14 Jan 2012

പ്രണയം മധുരമാകുന്നത്

 നജിം കൊച്ചുകലുങ്ക്

മാടപ്രാവിന്റെ കൈയില്‍ പ്രണയം കൊടുത്തുവിട്ട് പ്രേക്ഷകഹൃദയങ്ങളില്‍ കൂടുകൂട്ടിയ ‘മേനെ പ്യാര്‍ കിയ’യിലെ നായിക ഭാഗ്യശ്രീയെ ഞാനാദ്യം നേരില്‍ കണ്ടത് ഒരു വ്യാഴവട്ടം മുമ്പ് അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി ക്ലാസില്‍. വെളുത്തുമെലിഞ്ഞ സുന്ദരി, പാലക്കാരി ഷീബ!


മീനച്ചിലാറിന്റെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആ കോളേജില്‍ ഞാന്‍ അന്ന് രണ്ടാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥി. ചിരിക്കുമ്പോള്‍ കവിത വിരിയുന്ന ആ കണ്ണുകള്‍ ഭാഗ്യശ്രീയുടേതല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇളം തവിട്ടുനിറത്തിന്റെ വശ്യതയില്‍ കോളേജിടനാഴിയില്‍ നിന്നുള്ള ജാലക കാഴ്ചയിലൂടെ ഹൃദയത്തിലേക്ക് തുളച്ചുകടന്ന ആ കണ്ണുകള്‍ കോളേജിലെ നാഷനല്‍ സര്‍വീസ് സ്കീം ചതുര്‍ദിന വാളന്റിയര്‍ ക്യാമ്പില്‍ വെച്ച് നേരില്‍ പരിചയം ഭാവിച്ചു. ക്യാമ്പിന്റെ സമാപന ദിവസം സായാഹ്നത്തില്‍ കോളേജില്‍ നിന്ന് ടൌണിലേക്ക് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലൂടെ ഒരുമിച്ച് നടക്കുമ്പോള്‍ സംസാരിച്ച വിഷയങ്ങള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. ഓര്‍മകളില്‍ മധുരം നിറയ്ക്കുന്നു, ഇന്നും ആ സായാഹ്നം.


ജീവിതത്തിലാദ്യമായി പ്രണയമെന്ന വികാരം തോന്നുന്നത് ആ കണ്ണുകളോട്. അലംഭാവം, അല്ലെങ്കില്‍ അധൈര്യം. കണ്ണുകളുടെ ഉടമസ്ഥയോട് അത് തുറന്നുപറയാന്‍ കഴിഞ്ഞില്ല. സുഹൃദ് ബന്ധത്തിന്റെ ചെറിയ ജലാശയത്തിനപ്പുറത്ത് ആഴക്കടലിന്റെ വിശാലതയിലേക്ക് തോണിയിറക്കാന്‍ അശക്തനായ ഒരു തുഴച്ചില്‍ക്കാരനായിരുന്നല്ലൊ ഞാനന്ന്. അങ്ങിനെ ആദ്യത്തെ പ്രണയം മൊട്ടായി ഉള്ളില്‍ കൂമ്പിയണഞ്ഞു.


തെക്കന്‍ ദേശത്തുനിന്ന് മധ്യതിരുവിതാംകൂറില്‍ പ്രീഡിഗ്രിക്ക് മാത്രം പഠിക്കാനെത്തിയ ഞാന്‍ കോഴ്സ് കഴിഞ്ഞു അധികം വൈകാതെ മടങ്ങിപ്പോന്നു. ഇന്ന് ആ ‘ഭാഗ്യശ്രീ’ എവിടെയാണെന്നറിയില്ല. ഓര്‍മ്മകളുടെ ഏറ്റവും തിളക്കമുള്ളിടത്ത് ആ കണ്ണുകളുണ്ട്. അത്രമാത്രം. ഒരുകാര്യം ഉറപ്പ്: ഇന്നും ഏത് ആള്‍ക്കൂട്ടപ്പെരുവഴിയില്‍ വെച്ചും ആ കണ്ണുകളെ എനിക്ക് തിരിച്ചറിയാന്‍ കഴിയും. അപ്പോള്‍ പറയാന്‍ മനസില്‍ പ്രണയം വാക്കുകള്‍ കരുതിവെച്ചിരിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജാലകക്കാഴ്ചയിലൂടെ വേറൊരു പെണ്‍കുട്ടി മനസിലേക്ക്. പിന്നെ പ്രണയത്തിന്റെ കാളിന്ദീതീരത്തേക്ക്. മൊട്ടായൊടുങ്ങിയില്ല, പ്രണയം വിടര്‍ന്നു. കുറെനാള്‍ അത് ജീവിതത്തില്‍ സൌരഭ്യം പരത്തി. കൊഴിയുന്ന ഇതളുകള്‍ പെറുക്കിയെടുത്തു കൂട്ടിവെച്ച്, കെടാതെ സൂക്ഷിച്ച്… ഒടുവില്‍ എപ്പോഴൊ ഇതളുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച ചതിയുടെ മുള്ളുകള്‍ നീണ്ടുവന്നപ്പോള്‍ മനസില്‍ ചോരപൊടിഞ്ഞു. ഓര്‍ക്കാപ്പുറത്ത് മനസില്‍ ആഴത്തിലുള്ള മുറിവുകള്‍ ബാക്കിയാക്കി ആ പൂവ് ആരുടെയോ പൂക്കുടയിലേറി കടന്നുപോയി.


വിടരാതെ പോയ ആദ്യപ്രണയത്തിന്റെ സുഖം തിരിച്ചറിയുന്നത് ആ വ്യഥിതനാളുകളിലാണ്. അതുകൊണ്ടാണ് വിടരാതെ പോകുന്ന പ്രണയമാണ് മധുരമെന്ന് മനസ് പറയുന്നത്. ഒരു കവിത കുറിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ…
പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്
വിടര്‍ന്നാലത്
വിഷപുഷ്പം
അറിയാതൊന്നു ചുംബിച്ചാല്‍
ശ്വസനമരണം
സ്പര്‍ശിച്ചാല്‍
ദേഹം ചൊറിഞ്ഞ് തിണര്‍ക്കും
വിടര്‍ന്ന് കായായാല്‍
ജീവിതം കല്ലിച്ചതിനുള്ളില്‍
ചുരുങ്ങും
പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...