14 Jan 2012

2012 ല്‍ ലോകാവസാനം? ജസ്റ്റ് ഡിസംബര്‍ ദാറ്റ്….

ഷാജി കെ മൊഹമ്മദ്

കോട്ടയത്തെ മാത്തുകുട്ടിചായന്റെയും, വറുഗീസ് മാപ്പിളയുടെയും മാത്രമല്ല കോഴിക്കൊട്ടങ്ങാടിയിലേക്ക് വയനാടന്‍ ചുരമിറങ്ങി വരുന്ന വീരേന്ദ്ര കുമാറിന്റെയും , ചാലിയാര്‍ പുഴ കടന്നെത്തിയ ആരിഫലി മൊതലാളിയുടെയും ഒക്കെ പത്രങ്ങള്‍ക്കു കലണ്ടര്‍ എങ്ങനെയാവണമെന്നു നല്ല നിശ്ചയമാണ്. ജനനം മുതല്‍ മരണം വരെയുള്ള സകല കലാപരിപാടികള്‍ക്കും ഈ കലണ്ടറുകളില്‍ നിന്നും നാള് കുറിച്ചെടുത്തു വേണം തുടങ്ങാന്‍ എന്നാണല്ലോ. ജ്യോതിഷം, നക്ഷത്രം, അടിയന്തിരം, ജയന്തി, സമാധി, സംക്രാന്തി, ആവണി, അവിട്ടം, മുഹറം, സ്വലാത്ത്, പള്ളിപ്പെരുന്നാള്‍, ഓശാന, സ്കൂള്‍ തുറക്കല്‍/അടക്കല്‍ തുടങ്ങി ഞമ്മളെ വടക്കേതിലെ കുഞായിഷ താതാന്റെ മോളെ പേറ്റിനു കൂട്ടി കൊണ്ട് വരാന്‍ വരെ മേല്‍ ജാതി കലണ്ടറുകള്‍ വേണമെന്നായിരിക്കുന്നു.


മുമ്പേതോ ഒരു ആണ്ടറുതിക്ക് ജൂണ്‍ ഒന്നാം തിയ്യതി ചൊവ്വാഴ്ച വന്നത്രേ, ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തില്‍ കയറിയ അന്നത്തെ വിദ്യഭ്യാസ മന്ത്രിക്ക് അന്ന് ചൊവ്വാ ദോഷമായി തോന്നി. സ്കൂള്‍ തുറക്കല്‍ ബുധനാഴ്ചയിലേക്ക്‌ മാറ്റാന്‍ കഴിഞ്ഞതും ഈ കലണ്ടര്‍ കൊണ്ട് തന്നെ. പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരില്‍ നിന്നും നാളെഴുതി വാങ്ങി, വാരഫലം നോക്കി കാര്യങ്ങള്‍ മുറക്ക് നടത്താറുള്ള ആ ലീഗ് മന്ത്രി മാര്‍ച് 24 രണ്ടാം ശനിയാണെന്നു പറഞ്ഞപ്പോള്‍ മുമ്പിലിരിക്കുന്ന പത്രക്കാര്‍ അത് തിരുത്തിച്ചതും അതെ കലണ്ടര്‍ കൊണ്ട് തന്നെ. ഒരധ്യയനം പൂര്‍ത്തിയാക്കാനുള്ള ആയുസ്സ് ആ മന്ത്രിക്കസേരക്ക് ഉണ്ടായിരുന്നെങ്കില്‍ ഫെബ്രുവരി മാസത്തില്‍ മുപ്പതാം തിയ്യതിയും ആ മന്ത്രി കൊണ്ട് വരുമായിരുന്നു. പടച്ചോന്‍ കാത്തു…

