്യൂ ചെയ്തതു്
സ്വപ്നത്തിലായിരുന്നുവെന്നു്. അതൊരു സ്വപ്നം മാത്രമായിരുന്നോ?. അതോ ഉറക്കത്തിൽ യോഗിനി തനിക്കു ദർശനം
നൽകിയതായിരിക്കുമോ?. അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മ യാഥാർത്ഥ്യമായിരിക്കുമോ?.
മൊബൈൽ : 9446115997
..................

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...