ഏതായാലും ഒരു കലണ്ടര്‍ കൂടി മാറുന്നു..2012 ന്റെ പുത്തന്‍ കലണ്ടര്‍ ചുമരുകളില്‍ സ്ഥാനം പിടിക്കാന്‍ പോകുന്നു, അത് മാതുകുട്ടിചായന്റെ മനോരമയോ, വീരേന്ദ്ര ഗൌടരുടെ മാതൃഭൂമിയോ, ആരിഫലി അമീറിന്റെ മാധ്യമമോ ഏതായാലും ആ അമേരിക്കയിലെ മായന്റെ കലണ്ടറിന്റെ ഏഴയലത്ത് വരില്ലെന്റെ ‘മാ’ ലോകമേ… ജയന്തിയും സമാധിയും, നാളും, നക്ഷത്രങ്ങളും കുറിക്കുന്ന മ കലണ്ടറുകളെ നാണിച്ചോളൂ..മായന്‍ കലണ്ടര്‍ ലോകാവസാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.. അതും 2012 ല്‍…ങ്ങ്ഹാ ഹ ഹാ…കലണ്ടര്‍ മായന്‍ തന്നെ.
ഞമ്മളെ ജോര്‍ജ് ബുഷിന്റെയും, ബില്‍ ക്ലിന്ടണിന്റെയും, ഒബാമയുടെയും ഒക്കെ നാട്ടില്‍ നിന്നാണ് ഈ മായന്‍ കലണ്ടറിന്റെ ലോകാവസാന പ്രഖ്യാപനം… തെക്കേ അമേരിക്കയിലെ മായന്‍ വിശ്വാസക്കരുടെതാണ് ഈ കലണ്ടര്‍. കലണ്ടര്‍ പ്രകാരം 2012 ഡിസംബര്‍ 21 ല്‍ ലോകം അവസാനിക്കുമത്രെ, റബ്ബുല്‍ ആലമീനായ തമ്പുരാനെ എന്ത് കൂട്ടം കാര്യങ്ങള്‍ ബാക്കി വെച്ചാണ് ഞമ്മളീ ബൂലോകത്ത് ചുറ്റിത്തിരിയുന്നത്.. ഫെയിസ് ബുക്ക്‌, ബ്ലോഗ്‌, നിംബസ്, ട്വിട്ടര്‍..മണ്ണാംകട്ട! എല്ലാം കൂടി ഇപ്പോള്‍ അവസാനത്തെ അത്തഹിയ്യാത്തില്‍ വുളു മുറിഞ്ഞ മാതിരിയായി..ഇക്കൊല്ലം മേയിലാണ് ഫെയിസ്ബൂകില്‍ അക്കൌണ്ട് തുടങ്ങി ഈലോകത്ത് വന്നത്.


തൊട്ടടുത്ത മാസത്തില്‍ തന്നെ ബൂലോകത്തും കാലുകുത്തി..കൂടെ ജോലി ചെയ്യുന്ന സജാദ് എന്ന ബ്ലോഗു വായനക്കാരനാണ് അന്ന് ബ്ലോഗു പരിചയപ്പെടുത്തിയത്.. ഫെയിസ്ബൂക്കില്‍ കയറി കസേരയിട്ട് കയ്യും കാലും നീട്ടി ഇരിക്കുന്ന പല മാന്യന്മാരുടെയും കമന്റുകളും, പോസ്റ്റുകളും കണ്ടു അന്താളിച്ചതായിരുന്നു, ഞമ്മക്ക് ചങ്ങായിമാരെ കിട്ടണെങ്കില്‍ പല ജാതി പൊടിക്കൈകളും പയറ്റണമല്ലോ, ബ്ലോഗില്‍ ഞമ്മളെ ആരെങ്കിലും ഒന്ന് എത്തി നോക്കണമെങ്കിലും വേണം ചില്ലറ മരുന്നുകള്‍..അങ്ങനെ പലതരം ഉടായിപ്പുകളും പയറ്റിയിട്ടു..ഒന്ന് കുമ്പസാരിക്കാന്‍ പോലും സമയം തരാതെ ഇത്ര പെട്ടന്ന് ലോകമവസാനിക്കുകയോ…ഇത് വല്ലാത്ത ചതിയായി പോയി എന്റെ മായനെ.


2012ന്റെ അന്ത്യത്തോടെ ആകെലോകത്തിന്റെയും മൊത്തം ടോട്ടലും ഒരു കാറ്റായോ, സുനാമിയായോ, പ്രളയമായോ കുത്തിയൊലിച്ചു പോകുമ്പോള്‍ എന്റെ ബ്ലോഗ്‌, ഫെയിസ്ബുക്ക്.. മ ഗ്രൂപ്പ്..എന്റെ ഉടയ തമ്പുരാനെ..ആലോചിക്കാന്‍ വയ്യേ…ആ മായന്‍ കലണ്ടരുകാര്‍ക്ക്‌ ഞമ്മളെ അയലത്തെ ആമിനത്താതാന്റെ മോന്‍ മായന്റെ പോലെ മുഴുപ്പിരാന്തു വല്ലതും ആയാല്‍ മതിയായിരുന്നു, അതല്ലെങ്കില്‍ ഞമ്മളെ ഉണ്ണികൃഷ്ണ പണിക്കര് പണ്ട് ജയമാലയെ കൊണ്ട് പറയിപ്പിച്ച പോലെ ഒബാമയോ, ബുഷോ, വല്ല അമേരിക്കന്‍ പണിക്കന്മാരെ കൊണ്ട് പറയിപ്പിക്കുന്നതോ ആയിരുന്നെങ്കില്‍… ഒരു നാള്‍ ഞാനും, ബെര്‍ളിയെ പോലെ വളരും വലുതാകും…എന്റെ ബ്ലോഗിന്റെ ആ പരസ്യഗാനം മനസ്സില്‍ ഒരു തേങ്ങലായി അലയടിച്ചു കൊണ്ടിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ജപ്പാനിലുണ്ടായ സുനാമി ലോകാവസാനത്തിന്റെ മുന്നോടിയായിരുന്നുവെന്ന് കൂടി കേട്ടപ്പോള്‍ ഭയം ഇരട്ടിയായി. 2012 ല്‍ ഈ കലണ്ടര്‍ പ്രകാരം ഗ്രൈറ്റ്‌ സൈക്കിള്‍ എന്ന അവസ്ഥ സംജാതമാകുമത്രേ..ലതായത് ബിസി 236 ലെങ്ങാണ്ട് ജീവിച്ചു മരിച്ചു പണ്ടാരടങ്ങിപ്പോയ ഏതോ ഒരു മഹാന്‍ ആ അവസ്ഥയെ ലോകാവസാനമായി പ്രവചിച്ചിട്ടുണ്ടാത്രേ.. പരപ്പനാടന്‍ ബ്ലോഗിന്റെ വളര്‍ച്ചയില്‍ അസൂയയുള്ള ഒരു ബ്ലോഗറാണ് ഇത് പറഞ്ഞിരുന്നതെങ്കില്‍ അയാളെ കമന്റിട്ടു കൊല്ലാമായിരുന്നു..ആയിരക്കണക്കിന് കൊല്ലങ്ങള്‍ക്ക് മുമ്പ് ഈ മഹാന്‍ വല്ല ബ്ലോഗും നടത്തി തുലയാന്‍ നേരം കുറെ ലൈകും കമന്റും കിട്ടാന്‍ ലോകാവസാനം ഒരു പോസ്ടാക്കിയതാണോ? എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.


സൂര്യനും ഭൂമിയും ഗാലക്ടിക് ഇക്വേട്ടര്‍ എന്ന സങ്കല്‍പ്പരേഖയും ഒരുമിക്കുന്ന ഒരപൂര്‍വ്വ സംഗമം 2012 ല്‍ ഉണ്ടാവാന്‍ പോകുന്നു..ഈ സംഗമത്തോടെ സൂര്യനും, ബ്ലാക്ക് ഹോളും തമ്മിലുണ്ടാകുന്ന ഒരു പ്രത്യേക വലയം ഭൂമിയുടെ നിലനില്‍പ്പിനെ തകിടം മറിക്കുമെന്നാണ് ഈ അമേരിക്കന്‍ മായന്‍ ആണയിടുന്നത്.. എല്ലാം കൂടി കേട്ടപ്പോള്‍ സുനാമിത്തിരകള്‍ ഒന്നാകെ മുല്ലപ്പെരിയാര്‍ ഡാമില്‍ എത്തിയ പോലെ ഞാന്‍ അസ്വസ്ഥനായി.. ജനുവരി നാലിന് റിയാദിലേക്ക് ടിക്കറ്റ് ഒക്കെയാക്കിയതാണല്ലോ. ആലോചിച്ചു തല പുണ്ണാക്കുംപോളാണ് വായിച്ചു കൊണ്ടിരുന്ന മാസിക മൂത്ത മകള്‍ ദിയ വന്നു വാങ്ങി മറിക്കാന്‍ തുടങ്ങിയത്. രണ്ടാമത്തെ വില്ലന്‍ മനുട്ടന്‍ വന്നതോടെ രണ്ടാളും കൂടി പുസ്തകത്തിന്‌ പിടി വലിയായി.. അതിനിടയില്‍ ആ മായന്‍ കലണ്ടറും, ലോകാവസാനവും, ഹലാക്കിന്റെ അവിലുംകഞ്ഞിയും ഒക്കെ കീറി പണ്ടാരടങ്ങിയത് കൊണ്ട് കൊറച്ചു സമാധാനം കിട്ടി..


അവരെങ്ങാനും അത് വായിച്ചാല്‍ പിന്നെ അതിനു മറുപടി പറഞ്ഞു കൊടുക്കണം..അല്ലെങ്കില്‍ തന്നെ സ്കൂളില്‍ നിന്ന് മാഷുമാര് പറഞ്ഞു വിടുന്ന പൂക്കളും, കായ്കളും പറിച്ചും, ഒട്ടിച്ചും കൊടുത്ത് ഞമ്മളെ മൂന്നു മാസത്തെ ലീവാണ് പോയത്.. അല്ലെങ്കിലെ പല ജാതി സംശയങ്ങളാ..’ നീയൊക്കെ ഇവിടെയായത് കൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കില്‍ ആ സുനാമിയില്‍ പെട്ട് വെള്ളത്തില്‍ ഒലിച്ചു പോയേനെ’ എന്ന് മെയിഡ് ഇന്‍ ജപ്പാനായ ഒരു പെന്നിലേക്ക് നോക്കി കമന്റിട്ട മക്കളാ…ബാപ്പാന്റെയല്ലേ ജാതി…ഇനി മായന്‍ കലണ്ടറിനെ പറ്റി അവരെങ്ങാനും ചോദിച്ചാലോ, അതല്ലെങ്കില്‍ അയ്യോ ബ്ബാ പോകല്ലേ… അയ്യോ ബ്ബാ പോകല്ലേ’..എന്ന് പറഞ്ഞു റിയാദിലേക്കുള്ള മടക്കയാത്രക്കിടെ നൊമ്പരപ്പെടുത്തിയാലോ…ഏതു ബ്ലോഗര്‍ക്കും തന്റെ പോസ്റ്റ്‌ പോലെയാണ് ബാപ്പാര്‍ക്ക് മക്കള്‍… 2012 ലെ ലോകാവസാനതിനിടക്ക് ഇനിയൊരു വരവ്..അതേതായാലും ഉണ്ടാവില്ല.. പിന്നെ ലോകാവസാനത്തിന് വേണ്ടി മാത്രം നെഗോഷ്യബിള്‍ ആക്റ്റ് പ്രകാരം ആരെങ്കിലും അവധി പ്രഖ്യാപിക്കണം..അങ്ങനെ വല്ലതും സംഭവിച്ചാല്‍ കാണാം മക്കളെ വീണ്ടും…അങ്ങനെ സമാധാനിച്ചു.


എന്നാലും 2012 ഡിസംബര്‍ 21 മനസ്സില്‍ നിന്നും മായാതെ ഭീതി പ്പെടുത്തി കൊണ്ടിരുന്നു. പുതിയ വീടിനു തറപ്പണി തുടങ്ങിയപ്പോള്‍ തന്നെ മൂന്നാമത്തെ ഒരെണ്ണത്തിനു കുറ്റിയടിക്കാനും ഒരുങ്ങിയതായിരുന്നു, പുരനിറഞ്ഞു നില്‍ക്കുന്ന ബാപ്പയും കിളികളും, ഗ്ലാമര്‍ കൈവിടാത്ത പഴയ ഏതോ ഒരു നായികയെ പോലെ ഉമ്മ, ഉണ്ണുംപോളും, ഉറങ്ങുമ്പോളും ഒക്കെ കണ്ണ് തുറന്നു ബാപ്പാനെയും, ഉമ്മാനെയും ശ്രദ്ധിക്കുന്ന മക്കള്‍, സഹോദരങ്ങള്‍, കൂട്ടുകുടുംബക്കാര്‍, സ്നേഹിതന്മാര്‍, നാട്ടുകാര്‍ എല്ലാവരെയും പിരിഞ്ഞു വീണ്ടും വിമാനം കയറുന്നത് ആലോചിക്കുമ്പോള്‍ പ്രവാസത്തിന്റെ ചുഴികളിലേക്ക് ഉള്‍വലിയുന്നതു പോലെ തോന്നി. ഇനിയ്യൊരു വര്രവ് ക്കൂടി വര്രേണ്ടി വര്രാന്‍ ഈ ലോകവും, ബൂലോകവും ബാക്കിയുണ്ടാകുമോ, അതോ നേരിട്ട് ഇനി പരലോകത്തേക്കാവുമോ.. ലോകാവസാനത്തിന്റെ ലൈവ് ഏതു ചാനലിൽ നിന്നും കാണും, പിറ്റേന്ന് ഏതു പത്രം വായിക്കും, മുഖ്യമന്ത്രീടെ ദുരിതാശ്വാസനിധിയിൽ നിന്നും എത്ര കിട്ടും എന്നൊക്കെ ചിന്തിക്കുംപോളാണ് മൊബൈൽ ശബ്ദിച്ചത്…ഏത് പാട്ട് വേണം …ഒന്നമർത്തൂ, രണ്ടമർത്തൂ..ഒലക്കന്റെ മൂട്…


ഒരു ബ്ലോഗറാണെന്ന് പറഞ്ഞു ഒബാമാക്കൊന്നു വിളിച്ചു ആ മായന്‍ കലണ്ടറിനെ പറ്റി അന്വേഷിച്ചാലോ എന്ന് കരുതി ഫോണെട്‌ത്തതായിരുന്നു, പക്ഷെ മുമ്പ് മലയാളി ബ്ലോഗര്‍മാരുടെ വല്ല പോസ്റ്റിനും ഒബാമ വകയുള്ള വല്ല കമന്റുകളും പരപ്പനാടന്റെ ചെവിയില്‍ പോസ്റ്റിയാല്‍ പിന്നെ രണ്ടു കുപ്പി ഡെറ്റോള്‍ വാങ്ങുന്നത് ആലോചിച്ചപ്പോള്‍ വേണ്ടെന്നു വെച്ചു. അതല്ലെങ്കില്‍ ഒബാമയെ അറിയുന്ന ചില ബ്ലോഗര്മാരുണ്ടല്ലോ വള്ളിക്കുന്നിനെ പോലെ, അവരെ കൊണ്ട് ഒന്നന്വേഷിപ്പിച്ചാലോ..


അങ്ങനെയും പോയി ചിന്തകള്‍.. അതുമല്ലെങ്കില്‍ ഒബാമയുടെ വീക്കിന് മുമ്പില്‍ പോയി ലീക്കായ ചില പണ്ഡിതന്മാരും നേതാക്കളും ഉണ്ടല്ലോ, അവരെക്കൊണ്ടായാലോ.. അങ്ങനെയും നിരീച്ചു..ഒന്നുമല്ലെങ്കില്‍ നമ്മള്‍ ഒരേ പണം കൊണ്ട് നോമ്പ് തുറന്നവരല്ലേ എന്ന് ഒബാമയോട് അവരൊക്കെ പറഞ്ഞാല്‍ ഞമ്മളെ കാര്യം സാധിക്കുമായിരുന്നു…പരിമിതമായ സമയം മാത്രമേയുള്ളൂ..ലതായത് അടുത്ത ഗ്രാന്റ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വരെ മാത്രം, വേഗമാവട്ടെ…ജസ്റ്റ് ഡിസംബര്‍ ദാറ്റ്….


പിൻകുറി: ഈസാ നബി(അ) വന്നു നാല്‍പ്പതു കൊല്ലം ഭരണം നടത്തിയതിനു ശേഷമേ ലോകാവസാനമുണ്ടാകൂ എന്ന് അതിയായി വിശ്വസിക്കുന്ന ഞമ്മളെ കലണ്ടര്‍ കാട്ടി പേടിപ്പിക്കല്ലേ മായനെ…

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...